Monday, January 14, 2013

ഡിജിറ്റല്‍ സഹായികളുടെ കാലം

 
 കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഡിസംബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

കഴിഞ്ഞ ഒളിംപിക്‌സ് റിപ്പോര്‍ട്ട് ചെയ്തുവന്ന കോഴിക്കോട്ടുകാരനായ സുഹൃത്ത്, ലണ്ടന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഒരു അത്ഭുതസംഭവം വിവരിച്ചു. ലണ്ടനില്‍ പലരും സ്വന്തം ഐഫോണിനോട് സംസാരിക്കുന്നുവത്രേ!

'അതിലെന്താ ഇത്ര അത്ഭുതം, സംസാരിക്കാനുള്ളതല്ലേ ഫോണ്‍' - ഞാന്‍ തിരക്കി.

'ഫോണിലൂടെ സംസാരിക്കുന്നതും, ഫോണിനോട് സംസാരിക്കുന്നതും വ്യത്യാസമില്ലേ'-സുഹൃത്ത് ചോദിച്ചു. 'മാത്രമല്ല, ഫോണ്‍ തിരിച്ചും സംസാരിക്കുന്നു. ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഫോണ്‍ മറുപടിയും നല്‍കുന്നു!'.

പെട്ടന്ന് എന്റെ തലയ്ക്കുള്ളില്‍ ബള്‍ബ് കത്തി, 'ഓ, സിരി. അതാണല്ലേ സംഭവം.'

'അതുതന്നെ'-ചെറുചിരിയോടെ സുഹൃത്ത് തുടര്‍ന്നു. 'എല്ലാക്കാര്യവും അവരിപ്പോള്‍ ഫോണിനെ പറഞ്ഞ് ഏല്‍പ്പിക്കുകയാണ് ചെയ്യുക. നാളെ ചെയ്യേണ്ട എന്തൊക്കെ കാര്യങ്ങള്‍ എപ്പോഴൊക്കെ ഓര്‍മിപ്പിക്കണം. ആര്‍ക്കൊക്കെ ഈമെയിലയയ്ക്കണം, എന്താണ് അയയ്‌ക്കേണ്ടത് തുടങ്ങി മിക്ക സംഗതികളും. സംശയമുള്ളത് ഫോണ്‍ ചോദിച്ച് മനസിലാക്കും.....പിന്നെയെല്ലാം ഫോണ്‍ ചെയ്തുകൊള്ളും.'.

ഇനി മറ്റൊരു സംഭവം. 'ടെക്‌നോളജി റിവ്യൂ' റിപ്പോര്‍ട്ട് ചെയ്തത്.

ലോസ് ആഞ്ചലിസ് സ്വദേശിയായ 14-കാരി കിര്‍സ്റ്റന്‍ ഗോള്‍ഡന്‍ബര്‍ഗിന് ഏറ്റവും ഇഷ്ടം തന്റെ 'അമേരിക്കന്‍ ഗേള്‍സ്' പാവകളുടെ ശേഖരമായിരുന്നു. സ്വന്തം ഇഷ്ടംപോലും ബലികഴിച്ച് ആ പാവശേഖരം 'ഈബേ' ലേലസൈറ്റ് വഴി അവള്‍ വിറ്റു. എന്തിനെന്നോ, പുതിയ ഐഫോണ്‍ വാങ്ങാന്‍!

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ കിര്‍സ്റ്റന് ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ വിവരങ്ങള്‍ തേടി ഇപ്പോള്‍ ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സില്‍ കയറിയിറങ്ങേണ്ട. പകരം, ഐഫോണിനോട് പറഞ്ഞാല്‍ മതി. അവളുടെ ആവശ്യം മനസിലാക്കി ഐഫോണിലെ സിരി വേണ്ടുന്ന വിവരങ്ങള്‍ നെറ്റില്‍നിന്ന് തിരഞ്ഞുപെറുക്കി നൊടിയിടയില്‍ അവള്‍ക്ക് പറഞ്ഞുകൊടുക്കും!

ആപ്പിളിന്റെ ഐഫോണിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അറിയാവുന്നവര്‍ക്ക് ഇതിലത്ര അത്ഭുതം തോന്നണമെന്നില്ല. കാരണം, ആപ്പിള്‍ 'സിരി' (Siri) എന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഐഫോണില്‍ കുടിയിരുത്തി അവതരിപ്പിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ടെക്‌നോളജിയുടെ സമീപകാല ചരിത്രത്തില്‍ സിരിയോളം സെന്‍സേഷനുണ്ടാക്കിയ മൊബൈല്‍ സര്‍വീസുകള്‍ അധികമില്ല. സെര്‍ച്ചില്‍ മുടിചൂടാമന്നന്‍മാരായ ഗൂഗിളിനെതിരെ ആപ്പിളിറക്കിയ വജ്രായുധമായി സിരി വിലയിരുത്തപ്പെടുക പോലും ചെയ്തു.

നിങ്ങള്‍ക്ക് അറിയേണ്ട കാര്യം ഐഫോണിലെ സിരിയോട് ചോദിച്ചറിയാമെങ്കില്‍, ആ ഫോണ്‍ കൈയിലുള്ളവര്‍ പിന്നെന്തിന് ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കണം!

പലരും കരുതി വോയ്‌സ് സെര്‍ച്ച് പോലൊരു ഏര്‍പ്പാടാണ് സിരി എന്ന്. അതിനാല്‍, 'സിരിക്ക് ബദല്‍' എന്നപേരില്‍ ഒട്ടേറെ അപ്ലിക്കേഷനുകള്‍ കൂണുപോലെ മുളച്ചുപൊന്തി. എന്നാല്‍, അധികം വൈകാതെ മിക്കവര്‍ക്കും കാര്യം മനസിലായി. സിരിക്ക് ബദലാകാന്‍ ചൊട്ടുവിദ്യകള്‍ക്കൊന്നും ആവില്ല. സിരിക്ക് സമം സിരി മാത്രം!

ഇക്കാര്യം ഏറ്റവും ബോധ്യമുണ്ടായിരുന്നത് ഗൂഗിളിനാണ്. അതുകൊണ്ട് 'സിരിക്ക് ബദല്‍' എന്ന് തങ്ങളുടെ വോയ്‌സ് സേര്‍ച്ചിനെ വിശേഷിപ്പിക്കാതിരിക്കാന്‍ ഗൂഗിള്‍ പ്രത്യേകം ശ്രദ്ധിച്ചു.

അധികകാലം സിരിയെ മാത്രം വാഴാന്‍ ഗൂഗിള്‍ അനുവദിക്കുമോ എന്നതായി ടെക്‌നോളജി രംഗത്ത് നിന്നുയരുന്ന ചോദ്യം. ആദ്യമൊന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. സിരി രംഗത്തെത്തി ഏതാണ്ട് ഒരു വര്‍ഷമാകുമ്പോള്‍, അതിന് ബദലാകാനുള്ള ഗൂഗിളിന്റെ ആയുധമെത്തി-ഗൂഗിള്‍ നൗ (Google Now). ഗൂഗിള്‍ നൗവിനെ ആന്‍ഡ്രോയിഡിന്റെ ഭാഗമായാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

സിരിയെപ്പോലെ 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റര്‍ഫേസ്' ഉപയോഗിക്കുന്ന 'ബുദ്ധിയുള്ള' സര്‍വീസാണ് ഗൂഗിള്‍ നൗവും. ഉപയോഗിക്കുന്ന ആളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ശുപാര്‍ശകള്‍ നടത്താനുമൊക്കെ ഗൂഗിള്‍ നൗവിനും കഴിയും. നിലവില്‍ ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ പതിപ്പില്‍ മാത്രമാണ് ഗൂഗിള്‍ നൗ ലഭ്യമായിട്ടുള്ളത്. താമസിയാതെ ആന്‍ഡ്രോയിഡിന്റെ മറ്റ് പതിപ്പുകളിലേക്കും അതെത്തിക്കാനാണ് ഗൂഗിളിന്റെ നീക്കം.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള രണ്ട് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളാണ് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (ഐ.ഒ.എസ്), ഗൂഗിളിന്റെ ആന്‍ഡ്രോയിഡും. ഐ.ഡി.സി.പുറത്തുവിട്ട ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ആന്‍ഡ്രോയിഡിന്റെ വിഹിതം 75 ശതമാനവും, ഐ.ഒ.എസിന്റേത് ഏതാണ്ട് 15 ശതമാനവുമാണ്.

സിരിക്ക് സമാനമായ ഒരു സര്‍വീസ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രിയിഡിലും പ്രധാന്യം നേടുന്നു എന്നു പറഞ്ഞാല്‍, ലോക സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 90 ശതമാനം കൈയാളുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റുകളുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നാണര്‍ഥം.

മൈക്രോസോഫ്റ്റും ഇതേ പാതയില്‍ തന്നെയാണ്. 2007 ല്‍ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ 'ടെല്‍മി'യും ഭാവിയില്‍ ഒരു ഡിജിറ്റല്‍ സഹായിയുടെ രൂപംപ്രാപിച്ചുകൂടാ എന്നില്ല.

പുതിയ യുഗം ഡിജിറ്റല്‍ പേഴ്‌സണല്‍ സഹായികളുടേതാകുമെന്ന് ഉറപ്പിക്കാം.

വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി

ആപ്പിളാണ് ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന് തുടക്കമിട്ടത്. 2007 ല്‍ ഐഫോണ്‍ രംഗത്തെത്തിയതോടെ അതാരംഭിച്ചു. ഡിജിറ്റല്‍ സഹായികളുടെ പുതിയ കാലത്തിന് നാന്ദി കുറിച്ചതും ആപ്പിള്‍ തന്നെ; 2011 ഒക്ടോബറില്‍ ഐഫോണ്‍ 4 എസില്‍ സിരിയെ അവതരിപ്പിച്ചതിലൂടെ.

'നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി'യെന്നതിന്റെ നോര്‍വീജിയനിലുള്ള ചുരുക്കവാക്കാണ് 'സിരി'. അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ കുടുംബത്തില്‍ പിറന്നവള്‍.

'നിര്‍മിതബുദ്ധി' (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് സിരിയെ മറ്റ് മൊബൈല്‍ സര്‍വീസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. സിരിയുടെ വിശേഷബുദ്ധിയുടെ രഹസ്യം കുടികൊള്ളുന്നത് നിര്‍മിതബുദ്ധിയിലാണെന്ന് സാരം.

സിരിയുടെ ചരിത്രം തേടിപ്പോയാല്‍ നമ്മളെത്തുക പെന്റഗണിന് കീഴിലുള്ള 'ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി (ഡി.എ.ആര്‍.പി.എ) യില്‍ ആയിരിക്കും. ഓര്‍ക്കുക, 1958 ല്‍ സ്ഥാപിതമായ ഈ ഏജന്‍സിയാണ് 'അര്‍പാനെറ്റി' (ARPANET)ന് രൂപംനല്‍കിയത്. ഇന്ന് നമ്മള്‍ കാണുന്ന ഇന്റര്‍നെറ്റിന്റെ തുടക്കം അതായിരുന്നു.

ഇന്റര്‍നെറ്റിന് പിറവി നല്‍കിയ അതേ ഏജന്‍സിയിലേയ്ക്കാണ് സിരിയുടെ തുടക്കം തേടുമ്പോഴും നമ്മളെത്തുകയെന്ന് സാരം. .

യുദ്ധമേഖലകളില്‍, നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വിവിധ ഭീഷണികള്‍ സ്വയംമനസിലാക്കി പ്രതികരിക്കാന്‍ ശേഷിയുള്ള ഒരു സോഫ്ട്‌വേര്‍ എന്ന നിലയ്ക്കാണ് 2003 ല്‍ സിരി ആവിര്‍ഭവിച്ചത്. ശ്രീ ഇന്റര്‍നാഷണല്‍ (SRI International) വഴിയാണ് ആ പദ്ധിതിക്ക് ഡി.എ.ആര്‍.പി.എ.ഫണ്ട് അനുവദിച്ചത്.

'പേഴ്‌സണലൈസ്ഡ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ്' (പി.എ.എല്‍) എന്ന പേരിലാരംഭിച്ച ആ പദ്ധതി 2009 വരെ തുടര്‍ന്നു. അതിന് കീഴില്‍ നടന്ന 'കോഗ്നെറ്റീവ് അസിസ്റ്റന്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസസ്' (CALO) സംരംഭത്തില്‍ മുന്നൂറിലേറെ ശാസ്ത്രജ്ഞരും 25 യു.എസ്. സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും കൈകോര്‍ത്തു.

ആ സോഫ്ട്‌വേറിന്റെ സാധ്യതകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി 2007 ല്‍ 'സിരി' എന്ന പേരില്‍ ശ്രീ ഇന്റര്‍നാഷണല്‍ ഒരു കണ്‍സ്യൂമല്‍ ടെക്‌നോളജി കമ്പനിക്ക് രൂപംനല്‍കി. 2010 ഫിബ്രവരിയില്‍ ആപ്പിളിന്റെ ഐഫോണ്‍ 3ജിഎസിന് സിരി എന്ന പേരില്‍ ഒരു ആപ് പുറത്തിറക്കിക്കൊണ്ടായിരുന്നു, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്കുള്ള സിരിയുടെ രംഗപ്രവേശം.

അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ശ്രദ്ധയില്‍ സിരി പെട്ടു. ഐഫോണിനെപ്പോലെ ആന്‍ഡ്രോയിഡിനും ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നൊക്കെ സിരി പ്രഖ്യാപിച്ചെങ്കിലും അതിന് സമയം കിട്ടിയില്ല. കാരണം 2010 ഏപ്രിലില്‍ ഇരുചെവിയറിയാതെ സ്റ്റീവ് ജോബ്‌സ് സിരി കമ്പനിയെ ആപ്പളിന്റെ ഭാഗമാക്കി. ആ ഏറ്റെടുക്കലിന് എത്ര പണം നല്‍കിയെന്ന കാര്യം ഇപ്പോഴും രഹസ്യം.

'ഒന്നും കാണാതെ തൊമ്മന്‍ കിണറ്റില്‍ ചാടില്ല' എന്നു പറയുംപോലെ, ഒന്നും കാണാതെ സ്റ്റീവ് ജോബ്‌സിനെപ്പോലൊരാള്‍ അത്ര ധൃതിയില്‍ ഒരു കമ്പനിയെ സ്വന്തമാക്കില്ല. പലരും അത്ഭുതപ്പെട്ടു, സിരിയെക്കൊണ്ട് ആപ്പിള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്!

ഒന്നര വര്‍ഷം കഴിഞ്ഞു. സ്റ്റീവ് ജോബ്‌സ് അന്തരിച്ച ശേഷം പുറത്തുവന്ന ഐഫോണ്‍ 4എസ് വെറുമൊരു സ്മാര്‍ട്ട്‌ഫോണായിരുന്നില്ല. അത് 'ആത്മാവുള്ള' ഫോണായിരുന്നു! ചോദിക്കുന്നതിന് ഉത്തരം നല്‍കുന്ന, സംശയങ്ങള്‍ തിരിച്ച് ചോദിച്ചു മനസിലാക്കുന്ന, സിരിയെ ആ ഫോണിന്റെ ആത്മാവായി കുടിയിരുത്തിയിട്ടുണ്ടായിരുന്നു.

ഐഫോണ്‍ ഒറ്റയടിക്ക് മറ്റെല്ലാ ഫോണുകളെയും വര്‍ഷങ്ങളോളം പിന്നിലാക്കിയതായി എതിരാളികള്‍ക്ക് പോലും സമ്മിതിച്ചു!

ഗൂഗിളിന്റെ മറുപടി

സിരിക്ക് പിന്നില്‍ നൂറുകണക്കിന് ഗവേഷകരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനമുണ്ട്. അത്രയെളുപ്പം അനുകരിക്കാന്‍ കഴിയുന്ന ഒന്നല്ല അത്. അതുകൊണ്ടാണ്, 'സിരിക്ക് ബദല്‍' എന്നപേരിലെത്തിയ കോപ്പിയടി ആപ്ലിക്കേഷനുകളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയത്. അതേസമയം, സിരി കൂടുതല്‍ കരുത്തുനേടുകയും ചെയ്തു.

ഒരു സാധാരണ മൊബൈല്‍ സര്‍വീസല്ല സിരിയെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. ഗൂഗിള്‍ സെര്‍ച്ച് കുത്തകയാകുന്നുവെന്ന് ചില കോണുകളില്‍ നിന്നുയര്‍ന്ന ആരോപണത്തെ ചെറുക്കാന്‍, ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് ചൂണ്ടിക്കാട്ടിയത് സിരിയെയാണ്. ഗൂഗിള്‍ സെര്‍ച്ചിന് ഭാവിയില്‍ വെല്ലുവിളിയാകാവുന്ന സങ്കേതങ്ങള്‍ രംഗത്തെത്തുന്നുണ്ടെന്നും, അതിന് ഏറ്റവും നല്ല ഉദാഹരണം സിരിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഗൂഗിളിന്റെ പ്രധാന വരുമാനമാര്‍ഗം ഡിസ്‌പ്ലെ പരസ്യങ്ങളാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ മൊബൈലിലോ കാര്യങ്ങള്‍ കാണുമ്പോഴേ ഡിസ്‌പ്ലെ പരസ്യത്തിന് സാധ്യതയുള്ളൂ. കേള്‍ക്കുന്നിടത്ത് എന്ത് ഡിസ്‌പ്ലെ. അറിയേണ്ട കാര്യങ്ങള്‍ പറഞ്ഞു തരുന്ന സങ്കേതമെന്ന നിലയ്ക്ക് ഗൂഗിളിന്റെ വരുമാനത്തിനും സിരി ക്ഷതമേല്‍പ്പിക്കുമെന്ന് വിലയിരുത്തലുണ്ടായി.

ആപ്പിളിന്റെ ഡേറ്റാബേസ് തന്നെയാണ് സിരി പ്രധാനമായും ഉപയോഗിക്കുന്നത്. നെറ്റില്‍ നിന്ന് വിവരങ്ങള്‍ തപ്പാന്‍ ഗൂഗിള്‍ സെര്‍ച്ചിനെക്കാളും, 'യെല്‍പ്' (Yelp), 'വൂള്‍ഫ്രേം ആല്‍ഫ' (Wolfram Alpha) തുടങ്ങിയ തേര്‍ഡ്പാര്‍ട്ടി സര്‍വീസുകളെ സിരി നേരിട്ടാശ്രയിക്കുന്നു.

ഇവിടെയാണ് സിരിക്ക് സമാനമായ ഒരു സഹായിയെ രൂപപ്പെടുത്തുമ്പോള്‍, ഗൂഗിളിന് ശക്തി തെളിയിക്കാനാവുക. കാരണം, വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിളിന് ഒരു തേര്‍ഡ്പാര്‍ട്ടിയെയും ആശ്രയിക്കേണ്ട ആവശ്യമില്ല. അതിന് ഗൂഗിള്‍ സെര്‍ച്ചിന്റെയും അനുബന്ധ സര്‍വീസുകളുടെയും സഹായം മാത്രം മതി. 'ഗൂഗിള്‍ നൗ'വിനെ ഗൂഗിള്‍ വാര്‍ത്തെടുക്കുന്നതും അങ്ങനെ തന്നെ.

പതിനാല് വര്‍ഷത്തെ സെര്‍ച്ച് പാരമ്പര്യമുള്ള കമ്പനിയാണ് ഗൂഗിള്‍. സെര്‍ച്ച് മാത്രമല്ല, ഗൂഗിള്‍ മാപ്‌സ് പോലെ ഒട്ടേറെ അനുബന്ധ സര്‍വീസുകളുടെ അനുഭവവും കമ്പനിക്കുണ്ട്. അത്രയും കാലത്തെ കണ്‍സ്യൂമര്‍ ഡേറ്റാബേസ് എന്നത് ആര്‍ക്കും എളുപ്പത്തില്‍ അവഗണിക്കാവുന്ന ഒന്നല്ല.


2012 ജൂണ്‍ 27 ന് ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ പതിപ്പിന്റെ ഭാഗമായി 'ഗൂഗിള്‍ നൗ' അവതരിപ്പിക്കപ്പെട്ടു. സിരിയെപ്പോലെ തേര്‍ഡ് പാര്‍ട്ടി സര്‍വീസുകളെ ആശ്രയിക്കുന്നതിന് പകരം, സ്വന്തം കഴിവുകള്‍ തന്നെയാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ആ ഡേറ്റാബേസിനെ സൗകര്യപ്രദമായ വിധത്തില്‍ അവതരിപ്പിക്കുന്ന 'നോളജ് ഗ്രാഫ്' (Knowledge Graph) ഗൂഗിളിന്റെ ഡിജിറ്റല്‍ സഹായിക്ക് കരുത്തു പകരുന്നു.

മാത്രമല്ല, മറ്റൊരു തന്ത്രവും ഗൂഗിള്‍ നൗവിനായി ഗൂഗിള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ ഉടമസ്ഥനെ സംബന്ധിച്ച് ശേഖരിക്കുന്ന - അയാളുടെ വ്യകിതപരമായ ആവശ്യങ്ങള്‍, സഞ്ചാരപഥങ്ങള്‍, സര്‍വീസുകള്‍ എന്നിങ്ങനെയുള്ള -വിവരങ്ങള്‍ക്കൂടി ഗൂഗിള്‍ നൗവിനായി പ്രയോജനപ്പെടുത്തുന്നു.

അടുത്ത് എന്തുവേണം എന്ന് നിര്‍ദേശിക്കാനുള്ള കഴിവാണ് അതുവഴി ഗൂഗിള്‍ നൗവിന് ലഭിക്കുന്നത്. സിരിയെപ്പോലുള്ള ഡിജിറ്റല്‍ സഹായിയുടെ റോളില്‍ നിന്ന്, ഡിജിറ്റല്‍ ഉപദേഷ്ടാവിന്റെ റോളിലേക്ക് ഗൂഗിള്‍ നൗ മാറുന്നു എന്നാണിതിനര്‍ഥം! സിരിക്കപ്പുറത്തേക്ക് നീളുന്നതാണ് ഗൂഗിള്‍ നൗവിന്റെ സാധ്യതകളെന്ന് സാരം.

സിരിയെപ്പോലെ, ഒരു 'വ്യക്തിത്വ'മെന്ന നാട്യമൊന്നും ഗൂഗിള്‍ നൗവിനില്ല. പകരം പരിചിതമായ ഒരു സെര്‍ച്ച് ബോക്‌സാണ് ഗൂഗിള്‍ നൗ ഉപയോഗിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുക. ശബ്ദനിര്‍ദേശങ്ങള്‍ അനുസരിച്ച് സാധാരണ ഫോണ്‍ ഫങ്ഷനുകളായ മെസേജുകള്‍ അയയ്ക്കുക, റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യുക, 'ഈഫല്‍ ടവറിന് എത്ര പ്രായമുണ്ട്'?, 'നല്ലൊരു ഇറ്റാലിയന്‍ റസ്റ്റൊറണ്ട് അടുത്തെവിടെയുണ്ട്?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഗൂഗിള്‍ നൗവിനും പ്രാപ്തിയുണ്ട്.

മാത്രമല്ല, സിരിയെപ്പോലെ ശബ്ദപ്രതികരണങ്ങള്‍ നടത്താനും ഗൂഗിള്‍ നൗവിനാകും.

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ പതിപ്പുപയോഗിക്കുന്ന ഫോണുകള്‍ക്കായാണ് ഗൂഗിള്‍ നൗ അവതരിപ്പിക്കപ്പെട്ടതെങ്കിലും, അതിനെ അത്തരത്തില്‍ പരിമിതപ്പെടുത്താനല്ല ഗൂഗിളിന്റെ ഉദ്ദേശമെന്ന് വിലയിരുത്തപ്പെടുന്നു.

ഗൂഗിള്‍ അടുത്തയിടെ അവതരിപ്പിച്ച 'പ്രോജക്ട് ഗ്ലാസ്' പദ്ധതി, സമീപയാഥാര്‍ഥ്യം (ഓഗ്മെന്റഡ് റിയാലിറ്റി) ഭാവിയില്‍ എങ്ങനെ സാധാരണ ജീവിതത്തിന്റെ ഭാഗമാകും എന്നാണ് കാട്ടിത്തരുന്നത്. കണ്ണടപോലെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം വഴി, വയര്‍ലെസായി തന്റെ ചുറ്റുപാടുകളോടും ചങ്ങാതിമാരോടും ശബ്ദനിര്‍ദേശങ്ങള്‍ വഴി പ്രതികരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ കാട്ടിത്തന്നത്.

ശബ്ദനിര്‍ദേശങ്ങളെ ബുദ്ധിപൂര്‍വം മനസിലാക്കി പ്രതികരിക്കാന്‍ കഴിയുന്ന ഗൂഗിള്‍ നൗവിലും പ്രോജക്ട് ഗ്ലാസിന്റെ ചില സവിശേഷതകള്‍ കാണാം. ഭാവിയെ സംബന്ധിച്ച് ഗൂഗിളിന്റെ വിലയൊരു പദ്ധതിയുടെ ഭാഗമാണ് ഗൂഗിള്‍ നൗവും എന്ന് അനുമാനിക്കാം.

ഇന്ത്യക്കാരെ സംബന്ധിച്ച് ഒരുപക്ഷേ, കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് ആപ്പളിന്റെ സിരിയെക്കാള്‍ ഗൂഗിള്‍ നൗ ആയിരിക്കും. കാരണം, ആപ്പിള്‍ ഐഫോണിന് അത്രയധികം ഉപയോക്താക്കളുള്ള രാജ്യമല്ല ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വളരെ വേഗം ഇവിടെ ജനപ്രിയമാവുകയും ചെയ്യുന്നു.

ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോര്‍ പോലും, പാശ്ചാത്യലോകത്ത് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് ഇന്ത്യയിലെതത്തുന്നത്. സിരിയുടെ സേവനം ഇന്ത്യക്കാര്‍ക്ക് കിട്ടാന്‍ എത്രകാലമെടുക്കുമെന്ന് പറയാനാവില്ല. ഇന്ത്യന്‍ ഇംഗ്ലീഷ് സിരിക്ക് അത്ര പിടിയില്ല എന്നതാണ് പ്രധാന കാരണം. അങ്ങനെയെങ്കില്‍, മറ്റ് ഇന്ത്യന്‍ ഭാഷകളുടെ കാര്യം പറയാനുണ്ടോ!

അതേസമയം, ഗൂഗിളിന്റെ ലോക്കല്‍ സെര്‍ച്ച് അടക്കമുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇതിനകം പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. അതിനാല്‍ ഇവിടെ സ്വാധീനമുറപ്പിക്കാവുന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗൂഗിള്‍ നൗ ആകാനാണ് സാധ്യത.

(അവലംബം, കടപ്പാട്: 1. Google's Answer to Siri Thinks Ahead - by Tom Simonite, Technology Review, Sept,28, 2012; 2. സിരി - ഗൂഗിളിനെതിരെ ആപ്പിളിന്റെ വിജ്രായുധം - MB4Tech, മാതൃഭൂമി ഓണ്‍ലൈന്‍, ഒക്ടോബര്‍ 31, 2011; 3. Does Apple's Siri Threaten Google's Search Monopoly? - by William M.Bulkeley, Technology Review, Dec 8, 2011; 4. Wikipedia.org)

6 comments:

Joseph Antony said...

ഇന്ത്യക്കാരെ സംബന്ധിച്ച് ഒരുപക്ഷേ, കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് ആപ്പളിന്റെ സിരിയെക്കാള്‍ ഗൂഗിള്‍ നൗ ആയിരിക്കും. കാരണം, ആപ്പിള്‍ ഐഫോണിന് അത്രയധികം ഉപയോക്താക്കളുള്ള രാജ്യമല്ല ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വളരെ വേഗം ഇവിടെ ജനപ്രിയമാവുകയും ചെയ്യുന്നു. ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോര്‍ പോലും, പാശ്ചാത്യലോകത്ത് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് ഇന്ത്യയിലെതത്തുന്നത്. സിരിയുടെ സേവനം ഇന്ത്യക്കാര്‍ക്ക് കിട്ടാന്‍ എത്രകാലമെടുക്കുമെന്ന് പറയാനാവില്ല. ഇന്ത്യന്‍ ഇംഗ്ലീഷ് സിരിക്ക് അത്ര പിടിയില്ല എന്നതാണ് പ്രധാന കാരണം. അങ്ങനെയെങ്കില്‍, മറ്റ് ഇന്ത്യന്‍ ഭാഷകളുടെ കാര്യം പറയാനുണ്ടോ!

Unknown said...

:)

സങ്കൽ‌പ്പങ്ങൾ said...

ഹൊ....

ശ്രീ said...

വിജ്ഞാനപ്രദമായ ലേഖനം, മാഷേ.

നന്ദി

Joseph Antony said...

വായിച്ചതിലും, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിലും സന്തോഷം

മാനവന്‍ said...

Thanks