Saturday, December 15, 2012

സൈബര്‍സ്‌പേസ് എന്ന അഞ്ചാം യുദ്ധമുഖം


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' നവംബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
1982 ജൂണ്‍. ശീതയുദ്ധത്തിന്റെ പാരമ്യതയില്‍ ലോകം. സോവിയറ്റ് യൂണിയനിലെ സൈബീരിയില്‍ ഒരു വന്‍സ്‌ഫോടനം നടന്നതായി അമേരിക്കയുടെ ചാരഉപഗ്രഹം കണ്ടെത്തി. മിസൈല്‍ തൊടുത്തുവിട്ടതാണോ, പുതിയൊരു ആണവപരീക്ഷണമാണോ എന്നൊക്കെ സംശയമുണര്‍ന്നു. യഥാര്‍ഥത്തില്‍ അത് സോവിയറ്റ് വാതകക്കുഴലിലുണ്ടായ വന്‍സ്‌ഫോടനമായിരുന്നു.

മുന്‍ അമേരിക്കന്‍ വ്യോമസോനാ സെക്രട്ടറി തോമസ് റീഡിന്റെ ഓര്‍മക്കുറിപ്പുകളില്‍ ആ വാതക്കുഴല്‍ സ്‌ഫോടനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.ആയിരുന്നുവത്രേ സ്‌ഫോടനത്തിന് പിന്നില്‍.

പരമ്പരാഗത ചാരപ്രവര്‍ത്തന തന്ത്രമായിരുന്നില്ല അക്കാര്യത്തില്‍ സി.ഐ.എ.അനുവര്‍ത്തിച്ചത്. വാതകക്കുഴലുകളുടെ നിയന്ത്രണം സാധ്യമാകുന്ന ഒരു കനേഡിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം സോവിയറ്റ് ചാരന്‍മാന്‍ ചൂണ്ടാന്‍ പോകുന്ന കാര്യം മനസിലാക്കി, ആ പ്രോഗ്രാമിലൊരു സൂത്രപ്പണി ഒപ്പിച്ചുവെയ്ക്കുകയാണ് ചെയ്തത്. കുറച്ചുദിവസം പ്രോഗ്രാം ഗംഭീരമായി പ്രവര്‍ത്തിക്കും...അതുകഴിഞ്ഞാല്‍, വാതകം പമ്പുചെയ്യുന്നതിന്റെ വേഗവും വാല്‍വ് ക്രമീകരണവും അത് സ്വയം പുനക്രമീകരിക്കും. വാതക്കുഴലിന്റെ സന്ധികള്‍ക്ക് താങ്ങാന്‍ പറ്റാത്തത്ര സമ്മര്‍ദമുണ്ടാകും. ഫലം ഉഗ്രസ്‌ഫോടനം.

സ്‌പേസില്‍നിന്ന് നോക്കിയാല്‍ ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ആണവേതര സ്‌ഫോടനങ്ങളില്‍ ഒന്നായിരുന്നു 1982 ലേതെന്ന് തോമസ് റീഡ് രേഖപ്പെടുത്തുന്നു.

ഇനി 28 വര്‍ഷം മുന്നോട്ടുവരിക. 2010 ജൂണ്‍. വെബ്‌സുരക്ഷാകമ്പനിയായ സിമാന്റെക് പുതിയൊരു കമ്പ്യൂട്ടര്‍ വൈറസിനെ തിരിച്ചറിയുന്നു. പേര് 'സ്റ്റക്‌സ്‌നെറ്റ്' (Stuxnte). കമ്പ്യൂട്ടര്‍ വൈറസുകളുടെ 39 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവായിരുന്നു സ്റ്റക്‌സ്‌നെറ്റ്. മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കാനും, പാസ്‌വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്യാനും സൈബര്‍ ക്രിമിനലുകളുടെ പക്കലെ ആയുധമായിരുന്നു അത്രകാലവും കമ്പ്യൂട്ടര്‍ വൈറസുകളെങ്കില്‍, സ്റ്റക്‌സ്‌നെറ്റിന്റെ അവതാരലക്ഷ്യം മറ്റൊന്നായിരുന്നു. ഇറാന്റെ ആണവപരിപാടി തകര്‍ക്കാന്‍ പടച്ചുണ്ടാക്കിയ ദുഷ്ടപ്രോഗ്രാമായിരുന്നു സ്റ്റക്‌സ്‌നെറ്റ്!

സാധാരണ കമ്പ്യൂട്ടര്‍ വൈറസുകളില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തമായിരുന്നു സ്റ്റക്‌സ്‌നെറ്റ്. മിക്ക വൈറസുകളും ഇന്റര്‍നെറ്റിലൂടെ എത്തിയാണ് കമ്പ്യൂട്ടറുകളെ ആക്രമിക്കുന്നത്. എന്നാല്‍, സ്റ്റക്‌സ്‌നെറ്റ് മുഖ്യമായും പടര്‍ന്നത് യു.എസ്.ബി. പെന്‍ഡ്രൈവുകള്‍ വഴിയാണ്. വ്യവസായിക പവര്‍പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന നിയന്ത്രണ പ്രോഗ്രാമുകളെ ബാധിക്കുംവിധമാണ് ആ വൈറസിനെ ചിട്ടപ്പെടുത്തിയിരുന്നത്. അത്തരം പ്രോഗ്രാമുകളില്‍ നിശബ്ദമായി കടന്നുകൂടി കാതലായ മാറ്റം വരുത്താന്‍ സ്റ്റക്‌സ്‌നെറ്റിനാകും. വൈറസ് ബാധിച്ച പ്രോഗ്രാം പരിശോധിച്ചാല്‍ പക്ഷേ, എന്തെങ്കിലും മാറ്റം സംഭവിച്ചതായി കാണാന്‍ കഴിയില്ല.

സ്റ്റക്‌സ്‌നെറ്റ് ശരിക്കുമൊരു 'ഒളിപ്പോരാളി'യാണെന്ന് സാരം. ഇറാനെതിരെ സൃഷ്ടിക്കപ്പെട്ട ആ വൈറസിന് പിന്നില്‍ അമേരിക്കയും ഇസ്രായേലുമായിരുന്നു എന്നകാര്യം ഇന്ന് പരസ്യമായ രഹസ്യമാണ്. വ്യവസായിക അട്ടിമറിക്കായി സൃഷ്ടിക്കപ്പെട്ട ആദ്യ കമ്പ്യൂട്ടര്‍വൈറസ് എന്ന 'ബഹുമതി'യാണ് സ്റ്റക്‌സ്‌നെറ്റിന് ലഭിക്കുക.

ഇനി മൂന്നാമതൊരു താരത്തെ പരിചയപ്പെടാം. പേര് 'ഷാമൂണ്‍ വൈറസ്' (Shamoon virus). വെബ് സുരക്ഷാകമ്പനികളായ സിമാന്റെക്, കാസ്‌പെര്‍സ്‌കി ലാബ്, സെക്യുലെര്‍ട്ട് എന്നിവ ചേര്‍ന്ന് 2012 ആഗസ്ത് 16 നാണ് ഈ വൈറസിനെ തിരിച്ചറിഞ്ഞത്. 'ഡിസ്ട്രാക്' (Disttrack) എന്ന പേരിലും അറിയപ്പെടുന്ന ഈ വൈറസ്, സൗദി അറേബ്യയിലെ ഔദ്യോഗിക എണ്ണക്കമ്പനിയായ 'അരാംകോ' (Aramco)യെ ആണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയിലെ മൂന്നുലക്ഷം കമ്പ്യൂട്ടറുകള്‍ വൈറസ്ബാധയാല്‍ പ്രവര്‍ത്തനരഹിതമായി!

അരാംകോയെ മാത്രമല്ല, അമേരിക്കന്‍ എണ്ണക്കമ്പനിയായ എക്‌സോണ്‍ മൊബില്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ പെട്രോളിയം എന്നിവയുടെ സംയുക്തസംരംഭമായ 'രാസ്ഗാസ്' (Rasgas) കമ്പനിയെയും ഷാമൂണ്‍ വെറുതെ വിട്ടില്ല.

സ്റ്റക്‌സ്‌നെറ്റിന്റെ കാര്യത്തില്‍ പാലിച്ച നിശബ്ദത പക്ഷേ, ഷാമൂണ്‍ വൈറസിന്റെ കാര്യത്തില്‍ തുടരാന്‍ അമേരിക്ക തയ്യാറായില്ല. സൗദി അറേബ്യയെ പരമ്പരാഗത സുഹൃത്തായി കാണാന്‍ മടിക്കുന്ന ഇസ്രായേലും ഷാമൂണിന്റെ കാര്യത്തില്‍ പ്രതികരിച്ചു. സ്റ്റക്‌സ്‌നെറ്റ് വൈറസ് ആരുടെ സൃഷ്ടിയാണെന്ന് ആരോപിക്കപ്പെട്ടോ, ആ രണ്ട് രാജ്യങ്ങളും ഷാമൂണ്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് വാചാലരായി രംഗത്തെത്തി. അതിന്റെ കാരണം വളരെ ലളിതമായിരുന്നു. ഷാമൂണ്‍ ഇറാന്റെ സൃഷ്ടിയാണെന്ന് അമേരിക്കയും ഇസ്രായേലും കരുതുന്നു.

സ്റ്റക്‌സ്‌നെറ്റിനുള്ള ഇറാന്റെ മറുപടിയാണ് ഷാമൂണ്‍ എന്നര്‍ഥം!

വെറുമൊരു ഹൈടെക് പരീക്ഷണമായി ആരംഭിച്ച്, ഹോബിയായി വളര്‍ന്ന്, കുബുദ്ധികള്‍ക്ക് ചൂഷണത്തിനും തട്ടിപ്പിനുമുള്ള വലിയൊരു സാധ്യതയായി മാറിയ കമ്പ്യൂട്ടര്‍ വൈറസ് മേഖല, ഇപ്പോഴൊരു യുദ്ധമുഖമായി പരിണമിച്ചിരിക്കുന്നു എന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ആയുധരഹസ്യങ്ങള്‍ ചോര്‍ത്താനും വ്യവസായിക അട്ടിമറി നടത്താനും സാമ്പത്തിക പ്രതിസന്ധിസൃഷ്ടിക്കാനും, മറ്റ് യുദ്ധമുഖങ്ങളെപ്പോലെ സൈബര്‍ലോകവും മാറിയിരിക്കുന്നു.

'അഞ്ചാം യുദ്ധമുഖം' എന്നാണ് സൈബര്‍സ്‌പേസ് വിശേഷിപ്പിക്കപ്പെടാറുള്ളത്. കര, കടല്‍, വായു, ബഹിരാകാശം എന്നിവയ്‌ക്കൊപ്പം അഞ്ചാമതായി സൈബര്‍ലോകം എത്തുന്നു. രാജ്യാതിര്‍ത്തികളോ മറ്റ് പരിമിധികളോ ഇല്ലാതെ, ലോകത്തെവിടെയും ഇരുന്ന് ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താം എന്നതാണ് ഇന്റര്‍നെറ്റ് നല്‍കുന്ന സൗകര്യം.

ഇന്റര്‍നെറ്റ് വഴി സര്‍വതും ഇന്ന് പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ബാങ്കുകളും സൈനികകേന്ദ്രങ്ങളും ആയുധപരീക്ഷണശാലകളും മിസൈല്‍ നിയന്ത്രണകേന്ദ്രങ്ങളും, എന്തിന് അമേരിക്കയെപ്പോലുള്ള രാജ്യങ്ങളില്‍ സൈനികര്‍ പോലും ഇന്ന് 'കണക്ടഡ്' ആണ്. ഇതില്‍ ഏതിനെ വേണമെങ്കിലും സൈബര്‍യുദ്ധത്തിന്റെ ലക്ഷ്യസ്ഥാനമായി നിശ്ചയിക്കാവുന്നതേയുള്ളൂ.

നിയന്ത്രണസംവിധാനം തകരാറിലായാല്‍ മിസൈല്‍ വെറും കളിപ്പാട്ടം മാത്രമാകും. ബാങ്കിങ് ശൃംഖല തകരാറിലായാല്‍ പണമിടപാടുകള്‍ താറുമാറാകും. വ്യോമയാനസംവിധാനത്തില്‍ ഏതെങ്കിലും സൈബര്‍പോരാളി നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയാല്‍ എന്താകും ഫലം. വൈദ്യുതഗ്രിഡുകളുടെ പ്രവര്‍ത്തനം തകരാറിലാക്കാന്‍ സൈബര്‍ ആയുധങ്ങള്‍ക്ക് കഴിഞ്ഞാല്‍......പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രത്യാഘാതങ്ങളാകും ഉണ്ടാവുക.

-------------------------

1971 ല്‍ ബി.ബി.എന്‍.ടെക്‌നോളജീസിലെ ബോബ് തോമസ് പരീക്ഷണാര്‍ഥം സൃഷ്ടിച്ച 'ക്രീപ്പര്‍' (Creeper) എന്ന സ്വയംപെരുകുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ആയിരുന്നു ആദ്യ കമ്പ്യൂട്ടര്‍ വൈറസ്. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയ 'അര്‍പാനെറ്റി' (ARPANET) ലാണ് ക്രീപ്പര്‍ വൈറസിനെ കണ്ടെത്തിയത്.

പുതിയയിനം വൈറസുകളെ പരീക്ഷിക്കുകയെന്നത് പിന്നീട് ഹൈടെക് രംഗത്തുള്ളവരുടെ ഹോബിയായി മാറി. സ്വയംപെരുകാന്‍ ശേഷിയുള്ള പ്രോഗ്രാമുകള്‍ക്ക് 'കമ്പ്യൂട്ടര്‍ വൈറസ്' എന്ന് പേര് ലഭിച്ചത് 1984 ലാണ്. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫ്രെഡ് കോഹന്‍ രചിച്ച ഒരു പ്രബന്ധത്തില്‍ ആ പദപ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടു.

പരീക്ഷണവും ഹോബിയും എന്നതില്‍നിന്ന് സൈബര്‍ ക്രിമിനലുകളുടെ പക്കല്‍ തട്ടിപ്പിനുള്ള വലിയൊരു ഉപാധിയായി കമ്പ്യൂട്ടര്‍ വൈറസുകള്‍ പെട്ടന്നു മാറി. വൈറസുകളെ ചെറുക്കാന്‍ ശേഷിയുള്ള പ്രോഗ്രാമുകള്‍ (ആന്റി വൈറസ് പ്രോഗ്രാമുകള്‍) നിര്‍മിക്കുന്ന സുരക്ഷാസ്ഥാപനങ്ങള്‍ ഐടി മേഖലയിലെ ശക്തമായ സാന്നിധ്യമായി.

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന കമ്പ്യൂട്ടറുകള്‍ വൈറസുകള്‍ മുതല്‍ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ വലയിലാക്കി നിയന്ത്രിക്കുന്ന വന്‍കിട 'ബോട്ട്‌നെറ്റുകള്‍' വരെ ഇന്ന് ഓണ്‍ലൈന്‍ ലോകത്ത് സാധാരണമാണ്. ബാങ്കിങ്, റീട്ടെയ്ല്‍ തുടങ്ങിയവയൊക്കെ ഓണ്‍ലൈനില്‍ എത്തിയതോടെ സൈബര്‍ ക്രിമിനലുകള്‍ക്ക് പുതിയ സാധ്യതകളാണ് തുറന്നുകിട്ടിയത്. ഒരുവശത്ത് ബാങ്ക് അക്കൗണ്ടിന്റെയും ക്രെഡിറ്റ് കാര്‍ഡിന്റെയുമൊക്കെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്യുമ്പോള്‍, മറുവശത്ത് വന്‍തോതില്‍ പാഴ്‌മെയില്‍ (junk mail) അയച്ച് നെറ്റ്‌വര്‍ക്കുകളെ തകരാറിലാക്കുന്നു. വ്യാജമരുന്നുകളും മോഹമരുന്നുകളും വില്‍ക്കുന്ന തട്ടിപ്പുകാരുടെ ഒരു പ്രധാന ആശ്രയമാണിന്ന് പാഴ്‌മെയിലുകള്‍.

ഒരുവര്‍ഷം ലക്ഷംകോടി ഡോളറിന്റെ നഷ്ടം സൈബര്‍ തട്ടിപ്പ് വഴിയുണ്ടാകുന്നു എന്നാണ് മുമ്പ് യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ പ്രസ്താവിച്ചത്. മയക്കുമരുന്ന് കച്ചവടംപോലുള്ള അധോലോക ഏര്‍പ്പാടുകളെപ്പോലും കടത്തിവെട്ടുന്ന തരത്തിലേക്ക് സൈബര്‍ലോകത്തെ തട്ടിപ്പുകള്‍ മാറിക്കഴിഞ്ഞതായാണ് ഒബാമ പറഞ്ഞത്.

പരമ്പരാഗത സൈബര്‍ ആക്രമണങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു യുദ്ധത്തിന്റെ സ്വഭാവം കൈവരിക്കാമെന്ന് ലോകം ആദ്യമായി തിരിച്ചറിഞ്ഞത് 2007 ലാണ്. 'ഒന്നാം ലോകവെബ്‌യുദ്ധം' (Web War I) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള എസ്‌തോണിയന്‍ ആക്രമണം ആയിരുന്നു അത്. എസ്‌തോണിയന്‍ സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും ബാങ്കുകളുടെയുമൊക്കെ വെബ്‌സെര്‍വറുകള്‍ ആക്രമണത്തിനിരയായി. പാഴ്‌സന്ദേശ പ്രവാഹവും വ്യാജട്രാഫിക്കും സൃഷ്ടിച്ച് സൈറ്റുകള്‍ കിട്ടാതാക്കുന്ന 'ഡിനൈല്‍ ഓഫ് സര്‍വീസ്' ആക്രമണമായിരുന്നു എസ്‌തോണിയയ്‌ക്കെതിരെ നടന്നത്.

എസ്‌തോണിയയിലെ താലിനില്‍ സോവിയറ്റ് ഭരണകൂടം സ്ഥാപിച്ച രണ്ടാംലോകമഹായുദ്ധ സ്മാരകം മാറ്റി സ്ഥാപിക്കാന്‍ റഷ്യയുടെ എതിര്‍പ്പ് അവഗണിച്ച് എസ്‌തോണിയ തീരുമാനിച്ചതോടെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചത്. ശരിക്കുപറഞ്ഞാല്‍ 'സൈബര്‍ യുദ്ധം' എന്നതിനെക്കാള്‍, 'സൈബര്‍ കലാപം' എന്ന വിശേഷണമായിരിക്കും എസ്‌തോണിയ നേരിട്ട അവസ്ഥയ്ക്ക് ചേരുക. ഇന്റര്‍നെറ്റില്‍നിന്നു തന്നെ എസ്‌തോണിയയ്ക്ക് ഏതാണ്ട് ബന്ധം വിച്ഛേദിക്കേണ്ടി വന്നു.

അതിനടുത്ത വര്‍ഷം, ജോര്‍ജിയയ്‌ക്കെതിരെ റഷ്യ സൈനികനടപടി ആരംഭിച്ച സമയത്ത് സമാനമായ സൈബര്‍ ആക്രമണം ജോര്‍ജിയയ്‌ക്കെതിരെയും ഉണ്ടായി. സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കാതായി. ടെലഫോണ്‍ ലൈനുകള്‍ തകരാറിലായി. തങ്ങളുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന സംഗതി ലോകത്തെ ശരിക്ക് അറിയിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി ജോര്‍ജിയ.

രണ്ട് ആക്രമണങ്ങള്‍ക്കും പിന്നില്‍ റഷ്യയുടെ സൈബര്‍ സൈന്യമാണെന്ന് പലരും കരുതുന്നു. എന്നാല്‍, അന്വേഷണം എത്തിയത് റഷ്യന്‍ സൈബര്‍ ക്രിമിനലുകളിലേക്കാണ്!

റഷ്യ മാത്രമല്ല, അമേരിക്ക, ചൈന, ഇറാന്‍, ഇസ്രായേല്‍, ദക്ഷിണകൊറിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സൈബര്‍ യുദ്ധത്തിനുള്ള പടക്കോപ്പുകള്‍ സ്വരൂപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ വികസിപ്പിച്ചിട്ടുള്ളത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈബര്‍ സൈന്യമാണത്രേ.

സൈബര്‍ യുദ്ധമെന്നത് അവഗണിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഏതാനും വര്‍ഷംമുമ്പ് 'സൈബര്‍ കമാന്‍ഡി'ന് (Cyber Command) അമേരിക്ക രൂപംനല്‍കിയത്. എങ്കിലും സൈബര്‍യുദ്ധത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാനും രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യാനും അമേരിക്ക ഇഷ്ടപ്പെട്ടില്ല. അതിന് കാരണമുണ്ട്. അത്തരം ചര്‍ച്ചകള്‍, ഇന്റര്‍നെറ്റിന് മേല്‍ ചില അന്താരാഷ്ട്രനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്കാകും ചെന്നെത്തുക. ഇന്റര്‍നെറ്റിന്റെ നിയന്ത്രണം യു.എന്‍.പോലുള്ള രാജ്യാന്തര ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കാന്‍ അമേരിക്ക ഇനിയും തയ്യാറായിട്ടില്ല. അവിടെയാണ് പ്രശ്‌നം.

എന്നാല്‍, ഇറാന്‍ തൊടുത്തുവിട്ടതെന്ന് കരുതുന്ന ഷാമൂണ്‍ വൈറസിന്റെ വരവ് അമേരിക്കയുടെ വായ തുറപ്പിച്ചു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനെറ്റ തന്നെ നേരിട്ട് രംഗത്തെത്തി. 2001 സപ്തംബര്‍ 11 ന് അമേരിക്ക നേരിട്ട ആക്രമണം വരുത്തിയതിന് തുല്യമായ നാശനഷ്ടത്തിനും ദുരിതത്തിനും സൈബര്‍ ആക്രമണം കാരണമായേക്കാം എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

ഏതെങ്കിലും ആക്രമണകാരിയായ രാജ്യത്തിനോ തീവ്രവാദിഗ്രൂപ്പിനോ അമേരിക്കയുടെ അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ വരുതിയിലാക്കാനും വന്‍നാശം വരുത്താനും സൈബര്‍ ആയുധങ്ങള്‍ സഹായിച്ചേക്കുമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 12 ന് ഒരു പ്രഭാഷണ മധ്യേ പനെറ്റ് മുന്നറിയിപ്പ് നല്‍കി.

സൈബര്‍ ആക്രമണങ്ങളുടെ രൂക്ഷതയെക്കുറിച്ച് പറയുമ്പോഴാണ് സൗദിയിലും ഖത്തറിലും എണ്ണക്കമ്പനികളെ ആക്രമിച്ച ഷാമൂണ്‍ വൈറസിനെ പനെറ്റ് പരാമര്‍ശിച്ചത്. 'സ്വകാര്യമേഖല നേരിട്ട ഏറ്റവും വിനാശകാരിയായ ആക്രമണം' എന്നാണ് ഷാമൂണ്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്.

എന്നാല്‍, സൈബര്‍ യുദ്ധം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ കൂടിയാലോചനകള്‍ നടത്തുകയോ, അതിന് സമഗ്രമായ ഒരു പ്രതിരോധം കെട്ടിപ്പെടുത്തുകയോ ചെയ്യാനുള്ള നിര്‍ദേശമൊന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മുന്നോട്ടു വെച്ചില്ല. പരമ്പരാഗത ഊച്ചാളി ശൈലിയില്‍, സൈബര്‍ ആക്രമണം നേരിടാന്‍ 'മുന്‍കരുതല്‍ ആക്രമണം' (pre-emptive action) നടത്താന്‍ രാജ്യം തയ്യാറെടുക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്കയുടെ ഈ നിലപാട് ഏതായാലും സൈബര്‍ യുദ്ധമെന്ന ഭീഷണി നേരിടാന്‍ ഉതകില്ല എന്ന് വ്യക്തം. പുതിയ മുന്നണിയിലാണ് യുദ്ധമെങ്കില്‍ അത് നേരിടാന്‍ പഴയ തന്ത്രങ്ങള്‍ പോര എന്നത് മറ്റാരെക്കാളും കൂടുതല്‍ അറിയേണ്ടത് അമേരിക്കയാണ്. പക്ഷേ, പഠിച്ചതേ പാടൂ എന്നുവന്നാല്‍ പറഞ്ഞിട്ടെന്ത് കാര്യം!

(അവലംബം, കടപ്പാട്: 1. War in the Fifth Domain, The Economist, Jul 1, 2010; 2. Cyber War Targets ME Oil Companies, AFP, Oct 22, 2012; 3. Wikipedia.org; 4. വ്യവസായിക അട്ടിമറിക്ക് ഒരു സൈബര്‍ ഒളിപ്പോരാളി, സുജിത് കുമാര്‍, മാതൃഭൂമി ഓണ്‍ലൈന്‍, സപ്തം 27, 2010)

4 comments:

Joseph Antony said...

അമേരിക്കയുടെ ഈ നിലപാട് ഏതായാലും സൈബര്‍ യുദ്ധമെന്ന ഭീഷണി നേരിടാന്‍ ഉതകില്ല എന്ന് വ്യക്തം. പുതിയ മുന്നണിയിലാണ് യുദ്ധമെങ്കില്‍ അത് നേരിടാന്‍ പഴയ തന്ത്രങ്ങള്‍ പോര എന്നത് മറ്റാരെക്കാളും കൂടുതല്‍ അറിയേണ്ടത് അമേരിക്കയാണ്. പക്ഷേ, പഠിച്ചതേ പാടൂ എന്നുവന്നാല്‍ പറഞ്ഞിട്ടെന്ത് കാര്യം!

Unknown said...

ഇനി സൈബര്‍യുദ്ധത്തിന്റെ കാലമാണ്‌.ഇന്ത്യ ഇതില്‍ നിന്നും സുരക്ഷിതമല്ല.ചൈനയും അമേരിക്കഉം സൈബര്‍ ആര്‍മി രൂപീകരിച്ചു എന്നാണ് കേള്‍ക്കുന്നത്.സൈബര്‍ അറ്റാക്ക്ഇന്‍റെ ഫലം ഒരിക്കലും അറ്റാക്ക് ചെയ്യുന്നതിന്റെ മുന്പ് പറയാന്‍ കഴിഞെന്നു വരില്ല.
www.facebook.com/miramic

pkdfyz said...

സൈബര്‍ യുദ്ധത്തിന്റെ ഭീകരത അടിസ്ഥാനമാക്കി ചിത്രികരിച്ച ഹോളിവുഡ് ചലച്ചിത്രമുണ്ട്.DIE HARD 4.0
ആ ചിത്രമാണ് എനിക്ക്ക് ഓര്‍മ വന്നത് ..ലേഖനം വളരെ നന്നായിരിക്കുന്നു,ഒരു DIE HARD സിനിമ കാണും പോലെ ..

Ashly said...

" തങ്ങളുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന സംഗതി ലോകത്തെ ശരിക്ക് അറിയിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി ജോര്‍ജിയ"

ആ സമയത്ത് ജോര്‍ജിയന്‍ സര്‍ക്കാര്‍ ബ്ലോഗ്‌ തുടങ്ങി, അതില് വിവരങ്ങള്‍ പോസ്റ്റ്‌ ചെയ്മ്മായിര്നു !! അവരുടെ സെര്‍വര്‍നേകാള്‍ വരെ സേഫ് ആണല്ലോ, ഗൂഗിള്‍ സെര്‍വര്‍..

ഇപ്പോഴും ആ പോസ്റ്റുകള്‍ ഉണ്ട് എന്ന് തോന്നുന്നു. ഈ പ്രശനം നടക്കുന്ന ടൈം, വളരെ ക്ലോസ് ആയി ഫോളോ ചെയ്ത സംഭവങ്ങള്‍ ആയിരന്നു ഇത് എല്ലാം.