Monday, November 05, 2012

ജപ്തിചെയ്യപ്പെടുന്ന കൈരളീയ പൈതൃകം


മലയാളംഭാഷ ആദ്യമായി അച്ചടിരൂപം പൂണ്ടത് 1678 ലാണ്, ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തില്‍. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 12 വാല്യങ്ങളുള്ള ആ ഗ്രന്ഥം രചിച്ചതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ചേര്‍ത്തല സ്വദേശിയും പ്രശസ്ത പാരമ്പര്യ വൈദ്യനുമായ ഇട്ടി അച്യുതന്‍.

അന്ന് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ഇട്ടി അച്യുതനെ കൊച്ചികോട്ടയിലേക്ക് ക്ഷണിച്ചു വരുത്തി, ഹോര്‍ത്തൂസ് നിര്‍മിതിയുടെ മുഖ്യചുമതല ഏല്‍പ്പിക്കുകയായിരുന്നു. മലയാളഭാഷയുടെയും കേരളീയ പൈതൃകത്തിന്റെയും കാര്യത്തില്‍ ഏറെ പ്രധാന്യമുള്ള രേഖയായി മാറി ഹോര്‍ത്തൂസ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഇട്ടി അച്യുതന്‍ പിറന്നതെന്ന് കരുതുന്ന തറവാട്, അദ്ദേഹത്തിന്റെ പേരിലുള്ള ബലിപ്പുര (കുര്യാല)യും, അദ്ദേഹം പരിപാലിച്ച ഔഷധത്തോട്ടത്തിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്ന സ്ഥലം, ജപ്തിഭീഷണി നേരിടുന്നു എന്നറിയുന്നത് തീര്‍ച്ചയായും സങ്കടകരമാണ്. ഒരു വിശ്വമലയാള മഹോത്സവത്തിന്റെ ഹാങോവറില്‍ നിന്ന് നമ്മള്‍ കരകയറിയിട്ടില്ല ഇനിയും. മലയാളഭാഷയ്ക്ക് മാത്രമായി ഒരു സര്‍വകലാശാല ഉത്ഘാടനംചെയ്യപ്പെട്ടതിന്റെ അഭിമാനത്തിലുമാണ് കേരളീയര്‍. തീര്‍ച്ചയാം ആ സമയത്ത് കേള്‍ക്കേണ്ട വാര്‍ത്ത തന്നെയാണിത്!

ചേര്‍ത്തലയില്‍നിന്നുള്ള വാര്‍ത്ത വായിക്കുക-
ഇട്ടി അച്യുതന്റെ ജന്മസ്ഥലം ജപ്തിഭീഷണിയില്‍
http://bit.ly/UbLMf3

ചേര്‍ത്തല: മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിയ സസ്യശാസ്ത്രഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചയിതാക്കളിലെ പ്രധാനി ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മസ്ഥലം ഉള്‍പ്പെടുന്ന കൊല്ലാട്ട് പുരയിടം ജപ്തിഭീഷണിയില്‍. പുരയിടം സംരക്ഷിക്കാന്‍ വഴിയില്ലാതെ ഇട്ടി അച്യുതന്റെ നാലാം തലമുറയില്‍പ്പെട്ടവര്‍ നിസ്സഹായാവസ്ഥയില്‍.

കുര്യാലയും ഔഷധക്കാവും ഉള്‍പ്പെടുന്ന കൊല്ലാട് പറമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തീരുമാനമായെങ്കിലും നടപടികള്‍ ഉണ്ടായില്ല.

വെട്ടയ്ക്കല്‍, തങ്കി സര്‍വീസ് സഹകരണ ബാങ്കുകളില്‍നിന്ന് ഈ വസ്തു ഈടാക്കി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് ബാങ്കുകള്‍ നിയമനടപടികളുമായി നീങ്ങിയത്. കടക്കരപ്പള്ളി പഞ്ചായത്ത് അതിര്‍ത്തിയിലുള്‍പ്പെട്ട കൊല്ലാട്ട് പുരയിടത്തില്‍ താമസിച്ചിരുന്ന ഇട്ടി അച്യതന്റെ നാലാം തലമുറക്കാരനായ പുഷ്‌കരനായിരുന്നു സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത്. മുതലും പലിശയും പെരുകി കടം 10 ലക്ഷം കവിഞ്ഞു. കടബാധ്യതയും രോഗങ്ങളുംമൂലം പുഷ്‌കരന്‍ (61) ഏതാനുംമാസം മുമ്പ് ആത്മഹത്യ ചെയ്തു.

ഇപ്പോള്‍ ബാധ്യതയെല്ലാം പുഷ്‌കരന്റെ ഭാര്യ ഉമയമ്മയുടെയും വിദ്യാര്‍ഥികളായ ഹരികൃഷ്ണന്റെയും ഐശ്വര്യയുടെയും ചുമലിലായി. പാരമ്പര്യത്തിന്റെ പെരുമയുണ്ടെങ്കിലും നിത്യജീവിതത്തിനുപോലും വഴിയില്ലാതെ ഇവര്‍ വിഷമിക്കുകയാണ്.

കുര്യാല നില്‍ക്കുന്ന 66 സെന്റ് സ്ഥലം ഉമയുടെയും ഔഷധക്കാവ് നില്‍ക്കുന്ന 26 സെന്റ് മരിച്ചുപോയ പുഷ്‌കരന്റെയും പേരിലാണ്. ഈ സ്ഥലങ്ങള്‍ ഈടുവച്ച് തങ്കി സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഏഴുവര്‍ഷം മുമ്പെടുത്ത രണ്ടുലക്ഷം തിരിച്ചടവുകളില്ലാതെ പെരുകി നാലരലക്ഷമായി. വെട്ടയ്ക്കല്‍ ബാങ്കില്‍നിന്നെടുത്ത മൂന്നരലക്ഷം അഞ്ചരയും കടന്നു.

കേരളത്തിന്റെ ആയുര്‍വേദപാരമ്പര്യം ലോകത്തിനുമുന്നില്‍ തെളിയിച്ച ഇട്ടി അച്യുതന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ ചരിത്രസ്‌നേഹികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
(മാതൃഭൂമി)

---------

അര്‍ഥമില്ലാത്ത ആഘോഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മാത്രമായി ഭാഷാസ്‌നേഹം അധപ്പതിക്കപ്പെടുന്നിടത്ത്, കേരളീയപൈതൃകം ജപ്തിഭീഷണി നേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

മേല്‍കൊടുത്ത വാര്‍ത്തയിലെ ഒരു വാചകം ശ്രദ്ധിക്കുക - 'കുര്യാലയും ഔഷധക്കാവും ഉള്‍പ്പെടുന്ന കൊല്ലാട് പറമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തീരുമാനമായെങ്കിലും നടപടികള്‍ ഉണ്ടായില്ല'.

ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കലും കേരളത്തിലെ സാംസ്‌കാരിക വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയുടെയും  ഉത്തരവാദിത്വമാണ്. അല്ലാതെ നാടുനീളെ നടന്ന് മാപ്പുപറയല്‍ മാത്രമല്ല സാംസ്‌കാരികമന്ത്രിയുടെ ജോലി.

(ഹോര്‍ത്തൂസ് മലബാറിക്കൂസിനെയും ഇട്ടി അച്യുതനെയുംപറ്റി കൂടുതലറിയാന്‍ കാണുക - ഹരിതഭൂപടം)

1 comment:

Joseph Antony said...

ഇട്ടി അച്യുതന്റെ തറവാട് ജപ്തിഭീഷണിയില്‍

ഇട്ടി അച്യുതന്‍ പിറന്നതെന്ന് കരുതുന്ന തറവാട് ജപ്തിഭീഷണി നേരിടുന്നു എന്നറിയുന്നത് തീര്‍ച്ചയായും സങ്കടകരമാണ്. ഒരു വിശ്വമലയാള മഹോത്സവത്തിന്റെ ഹാങോവറില്‍ നിന്ന് നമ്മള്‍ കരകയറിയിട്ടില്ല ഇനിയും. മലയാളഭാഷയ്ക്ക് മാത്രമായി ഒരു സര്‍വകലാശാല ഉത്ഘാടനംചെയ്യപ്പെട്ടതിന്റെ അഭിമാനത്തിലുമാണ് കേരളീയര്‍. തീര്‍ച്ചയാം ആ സമയത്ത് കേള്‍ക്കേണ്ട വാര്‍ത്ത തന്നെയാണിത്! കേരളീയ പൈതൃകത്തിന്റെ മഹത്തായ ഒരധ്യായം (ഹോര്‍ത്തൂസ് മലബാറിക്കൂസ്) തയ്യാറാക്കാന്‍ മുഖ്യപങ്ക് വഹിച്ച ആ മഹാവൈദ്യന്റെ ജന്മസ്ഥലം പോലും സംരക്ഷിക്കാന്‍ കഴിയാത്ത നമ്മളാണ്, മലയാളത്തെ പരിപോഷിക്കാന്‍ കോടികള്‍ ഒഴുക്കുന്നത്!