Sunday, September 09, 2012

ശാസ്ത്രം കാത്തിരിക്കുന്നത് പുതിയ ന്യൂട്ടനെ!


The 4% Universe
by Richard Panek
Oneworld Publications, Oxford, 2011

പ്രപഞ്ചവികാസത്തിന്റെ തോത് എത്രകണ്ട് കുറയുന്നു എന്നറിയാന്‍ തുടങ്ങിയ അന്വേഷണം. വിദൂര സൂപ്പര്‍നോവകളെ നിരീക്ഷിച്ച് അതിനുള്ള ഉത്തരം കണ്ടെത്താന്‍ 1980 കളുടെ അവസാനം രണ്ട് ഗവേഷണസംഘങ്ങള്‍ പരസ്പരം മത്സരിച്ച് ആരംഭിച്ച പഠനം. സൂപ്പര്‍നോവകളെയാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചതെങ്കിലും, പ്രതിയോഗികളായ ഇരുസംഘങ്ങളുടെയും പ്രവര്‍ത്തനരീതിയും പഠനമാര്‍ഗവും, ഉപയോഗിച്ച ഗണിതസങ്കേതങ്ങളുമെല്ലാം വ്യത്യസ്തമായിരുന്നു.

എതിര്‍ഗ്രൂപ്പിന്റെ കണ്ടെത്തലിനെ നിരസിക്കുന്ന ഫലം ലഭിക്കാനാണ് ഓരോ സംഘവും കഠിനമായി ശ്രമിച്ചത്. അതിനവര്‍ സാക്ഷാല്‍ ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ വരെ സഹായം തേടി. വര്‍ഷങ്ങള്‍ നീണ്ട നീരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും മത്സരത്തിനുമൊടുവില്‍ 1998 ല്‍ ഇരുഗ്രൂപ്പും തങ്ങളുടെ കണ്ടെത്തല്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.

രണ്ടു സംഘങ്ങളുടെയും കണ്ടെത്തല്‍ പക്ഷേ, ഒന്നായിരുന്നു -പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു! ഗുരുത്വാകര്‍ഷബലത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരു നിഗൂഢശക്തിയാണ് പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിന് കാരണം. ആ നിഗൂഢശക്തിക്ക് 'ശ്യാമോര്‍ജം' (dark energy) എന്ന് പിന്നീട് പേര് നല്‍കപ്പെട്ടു.

പ്രപഞ്ചവികാസത്തിന്റെ തോത് കുറയുന്നത് മനസിലാക്കാന്‍ തുടങ്ങിയ ഗവേഷണം, ഒടുവില്‍ നേരെ വിപരീതമായ കണ്ടെത്തലില്‍ എത്തി.

ആ കണ്ടെത്തലിന്,  എതിര്‍സംഘങ്ങളിലൊന്നിന് നേതൃത്വം നല്‍കിയ സോള്‍ പേള്‍മ്യൂട്ടറും, രണ്ടാമത്തെ ഗ്രൂപ്പിന് നേതൃത്വം നല്‍കിയ ബ്രിയാന്‍ ഷിമിഡ്റ്റിനും, ഷിമിഡ്റ്റിന്റെ സംഘത്തിലെ ആദം റീസും 2011 ലെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു.

ശ്യാമോര്‍ജത്തിന്റെ കണ്ടെത്തലോടെ പ്രപഞ്ചത്തെ സംബന്ധിച്ച് ഒരു സുപ്രധാന ബോധ്യത്തിലേക്ക് ശാസ്ത്രലോകമെത്തി. നമ്മുക്ക് അനുഭവേദ്യമാകുന്ന, അല്ലെങ്കില്‍ നമുക്ക് നേരിട്ടു നിരീക്ഷിക്കാനാകുന്ന പ്രപഞ്ചമെന്നത്, യഥാര്‍ഥ പ്രപഞ്ചത്തിന്റെ വെറും നാലുശതമാനമേ വരൂ!

പ്രപഞ്ചത്തില്‍ വെറും നാലുശതമാനം ഭാഗത്തിന്റെ 'അവകാശ'മേ നമുക്കുള്ളൂ. 96 ശതമാനവും 'അദൃശ്യ' (dark)മാണ്. 23 ശതമാനം 'ശ്യാമദ്രവ്യം' (dark matter) എന്ന അഞ്ജാതരൂപത്തിലും, 73 ശതമാനം ശ്യാമോര്‍ജമായും.

സൂപ്പര്‍നോവ സര്‍വ്വേകളുടെ ഫലം 1998 ല്‍ പേള്‍മ്യൂട്ടറിന്റെയും ഷിമിഡ്റ്റിന്റെയും സംഘങ്ങള്‍ അവതരിപ്പിച്ചതോടെ, പ്രപഞ്ചപഠനം പുതിയൊരു യുഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

ഗലീലയയില്‍ തുടങ്ങി ന്യൂട്ടനിലൂടെ അടിത്തറ പാകി, ഐന്‍സ്റ്റൈനിലൂടെ പരിഷ്‌ക്കരിക്കപ്പെട്ട പ്രപഞ്ചമല്ല 1998 ല്‍ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതൊരു പുതിയ പ്രപഞ്ചമായിരുന്നു.

പുതിയ നൂറ്റാണ്ടിന് പുതിയ പ്രപഞ്ചത്തെ സമ്മാനിച്ച ആ കണ്ടെത്തലിന്റെ ഉദ്വേഗഭരിതമായ കഥ പറയുന്ന പുസ്തകമാണ് റിച്ചാര്‍ഡ് പാനക് രചിച്ച 'The 4% Universe'. ശരിക്കുമൊരു ക്രൈംത്രില്ലറിന് യോജിച്ച ആഖ്യാനരീതി പിന്തുടരുന്ന ഈ പുസ്തകത്തിലൂടെ, പ്രപഞ്ചപഠനത്തിന്റെ ആധുനിക ചരിത്രമാണ് ചുരുള്‍നിവരുന്നത്.

'പ്രാപഞ്ചിക സൂക്ഷ്മവികിരണ പശ്ചാത്തലം' (Cosmic Microwave Background-CMB) കണ്ടുപിടിക്കപ്പെട്ട 1965 മുതല്‍ ഗ്രന്ഥം ആരംഭിക്കുന്നു. ഏത് ശാസ്ത്രമെഴുത്തുകാരിലും അസൂയയുളവാക്കാന്‍ പോന്നത്ര അസാധാരണമായ കൈയൊതുക്കവും, അതുല്യമായ രചനാവൈഭവവും പാനകിനുണ്ട്.

മത്സരവും നിരാശയും പ്രതീക്ഷയും ഉത്ക്കണ്ഠയും ആവേശവും ചതിയും പാരവെയ്പ്പുമൊക്കെ നിറഞ്ഞ ഒരു ചരിത്രമാണ് ഈ പുസ്തകത്തില്‍ ചുരുള്‍ നിവരുന്നത്. പ്രപഞ്ചപഠനത്തിന്റെ കാണാപ്പുറങ്ങള്‍ മനസിലാക്കാന്‍ വായനക്കാരെ ഖനികള്‍ക്കുള്ളിലെ ഉത്ക്കണ്ഠകളിലേക്കും, ദക്ഷിണധ്രുവത്തിലെ തണുത്തുറഞ്ഞ വേവലാതികളിലേക്കും ഗ്രന്ഥകാരന്‍ നയിക്കുന്നു.

ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ടും, അതേസമയം സംഭവങ്ങളുടെ വിശദാംശങ്ങള്‍ അല്‍പ്പവും വിട്ടുപോകാതെയുമാണ് ഗ്രന്ഥകാരന്‍ മുന്നോട്ടു നീങ്ങുന്നത്. വായനക്കാരന് ശാസ്ത്രവസ്തുതകള്‍ ഇതില്‍ ഭാരമാകുന്നതേയില്ല. അനായാസം അവ വിശദീകരിക്കപ്പെടുന്നു.

പുതിയ പ്രപഞ്ചത്തെ മനസിലാക്കാന്‍ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തമോ ഐന്‍സ്‌റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമോ, അതല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ ഭൗതികശാസ്ത്രവിപ്ലവം വഴി ഉരുത്തിരിഞ്ഞ ക്വാണ്ടംഭൗതികമോ മാത്രം പോരെന്ന് പാനക് പറയുന്നു.

പുതിയ പ്രപഞ്ചത്തിന് പുതിയ സിദ്ധാന്തങ്ങളും ഗണിതസങ്കേതങ്ങളും ഉരുത്തിരിയണം. പതിനേഴാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഭൗതികപ്രപഞ്ചത്തെ വിശദീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ മാത്രമല്ല, അതിനാവശ്യമായ ഗണിതവും കണ്ടെത്തിയ ഐസക് ന്യൂട്ടനെപ്പോലൊരാളെയാണ് ഇപ്പോള്‍ ശാസ്ത്രലോകം കാക്കുന്നതെന്ന് പാനക് നിരീക്ഷിക്കുന്നു.

പുതിയൊരു ഐന്‍സ്റ്റൈനെയല്ല, പുതിയൊരു ന്യൂട്ടനെയാണ് ശാസ്ത്രത്തിനിന്ന് ആവശ്യം.

പാനകിന്റെ വാക്കുകള്‍ കേള്‍ക്കുക : 'What science needed now wasn't the next Einstein but the next Newton - someone (or someones, or some collaboration, or some generations-long cathedral of a theory) to codify the maths of this new universe. To unite the physics of the very big with the physics of the very small, just as Newton had united the physics of the celestial with the physics of the terrestrial.'

ശരിക്കുപറഞ്ഞാല്‍ പാനക് 2000 ല്‍ പ്രസിദ്ധീകരിച്ച ടെലസ്‌കോപ്പിന്റെ കഥയുടെ (Seeing and Believing - The Story of Telescope, or How We Found Our Place in the Universe. Fourth Estate, London) തുടര്‍ച്ചയാണ് പുതിയ പുസ്തകം.

മറ്റൊരു ശ്രദ്ധേയമായ ഗ്രന്ഥം പാനകിന്റേതായി പുറത്തുവന്നത് 2004 ലാണ്. The Invisible Century - Einstein, Freud, and the Search for Hidden Universes (Viking, New York) എന്ന ആ ഗ്രന്ഥം, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പരസ്പരം നേരില്‍ കണ്ടിട്ടുള്ള ഐന്‍സ്റ്റൈന്‍, സിഗ്മണ്ട് ഫ്രോയിഡ് എന്നിവരുടെ സംഭാവനകള്‍, ഇരുപതാംനൂറ്റാണ്ടിലെ ബൗദ്ധീകപ്രപഞ്ചത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് പറയുന്നത്.

2 comments:

Joseph Antony said...

പുതിയ പ്രപഞ്ചത്തിന് പുതിയ സിദ്ധാന്തങ്ങളും ഗണിതസങ്കേതങ്ങളും ഉരുത്തിരിയണം. പതിനേഴാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഭൗതികപ്രപഞ്ചത്തെ വിശദീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ മാത്രമല്ല, അതിനാവശ്യമായ ഗണിതവും കണ്ടെത്തിയ ഐസക് ന്യൂട്ടനെപ്പോലൊരാളെയാണ് ഇപ്പോള്‍ ശാസ്ത്രലോകം കാക്കുന്നതെന്ന് പാനക് നിരീക്ഷിക്കുന്നു.

ഷാജു അത്താണിക്കല്‍ said...

കിടിലൻ പോസ്റ്റ്