Monday, September 03, 2012

മൊബൈല്‍ അധിനിവേശം


കൈവെള്ളയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണിലെ സംഗതികള്‍ മുഴുവന്‍ വലിച്ചുപുറത്തിടാന്‍ കഴിഞ്ഞാല്‍ എന്തൊക്കെയാവും മുന്നിലെത്തുക. ആലോചിച്ചിട്ടുണ്ടോ. അങ്ങനെയൊരു സംഗതി സാധ്യമായാല്‍, മനുഷ്യന്‍ ഇന്നുവരെ സാക്ഷിയായിട്ടുള്ള ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാകും സംഭവിക്കുക.......കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ 2012 ആഗസ്ത്‌  ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്


രണ്ടുവര്‍ഷം മുമ്പാണ് ഈ ലേഖകന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കുന്നത്; സാംസങിന്റെ ഗാലക്‌സി പരമ്പരയില്‍പെട്ട ഒരെണ്ണം. അതുവരെ നോക്കിയയുടെ 1100 മോഡല്‍ ഉപയോഗിച്ച് സന്തുഷ്ടജീവിതം നയിച്ചുപോരികയായിരുന്നു.

'ഓ, വിളിക്കാനുള്ളതല്ലേ ഫോണ്‍, അതിന് സ്മാര്‍ട്ട്‌ഫോണൊന്നും വേണ്ട'-ചില സുഹൃത്തുക്കള്‍ പറഞ്ഞു. 'ഇതിനെന്താ ഇത്ര പ്രത്യേകത, വിളിക്കുന്നയാളുടെ നമ്പറ് തന്നെയല്ലേ ഇതിലും കിട്ടൂ'-അവര്‍ ചോദിച്ചു.

മൊബൈല്‍ ഫോണ്‍ എന്നാല്‍, വെറും ഫോണ്‍ മാത്രമാണെന്ന ചിന്ത പലരെയും വിട്ടുപോയിട്ടില്ല എന്നതിന് തെളിവായിരുന്നു ഇത്തരം അഭിപ്രായപ്രകടനങ്ങള്‍. പല രാജ്യത്തും ആപ്പിളിന്റെ ഐഫോണ്‍ ഉയര്‍ത്തുന്ന തരംഗമോ, ആന്‍ഡ്രോയിഡ് ഫോണുകള്‍ കൈവരിക്കുന്ന മുന്നേറ്റമോ അവര്‍ അറിഞ്ഞതായി തോന്നിയില്ല.

വിളിക്കാന്‍ മാത്രമുള്ള ഉപകരണമാണോ ഇന്ന് മൊബൈല്‍ഫോണ്‍?  കീശയില്‍ കിടക്കുന്ന ആ ഉപകരണം യഥാര്‍ഥത്തില്‍ എന്താണ്? എന്തൊക്കെയാണ് അതിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്?

കൈവെള്ളയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണിലെ സംഗതികള്‍ മുഴുവന്‍ വലിച്ചുപുറത്തിടാന്‍ കഴിഞ്ഞാല്‍ എന്തൊക്കെയാവും മുന്നിലെത്തുക. ആലോചിച്ചിട്ടുണ്ടോ. അങ്ങനെയൊരു സംഗതി സാധ്യമായാല്‍, മനുഷ്യന്‍ ഇന്നുവരെ സാക്ഷിയായിട്ടുള്ള ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാകും സംഭവിക്കുക.

ഇതു കേള്‍ക്കുമ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം, അത്രയ്ക്കുണ്ടോ എന്ന് തോന്നിയേക്കാം. ശരി, കീശയില്‍നിന്ന് ഫോണെടുത്ത് മുന്നില്‍ വെയ്ക്കുക. ഒരു കടലാസും പെന്‍സിലും എടുക്കുക. മുന്നിലിരിക്കുന്ന ആ ഉപകരണത്തിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന് ഒരു പട്ടിക തയ്യാറാക്കി നോക്കുക.

ആ പട്ടിക ഏതാണ്ട് ഇങ്ങനെയുണ്ടാകും -

ക്യാമറ
ടെലിവിഷന്‍
റേഡിയോ
സൗണ്ട് റിക്കോര്‍ഡര്‍
മ്യൂസിക് പ്ലെയര്‍
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍
ഫോട്ടോവ്യൂവര്‍
ഫോട്ടോ എഡിറ്റര്‍
വീഡിയോ ക്യാമറ
വീഡിയോ പ്ലെയര്‍
ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍
കാല്‍ക്കുലേറ്റര്‍
കലണ്ടര്‍
ക്ലോക്ക്
അലാറാം
കോംപസ്
ജി.പി.എസ്.നാവിഗേറ്റര്‍
മെമ്മറിസ്റ്റിക്ക്
നോട്ടുബുക്ക്
ബാങ്കിങ് ഉപകരണം
ഇലക്ട്രോണിക് 'ക്രഡിറ്റ്കാര്‍ഡ്'

.............പട്ടിക ഇങ്ങനെ നീളും.

ഒടുവില്‍ ഇതുകൂടി ചേര്‍ക്കാം : ഈ ഉപകരണംകൊണ്ട് ഫോണ്‍ വിളിക്കുകയുമാകാം!

ഒരു ഇടത്തരം ഭവനത്തില്‍ സ്ഥാനംപിടിക്കുന്ന, ടെലിവിഷന്‍, മ്യൂസിക് പ്ലെയര്‍ എന്നിങ്ങനെയുള്ള എത്രയെത്ര ഉപകരണങ്ങളാണ് കൈവെള്ളയിലൊതുങ്ങുന്ന ചെറുഉപകരണത്തിനുള്ളിലേക്ക് ഒറ്റയടിക്ക് കുടിയേറിയത്!

ആധുനികലോകം സാക്ഷിയാകുന്ന ഏറ്റവും വലിയ സാങ്കേതികവിപ്ലവം അരങ്ങേറുന്നത് നമ്മുടെ പോക്കറ്റിനുള്ളിലാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകില്ല.

1876 ല്‍ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ അമേരിക്കയില്‍ പേറ്റന്റ് നേടുന്നതോടെയാണ് ടെലിഫോണ്‍ യുഗത്തിന്റെ ആരംഭം. ഒരു കമ്മ്യൂണിക്കേഷന്‍ ഉപാധി എന്ന നിലയ്ക്കായിരുന്നു ഫോണിന്റെ പ്രസക്തി.

ഏതാണ്ട് ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ ടെലിഫോണിന് ഒരു പിന്‍ഗാമി എത്തി -മൊബൈല്‍ ഫോണ്‍.

സെല്ലുലാര്‍ ഫോണ്‍, സെല്‍ഫോണ്‍, ഹാന്‍ഡ്‌ഫോണ്‍ എന്നൊക്കെ പേരു വിളിക്കപ്പെട്ട മൊബൈല്‍ഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 1973 ലാണ്. മോട്ടറോളയിലെ ഡോ.മാര്‍ട്ടിന്‍ കൂപ്പറായിരുന്നു അവതാരകന്‍.

1983 ല്‍ മൊബൈല്‍ ഫോണ്‍ ആദ്യമായി (അമേരിക്കന്‍) വിപണിയിലെത്തി. 'മോട്ടറോള ഡൈന ടി.എ.സി 8000എക്‌സ്' (Motorola Dyna TAC 8000x) ആയിരുന്നു ഉപഭോക്താക്കളുടെ പക്കലെത്തിയ ആദ്യ മൊബൈല്‍ ഫോണ്‍.

കൈയില്‍ കൊണ്ടുനടക്കാം, കൂടുതല്‍ സൗകര്യപ്രദം -ഇതായിരുന്നു മൊബൈല്‍ഫോണിന്റെ സവിശേഷത. എന്നാല്‍, ഉപയോഗം സാധാരണഫോണിന്റേത് തന്നെയായിരുന്നു.

വെറുമൊരു കമ്മ്യൂണിക്കേഷന്‍ ഉപാധി എന്ന നിലയ്ക്ക് മാത്രം ഒരു നൂറ്റാണ്ടിലേറെ നിലനിന്ന ഫോണിനാണ്, സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ വിപ്ലവകരമായ മാറ്റം സംഭവിച്ചത്. കമ്മ്യൂണിക്കേഷന്‍ എന്നത് ഫോണിന്റെ മറ്റനേകം സാധ്യതകളില്‍ ഒന്നു മാത്രമായി ചുരുങ്ങി.

പോക്കറ്റിനുള്ളിലെ മാറ്റം
2007 ജനവരി 9 ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോണ്‍ സെന്ററില്‍ ആദ്യമായി ഐഫോണ്‍ അവതരിപ്പിക്കുന്ന വേളയില്‍, അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ഇങ്ങനെ പറഞ്ഞു : 'ഒന്നല്ല മൂന്ന് ഉപകരണങ്ങളാണ് ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്നത്-ഒരു ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍, ഒരു മൊബൈല്‍ ഫോണ്‍, ഒരു ഐപോഡ് (മ്യൂസിക് പ്ലെയര്‍)'.

ഇത്രയും പറഞ്ഞ് സദസിലുള്ളവരെ അമ്പരിപ്പിച്ച ശേഷം, തന്റെ തനത് ശൈലയില്‍ മാസ്മരശക്തിയുള്ള ആ ചെറുചിരിയോടെ സ്റ്റീവ് തുടര്‍ന്നു : 'മൂന്ന് ഉപകരണങ്ങളെന്നാല്‍ മൂന്നല്ല, ഒന്നാണ് - പേര് 'ഐഫോണ്‍'!'

സദസ്സിന്റെ നീണ്ട കരഘോഷത്തിന് മുന്നില്‍ സ്റ്റീവ് നിശബ്ധനായി.

മോസ്‌കോണ്‍ സെന്ററിനെ അക്ഷരാര്‍ഥത്തില്‍ പ്രകമ്പനം കൊള്ളിച്ച ആ കരഘോഷം യഥാര്‍ഥത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന്റെ ഉദയം തന്നെയായിരുന്നു. എത്ര ഉത്സാഹത്തിമിര്‍പ്പോടെയാണ് സ്മാര്‍ട്ട്‌ഫോണിനെ ലോകം വരവേല്‍ക്കാന്‍ പോകുന്നതെന്നതിന്റെ സൂചനയായി അത്.

ഒന്നല്ല മൂന്ന് ഉപകരണം എന്ന് സ്റ്റീവ് പറഞ്ഞതിലെ പ്രതീകാത്മകതകൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകും. മൂന്നെന്ന് സ്റ്റീവ് പറഞ്ഞത് എത്രയാണെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണിന്ന്.

ഇതുപറയുമ്പോള്‍ തോന്നാം സ്റ്റീവും ആപ്പിളുമാണ് സ്മാര്‍ട്ട്‌ഫോണ്‍ കണ്ടുപിടിച്ചതെന്ന്. അല്ല. ആദ്യസ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി 13 വര്‍ഷം കഴിയുമ്പോഴാണ് ആപ്പിള്‍ ഐഫോണിന്റെ വരവ്. പക്ഷേ, സ്മാര്‍ട്ട്‌ഫോണ്‍ എന്നാല്‍ എങ്ങനെയിരിക്കണം, എന്തൊക്കെ സാധ്യതകള്‍ അതിനുണ്ടെന്ന് ലോകത്തിന് കാട്ടിക്കൊടുത്തത് സ്റ്റീവും ആപ്പിളും ചേര്‍ന്നാണ്.

രണ്ടാംതലമുറ സെല്ലുലാര്‍ സങ്കേതം (2ജി) ഫിന്‍ലന്‍ഡില്‍ അവതരിപ്പിക്കപ്പെടുന്നത് 1991 ലാണ്. ഏതാണ്ട് അതേ സമയത്തു തന്നെ, മൊബൈല്‍ കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളെക്കുറിച്ചുള്ള ആശയങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്താന്‍ പക്ഷേ, പിന്നെയും മൂന്നുവര്‍ഷം വേണ്ടിയിരുന്നു. 1994 ല്‍ പുറത്തുവന്ന 'ഐ.ബി.എം.സിമോണ്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേറ്റര്‍' ആണ് വിപണിയിലിറങ്ങിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. സാധാരണ 'ഫീച്ചര്‍ഫോണുകളെ' അപേക്ഷിച്ച് സ്മാര്‍ട്ടായ ഇത്തരം ഫോണുകളെ സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്‌സണ്‍ 1997 ല്‍ 'സ്മാര്‍ട്ട്‌ഫോണ്‍' എന്ന് പേരിട്ടുവിളിച്ചു.

ടച്ച്‌സ്‌ക്രീനോടുകൂടിയ 'എറിക്‌സണ്‍ ആര്‍380 സ്മാര്‍ട്ട്‌ഫോണ്‍' 2000 ല്‍ വിപണിയിലെത്തി. ഒരു മൊബൈല്‍ കമ്പ്യൂട്ടിങ് ഓപ്പറേറ്റിങ് സിസ്റ്റം ആദ്യമുപയോഗിച്ച ഫോണ്‍ അതായിരുന്നു. സിമ്പിയന്‍ ഒഎസ് ആയിരുന്നു അതിലുപയോഗിച്ചിരുന്നത്.

ഒറ്റ ഉപകരണത്തിന് മാത്രം സംഭവിക്കുന്ന പരിഷ്‌ക്കരണംകൊണ്ട് മൊബൈല്‍ വിപ്ലവം സാധ്യമാകുമായിരുന്നില്ല. മറ്റനേകം സങ്കേതങ്ങളുടെ വളര്‍ച്ചയും അതിന് വേണ്ടിയിരുന്നു.

വയര്‍ലെസ് സങ്കേതം, ഇന്റര്‍നേറ്റ്, വേള്‍ഡ് വൈഡ് വെബ്ബ്, പേഴ്‌സണല്‍ കമ്പ്യൂട്ടിങ്, ഡിറ്റല്‍ ഇമേജിങ് വിദ്യ, ബാറ്ററി സങ്കേതങ്ങള്‍, ഊര്‍ജക്ഷമതയേറിയ ചിപ്പുകള്‍, മള്‍ട്ടിടച്ച് സങ്കേതം...എന്നിങ്ങനെ ഒട്ടേറെ മേഖലകളിലുണ്ടായ വ്യത്യസ്തമായ സാങ്കേതിക മുന്നേറ്റങ്ങള്‍ സമ്മേളിക്കുന്ന ഇടമായി മൊബൈല്‍ മാറി.

അതിന്റെ മൂര്‍ത്തീഭാവമായിരുന്നു 1997 ല്‍ രംഗത്തെത്തിയ ഐഫോണ്‍. യഥാര്‍ഥ സ്മാര്‍ട്ട്‌ഫോണ്‍ യുഗം അതോടെ ആരംഭിച്ചു.

അതിനടുത്ത വര്‍ഷം, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യഫോണും (എച്ച്.ടി.സി.ഡ്രീം-2008) വിപണിയിലെത്തി. ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണും രംഗത്തെത്തിയിരിക്കുന്നു.

ഐഫോണിനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ള ആപ്ലിക്കേഷന്‍ (ആപ്‌സ്) നിര്‍മാണവും വില്‍പ്പനയും തന്നെ ഇന്ന് വലിയൊരു വിപണിയാണ്.
അഞ്ചുലക്ഷത്തിലേറെ ഐഫോണ്‍ ആപ്ലിക്കേഷനുകളും ആറുലക്ഷത്തോളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളും നിലവില്‍ ലഭ്യമാണെന്നറിയുമ്പോള്‍, ആ രംഗം നേടുന്ന വളര്‍ച്ച വ്യക്തമാകും.

മൊബൈല്‍ വിപ്ലവം
മൊബൈല്‍ ഫോണിന്റെ വളര്‍ച്ചയും അത് നേടിയ സ്വീകാര്യതയും അമ്പരപ്പിക്കുന്നതാണ്. 1982 ലെ കാര്യം ആലോചിക്കുക. അന്ന് ലോകജനസംഖ്യ 460 കോടി. മൊബൈല്‍ വരിക്കാരുടെ സംഖ്യ -പൂജ്യം.

2012 ലെ കണക്ക് നോക്കുക. ലോകജനസംഖ്യ 700 കോടി. മൊബൈല്‍ വരിക്കാരുടെ സംഖ്യ - 600 കോടി! ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കാണിത്.

രണ്ടായിരാമാണ്ടില്‍ നൂറുകോടിയില്‍ താഴെ മാത്രമായിരുന്നു ലോകത്ത് മൊബൈല്‍ വരിക്കാരെങ്കില്‍, ഇന്ന് ലോകജനസംഖ്യയുടെ 75 ശതമാനത്തിന്റെയും പക്കല്‍ മൊബൈലുണ്ട്. വൈകാതെ അത് ലോകജനസംഖ്യയെ തന്നെ കടത്തിവെട്ടും!

ലാന്‍ഡ് ഫോണിന് ഒരു നൂറ്റാണ്ടുകൊണ്ട് സാധിച്ച കാര്യം, മൊബൈലിന് വെറും 20 വര്‍ഷംകൊണ്ട് കൈവരിക്കാനായി. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ 'യന്ത്ര'മായി മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് മാറിയിരിക്കുന്നു.

മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് ആദ്യം സാക്ഷിയായ അമേരിക്കയുടെ കാര്യമെടുക്കുക. അഞ്ചുശതമാനത്തില്‍ നിന്ന് 50 ശതമാനം അമേരിക്കന്‍ ഭവനങ്ങളിലേക്ക് ടെലിഫോണ്‍ ലൈനുകളെത്താന്‍ 45 വര്‍ഷമെടുത്തു. അത്രയും ഉപഭോക്താക്കളിലേക്ക് മൊബൈല്‍ ഫോണെത്താന്‍ വെറും ഏഴ് വര്‍ഷമേ വേണ്ടിവന്നുള്ളൂ.

സാധാരണ മൊബൈലിനെ കടത്തിവെട്ടുന്ന നിലയ്ക്കാണ് സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ച. അഞ്ചില്‍ നിന്ന് 40 ശതമാനത്തിലേക്ക് എത്താന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടിവന്നത് വെറും അഞ്ച് വര്‍ഷം മാത്രം!

2012 ന്റെ ആദ്യപാദത്തില്‍ ലോകത്താകമാനം വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളില്‍ 36 ശതമാനവും സ്മാര്‍ട്ട്‌ഫോണുകളായിരുന്നുവെന്ന് വിപണിവിശകലന സ്ഥാപനമായ ഐ.ഡി.സി.പറയുന്നു. ഈ കണക്കുകള്‍ വ്യക്തമാക്കുന്ന സംഗതി, ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ പ്രചാരവും സ്വീകാര്യതയും നേടിയ സാങ്കേതികവിദ്യയായി മൊബൈലും സ്മാര്‍ട്ട്‌ഫോണും മാറുന്നു എന്നാണ്.

സാധാരണ ഫോണ്‍ ഒരു മള്‍ട്ടിമീഡിയ ഉപകരണമായി പരിണമിച്ചതിനൊപ്പം, അവയുടെ കമ്പ്യൂട്ടിങ് കരുത്ത് കൂടുകയും വില കുറയുകയും ചെയ്തു. മൊബൈലിനും സ്മാര്‍ട്ട്‌ഫോണിനും ഇത്ര വലിയ സ്വീകാര്യതയും പ്രചാരവും ലഭിച്ചതിന് പിന്നില്‍ ഇതൊരു പ്രധാന ഘടകമാണ്.

മറ്റൊരു ഘടകം കൂടിയുണ്ട്. അത് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ടതാണ്. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍സ് യൂണിയന്‍ (ഐ.റ്റി.യു) പുറത്തുവിട്ട കണക്കു പ്രകാരം, ലോകജനസംഖ്യയില്‍ 90 ശതമാനവും ഇന്ന് 2ജി നെറ്റ്‌വര്‍ക്കിന്റെ പരിധിയിലാണ്,  45 ശതമാനം 3ജി നെറ്റ്‌വര്‍ക്കിന്റെ പരിധിയിലും.

സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന തരത്തിലാണ് മൊബൈല്‍ വിപ്ലവം മുന്നേറുന്നതെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ആശയവിനിമയം, വിനോദം, വിദ്യാഭ്യാസം, പണമിടപാടുകള്‍, തൊഴില്‍മേഖലകള്‍ എന്നിവയിലൊക്കെ മൊബൈലുകളും സ്മാര്‍ട്ട്‌ഫോണുകളും വലിയ സ്വാധീനം ചെലുത്തുന്നു.

ഉപജീവനമാര്‍ഗങ്ങള്‍ മാത്രമല്ല, പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും, ആശയവിനിമയത്തിന്റെ പരമ്പരാഗത രീതികള്‍ മാറ്റിമറിക്കാനും മൊബൈല്‍ വിപ്ലവം വഴിയൊരുക്കുന്നു.

അതുവഴി, കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാനും, സാമ്പത്തിക പുരോഗതിക്ക് തന്നെ ആക്കംകൂട്ടാനും വഴിയൊരുക്കുന്ന ഒന്നായി മൊബൈല്‍ വിപ്ലവം മാറിയിരിക്കുന്നു. ഏകാധിപത്യ ഭരണകൂടങ്ങളെ മറിച്ചിടാന്‍ മൊബൈലൊരുക്കുന്ന സാധ്യതകള്‍ സാധാരണക്കാര്‍ക്ക് കരുത്തേകുന്നു.

ചരിത്രത്തില്‍ മറ്റൊരു സാങ്കേതികവിദ്യയ്ക്കും ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഒരേ സമയം സ്വീധീനം ചെലുത്താനോ അടയാളം സ്ഥാപിക്കാനാ കഴിഞ്ഞിട്ടില്ല എന്നകാര്യം ഓര്‍ക്കുക. ലോകം ശരിക്കുമൊരു മൊബൈല്‍ അധിനിവേശത്തിന്റെ പിടിയിലാണെന്ന് സാരം.

(അവലംബം : Maximizing Mobile, World Bank 2012 Report; Wikipedia)

3 comments:

Joseph Antony said...

കൈവെള്ളയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണിലെ സംഗതികള്‍ മുഴുവന്‍ വലിച്ചുപുറത്തിടാന്‍ കഴിഞ്ഞാല്‍ എന്തൊക്കെയാവും മുന്നിലെത്തുക. ആലോചിച്ചിട്ടുണ്ടോ. അങ്ങനെയൊരു സംഗതി സാധ്യമായാല്‍, മനുഷ്യന്‍ ഇന്നുവരെ സാക്ഷിയായിട്ടുള്ള ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാകും സംഭവിക്കുക....

Salim PM said...

ഒരുപാടു പിടിച്ചു നിന്നുനോക്കി; വാങ്ങാതിരിക്കാന്‍. പക്ഷേ, തോറ്റുപോയി :)

Unknown said...

enthayalum ini smell phone um mattum koodi varumbol kooduthal purathidan kazhiyatha sadanangalakum undavuka....

i llike this article....