Wednesday, June 13, 2012

'ഇന്‍സ്റ്റഗ്രാ'മില്‍നിന്ന് പഠിക്കാനുള്ളത്ഏതാനും ആഴ്ചകള്‍ക്കുമുമ്പുവരെ 'ഇന്‍സ്റ്റഗ്രാം' എന്നത് ലക്ഷക്കണക്കിന് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കിടയില്‍ ഒന്നു മാത്രമായിരുന്നു. ജനപ്രീതിയാര്‍ജിച്ച ഒരു മൊബൈല്‍ ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍. സാങ്കേതികഭാഷയില്‍ പറഞ്ഞാല്‍ വെറുമൊരു 'ആപ്പ്'.

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബെര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചതോടെ കഥയാകെ മാറി. എട്ട് ഖണ്ഡികയുള്ള ആ പ്രസ്താവനയുടെ കാതല്‍ ഇതായിരുന്നു -'ഇന്‍സ്റ്റഗ്രാമിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നു; നൂറുകോടി ഡോളറിന്.' ഏതാണ്ട് 5000 കോടി രൂപയ്ക്ക്!

സാങ്കേതികലോകം അത്ഭുതത്തോടെയാണ് ആ പ്രസ്താവന ശ്രവിച്ചത്. ഏവരുടെയും ശ്രദ്ധ ഇന്‍സ്റ്റഗ്രാമിലേക്ക് ഒറ്റയടിക്ക് തിരിഞ്ഞു. ഒരു ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍ കമ്പനിയെ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനി എന്തിന് ഇത്രയും ഭീമമായ തുകയ്ക്ക് ഏറ്റെടുക്കുന്നുവെന്ന് പലരും അത്ഭുതംകൂറി.

ശരിക്കു പറഞ്ഞാല്‍ ഇത്തരം സ്വന്തമാക്കലുകള്‍ ടെക് ലോകത്ത് സാധാരണമാണ്. പുതിയ ഉത്പന്നങ്ങളുമായി രംഗത്തെത്തുന്ന ചെറുകിട കമ്പനികളെയും അതിന്റെ നടത്തിപ്പുക്കാരെയും ടെക്ഭീമന്‍മാര്‍ പൊന്നുംവില നല്‍കി ഏറ്റെടുക്കുന്നത് സാധാരണ ഏര്‍പ്പാട് മാത്രം.

ഗൂഗിള്‍ ഇതിനകം എത്ര കമ്പനികളെ ഇങ്ങനെ സ്വന്തമാക്കിയിട്ടുണ്ടെന്ന കാര്യം ഗൂഗിളിന് തന്നെ നിശ്ചയമുണ്ടാകില്ല! അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2006 നവംബറില്‍ 165 കോടി ഡോളര്‍ നല്‍കി ഏറ്റെടുത്ത യുട്യൂബ് ആയിരുന്നു. ഓണ്‍ലൈന്‍ വീഡിയോ ഷെയറിങിന്റെ പര്യായമാണിന്ന് യുട്യൂബ്.

നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ 'സിരി' ആപ്ലിക്കേഷന്റെ സാധ്യത ആദ്യം മനസിലാക്കിയ ഒരാള്‍ ആപ്പിള്‍ മുന്‍മേധാവി സ്റ്റീവ് ജോബ്‌സ് ആയിരുന്നു. 'സിരി' (Siri)യെ സ്വന്തമാക്കി അതിനെ ഒരു വിര്‍ച്വല്‍ സഹായിയായി ഐഫോണില്‍ കുടിയിരുത്തിയ ശേഷമായിരുന്നു സ്റ്റീവിന്റെ അന്ത്യം. സിരി കമ്പനിക്ക് ആപ്പിള്‍ എന്തുവില നല്‍കിയെന്നത് ഇപ്പോഴും രഹസ്യം.

സാങ്കേതികലോകത്ത് ഇത്തരം ഏറ്റെടുക്കലുകള്‍ നിത്യസംഭവമാണെങ്കില്‍, ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാമിനെ സ്വന്തമാക്കുന്നത് എന്തിന് വലിയ വാര്‍ത്തയാകണം. അതിന് കാരണമുണ്ട്. ഇന്‍സ്റ്റഗ്രാമിന്റെ അസാധാരണമായ വളര്‍ച്ച ഫെയ്‌സ്ബുക്കിനെ ചെറുതായി ഭയപ്പെടുത്തിയിരുന്നു. അതിന്റെ ഫലമാണ് ഈ ഏറ്റെടുക്കല്‍.

ഇന്‍സ്റ്റഗ്രാമിന്റെ പേരില്‍ ഒന്നല്ല രണ്ട് ആശങ്കയാണ് ഒരേസമയം ഫെയ്‌സ്ബുക്കിനെ പിടികൂടിയത്. ആദ്യത്തേത് ഫോട്ടോഷെയറിങുമായി ബന്ധപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ ഫോട്ടോഷെയറിങ് സൈറ്റാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് ഫോട്ടോവിഭാഗം എന്‍ജിനിയര്‍ ജസ്റ്റിന്‍ മിച്ചെല്‍ നല്‍കുന്ന വിവരമനുസരിച്ച്, പ്രതിദിനം 200 മില്യണ്‍ ഫോട്ടോകള്‍ ആ സൈറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു; മാസംതോറും 600 കോടി ഫോട്ടോകള്‍! ഇന്‍സ്റ്റഗ്രാമിന്റെ പൊടുന്നനെയുള്ള വളര്‍ച്ച, ഫോട്ടോഷെയറിങ് രംഗത്ത് ഫെയ്‌സ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തി.

മറ്റൊരും ഭയം ഫെയ്‌സ്ബുക്കിനെ ഗ്രസിച്ചത്, ഫോട്ടോഷെയറിങ് രംഗത്ത് തങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയ ഇന്‍സ്റ്റഗ്രാമിനെ ഗൂഗിളോ ആപ്പിളോ പോലുള്ള വമ്പന്‍മാര്‍ സ്വന്തമാക്കുമോ എന്നതാണ്. ട്വിറ്റര്‍ കമ്പനി കുറച്ചുനാളായി ഇന്‍സ്റ്റഗ്രാമിനെ ഏറ്റെടുക്കാന്‍ താത്പര്യം കാട്ടിയിരുന്നു.

ഫോട്ടോഗ്രാഫിയുടെ പുതിയ മുഖം

കെവിന്‍ സിസ്‌ട്രോം, മൈക്ക് ക്രീഗര്‍ എന്നീ യുവാക്കള്‍ ചേര്‍ന്ന് 2010 ഒക്ടോബറിലാണ് ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷന്‍ (Instagram App) രംഗത്തെത്തിച്ചത്. ഐഫോണ്‍ ആപ്ലിക്കേഷനായിരുന്നു ആദ്യം. 2012 ഏപ്രില്‍ അഞ്ചിന് ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് പതിപ്പിറങ്ങി.

മൊബൈല്‍ ഫോണിലെടുക്കുന്ന ഫോട്ടോകള്‍ മിഴിവാര്‍ന്ന രീതിയില്‍ പരിഷ്‌ക്കരിക്കാനും വിവിധ സോഷ്യല്‍ സൈറ്റുകളില്‍ അപ്പപ്പോള്‍ പങ്കുവെയ്ക്കാനും ഇന്‍സ്റ്റഗ്രാം സഹായിക്കും. 'ഇന്‍സ്റ്റന്റ് ടെലഗ്രാം' എന്നതില്‍ നിന്നാണ് ഈ പേരുണ്ടായത്.

അമേച്വര്‍ ഫോട്ടോകളുടെ കളര്‍ബാലന്‍സ്, ദൃശ്യസവിശേഷതകള്‍ തുടങ്ങിയവ അനായാസം പരിഷ്‌ക്കരിച്ച് അവയെ മിഴിവാര്‍ന്നതാക്കാന്‍ ഇന്‍സ്റ്റഗ്രാം സഹായിക്കുന്നു. അതിനായുള്ള വ്യത്യസ്ത ഫില്‍ട്ടറുകളാണ് ഈ പ്രോഗ്രാമിന്റെ നട്ടെല്ല്. ഫില്‍ട്ടറുകളുടെ പ്രയോഗം ഫോട്ടോകളുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. ഉപയോഗിക്കുന്നവര്‍ക്കും, അതുവഴി ചിത്രങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കും ഇന്‍സ്റ്റഗ്രാമിനോട് വൈകാരികമായ ഒരടുപ്പം സൃഷ്ടിക്കപ്പെടുന്നു. അതാണ് ഇന്‍സ്റ്റഗ്രാമിനെ പൊടുന്നനെ ജനപ്രിയമാക്കിയത്.

ഏതാണ്ട് ഒന്നരനൂറ്റാണ്ടിന്റെ ചരിത്രമുള്ള ഫോട്ടോഗ്രാഫി സങ്കേതം സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടത് 1975 ലായിരുന്നു. ഈസ്റ്റേണ്‍ കൊഡാക്കിലെ എന്‍ജിനിയറായ സ്റ്റീവന്‍ സാസ്സന്‍ ആദ്യ ഡിജിറ്റല്‍ ക്യാമറ രൂപപ്പെടുത്തിയപ്പോഴായിരുന്നു അത്.

ക്യാമറകള്‍ മൊബൈല്‍ ഫോണുകളുടെ ഭാഗമായി മാറിയതോടെ ഫോട്ടോഗ്രാഫിക്ക് ജനകീയമുഖം കൈവന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളുടെ വരവ്, വെറുമൊരു ഹോബി എന്നതിനപ്പുറം സാമൂഹികമാനങ്ങളുള്ള പ്രവര്‍ത്തനങ്ങളിലൊന്നാക്കി ഫോട്ടോഗ്രാഫിയെ രൂപപ്പെടുത്തി. ഫോട്ടോയുടെ ദൃശ്യഭംഗിയെക്കാളേറെ ഫോട്ടോ പങ്കിടലിനായി പ്രാധാന്യം.

ഫോട്ടോഷെയറിങിന്റെ പുതിയ മുഖമാണ് ഇന്‍സ്റ്റഗ്രാം മുന്നോട്ടുവെയ്ക്കുന്നത്. ശരിക്കും വൈകാരികമായ ഒരു സംഗതിയായി ഫോട്ടോഗ്രാഫിയെയും ഫോട്ടോഷെയറിങിനെയും ഇന്‍സ്റ്റഗ്രാം മാറ്റിയിരിക്കുന്നു. വേണമെങ്കില്‍ ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലെന്ന് ഇന്‍സ്റ്റഗ്രാമിനെ വിശേഷിപ്പിക്കാം.

ഒന്നരവര്‍ഷത്തെ ചരിത്രം

ഗൂഗിള്‍ ഉള്‍പ്പടെ ലോകത്തെ മാറ്റിമറിച്ച ഒട്ടേറെ കമ്പനികളുടെ സ്ഥാപകര്‍ കടന്നുവന്ന സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ സ്ഥാപകരായ കെവിന്‍ സിസ്‌ട്രോമിന്റെയും മൈക്ക് ക്രീഗറുടെയും വരവ്.

ബോസ്റ്റണ്‍ സ്വദേശിയായ സിസ്‌ട്രോമിന് ഫോട്ടോഗ്രാഫിയും ഡിസൈനുമായിരുന്നു ഇഷ്ടമേഖലകള്‍. സ്റ്റാന്‍ഫഡില്‍ മാനേജ്‌മെന്റ് സയന്‍സും എന്‍ജിനിയറിങും പഠിച്ച ആ യുവാവ് പിന്നീട് ഗൂഗിളില്‍ ജോലിക്ക് ചേര്‍ന്നു. മൂന്നുവര്‍ഷം തികയുംമുമ്പ് ഗൂഗിള്‍ വിട്ട സിസ്‌ട്രോമിന്റെ അടുത്ത താവളം 'നെക്‌സ്റ്റ്‌സ്‌റ്റോപ്പ്' (Nextstop) എന്ന ട്രാവല്‍ റെക്കമന്റേഷന്‍ സൈറ്റ് ആയിരുന്നു (നെക്സ്റ്റ്‌സ്റ്റോപ്പിനെ പിന്നീട് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു).

സ്മാര്‍ട്ട്‌ഫോണുകളാണ് ഭാവിയെന്ന് 2005 ല്‍ തന്നെ സിസ്‌ട്രോമിന് തോന്നിത്തുടങ്ങിയിരുന്നു. ആ രംഗത്ത് സ്വന്തംനിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ ആ യുവാവ് ആഗ്രഹിച്ചു. സുഹൃത്തുക്കളുമായി തങ്ങളുടെ ലോക്കേഷന്‍ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന 'ഫോര്‍സ്‌ക്വയര്‍' (Foursquare) ആപ്ലിക്കേഷന്‍ പോലൊരാശയവുമായി സിസ്‌ട്രോം പല നിക്ഷേപകരെയും കണ്ടു. ഇത്തരം സംരംഭങ്ങളില്‍ സഹായിക്കുന്ന പ്രമുഖന്‍ മാര്‍ക് ആന്‍ഡ്രീസണ്‍ ഉള്‍പ്പെടെ ചിലര്‍ സിസ്‌ട്രോമിന് പിന്തുണയേകി.

2010 ആദ്യം സ്വന്തമായി കമ്പനി തുടങ്ങാന്‍ പറ്റിയ ഒരു പങ്കാളിയെ അന്വേഷിച്ച സിസ്‌ട്രോം എത്തിയത് മൈക്ക് ക്രീഗര്‍ എന്ന ബ്രസീലിയന്‍ കുടിയേറ്റക്കാരനിലാണ്. വ്യത്യസ്ത അഭിരുചിയായിരുന്നു ക്രീഗറുടേത്. പഠിച്ചതോ അത്തരം അഭിരുചികളെ പരിപോഷിപ്പിക്കുന്ന ഒരു ഇന്റര്‍ഡിസിപ്ലിനറി കോഴ്‌സും. കമ്പ്യൂട്ടര്‍ കോഡിങ്, മനശ്ശാസ്ത്രം, ഭാഷാശാസ്ത്രം, ദാര്‍ശനികത ഒക്കെ ചേര്‍ന്നതായിരുന്നു സ്റ്റാന്‍ഫഡില്‍ ക്രീഗറുടെ പഠനവിഷയം! പഠിക്കുന്ന കാലത്ത് ക്രീഗര്‍ ഏറ്റെടുത്ത പ്രോജക്ടുകളിലൊന്ന് ആളുകളുടെ മനോവികാരം (emotion) അനുസരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കമ്പ്യൂട്ടറായിരുന്നു!

മനശാസ്ത്രത്തിലുള്ള ക്രീഗറുടെ താത്പര്യവും അറിവും ഇന്‍സ്റ്റഗ്രാമില്‍ പ്രതിഫലിക്കുന്നു. സ്റ്റാന്‍ഫഡില്‍ ക്രീഗറുടെ പ്രൊഫസറായിരുന്ന ക്ലിഫോഡ് നാസ്സിന്റെ അഭിപ്രായത്തില്‍ ഇന്‍സ്റ്റഗ്രാം എന്നത് 'ഒരു സാങ്കേതികവിദ്യയുടെ വിജയമല്ല, രൂപകല്‍പ്പനയുടെയും മനശാസ്ത്രത്തിന്റെയും വിജയമാണ്'.


അതാണ് ഇന്‍സ്റ്റഗ്രാമിന്റെ സവിശേഷത. ഒട്ടേറെ മൊബൈല്‍ ഫോട്ടോഷെയറിങ് ആപ്ലിക്കേഷനുകള്‍ ഉണ്ട്. പാത്ത് (Path), പിക്പ്ലസ് (picplz), ഡെയ്‌ലിബൂത്ത് (DailyBooth), പിക്ച്ചര്‍ ഇഫക്ട് (Picture Effect), ഫോട്ടോകാസ്റ്റന്‍ (fotokasten), ട്രീഹൗസ് (Treehouse), ഡിപ്ടിക് (Diptic) എന്നിങ്ങനെ അവയുടെ പട്ടിക നീളുന്നു. എന്നാല്‍, അവയ്‌ക്കൊന്നും കഴിയാത്തത്ര സ്വപ്‌നതുല്യമായ വിജയം ഇന്‍സ്റ്റഗ്രാം നേടിയതിന് പിന്നിലെ ഘടകം, അതിലെ മനശാസ്ത്രസമീപനമാണ്.

2010 ഒക്ടോബര്‍ ആദ്യദിനങ്ങളില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ബേയിലെ ഒരു വെയര്‍ഹൗസില്‍ അരണ്ട വെളിച്ചത്തില്‍ രാത്രികളെ പകലാക്കിയ സിസ്‌ട്രോമും ക്രീഗറും തങ്ങള്‍ ചരിത്രം രചിക്കാന്‍ പോവുകയാണെന്ന് കരുതിയിരുന്നില്ല. ഇന്‍സ്റ്റഗ്രാമിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ നാലുമണിക്ക് സിസ്‌ട്രോം ട്വിറ്ററിലെഴുതി : 'അങ്ങനെ രാത്രിയിലെ ഉറക്കംപോയി'.

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ അന്നുതന്നെ ഇന്‍സ്റ്റഗ്രാം സ്ഥാനംപിടിച്ചു. പിന്നെ സംഭവിച്ചത്, സമീപകാല ടെക്ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായിരുന്നു. 24 മണിക്കൂറിനുള്ളില്‍ കാല്‍ലക്ഷം യൂസര്‍മാര്‍. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ മൂന്നുലക്ഷം. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ രംഗത്തെത്തി ആദ്യദിവസം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് 10 ലക്ഷം തവണ! ഇപ്പോള്‍ ലോകമെമ്പാടും 300 ലക്ഷം ഉപയോക്താക്കള്‍. ദിവസവും 50 ലക്ഷം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി അപ്‌ലോഡ് ചെയ്യപ്പെടുന്നു. ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച് ഫോട്ടോ പങ്കിടുന്നവര്‍ 'ഇന്‍സ്റ്റഗ്രാമര്‍മാര്‍' (Instagrammers) എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഒന്നരവര്‍ഷത്തെ കണ്ണഞ്ചിക്കുന്ന പ്രകടനത്തിനൊടുവില്‍, ഇന്‍സ്റ്റഗ്രാമിനെ സ്വന്തമാക്കാന്‍ നൂറുകോടി ഡോളറുമായി ഫെയ്‌സ്ബുക്ക് പടിക്കല്‍ വന്നുനില്‍ക്കുന്നു!

പുതിയ മാധ്യമസാധ്യതകള്‍

ഏതാണ്ട് 230 ലക്ഷം ഫെയ്‌സ്ബുക്ക് ഓഹരികള്‍, കൂടാതെ പണമായിട്ട് 30 കോടി ഡോളര്‍- ആകെ നൂറുകോടി ഡോളര്‍. ഇന്‍സ്റ്റഗ്രാമിനെ ഏറ്റെടുക്കാന്‍ ഇതാണ് ഫെയ്‌സ്ബുക്ക് മുടക്കുന്നത്. ഒപ്പം ഇന്‍സ്റ്റഗ്രാമിലെ 11 ജീവനക്കാരും ഫെയ്‌സ്ബുക്കിന്റെ ഭാഗമാകും.

ഇന്‍സ്റ്റഗ്രാമിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നത് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് അത്ര പിടിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഫെയ്‌സ്ബുക്ക് ഏറ്റെടുത്ത 'ബെലൂഗ' (Beluga), 'ഗോവാല' (Gowalla) എന്നീ കമ്പനികളുടെ ഗതിയാകുമോ ഇന്‍സ്റ്റഗ്രാമിനെന്ന് അവര്‍ ഭയപ്പെടുന്നു. ടെക്സ്റ്റ് മെസേജുകള്‍ ഗ്രൂപ്പായി അയയ്ക്കാന്‍ സഹായിക്കുന്ന സര്‍വീസായിരുന്നു ബെലൂഗ. ലൊക്കേഷന്‍ അധിഷ്ഠിത സോഷ്യല്‍നെറ്റ്‌വര്‍ക്കായിരുന്നു ഗോവാല. ഇവയെ ഏറ്റെടുത്ത് അവ വികസിപ്പിച്ച സങ്കേതങ്ങള്‍ വിവിധ ഫെയ്‌സ്ബുക്ക് ഉപകരണങ്ങളില്‍ സന്നിവേശിപ്പിച്ച ശേഷം, രണ്ട് സര്‍വീസുകളും ഫെയ്‌സ്ബുക്ക് നിര്‍ത്തുകയായിരുന്നു.


അതേസമയം, ഫെയ്‌സ്ബുക്കിന്റെ സ്വന്തം എന്നതിലേറെ, ഒരു സ്വതന്ത്ര ബ്രാന്‍ഡായി ഇന്‍സ്റ്റഗ്രാമിനെ വികസിപ്പിക്കാനാകും ശ്രമിക്കുകയെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. എന്നുവെച്ചാല്‍, ഐഫോണിനും ആന്‍ഡ്രോയിഡിനുമൊക്കെ ഇന്‍സ്റ്റഗ്രാം ഭാവിയിലും ഉപയോഗിക്കാനാകും.

ഒരുവശത്ത് ഇന്‍സ്റ്റഗ്രാം വാര്‍ത്തകളില്‍ നിറയുമ്പോള്‍, മറുവശത്ത് ഈ പുതിയ സാധ്യതയെ എങ്ങനെ ചൂഷണം ചെയ്യാനാകുമെന്ന തിരക്കിട്ട ശ്രമങ്ങളിലാണ് പരമ്പരാഗത മാധ്യമങ്ങള്‍. അമേരിക്കയിലും മറ്റും പല മാധ്യമകമ്പനികളും ഇന്‍സ്റ്റഗ്രാം തുറന്നുതരുന്ന സാധ്യതകള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. മൊബൈല്‍ ഉപകരണങ്ങളാണ് ഭാവിയെന്ന നിലയ്ക്ക് ഇന്‍സ്റ്റഗ്രാമിനെ അവഗണിക്കാന്‍ കഴിയാതായിരിക്കുന്നു എന്നര്‍ഥം.

പ്രത്യേക ഇന്‍സ്റ്റഗ്രാം സര്‍വീസുകള്‍ തുടങ്ങുക. വിശേഷാവസരങ്ങളില്‍ വെബ്ബ്‌സൈറ്റുകള്‍ പ്രത്യേകപേജുകള്‍ തയ്യാറാക്കുന്ന മാതൃകയില്‍ ഇന്‍സ്റ്റഗ്രാമിനെ ഉപയോഗിക്കുക. ഇങ്ങനെയൊക്കെയാണ് പരമ്പരാഗത മാധ്യമങ്ങള്‍ ഇന്‍സ്റ്റഗ്രാം തരംഗത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്.

(അവലംബം:  1. Behind Instagram's Success, Networking the Old Way- NewYork Times, April 13, 2012; 2. What journalists should know about Instagram, bought by Facebook-Poynter.org, April 10, 2012; 3. <http://www.quora.com> )

-കേരള പ്രസ്സ് അക്കാദമിയുടെ പ്രസിദ്ധീകരണമായ 'മീഡിയ' മെയ് 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. 

3 comments:

Joseph Antony said...

ഫോട്ടോഷെയറിങിന്റെ പുതിയ മുഖമാണ് ഇന്‍സ്റ്റഗ്രാം മുന്നോട്ടുവെയ്ക്കുന്നത്. ശരിക്കും വൈകാരികമായ ഒരു സംഗതിയായി ഫോട്ടോഗ്രാഫിയെയും ഫോട്ടോഷെയറിങിനെയും ഇന്‍സ്റ്റഗ്രാം മാറ്റിയിരിക്കുന്നു. വേണമെങ്കില്‍ ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലെന്ന് ഇന്‍സ്റ്റഗ്രാമിനെ വിശേഷിപ്പിക്കാം.

Salim PM said...

Thank u

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിവരങ്ങൾ പങ്കുവെച്ച ഈ പോസ്റ്റിനു നന്ദി.