Sunday, May 13, 2012

മാധ്യമങ്ങള്‍ അവഗണിച്ച ഒരു അവാര്‍ഡ് ദാനം


K S Manilal, Hortus Malabaricus, Netherlands


ഏഷ്യയില്‍ ഒരാള്‍ക്ക് ആദ്യമായി ആ പുരസ്‌കാരം ലഭിക്കുകയായിരുന്നു. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ 'ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്-നാസ്സൗ' (Officer in the Order of Orange - Nassau award). പുരസ്‌കാരത്തിന് അര്‍ഹനായത് ഒരു മലയാളിയാണെന്നതും, കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഏറെ ചരിത്രപ്രാധാന്യമുള്ള പ്രാചീന ലാറ്റിന്‍ ഗ്രന്ഥം സമഗ്രമായി മനസിലാക്കാന്‍ നടത്തിയ അരനൂറ്റാണ്ടുകാലത്തെ പരിശ്രമമാണ് അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയത് എന്നതും നമ്മുക്ക് അഭിമാനിക്കാന്‍ പോന്ന കാര്യങ്ങളാണ്.

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ കെ.എസ്.മണിലാല്‍ ആയിരുന്നു അവാര്‍ഡ് ജേതാവ്. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ നടത്തിയ അരനൂറ്റാണ്ടുകാലത്തെ ശ്രമങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കഴിഞ്ഞ മെയ് ഒന്നിന് കോഴിക്കോട് താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍, ഡച്ച് രാജ്ഞിയെ പ്രതിനിധാനം ചെയ്ത് മുംബൈയിലെ നെതര്‍ലന്‍ഡ്‌സ് കോണ്‍സുല്‍ ജനറല്‍ മാരിജ്‌കെ എ വാന്‍ ഡ്രുനെന്‍ ലിറ്റെല്‍ മണിലാലിന് പുരസ്‌കാരം സമ്മാനിച്ചു.

മൂന്നു നൂറ്റാണ്ടുമുമ്പ് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന്‍ വാന്‍ റീഡ് ആണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഐതിഹാസിക സസ്യശാസ്ത്രഗ്രന്ഥം തയ്യാറാക്കിയത്. 1678-1693 കാലത്ത് നെതര്‍ലന്‍ഡ്‌സില്‍ നിന്ന് പ്രസിദ്ധീകരിച്ച 12 വാല്യമുള്ള ആ ഗ്രന്ഥത്തിലാണ് മലയാളം ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത്. ഉഷ്ണമേഖലാപ്രദേശത്തെ സസ്യസമ്പത്തിനെക്കുറിച്ച് പാശ്ചാത്യലോകത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ ആധികാരിക ഗ്രന്ഥമായിരുന്നു ഹോര്‍ത്തൂസ്.

ലാറ്റിനിലെഴുതപ്പെട്ട ആ ഗ്രന്ഥം സമഗ്രമായി മനസിലാക്കാനും മറ്റ് ഭാഷകളിലേക്ക് എത്തിക്കാനും കഴിഞ്ഞ മുന്നൂറ് വര്‍ഷത്തിനിടെ ഒട്ടേറെ ശ്രമങ്ങള്‍ നടന്നു. അവയെല്ലാം പരാജയപ്പെട്ടു. ഒടുവില്‍, ആ ഗ്രന്ഥത്തെ മനസിലാക്കാനും അതില്‍ പരാമര്‍ശിക്കപ്പെട്ട നൂറുകണക്കിന് സസ്യങ്ങള്‍ വീണ്ടും ശേഖരിച്ച് ശാസ്ത്രീയ വിശകലനം നടത്താനും, ഹോര്‍ത്തൂസിലുള്ള കാര്യങ്ങള്‍ ലാറ്റിനില്‍നിന്ന് പരിഭാഷപ്പെടുത്താനും കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ തന്റെ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഹോര്‍ത്തൂസിനായി ആയുസ്സും ആരോഗ്യവും ബുദ്ധിയും ധനവുമെല്ലാം സമര്‍പ്പിച്ച് ഒരു തപസ്യപോലെ അദ്ദേഹം നടത്തിയ ശ്രമമായാണ്, ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പും (2003), മലയാളം പതിപ്പും (2008) കേരളസര്‍വകലാശാല പ്രസിദ്ധീകരിച്ചത്. അതാണിപ്പോള്‍ നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരം നേടുന്നതിലേക്ക് മണിലാലിനെ എത്തിച്ചത്.

സ്വാഭാവികമായും ഇത് ഏറെ മാധ്യമശ്രദ്ധ നേടേണ്ട ഒരു പുരസ്‌കാരമായിരുന്നു. പേപ്പര്‍സംഘടനകള്‍ നല്‍കുന്ന നിസ്സാര പുരസ്‌കാരങ്ങള്‍ പോലും മാധ്യമങ്ങള്‍ അവഗണിക്കാറില്ലല്ലോ. മണിലാലിന് ലഭിച്ച പുരസ്‌കാരത്തിന്റെ കാര്യം പക്ഷേ, വ്യത്യസ്തമായിരുന്നു. മിക്ക പത്രങ്ങളും ചാനലുകളും അത് അവഗണിച്ചു. മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ പത്താംപേജില്‍ രണ്ടുകോളം വാര്‍ത്തയായി അത്. ടൈംസ് ഓഫ് ഇന്ത്യയും അത് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് മിക്ക പത്രങ്ങളിലും ആ വാര്‍ത്ത വന്നില്ല. പുരസ്‌കാരം നല്‍കുന്ന ദിവസം താജ് ഹോട്ടലിന്റെ ഗേറ്റില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തമ്പടിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന കാലിക്കറ്റ് വൈസ് ചാന്‍സലര്‍ എ.അബ്ദുള്‍ സലാമിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുമെന്ന വിവരം കിട്ടിയാണ് അവര്‍ വന്നത്. വൈസ് ചാന്‍സലര്‍ വരവ് ഒഴിവാക്കി. ചാനലുകള്‍ക്ക് അതായിരുന്നു പ്രധാനം, അവര്‍ പോയി. അവിടെ നടക്കുന്ന പുരസ്‌കാരദാനം റിപ്പോര്‍ട്ട് ചെയ്യണമെന്ന് അവര്‍ക്ക് തോന്നിയില്ല!

കേരളത്തിന്റെ മഹത്തായ ഒരു പൈതൃകം വീണ്ടെടുക്കുന്ന പ്രവര്‍ത്തനമായിരുന്നു മണിലാലിന്റേത്. ഏത് കേരളീയനും അഭിമാനിക്കാന്‍ പോന്ന പ്രവര്‍ത്തനം. മൂന്നു നൂറ്റാണ്ടായി ഒരു പണ്ഡിതനും വിജയിക്കാനാകാതെ വന്ന അക്കാദമിക് വെല്ലുവിളി സ്വയം ഏറ്റൈടുത്ത് വിജയിപ്പിക്കുകയാണ് മണിലാല്‍ ചെയ്തത്. പക്ഷേ, കേരളം ആ പരിശ്രമത്തെ കണ്ടതായി പോലും നടിച്ചില്ല. സര്‍ക്കാരോ അല്ലെങ്കില്‍ സാഹിത്യ അക്കാദമി, ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പ് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളോ, അതല്ലെങ്കില്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളോ ഇങ്ങനെയൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്നകാര്യം പോലും ഇതുവരെ ഓര്‍ക്കാന്‍ തയ്യാറായിട്ടില്ല.

കേരളത്തിന്റെ ചരിത്രപൈതൃകം വീണ്ടെടുക്കാന്‍ ആയുസ്സ് പാഴാക്കിയ മനുഷ്യനെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ അവഗണിക്കാന്‍ നമുക്ക് കഴിയുന്നു. എന്നിട്ട്, മഹത്തായ ഒരു ജനതയാണ് നമ്മള്‍ എന്ന് ഊറ്റംകൊള്ളുന്നു. അതേസമയം, തങ്ങളുടെ ചരിത്രപൈതൃകത്തിന്റെ ഭാഗമായ ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇന്നും നെതര്‍ലന്‍ഡ്‌സിന് വിലയുള്ളതാണ്. അതിന് തെളിവാണ് മണിലാലിന് ലഭിച്ച പുരസ്‌കാരം.


കള്ളനാണയങ്ങള്‍ യഥേഷ്ടം  വിലസുന്ന കേരളത്തിന്റെ പൊതുജിവിതത്തില്‍ മണിലാലിനെപ്പോലുള്ള യഥാര്‍ഥ പണ്ഡിതര്‍ക്ക് ഒരുപക്ഷേ സ്ഥാനമുണ്ടാകില്ലായിരിക്കാം. 'മലയാള മാധ്യമലോകത്തിന് മലയാളിയോട് കൂറില്ലാതിയിരിക്കുന്നു' എന്ന സക്കറിയയുടെ നിരീക്ഷണം (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മെയ് 13, 2012) എത്ര സത്യമാണെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു. സക്കറിയ നീരീക്ഷിക്കുന്നു- 'മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം മലയാളി, അതിന്റെ ആദായതാത്പര്യങ്ങളുടെയും രാഷ്ട്രീയതാത്പര്യങ്ങളുടെയും ജാതിമതതാത്പര്യങ്ങളുടെയും ഒരു ഉപകരണം മാത്രമാണ്'-എത്ര വാസ്തവം!

(ചിത്രങ്ങള്‍ കടപ്പാട് : ഡോ.എം.സാബു, പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബോട്ടണി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).കാണുക-

മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്
Times of India യില്‍ വന്ന റിപ്പോര്‍ട്ട്‌
 ഹരിതഭൂപടം

10 comments:

Joseph Antony said...

കള്ളനാണയങ്ങള്‍ യഥേഷ്ടം വിലസുന്ന കേരളത്തിന്റെ പൊതുജിവിതത്തില്‍ മണിലാലിനെപ്പോലുള്ള യഥാര്‍ഥ പണ്ഡിതര്‍ക്ക് ഒരുപക്ഷേ സ്ഥാനമുണ്ടാകില്ലായിരിക്കാം. 'മലയാള മാധ്യമലോകത്തിന് മലയാളിയോട് കൂറില്ലാതിയിരിക്കുന്നു' എന്ന സക്കറിയയുടെ നിരീക്ഷണംഎത്ര സത്യമാണെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു.

keralafarmer said...

കഷ്ടം. മണിലാലിന് ഒരു ആശംസാ കമെന്റുപോലും രേഖപ്പെടുത്താന്‍ സന്മനസ്സ് കാണിക്കാത്ത മലയാളികള്‍.
ഒരു കര്‍ഷകന്റെ ആശംസകള്‍ ശ്രീ മണിലാലിന് സമര്‍പ്പിക്കുന്നു.

jaikishan said...

കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തതും ഒരു പ്രശ്നമാണ് മലയാളിക്ക് .മരിച്ചു പോയ ശ്രീ ജോണ്‍ ഒച്ചന്തുരുത്ത് എഴുതിയ കത്തും അതിനുള്ള മണിലാല്‍ സാറിന്റെ മറുപടിയും മാതൃഭൂമിയില്‍ കണ്ടിരുന്നു

kARNOr(കാര്‍ന്നോര്) said...

ആശംസകള്‍ ശ്രീ മണിലാലിന് സമര്‍പ്പിക്കുന്നു

ഒരു യാത്രികന്‍ said...

ആദ്യമായാണ് ഇദ്ദേഹത്തെപ്പറ്റി അറിയുന്നത്. ഇങ്ങനെ എത്ര പ്രതിഭകള്‍ ശ്രദ്ദയില്‍ പെടാതെ പോവുന്നു. ശ്രീ മണിലാലിന് ആശംസകള്‍ ......സസ്നേഹം

The Editors Catalogue said...

കേരളത്തിന്റെ ചരിത്രപൈതൃകം വീണ്ടെടുക്കാന്‍ ആയുസ്സ് പാഴാക്കിയ മനുഷ്യനെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ അവഗണിക്കാന്‍ നമുക്ക് കഴിയുന്നു.
വാക്കുകളില്ല...
ആശംസകള്‍ ..!!

mridula said...

ശ്രീ മണിലാലിന് ഹൃദയം നിറഞ്ഞ ആശംസകള്‍!

Ambily Koottungal said...
This comment has been removed by the author.
Ambily Koottungal said...

congrats to manilal and thanks to those who published this news..

mini//മിനി said...

വാർത്തയുടെ പ്രാധാന്യം ഇപ്പോഴാണ് മനസ്സിലാവുന്നത്,,, ആശംസകൾ