
ജുറാസിക് പാര്‍ക്ക് ഓര്‍ക്കുക, അന്യംനിന്നുപോയ ദിനോസറുകളെ പുനര്‍സൃഷ്ടിച്ചു വളര്‍ത്തുന്ന അത്ഭുതലോകം. ആ നിലയിലൊരു സംരംഭം റഷ്യയിലെയും ജപ്പാനിലെയും ഗവേഷകര്‍ തുടങ്ങിയിരിക്കുന്നു. മണ്മറഞ്ഞുപോയ വൂളി മാമത്തിനെ ക്ലോണിങിലൂടെ സൃഷ്ടിക്കാനാണ് അവരുടെ പദ്ധതി.
കഴിഞ്ഞ ആഗസ്തില്‍ കണ്ടെത്തിയ വൂളി മാമത്തിന്റെ തുടയെല്ലില്‍, ക്ലോണിങിന് സാധ്യതയുള്ള മജ്ജാകോശങ്ങള്‍ അതില്‍ കേടുകൂടാതെയുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിന് ഗവേഷകരെ പ്രേരിപ്പിച്ചത് -ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത അഞ്ചുവര്‍ഷത്തിനകം ക്ലോണിങ് പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.
മാമത്തിന്റെ മജ്ജാകോശങ്ങളുടെ മര്‍മം ആഫ്രിക്കന്‍ ആനയുടെ അണ്ഡകോശത്തില്‍ സന്നിവേശിപ്പിച്ച് ക്ലോണ്‍ ഉണ്ടാക്കാമെന്നാണ് സൈബീരിയന്‍ മാമത്ത് മ്യൂസിയത്തിലെയും ജപ്പാനില്‍ കിന്‍കി സര്‍വകലാശാലയിലെയും ഗവേഷകരുടെ കണക്കുകൂട്ടല്‍.
ഇത്തരമൊരു നീക്കം വിജയിക്കുമോ എന്ന് സംശയിക്കുന്നവര്‍ കുറവല്ല. മുമ്പ് നടന്നിട്ടുള്ള സമാന ഗവേഷണങ്ങള്‍ സമ്മിശ്രഫലമാണ് നല്‍കിയിട്ടിള്ളുത്. പൈറിനീയന്‍ ഇബെക്സ് എന്നു പേരുള്ള യൂറോപ്യന്‍ കാട്ടാടിനെ ക്ലോണിങിലൂടെ പുനര്‍സൃഷ്ടിക്കാന്‍ 2009 ല്‍ ശ്രമം നടക്കുകയുണ്ടായി. ആ മൃഗം അന്യംനിന്ന് പത്തുവര്‍ഷത്തിന് ശേഷമായിരുന്നു അത്. ക്ലോണ്‍ പിറന്ന് മിനിറ്റുകള്‍ക്കകം ശ്വാസത്തടസ്സം മൂലം അത് ചത്തു.
ജൈവസാങ്കേതികവിദ്യയിലൂടെ ഒരു ജീവിയുടെ ജനിതക പകര്‍പ്പുകള്‍ സൃഷ്ടിക്കാനുള്ള വിദ്യയാണ് ക്ലോണിങ്. ലൈംഗീക പ്രത്യുത്പാദനമല്ല അത്. കോണിങിലൂടെ സൃഷ്ടിക്കപ്പെടുന്ന ജീവിയെ അതിന്റെ പിതൃജീവിയുടെ ക്ലോണ്‍ എന്ന് വിളിക്കുന്നു. സ്കോട്ട്ലന്‍ഡിലെ റോസ്ലിന് ഇന്‍സ്റ്റിട്ട്യൂട്ടാണ് ലോകത്താദ്യമായി ഒരു സസ്തനിയെ ക്ലോണ്‍ ചെയ്തത്. ക്ലോണിങിലൂടെ ആദ്യ സസ്തനിയായ ഡോളി എന്ന ചെമ്മരിയാട് 1996 ല്‍ പിറന്നു.
മാമത്തിനെ ക്ലോണിങിലൂടെ പുനര്‍സൃഷ്ടിക്കാനുള്ള നീക്കത്തിന് വിജയസാധ്യത കുറവാണെന്ന് റോസ്ലിന് ഇന്‍സ്റ്റിട്ട്യൂട്ട് പറയുന്നു. ക്ലോണിനെ ഗര്‍ഭംധരിക്കാന്‍ ഒരു വാടകമാതാവ് ആവശ്യമാണ്. ആനയാണ് ഇവിടെ വാടകമാതാവ്. 1-5 ശതമാനമായിരിക്കും ഇക്കാര്യത്തില്‍ വിജയസാധ്യതയെന്ന് ഇന്‍സ്റ്റിട്ട്യൂട്ട് അഭിപ്രായപ്പെടുന്നു.
അതേസമയം, ഓക്സഫഡ് സര്‍വകലാശാലയിലെ ഗവേഷകനായ ചാള്‍സ് ഫോസ്റ്ററിന് ഈ സംരംഭത്തില്‍ വിശ്വാസമുണ്ട്. പൂര്‍ണമായും പരിഹാസ്യമായ ഒന്നല്ല മാമത്തിനെ ക്ലോണ്‍ ചെയ്യുകയെന്നത്-അദ്ദേഹം പറഞ്ഞു.
ക്ലോണിങിനായി മാമത്തിന്റെ കോശമര്‍മവും ആനയുടെ അണ്ഡവും സംയോജിപ്പിക്കുമ്പോള്‍, അതില്‍ നിന്നുണ്ടാകുന്ന ഭ്രൂണത്തിലെ ജനിതകദ്രവ്യത്തില്‍ ഏറിയപങ്കും മാമത്തിന്റേത് തന്നെയായിരിക്കുമെങ്കിലും, ആനയുടെ അണ്ഡത്തില് നിന്നുള്ള ജനിതകകോഡും അതില്‍ സന്നിവേശിപ്പിക്കപ്പെടും-ഫോസ്റ്റര്‍ പറയുന്നു. അതിനാല്‍, ക്ലോണ്‍ പിറന്നാല്‍ തന്നെ അത് മാമത്തിന്റെയും ആനയുടെയും സ്വഭാവങ്ങള്‍ പേറുന്ന ഒരു സങ്കരവര്‍ഗമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. (കടപ്പാട് : ബിബിസി ന്യൂസ്)
3 comments:
മണ്മറഞ്ഞുപോയ വൂളി മാമത്തിനെ ക്ലോണിങിലൂടെ സൃഷ്ടിക്കാന്‍ ശ്രമം. മാമത്തിന്റെ മജ്ജാകോശങ്ങളുടെ മര്‍മം ആഫ്രിക്കന്‍ ആനയുടെ അണ്ഡകോശത്തില്‍ സന്നിവേശിപ്പിച്ച് ക്ലോണ്‍ ഉണ്ടാക്കാമെന്നാണ് സൈബീരിയന്‍ മാമത്ത് മ്യൂസിയത്തിലെയും ജപ്പാനില്‍ കിന്‍കി സര്‍വകലാശാലയിലെയും ഗവേഷകരുടെ കണക്കുകൂട്ടല്‍.
വരട്ടെ, കാത്തിരിക്കാം.
http://www.huffingtonpost.com/2012/02/21/ice-age-flower-silene-stenophylla_n_1290339.html
Post a Comment