Saturday, August 13, 2011

വൈറസുകള്‍ക്കെതിരെ 'സൂപ്പര്‍മരുന്നി'ന് സാധ്യത

ബാക്ടീരിയയ്‌ക്കെതിരെ ആന്റിബയോട്ടിക്ക് പോലെ, എല്ലാ വൈറസ് രോഗങ്ങള്‍ക്കെതിരെയും പ്രയോഗിക്കാവുന്ന 'സൂപ്പര്‍മരുന്നി'ന് വഴി തെളിയുന്നു. അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ ഗവേഷകരാണ് ഈ ദിശയിലുള്ള മുന്നേറ്റം നടത്തിയത്.

വൈറസുകള്‍ക്കിരയായ കോശങ്ങളെ 'ആത്മഹത്യ' ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ ഔഷധത്തിന്റെ പ്രവര്‍ത്തന രീതി. അതുവഴി വൈറസുകള്‍ക്ക് ശരീരത്തില്‍ പെരുകാനാകാത്ത സ്ഥിതി സംജാതമാകും.

പുതിയ മരുന്ന് മനുഷ്യരുടെയും മൃഗങ്ങളുടെയും കോശങ്ങളില്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സാധാരണ ജലദോഷം, എച്ച്1എന്‍1 പനി, ഡങ്കിപ്പനി, പോളിയോ, മസ്തിഷ്‌ക്കജ്വരങ്ങള്‍ തുടങ്ങി പതിനഞ്ചോളം രോഗങ്ങള്‍ക്ക് കാരണമായ വൈറസുകളെ ചെറുത്തു നില്‍ക്കാന്‍ പുതിയ ഔഷധത്തിന് സാധിച്ചതായി, 'പ്ലോസ് വണ്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

'സൈദ്ധാന്തികമായി ഏത് വൈറസിനെതിരെയും ഇത് പ്രവര്‍ത്തിക്കണം'-പുതിയ സങ്കേതത്തിന്റെ ഉപജ്ഞേതാവ് ടോഡ് റൈഡറെ 'ടൈം' മാഗസിന്‍ ഉദ്ധരിക്കുന്നത് ഇങ്ങനെ. എംഐടിയില്‍ ലിങ്കണ്‍ ലബോറട്ടറിയിലെ കെമിക്കല്‍, ബയോളജിക്കല്‍, നാനോസ്‌കേയ്ല്‍ ടെക്‌നോളജീസ് ഗ്രൂപ്പിലാണ് റൈഡര്‍ പ്രവര്‍ത്തിക്കുന്നത്.

'പെനിസിലിന്‍' എന്ന ജീനസില്‍ പെട്ട ഒരിനം ഫംഗസിന് ബാക്ടീരിയയെ നശിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് 1928 ല്‍ അലെക്‌സാണ്ടര്‍ ഫ്‌ളെമിങ് നടത്തിയ നിരീക്ഷണമാണ്, വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ച ആന്റിബയോട്ടിക്കുകളുടെ ആവിര്‍ഭാവത്തിന് വഴിതെളിച്ചത്.

അത്രകാലവും, പരമ്പരാഗത ചികിത്സകളുടെ ദാക്ഷിണ്യത്തെ ആശ്രയിച്ച് മാത്രമായിരുന്നു ബാക്ടീരിയ ബാധയ്ക്കുള്ള ചികിത്സ. ഭാഗ്യമുണ്ടെങ്കില്‍ മാത്രം രോഗി രക്ഷപ്പെടുന്ന അവസ്ഥ. വേണമെങ്കില്‍ ചെറിയൊരു അണുബാധ കൊണ്ടുപോലും മരിക്കാം. ആ ദുസ്ഥിതിക്ക് മാറിയത് ബാക്ടീരിയ രോഗങ്ങള്‍ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ രംഗത്തെത്തിയതോടെയാണ്.

ബാക്ടീരിയകള്‍ക്കെതിരെ ഇത്തരമൊരു ചെറുത്തുനില്‍പ്പ് വൈദ്യശാസ്ത്രത്തിന് സാധ്യമായെങ്കിലും, വൈറസ് രോഗങ്ങളുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റം ശാസ്ത്രലോകത്തിന് ഇതുവരെയും സാധിച്ചിരുന്നില്ല. അതിന് മുഖ്യകാരണം വൈറസുകള്‍ മനുഷ്യശരീരത്തില്‍ ബാധിക്കുന്ന രീതിയാണ്.

വൈറസുകള്‍ ശരീരത്തില്‍ പെരുകുന്നത് ആരോഗ്യമുള്ള കോശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത്, അവയിലേക്ക് വൈറസുകളുടെ ജനിതദ്രവ്യം സന്നിവേശിപ്പ് വിഭജനം നടത്തിയാണ്. എന്നുവെച്ചാല്‍, രോഗബാധിത കോശങ്ങളെ വൈറസുകളാക്കി അവ മാറ്റുന്നു.

ആ പ്രക്രിയയില്‍ വൈറസുകളുടെ കൈമുദ്ര എന്ന രീതിയില്‍ ദൈര്‍ഘ്യമേറിയ ഇരട്ടപിരിയുള്ള ആര്‍എന്‍എ തന്തുക്കള്‍ ഉത്പാദിപ്പിക്കപ്പെടുന്നു- dsRNA എന്നാണതിന്റെ പേര്.

വൈറസ് ബാധ ചെറുക്കാന്‍ മനുഷ്യകോശങ്ങള്‍ ചില പ്രോട്ടീനുകളുടെ സഹായം തേടുകയാണ് ചെയ്യുക. പ്രോട്ടിനുകളെ dsRNA തന്തുക്കളുമായി കൂട്ടിയിണക്കുകയും, കൂടുതല്‍ കോശങ്ങളിലേക്ക് വൈറസ് കോപ്പി ചെയ്യപ്പെടുന്നത് തടയുകയും ചെയ്യുന്നു.

ശരീരത്തിന്റെ ഈ സ്വാഭാവിക പ്രതിരോധസംവിധാനം തന്നെ പുതിയ ഔഷധത്തിനായി ഉപയോഗിക്കുകയാണ് റൈഡറും കൂട്ടരും ചെയ്തത്. വൈറസുകളുടെ കൈമുദ്രയായ dsRNA തന്തുക്കളില്‍, കോശങ്ങളെ 'ആത്മഹത്യ' ചെയ്യാന്‍ (apoptosis എന്ന പ്രക്രിയയ്ക്ക്) പ്രേരിപ്പിക്കുന്ന പ്രോട്ടീന്‍ സന്നിവേശിപ്പിക്കുക എന്നതായിരുന്നു ആശയം.

അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഔഷധത്തിന് 'ഡ്രാക്കോ' (DRACO - double-stranded RNA activated caspase oligomerizers) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. dsRNA തന്തുവിന്റെ ഒരറ്റത്ത് ഡ്രാക്കോ കൂടിച്ചേരുമ്പോള്‍, തന്തുവിന്റെ മറ്റേയഗ്രം കോശത്തിന്റെ 'ആത്മഹത്യ'യ്ക്കുള്ള സിഗ്നല്‍ നല്‍കുന്നു. രോഗബാധിത കോശത്തിന് വിഭജിക്കാനും അതുവഴി വൈറസിന് പെരുകാനും സമയം കിട്ടുംമുമ്പ് കോശം സ്വയം നശിക്കുന്നു.

നമ്മള്‍ എന്തുചെയ്താലും അതിനെതിരെ പ്രതിരോധമുണ്ടാക്കുന്നതില്‍ വൈറസുകള്‍ മിടുക്ക് കാട്ടാറുണ്ട്. എന്നാല്‍, പുതിയ സങ്കേതത്തില്‍ ഔഷധത്തോട് പ്രതിരോധശേഷിയാര്‍ജിക്കുക ബുദ്ധിമുട്ടാണെന്ന്, സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ മൈക്രോബയോളജി പ്രൊഫസര്‍ കാര്‍ല കിര്‍ക്കെഗാര്‍ഡ് അഭിപ്രായപ്പെടുന്നു.

ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണത്തില്‍ എച്ച്1എന്‍1 വൈറസ് ബാധിച്ച എലിയെ പൂര്‍ണമായി സുഖപ്പെടുത്താന്‍ ഡ്രാക്കോ മരുന്നുപയോഗിച്ചപ്പോള്‍ കഴിഞ്ഞു. സാര്‍സ് (SARS) പോല, പുതിയതായി പ്രത്യക്ഷപ്പെടുന്ന വൈറസുകള്‍ക്കെതിരെയും ഈ ഔഷധം ഫലപ്രദമാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

പുതിയ മരുന്ന് കൂടുതല്‍ വൈറസുകള്‍ക്കെതിരെ പരീക്ഷിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. മൃഗങ്ങളില്‍ പരീക്ഷിക്കാനുള്ള അനുവാദം ലഭിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ഏതായാലും, ഇത് ഫലിച്ചാല്‍....വൈറസ് രോഗങ്ങള്‍ക്കെതിരെയുള്ള മനുഷ്യരുടെ യുദ്ധം വിജയത്തിന്റെ മധുരം നുണഞ്ഞു തുടങ്ങും, സംശയമില്ല.1 comment:

Joseph Antony said...

പുതിയ മരുന്ന് കൂടുതല്‍ വൈറസുകള്‍ക്കെതിരെ പരീക്ഷിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. മൃഗങ്ങളില്‍ പരീക്ഷിക്കാനുള്ള അനുവാദം ലഭിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ഏതായാലും, ഇത് ഫലിച്ചാല്‍....വൈറസ് രോഗങ്ങള്‍ക്കെതിരെയുള്ള മനുഷ്യരുടെ യുദ്ധം വിജയത്തിന്റെ മധുരം നുണഞ്ഞു തുടങ്ങും, സംശയമില്ല.