Saturday, March 05, 2011

പ്രളയവും വരള്‍ച്ചയും അതിജീവിക്കുന്ന സൂപ്പര്‍നെല്ലിന് സാധ്യത

പ്രളയത്തെ അതിജീവിക്കാന്‍ തുണയാകുന്ന ഒരു പ്രത്യേക ജീന്‍, നെല്‍ച്ചെടികളെ വരള്‍ച്ചയില്‍ നിന്ന് കാക്കാനും സഹായിക്കുമെന്ന് കണ്ടെത്തല്‍. ചതുപ്പ് നിലങ്ങളില്‍ മാത്രമല്ല, വളണ്ട മണ്ണിലും വിളവ് നല്‍കുന്ന സൂപ്പര്‍നെല്ല് വികസിപ്പിക്കാന്‍ വഴിതുറന്നേക്കാവുന്ന കണ്ടെത്തലാണിത്. ലോകം ഭക്ഷ്യപ്രതിസന്ധി നേരിടുന്ന വേളയില്‍ പ്രതീക്ഷയേകുന്ന കണ്ടെത്തലായി ഇത് വിലയിരുത്തപ്പെടുന്നു.

SUB1A എന്ന ജീനിനാണ് അത്ഭുതം പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടത്. പ്രളയജലത്തെ അതിജീവിക്കാന്‍ നെല്‍ച്ചെടികളെ സഹായിക്കുന്നതാണ് ഈ ജീനെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേ ജീനിന് വരണ്ട കാലാവസ്ഥയ്‌ക്കെതിരെയും പ്രതിരോധശേഷി നല്‍കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടത്. വരണ്ട കാലാവസ്ഥയില്‍ കഴിഞ്ഞ നെല്‍ച്ചെടികളില്‍ പുതുനാമ്പ് മുളയ്ക്കാന്‍ ഈ ജീന്‍ സഹായിക്കുന്നു.

ഭൂമിയില്‍ ഏതാണ്ട് 300 കോടി ആളുകള്‍ വിശപ്പടക്കാന്‍ ആശ്രയിക്കുന്ന ധാന്യമാണ് നെല്ല്. ലോകത്ത് 25 ശതമാനം നെല്ലും വിളയുന്നത് പ്രതികൂല കാലവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ പുതിയ കണ്ടെത്തലിന് വലിയ പ്രധാന്യമുണ്ട്. 'ദി പ്ലാന്റ് സെല്‍' ജേര്‍ണലിലാണ് പുതിയ കണ്ടെത്തലിന്റെ വിവരമുള്ളത്.

വെള്ളക്കെട്ടിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നതു കൊണ്ട്, വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ജീനുള്ള ചെടികള്‍ക്ക് കുറയുന്നില്ല. മാത്രമല്ല, വരണ്ട കാലാവസ്ഥയെ ഈ ചെടികള്‍ ഗുണകരമാക്കുന്നതുപോലെയാണ് കാണുന്നത്-പഠനപ്രബന്ധത്തിന്റെ മുഖ്യരചയിതാവ് ജൂലിയ ബെയ്‌ലി -സിരെസ് പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡില്‍ ബോട്ടണി ആന്‍ഡ് പ്ലാന്റ് സയന്‍സസിലെ ഗവേഷകയാണ് ജൂലിയ.

വെള്ളത്തിലാണ് വളരുന്നതെങ്കിലും, പ്രളയം നെല്ലിന് ഗുണകരമല്ല. പ്രളയത്തെ പ്രതിരോധിക്കാന്‍ SUB1A ജീന്‍ നെല്‍ച്ചെടികളെ സഹായിക്കുന്ന വിവരം കണ്ടെത്തയത് 2006 ലാണ്. നെല്ലിന്റെ പൂര്‍ണജനിതകസാരം (ജിനോം) കണ്ടെത്തി ഒരുവര്‍ഷം തികയും മുമ്പായിരുന്നു അത്.

ആ പഠനത്തെ മുന്നോട്ടു നയിക്കാനാണ് പ്രൊഫ. ജൂലിയയും സംഘവും ശ്രമിച്ചത്. ഒരു ചെടിയെ സംബന്ധിച്ച് വെള്ളക്കെട്ട് എന്നതും വരളച്ചയെന്നതും പാരിസ്ഥിതികമായ രണ്ട് തീവ്ര വിഷമസന്ധികളാണ്. അവയെ രണ്ടിനെയും അതിജീവിക്കാനും വീണ്ടും മുളപൊട്ടാനും SUB1A ജീനടങ്ങിയ നെല്‍ച്ചെടിക്ക് സാധിക്കുമെന്നാണ് ഇപ്പോള്‍ തെളിഞ്ഞത്.

വെള്ളക്കെട്ടിനെ അതിജീവിക്കാന്‍ ഈ ജീനിനുള്ള ശേഷിയെ ഇതിനകം തന്നെ കാര്‍ഷികശാസ്ത്രജ്ഞര്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന വിളവു നല്‍കുന്ന ചില സങ്കരയിനങ്ങളിലേക്ക് ജീന്‍ സന്നിവേശിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പുതിയ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ അന്താരാഷ്ട്ര നെല്ല് ഗവേഷണ സ്ഥാപന (IRRI)ത്തിലെ ശാസ്ത്രജ്ഞരും പങ്കുചേരും. (അവലംബം: The Plant Cell).

6 comments:

Joseph Antony said...

പ്രളയത്തെ അതിജീവിക്കാന്‍ തുണയാകുന്ന ഒരു പ്രത്യേക ജീന്‍, നെല്‍ച്ചെടികളെ വരള്‍ച്ചയില്‍ നിന്ന് കാക്കാനും സഹായിക്കുമെന്ന് കണ്ടെത്തല്‍. ചതുപ്പ് നിലങ്ങളില്‍ മാത്രമല്ല, വളണ്ട മണ്ണിലും വിളവ് നല്‍കുന്ന സൂപ്പര്‍നെല്ല് വികസിപ്പിക്കാന്‍ വഴിതുറന്നേക്കാവുന്ന കണ്ടെത്തലാണിത്. ലോകം ഭക്ഷ്യപ്രതിസന്ധി നേരിടുന്ന വേളയില്‍ പ്രതീക്ഷയേകുന്ന കണ്ടെത്തലായി ഇത് വിലയിരുത്തപ്പെടുന്നു.

Viswaprabha said...

WCGയുടെ സഹകരണത്തോടെ Nutritious rice for the world എന്ന ഒരു പ്രൊജക്റ്റും പുരോഗതിയിലുണ്ടു്. ഇതിന്റെ മുഖ്യകമ്പ്യൂട്ടിങ്ങ് ഘട്ടം കഴിഞ്ഞ (2010)ഏപ്രിൽ-മേയിൽ അവസാനിച്ചു. ദശലക്ഷക്കണക്കിനു് കമ്പ്യൂട്ടറുകളിൽനിന്നും ഉരുത്തിരിഞ്ഞ ഡാറ്റാബേസ് വിവരങ്ങൾ ഇപ്പോൾ അനാലിസിസ് ഘട്ടത്തിലാണു്. അതു പൂർത്തിയാവുന്നതോടെ ഏറ്റവും പോഷകാഹാരസമൃദ്ധിയുള്ള നെൽ‌വിത്തു മോഡലുകൾ ഉരുത്തിരിച്ചെടുക്കാം. ആസന്നമായ ഭീകരമായ ഭക്ഷ്യ-പോഷണക്ഷാമത്തിനു പ്രതിവിധിയായി ലോകം ഉറ്റുനോക്കുന്ന ഒരു മുഖ്യപരീക്ഷണമാണിതു്.
ഇത്തരം മോഡലുകളിൽ SUB1A കൂടി സംക്രമിപ്പിച്ചാൽ താമസിയാതെത്തന്നെ വിജയകരമായ മറ്റൊരു ഹരിതവിപ്ലവം കൂടി സംഭവിക്കാം എന്നാണു് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നതു്.

Joseph Antony said...

വിശ്വം മാഷ്,
തീര്‍ച്ചയായും. രണ്ടാം ഹരിതവിപ്ലവം സംഭവിക്കുക ഇത്തരത്തില്‍ തന്നെയായിരിക്കും, ഉറപ്പ്.

ടോട്ടോചാന്‍ said...

SUB1A അതൊരു ശുഭം തന്നെ ആവട്ടെ.....

SHANAVAS said...

Very informative post.look for a brighter tomorrow.
regards.

നരിക്കുന്നൻ said...

ഈ നല്ല വിവരങ്ങൾക്ക്‌ നന്ദി. ഒരുപാട്‌ വായിക്കാനിരിക്കുന്നു..