വെറുമൊരു @ ചിഹ്നം വിരല്‍കൊണ്ട് വായുവില്‍ വരയ്‌ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇ-മെയില്‍ പരിശോധിക്കാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. വിരല്‍കൊണ്ട് കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്‌ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച് തെളിയുന്നത് എത്ര അത്ഭുതകരമായിരിക്കും...സിക്‌സ്‌ത്‌സെന്‍സ് എന്ന പുതിയ സംവിധാനം ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിരുകള്‍ മായ്‌ക്കുകയാണ്.
ലാപ്‌ടോപ്പുകള്‍, സ്‌മാര്‍ട്ട്‌ഫോണുകള്‍-ഭൗതികലോകത്തുനിന്ന് ഡിജിറ്റല്‍ ഭൂമികയിലേക്ക് പ്രവേശിക്കാന്‍ നമ്മളെ സഹായിക്കുന്ന വാതായനങ്ങള്‍. ഭൗതികലോകത്തിന്റെ അതിരില്‍നിന്ന് ഡിജിറ്റല്‍ലോകത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് ഇത്തരം ഉപകരണങ്ങള്‍ വഴി ഒരാള്‍ക്ക് കടന്നുചെല്ലാം. ഇവിടുള്ള ഒരു പ്രശ്‌നം, ഭൗതികലോകവും ഡിജിറ്റല്‍ലോകവും അതാതിന്റെ അതിര്‍ത്തിക്കുള്ളില്‍ വെവ്വേറെയായി നിലനില്‍ക്കുന്നു എന്നതാണ്. ഒരുകണക്കിന് ഇതൊരു പരിമിതിയാണ്. ഈ പരിമിതി മറികടക്കണമെങ്കില്‍, ഭൗതികലോകത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഡിജിറ്റല്‍ലോകത്തെ കുടിയിരുത്തിയാല്‍ മതി. നമ്മുക്ക് ചുറ്റുമുള്ള ലോകത്തെ കമ്പ്യൂട്ടറായി പരിവര്‍ത്തനം ചെയ്യണം. അത് സാധിച്ചാല്‍ ഭൗതിലോകവും ഡിജിറ്റല്‍ലോകവും തമ്മില്‍ അന്തരമേ ഉണ്ടാവില്ല.
അസാധ്യമെന്നോ അസംഭാവ്യമെന്നോ തോന്നാം ഇക്കാര്യം. അസാധ്യമെന്ന് കരുതുന്നത് യാഥാര്‍ഥ്യമാക്കാനുള്ളതാണ് സാങ്കേതികവിദ്യ. ഇവിടെയും സാങ്കേതികവിദ്യ തുണയ്‌ക്കെത്തുകയാണ്. മസാച്യൂസെറ്റ്‌സ് ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ക്ക് കീഴിലുള്ള മീഡിയ ലാബിലെ 'ഫ്‌ളൂയിഡ് ഇന്റര്‍ഫേസസ് ഗ്രൂപ്പ്' വികസിപ്പിക്കുന്ന 'സിക്‌സ്‌ത്‌സെന്‍സ്' (SixthSense) എന്ന സംവിധാനം, ഡിജിറ്റല്‍ അതിരുകള്‍ മായ്‌ച്ച് നമുക്ക് ചുറ്റുമുള്ള ലോകംതന്നെ കമ്പ്യൂട്ടറാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ശരീരത്തില്‍ ധരിക്കാവുന്ന, ധരിക്കുന്നയാളുടെ അംഗവിക്ഷേപങ്ങളെ പിന്തുടര്‍ന്ന് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമാണ് സിക്‌സ്‌ത്‌സെന്‍സ്. ചുറ്റുമുള്ള സംഗതികള്‍ ഡിജിറ്റല്‍വിവരങ്ങളായി തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്‌തുകൊണ്ടാണ് അതിന്റെ പ്രവര്‍ത്തനം.
വെറുമൊരു @ ചിഹ്നം വിരല്‍കൊണ്ട് വായുവില്‍ വരയ്‌ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇ-മെയില്‍ പരിശോധിക്കാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. വിരല്‍കൊണ്ട് കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്‌ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച് തെളിയുന്നത് എത്ര അത്ഭുതകരമായിരിക്കും. ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് കണ്ണിന് മുന്നില്‍ വെറുമൊരു ചതുരപഫ്രെയിം ഉണ്ടാക്കിയാല്‍ മതി, മുന്നിലുള്ള ദൃശ്യത്തിന്റെ ഡിജിറ്റല്‍ ഫോട്ടോ പകര്‍ത്താം എന്ന് വന്നാലോ. നിങ്ങളുടെ ഫ്‌ളൈറ്റ് വൈകുന്നതിന്റെ കാരണം, കൈയിലുള്ള ബോര്‍ഡിങ് പാസില്‍ തന്നെ തെളിഞ്ഞുവരുമെങ്കിലോ!
അനുയോജ്യമായ വിവരങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാക്കാനാണ് തങ്ങളുടെ ശ്രമമെന്ന്, ഫ്‌ളൂയിഡ് ഇന്റര്‍ഫേസസ് ഗ്രൂപ്പിന്റെ മേധാവി ഡോ. പാട്ടി മയെസ് അറിയിക്കുന്നു. നിലവിലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ പ്രയോജനപ്രദമാണ്, പക്ഷേ അവയ്‌ക്ക്‌് 'കാഴ്‌ചയോ കേഴ്‌വിയോ' ഇല്ല-അവര്‍ പറയുന്നു. "ഒരാള്‍ എവിടെയാണെന്നും, എന്തു ചെയ്യുകയാണെന്നും, എന്തുകാര്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നുമൊക്കെ മനസിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും കഴിയുന്ന ഒരു കമ്പ്യൂട്ടര്‍ സംവിധാനമാണ് ഞങ്ങളുടെ ലക്ഷ്യം"-ഡോ. മയെസ് അറിയിക്കുന്നു.
സിക്‌സ്‌ത്‌സെന്‍സിന്റെ പ്രാഥമികരൂപം ഗവേഷകര്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചിരുന്നു. ഹെല്‍മറ്റില്‍ ഘടിപ്പിച്ചിട്ടുള്ള വെബ്‌ക്യാമറയുടെ രൂപത്തിലായിരുന്നു അത്‌്. എന്നാല്‍, കുറച്ചുകൂടി സൗകര്യപ്രദമായ മോഡലാണ് ഗവേഷകര്‍ ഇപ്പോള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ ആദ്യം ബോസ്‌റ്റണില്‍ നടന്ന 'കമ്പ്യൂട്ടര്‍-ഹ്യുമണ്‍ ഇന്ററാക്ഷന്‍' (CHI 2009) സമ്മേളനത്തില്‍ പുതിയ വകഭേദം അവതരിപ്പിച്ചു. ചെറുക്യാമറയും പ്രൊജക്ടറും ചെര്‍ന്ന ചെറിയൊരു ഉപകരണമാണ് പുതിയ രൂപം. കഴുത്തില്‍ അണിയാവുന്ന അതിന് ഒരു സിഗരറ്റ് പാക്കറ്റിന്റെ വലിപ്പമേയുള്ളു. ക്യാമറ ശരിക്കുമൊരു ഡിജിറ്റല്‍ നേത്രമായാണ് പ്രവര്‍ത്തിക്കുക. ഉപയോഗിക്കുന്നയാള്‍ കാണുന്നത് ക്യാമറയും കാണും. ഉപയോഗിക്കുന്നയാളുടെ കൈകളിലെ പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ചലനം ക്യാമറ സൂക്ഷ്‌മായി പിന്തുടരും.
ഒരാള്‍ എന്തുമായി ഇടപഴകുന്നു എന്നുമാത്രമല്ല, എങ്ങനെ ഇടപഴകുന്നു എന്നു മനസിലാക്കുകയാണ് സിക്‌സ്‌ത്‌സെന്‍സ് ചെയ്യുക. ഒരു പ്രത്യേക സാഹചര്യത്തില്‍, അതിന് അനുയോജ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ സിക്‌സ്‌ത്‌സെന്‍സിലെ സോഫ്‌ട്‌വേര്‍ ഇന്റര്‍നെറ്റില്‍ പരതും. അപ്പോഴാണ് ഉപകരണത്തിലെ പ്രൊജക്ടര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുക. "നിങ്ങള്‍ക്ക് മുന്നിലെ ഏത് പ്രതലവും ഇടപഴകാന്‍ പാകത്തിലുള്ളതാക്കി (interactive) മാറ്റാന്‍ കഴിയും"- സിക്‌സ്‌ത്‌സെന്‍സ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രണവ് മിസ്‌ട്രി പറയുന്നു. "ഞാനൊരു പുസ്‌തകശാലയിലാണെന്ന് കരുതുക, കൈയിലൊരു പുസ്‌തകമുണ്ട്. സിക്‌സ്‌ത്‌സെന്‍സ് ഉടന്‍ തന്നെ ആ പുസ്‌തകം തിരിച്ചറിയുകയും, ആമസോണ്‍ സൈറ്റില്‍നിന്ന് പുസ്‌തകത്തിന്റെ അവലോകനം, വില തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് പുസ്‌തകത്തിന്റെ പുറംചട്ടയില്‍ അത് കാട്ടിത്തരികയും ചെയ്യും". ആമസോണില്‍ നിന്നുള്ള അവലോകനം വേണ്ടെങ്കില്‍, ന്യൂയോര്‍ക്ക് ടൈംസിന്റേത് പരീക്ഷിക്കാം.
സിക്‌സ്‌ത്‌സെന്‍സിന്റെ ഹാര്‍ഡ്‌വേര്‍ വലിയ ചെലവുള്ളതല്ല. നിലവിലുള്ള മോഡലിന്റേതിന് 350 ഡോളറേ (ഏതാണ്ട് 18000 രൂപ) വില വരൂ. അതേസമയം, ഭൗതികലോകവും ഡിജിറ്റല്‍ലോകവും തമ്മിലുള്ള അതിരുകള്‍ മായ്‌ക്കാന്‍ ഗൗരവമാര്‍ന്ന പ്രോഗ്രാമിങിന്റെയും എന്‍ജിനിയറിങിന്റെയും സഹായം കൂടിയേ തീരൂ. സോഫ്‌ട്‌വേറാണ് പ്രധാനം-ഡോ. മയെസ് പറഞ്ഞു. തുടക്കമെന്ന നിലയ്‌ക്ക് ചുരുക്കം ചില ഉപയോഗങ്ങളേ സിക്‌സ്‌ത്‌സെന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിലേക്ക് മറ്റുള്ളവര്‍ക്കും ധാരാളം സംഭാവനകള്‍ നല്‍കാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.
അധികം വൈകാതെ സിക്‌സ്‌ത്‌സെന്‍സിന് ചില വാണിജ്യ ഉപയോഗങ്ങള്‍ക്ക് മിസ്‌ട്രി സാധ്യത കാണുന്നുണ്ട്. ഗെയിമുകളുടെ ലോകത്താണ് മറ്റൊരു സാധ്യത. ടെലിവിഷന്റെയോ കമ്പ്യൂട്ടര്‍ സ്‌ക്രീനുകളുടെയോ മുന്നില്‍ ചടഞ്ഞിരിക്കാതെ, കുട്ടികളെ പുറംലോകത്തിന്റെ സാധ്യതയിലേക്ക് എത്തിക്കാന്‍ ഈ ഉപകരണം സഹായിക്കും. ഒരു ടെന്നീസ് പാഠം വേണമെങ്കില്‍ യഥാര്‍ഥ കോര്‍ട്ടില്‍ വെച്ചുതന്നെ നല്‍കാന്‍ സിക്‌സ്‌ത്‌സെന്‍സ് അവസരമൊരുക്കും. ലാപ്‌ടോപ്പുകളെയോ സ്‌മാര്‍ട്ട്‌ഫോണുകളെയോ സിക്‌സ്‌ത്‌സെന്‍സ്‌് അപ്രസക്തമാക്കുമെന്ന് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരാരും കരുതുന്നില്ല. എന്നാല്‍, അത്തരം ഉപകരണങ്ങള്‍ പ്രായോഗികമാകാത്ത ചില സാഹചര്യങ്ങളില്‍ തീര്‍ച്ചയായും സിക്‌സ്‌ത്‌സെന്‍സ്‌് ആധിപത്യം ഉറപ്പിക്കും. (കടപ്പാട്: ബി.ബി.സി.ന്യൂസ്, എം.ഐ.ടി. മീഡിയ ലാബ്).
8 comments:
വെറുമൊരു @ ചിഹ്നം വിരല്‍കൊണ്ട് വായുവില്‍ വരയ്‌ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇ-മെയില്‍ പരിശോധിക്കാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. വിരല്‍കൊണ്ട് കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്‌ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച് തെളിയുന്നത് എത്ര അത്ഭുതകരമായിരിക്കും. ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് കണ്ണിന് മുന്നില്‍ വെറുമൊരു ചതുരപഫ്രെയിം ഉണ്ടാക്കിയാല്‍ മതി, മുന്നിലുള്ള ദൃശ്യത്തിന്റെ ഡിജിറ്റല്‍ ഫോട്ടോ പകര്‍ത്താം എന്ന് വന്നാലോ. നിങ്ങളുടെ ഫ്‌ളൈറ്റ് വൈകുന്നതിന്റെ കാരണം, കൈയിലുള്ള ബോര്‍ഡിങ് പാസില്‍ തന്നെ തെളിഞ്ഞുവരുമെങ്കിലോ!....ഡിജിറ്റല്‍ അതിരുകള്‍ മായ്‌ച്ച് നമുക്ക് ചുറ്റുമുള്ള ലോകംതന്നെ കമ്പ്യൂട്ടറാക്കാന്‍ ഉദ്ദേശിച്ച് രംഗത്തെത്തുന്ന 'സിക്‌സ്‌ത്‌സെന്‍സി'നെപ്പറ്റി.
ജോസഫ് ആന്റണീ, ഫെബ്രുവരി മുതല്‍ ഈ വിഷയം ഒരു പോസ്റ്റായി അവതരിപ്പിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍. ഏതായാലും നന്നായി. നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ വളരെ ഉപകാരപ്രദമായ കണ്ടുപിടുത്തം തന്നെ! ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ പ്രണവ് മിസ്ട്രി (ഗുജറാത്തില്‍ നിന്ന് എന്‍ജിനീറിംഗ് ഡിഗ്രീയും മുംബൈ ഐ ഐ റ്റി യില്‍ നിന്നും മാസ്റ്റേഴ്സും നേടി MIT യില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ) ഇന്‍ഡ്യാക്കാരനാണെന്നുള്ളതും കൂടുതല്‍ സന്തോഷത്തിന് വക നല്‍കുന്നു .
പക്ഷേ താങ്കള്‍ വീഡിയോ ലിങ്ക് കൊടുത്തിരുന്നെങ്കില്‍ ഈ കണ്ടു പിടുത്തത്തെക്കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റുമെന്ന് തോന്നുന്നു!
ഈ യൂ റ്റ്യൂബ് ലിങ്കും പ്രണവുമായുള്ള
ഈ ഇന്റര്‍വ്യൂവും കൂടി താങ്കളുടെ പോസ്റ്റില്‍ ചേര്‍ത്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിരുന്നു!
കൌതുകകരവും വിജ്ഞാനപ്രദവുമായ കുറിപ്പ്.
വളരെ നന്ദി.
പാഞ്ചാലി,
നന്ദി. പ്രണവ് മിസ്ട്രിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചതിനും ആ വീഡിയോ ലിങ്കുകള്‍ ചേര്‍ത്തതിനും. കന്പ്യൂടര്‍ സങ്കേതത്തിന്‍റെയും വിവരസാങ്കേതിക വിദ്യയുടെയും മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന ഈ മുന്നേറ്റത്തിന് പിന്നില്‍ ഒരു ഇന്ത്യക്കാരനാണെന്നത് തീര്‍ച്ചയായും സന്തോഷം നല്‍കുന്ന വസ്തുതയാണ്.
അനില്‍, ഇവിടെയെത്തി അഭിപ്രായം പ്രകടിപ്പിച്ചതില്‍ സന്തോഷം, സ്വാഗതം.
ഒരു ‘പൊഹ’ പോലെ എന്താണ്ടൊക്കെയേ പിടി കിട്ടിയുള്ളു. എന്നാലും സംഭവം ഒരു ‘സംഭവ’മാകുമെന്നു മനസ്സിലായി
നല്ല ലേഖനം, മാഷേ
really wondering
Post a Comment