ശാസ്ത്രജ്ഞര്‍ കരുതിയിരിക്കുക. നിലവിലുള്ള വിവരങ്ങള്‍ വെച്ച് യുക്തിപൂര്‍വം അനുമാനങ്ങളിലെത്താനും അവ പരീക്ഷിച്ചറിയാനും അതുവഴി പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താനും ഭാവിയില്‍ ഒരുപക്ഷേ, നിങ്ങളുടെ ആവശ്യം വേണ്ടി വരില്ല. ഒരു 'യന്ത്രശാസ്ത്രജ്ഞന്' മതിയാകും അതിന്. ഇത്രകാലവും ഭാവനയില്‍ മാത്രം സാധ്യമായിരുന്ന കാര്യങ്ങള്‍ ആധുനികശാസ്ത്രം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബ്രിട്ടീഷ് ഗവേഷകര്‍ രൂപംനല്കിയ യന്ത്രശാസ്ത്രജ്ഞന്.
'ആദം' എന്നാണ് യന്ത്രശാസ്ത്രജ്ഞന് നല്‍കിയിരിക്കുന്ന പേര്. സ്വന്തമായി കണ്ടുപിടിത്തം നടത്തിയ ആദ്യയന്ത്രമെന്ന ബഹുമതി ആദം കരസ്ഥമാക്കിക്കഴിഞ്ഞു. യീസ്റ്റ് കോശങ്ങളുപയോഗിച്ച് ഏതാണ്ട് ഒരു ഡസന്‍ കണ്ടെത്തലുകള്‍ നടത്തിയ ആദം, ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. യീസ്റ്റ് കോശങ്ങളിലെ വ്യത്യസ്ത ജീനുകളുടെ ധര്‍മമെന്തെന്ന് കണ്ടെത്താന്‍ വേണ്ടി രൂപകല്‍പ്പന ചെയ്ത ആദത്തിന്, പ്രതിദിനം ആയിരം പരീക്ഷണങ്ങള്‍ സ്വന്തംനിലയ്ക്ക് നടത്താന്‍ ശേഷിയുണ്ട്. പുതിയ ഔഷധങ്ങള്‍ കണ്ടുപിടിക്കാന്‍ വേണ്ടി ഒരു യന്ത്രശാസ്ത്രജ്ഞയ്ക്കും ഗവേഷകര്‍ രൂപംനല്‍കുന്നുണ്ട്; പേര് 'ഹൗവ്വ'!
ആധുനിക ആദവും ഹൗവ്വയും പുതിയൊരു വര്‍ഗത്തിന്റെ ആദിമാതാവും പിതാവുമാകുമോ? കണ്ടുപിടിത്തങ്ങളുടെ ലോകം സ്വന്തമാക്കുക വഴി ഇത്തരം യന്ത്രങ്ങള്‍ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും പണിയില്ലാതാക്കുമോ? അതിന് സാധ്യത കുറവാണെന്ന്, ആദത്തിന് രൂപം നല്കിയ അബെരിസ്റ്റ്വിഥ് സര്‍വകലാശാലയിലെ പ്രൊഫ. റോസ് കിങും കൂട്ടരും പറയുന്നു. സമയമെടുത്തുള്ള ശ്രമകരമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇത്തരം യന്ത്രങ്ങളെ ഏല്‍പ്പിച്ചിട്ട്, ഗവേഷകര്‍ക്ക് ഭാവിയില്‍ മുന്തിയ ഗവേഷണങ്ങളില്‍ ഏര്‍പ്പെടാനാകും-പ്രൊഫ. കിങ് പ്രവചിക്കുന്നു.
കൃത്രിമബുദ്ധി (artificial intelligence-AI) വികസിപ്പിക്കാന്‍ പതിറ്റാണ്ടുകളായി ഗവേഷകലോകം നടത്തുന്ന ശ്രമങ്ങളില്‍ വലിയൊരു മുന്നേറ്റമാണ് ആദത്തിന്റെ പിറവിയിലൂടെ സംഭവിച്ചിരിക്കുന്നതെന്ന്, ഇക്കാര്യം പ്രസിദ്ധീകരിച്ച 'സയന്‍സ്' ഗവേഷണ വാരിക പറയുന്നു. ഏതെങ്കിലുമൊരു ഗവേഷണ പ്രവര്‍ത്തനം യാന്ത്രികമായി ചെയ്യുകയല്ല ആദത്തിന്റെ രീതി. വിവരങ്ങളെ യുക്തിപൂര്‍വം വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താനും അതുവെച്ച് പരീക്ഷണങ്ങള്‍ നടത്തി കണ്ടെത്തലുകള്‍ നടത്താനും അതിന് കഴിയും. ആ ഫലങ്ങള്‍ ഉപയോഗിച്ച് പുതിയ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്യാനുമാകും. ഇത്തരമൊരു കാര്യം ഇതുവരെ ഒരു യന്ത്രത്തിനും കഴിഞ്ഞിരുന്നില്ല.
യന്ത്രശാസ്ത്രജ്ഞന്റെ ആദിരൂപം മാത്രമാണ് ആദം. അടുത്ത 10-20 വര്‍ഷത്തിനുള്ളില്‍ ലബോറട്ടറികളില്‍ ഇത്തരം യന്ത്രങ്ങള്‍ ഗവേഷകരുടെ വലംകൈയായി മാറും-പ്രൊഫ. കിങ് അഭിപ്രായപ്പെടുന്നു. 6000 ജീനുകളുള്ള യീസ്റ്റുകളില്‍, വ്യത്യസ്ത ജീനുകളുടെ ധര്‍മമെന്തെന്ന് കണ്ടുപിടിക്കാന്‍ പാകത്തിലാണ് ആദത്തിന്റെ രൂപകല്‍പ്പന. 12 ജീനുകളുടെ ധര്‍മം സ്വന്തം നിലയ്ക്ക് കണ്ടെത്താന്‍ ആദത്തിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. യീസ്റ്റ് കോശങ്ങളുടെ വളര്‍ച്ച നിരീക്ഷിച്ചാണ്, അവയിലെ ജീനുകളുടെ ധര്‍മം ആദം കണ്ടെത്തിയത്. അറിയപ്പെടുന്ന ജീനുകളുടെ ധര്‍മം മനസിലാക്കി അതുപയോഗിച്ച്, മറ്റുള്ളവയുടെ ധര്‍മമെന്തെന്ന് പ്രവചിച്ച ശേഷം അത് പരീക്ഷിച്ചറിയുകയാണ് യന്ത്രം ചെയ്തത്.
ഇതേ ഗവേഷകസംഘം തന്നെയാണ് പുതിയ ഔഷധങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ഹൗവ്വയ്ക്ക് രൂപം നല്‍കുന്നത്. ആയിരക്കണക്കിന് രാസസംയുക്തങ്ങള്‍ പരിശോധിച്ച് അവയില്‍ പ്രത്യേക രോഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ കഴിയുന്നവയെ കണ്ടെത്തുകയാണ് ലക്ഷ്യം. ഔഷധ ഗവേഷണരംഗത്ത് ഒരുപക്ഷേ, വിപ്ലവം സൃഷ്ടിക്കാന്‍ പോന്ന നീക്കമാണിത്. ഇനിയും ചികിത്സ കണ്ടെത്താനാകാത്ത ഒട്ടേറെ രോഗങ്ങള്‍ക്കുള്ള മരുന്ന് മനുഷ്യന് നല്‍കുക യന്ത്രങ്ങളാകില്ലെന്ന് ആരുകണ്ടു.
'സയന്‍സ'് ഗവേഷണ വാരികയുടെ പുതിയ ലക്കത്തില്‍, യന്ത്രബുദ്ധിയുമായി ബന്ധപ്പെട്ട് മറ്റൊരു മുന്നേറ്റത്തിന്റെ റിപ്പോര്‍ട്ടുമുണ്ട്. ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ചലനനിയമങ്ങള്‍, പെന്‍ഡുലത്തിന്റെ ചലനത്തില്‍നിന്ന് കണ്ടെത്താന്‍ കഴിയുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം അമേരിക്കയില്‍ കോര്‍ണല്‍ സര്‍വകലാശാലയിലെ ഹോഡ് ലിപ്സണും മൈക്കല്‍ ഷിമിഡും ചേര്‍ന്ന് തയ്യാറാക്കി എന്നാണ് ആ റിപ്പോര്‍ട്ട്. പെന്ഡുലചലനത്തിന്റെ ഡേറ്റ സന്നിവേശിപ്പിച്ചപ്പോള്‍, ഭൗതികശാസ്ത്ര സംബന്ധിയായി മറ്റ് മുന്‍കൂര്‍ നിര്‍ദ്ദേശങ്ങളൊന്നും കൂടാതെ, ഐസക്ക് ന്യൂട്ടന്റെ ചലന നിയമങ്ങളിലെത്താന് ആ പ്രോഗ്രാമിന് കഴിഞ്ഞു.
പക്ഷേ, ഇതുകൊണ്ട് യഥാര്‍ഥ ശാസ്ത്രജ്ഞര്‍ക്ക് പകരമാകാന്‍ യന്ത്രങ്ങള്‍ക്ക് കഴിയുമെന്ന് ലിപ്സണ്‍ കരുതുന്നില്ല. വിവരങ്ങളുടെ കുത്തൊഴുക്കിനിടയില് നിന്ന് പുതിയ നിയമങ്ങളും സിദ്ധാന്തങ്ങളും കണ്ടുപിടിക്കുകയെന്നതാണ് ആധുനിക ഗവേഷണം നേരിടുന്ന പ്രധാന പ്രശ്നം. അതിന് പരിഹാരമുണ്ടാക്കാന്‍ യന്ത്രശാസ്ത്രജ്ഞര്ക്ക് കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പറയുന്നു. (അവലംബം: സയന്‍സ് ഗവേഷണ വാരിക).
1 comment:
ശാസ്ത്രജ്ഞര്‍ കരുതിയിരിക്കുക. നിലവിലുള്ള വിവരങ്ങള്‍ വെച്ച് യുക്തിപൂര്‍വം അനുമാനങ്ങളിലെത്താനും അവ പരീക്ഷണശാലയില്‍ പരീക്ഷിച്ചറിയാനും അതുവഴി പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താനും ഭാവിയില്‍ ഒരുപക്ഷേ, നിങ്ങളുടെ ആവശ്യം വേണ്ടി വരില്ല. ഒരു 'യന്ത്രശാസ്ത്രജ്ഞന്' മതിയാകും അതിന്. ഇത്രകാലവും ഭാവനയില്‍ മാത്രം സാധ്യമായിരുന്ന കാര്യങ്ങള്‍ ആധുനികശാസ്ത്രം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബ്രിട്ടീഷ് ഗവേഷകര്‍ രൂപംനല്കിയ യന്ത്രശാസ്ത്രജ്ഞന്. 'ആദം' എന്നാണ് യന്ത്രശാസ്ത്രജ്ഞന് നല്‍കിയിരിക്കുന്ന പേര്. സ്വന്തമായി കണ്ടുപിടിത്തം നടത്തിയ ആദ്യയന്ത്രമെന്ന ബഹുമതി ആദം കരസ്ഥമാക്കിക്കഴിഞ്ഞു.
Post a Comment