Wednesday, November 26, 2008

ശസ്‌ത്രക്രിയാരംഗത്ത്‌ വഴിത്തിരിവ്‌

വിത്തുകോശങ്ങളുടെ സഹായത്തോടെ ശ്വാസനാളി മാറ്റിവെച്ചു.

വൈദ്യശാസ്‌ത്ര ചരിത്രത്തിലാദ്യമായി വിത്തുകോശങ്ങളുടെ സഹായത്തോടെ വളര്‍ത്തിയെടുത്ത ശ്വാസനാളി വിജയകരമായി മാറ്റിവെച്ചു. മുപ്പതുകാരിക്ക്‌ ക്ഷയരോഗബാധയാല്‍ കേടുവന്ന ശ്വാസനാളിയുടെ ഭാഗം മാറ്റിവെച്ച്‌ സ്‌പെയിനിലെ ശസ്‌ത്രക്രിയാവിദഗ്‌ധരാണ്‌ ചരിത്രം സൃഷ്ടിച്ചത്‌. തിരസ്‌ക്കരണത്തിന്റെ പ്രശ്‌നമില്ലാതെ കേടുവന്ന അവയവങ്ങള്‍ മാറ്റിവെയ്‌ക്കാനുള്ള സാധ്യത തുറക്കുകയാണ്‌ ഇതിലൂടെയെന്ന്‌, പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ 'ലാന്‍സെറ്റ്‌' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

രണ്ടു കുട്ടികളുടെ മാതാവായ ക്ലാഡിയ കാസ്‌റ്റില്ലയെന്ന കൊളംബിയന്‍ യുവതിയാണ്‌ ക്ഷയരോഗബാധ മൂലം ശ്വാസനാളി കേടായി അപകടാവസ്ഥയില്‍ പെട്ടത്‌. ആ അവസ്ഥയില്‍ വിത്തുകോശസങ്കേതം ക്ലാഡിയയുടെ തുണയ്‌ക്കെത്തുകയായിരുന്നു. സമീപകാലത്ത്‌ മരിച്ച ഒരാളുടെ ശ്വാസനാളി എടുത്തശേഷം അതില്‍നിന്ന്‌ ശക്തിയേറിയ രാസവസ്‌തുക്കളുടെ സഹായത്താല്‍ കോശങ്ങള്‍ ഒഴിവാക്കിയുണ്ടാക്കിയ ചട്ടക്കൂട്ടിലാണ്‌, വിത്തുകോശങ്ങള്‍ സ്ഥാപിച്ച്‌ പുതിയ ശ്വാസനാളി വളര്‍ത്തിയെടുത്തത്‌.

ക്ലാഡിയയുടെ ശരീരത്തില്‍ നിന്നുള്ള വിത്തുകോശങ്ങള്‍ തന്നെ ശ്വാസനാളി വളര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചു. ശ്വാസകോശത്തിലെ ശ്വാസനാളികളുടെ സൂചകകോശങ്ങള്‍ക്കൊപ്പം മജ്ജയില്‍നിന്നുള്ള വിത്തുകോശങ്ങളും ഇതിനായി ഉപയോഗിച്ചു. പരീക്ഷണശാലയില്‍ പ്രത്യേകം സംവിധാനം ചെയ്‌ത ജൈവറിയാക്ടറിലാണ്‌ ഡോക്ടര്‍മാര്‍ ശ്വാസനാളി വളര്‍ത്തിയത്‌. നാല്‌ ദിവസം കൊണ്ട്‌ കൃത്രിമശ്വാസനാളി മാറ്റിവെയ്‌ക്കാന്‍ പാകമായി.


സ്‌പെയിനില്‍ ബാര്‍സലോണ ഹോസ്‌പിറ്റര്‍ ക്ലിനിക്കിലെ പ്രൊഫ. പാവ്‌ലോ മാക്കിയാറിനിയുടെ നേതൃത്വത്തിലാണ്‌ ശസ്‌ത്രക്രിയ നടന്നത്‌. "എനിക്ക്‌ ശരിക്കും ഭയമുണ്ടായിരുന്നു. ഇതിന്‌ മുമ്പ്‌ ഇത്തരം ശസ്‌ത്രക്രിയകള്‍ പന്നികളിലേ നടന്നിട്ടുള്ളു"-പ്രൊഫ. മാക്കിയാറിനി അറിയിക്കുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന ശത്രക്രിയ വന്‍വിജയമായിരുന്നു. കൃത്രിമമായുണ്ടാക്കിയ ശ്വാസനാളി (ട്രാക്കിയ) ക്ലാഡിയയുടെ തന്നെ കോശത്താല്‍ രൂപപ്പെടുത്തിയതായതുകൊണ്ട്‌, അവളുടെ ശരീരം ഒരുതരത്തിലുള്ള തിരസ്‌കരണ പ്രവണതയും കാട്ടിയില്ല.

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ വെറും നാലുദിവസം കൊണ്ടുതന്നെ, പുതിയതായി കൂട്ടിയോജിപ്പിച്ച ശ്വാസനാളി രോഗിയുടെ ശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല എന്ന സ്ഥിതിയായെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ഒരുമാസം കഴിഞ്ഞ്‌ ബയോസ്‌പി നടത്തിയപ്പോള്‍, പുതിയ ഭാഗത്ത്‌ സ്വാഭാവികമാംവിധം രക്തധമനികളും മറ്റും രൂപപ്പെട്ടിരിക്കുന്നത്‌ കണ്ടു. ഇപ്പോള്‍ നാലുമാസം കഴിഞ്ഞു. ക്ലാഡിയയ്‌ക്ക്‌ സ്വാഭാവിക ജീവിതം നയിക്കാന്‍ കഴിയുന്നു. മക്കളായ ജോഹാനും (15) ഇസബല്ലെ (നാല്‌) യ്‌ക്കുമൊപ്പം ആഹ്ലാദകരമായി ആ അമ്മ കഴിയുന്നു.

ശസ്‌ത്രക്രിയാരംഗത്ത്‌ വഴിത്തിരിവാണ്‌ ഈ മുന്നേറ്റമെന്ന്‌, ശ്വാസനാളി കൃത്രിമമായി നിര്‍മിക്കാന്‍ സഹകരിച്ച ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ശസ്‌ത്രിക്രിയാ വിദഗ്‌ധന്‍ പ്രൊഫ. മാര്‍ട്ടിന്‍ ബിര്‍ച്ചല്‍ അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയായവരിലെ വിത്തുകോശങ്ങളുടെ ഉപയോഗ സാധ്യതയെന്താണെന്ന്‌ മനസിലാക്കിത്തരുന്ന സംഭവമാണിത്‌. ഗുരുതരമായി അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക്‌ അത്‌ പുതുജീവന്‍ നല്‍കുമെന്നാണ്‌ അര്‍ഥം. 20 വര്‍ഷത്തിനകം ശരീരത്തിലെ ഏത്‌ അവയവവും ഈ രീതിയില്‍ രൂപപ്പെടുത്താന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. (അവലംബം: ലാന്‍സെറ്റ്‌, കടപ്പാട്‌: മാതൃഭൂമി)

3 comments:

Joseph Antony said...

ശസ്‌ത്രക്രിയാരംഗത്ത്‌ വഴിത്തിരിവാണ്‌ വിത്തുകോശത്തിന്റെ സഹായത്തോടെ വളര്‍ത്തിയെടുത്ത ശ്വാസനാളി വിജയകരമായി മാറ്റിവെച്ചത്‌. പ്രായപൂര്‍ത്തിയായവരിലെ വിത്തുകോശങ്ങളുടെ ഉപയോഗ സാധ്യതയെന്താണെന്ന്‌ മനസിലാക്കിത്തരുന്ന സംഭവമാണിത്‌. ഗുരുതരമായി അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക്‌ അത്‌ പുതുജീവന്‍ നല്‍കുമെന്നാണ്‌ അര്‍ഥം. 20 വര്‍ഷത്തിനകം ശരീരത്തിലെ ഏത്‌ അവയവവും ഈ രീതിയില്‍ രൂപപ്പെടുത്താന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ പറയുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ശരീരത്തിലെ ഏത് അവയവവും ഇതു പോലെ മാറ്റി വയ്ക്കാനായാല്‍ വളരെ നല്ലതു തന്നെ. ഉപകരണങ്ങളുടെ സ്പെയര്‍ പാര്‍ട്ടുകള്‍ എന്ന പോലെ ശരീരത്തിന്റെ ഭാഗങ്ങളും എന്നത് വിപ്ലവകരമായ ഒരു മാറ്റമായിരിക്കും.
വൃക്കത്തട്ടിപ്പു പോലുള്ള സംഗതികള്‍ ഇതോടെ ഇല്ലാതാവുമെന്നും നമുക്കു പ്രത്യാശിക്കാം.

കിഷോർ‍:Kishor said...

നല്ല കാര്യം തന്നെ!!