സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിലും ഗ്രഹസംവിധാനങ്ങളിലും നേരിട്ട് നോട്ടമെത്തുന്നു. ദൃശ്യപ്രകാശത്തില്‍ ആദ്യമായെടുത്ത വിദൂരഗ്രഹത്തിന്റെ ചിത്രവും, മറ്റൊരു നക്ഷത്രത്തിലെ ഗ്രഹസംവിധാനത്തിന്റെ നേരിട്ടുള്ള ദൃശ്യവും വാനനിരീക്ഷണ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാകുന്നു.
ഭൂമിയെപ്പോലെ മറ്റെവിടെയെങ്കിലും ഒരു ഗ്രഹം, അല്‍പ്പം പച്ചപ്പ്, ഏതെങ്കിലും രൂപത്തില്‍ ജീവന്. മനുഷ്യന് ഏറെക്കാലമായി തേടിക്കൊണ്ടിരിക്കുകയാണ് ഇക്കാര്യം. സൂര്യനെപ്പോലെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഇത്തരമൊരു ഗ്രഹം മനുഷ്യന്റെ അന്വേഷണ കൗതുകത്തിന്റെ അതിര്‍ത്തി രേഖയാണ്. അതുകൊണ്ടാണ് അന്യനക്ഷത്രങ്ങളുടെ പരിസരത്തേക്ക് വാനശാസ്ത്രജ്ഞര്‍ ടെലസ്കോപ്പ് തിരിക്കുന്നത്.
സൗരയൂഥത്തിന് വെളിയില്‍ മറ്റു ഗ്രഹങ്ങളെ കണ്ടെത്താന്‍ മനുഷ്യന് നൂറ്റാണ്ടുകളായി ശ്രമിക്കുന്നുവെങ്കിലും തൊണ്ണൂറുകളിലാണ് ഇക്കാര്യത്തില്‍ ആദ്യവിജയം നേടുന്നത്. ഈ നവംബര്‍ വരെ ഇത്തരം 322 അന്യഗ്രഹങ്ങളെ കണ്ടെത്തിയെന്നാണ് കണക്ക്. വിദൂര നക്ഷത്രങ്ങളുടെ ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന ഈ ഗ്രഹങ്ങളെ നേരിട്ടു നിരീക്ഷിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം മനുഷ്യന് ആര്‍ജിച്ചിട്ടില്ലാത്തതിനാല്‍, ഇവയൊക്കെ പരോക്ഷ നിരീക്ഷണമാര്‍ഗങ്ങളുടെ ഫലമായാണ് കണ്ടുപിടിക്കപ്പെട്ടത്.
പക്ഷേ, അത് ഇതുവരെയുള്ള കഥ. ആദ്യമായി സൗരയൂഥേതര ഗ്രഹത്തെയും ഗ്രഹസംവിധാനത്തെയും നേരിട്ടു നിരീക്ഷിച്ചതിന്റെ ഫലങ്ങള്‍ പുതിയ ലക്കം 'സയന്‍സ്' ഗവേഷണ വാരിക പ്രസിദ്ധീകരിച്ചിരിക്കുന്നു. വാനശാസ്ത്ര ചരിത്രത്തിലെ പുതിയ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഈ മുന്നേറ്റത്തിന് പിന്നില്‍ രണ്ട് വ്യത്യസ്ത ഗവേഷകസംഘങ്ങളാണ് പ്രവര്‍ത്തിച്ചത്.
വിദൂര ഗ്രഹസംവിധാനം കണ്മുന്നില്
ജെമിനി നോര്‍ത്ത് ടെലസ്കോപ്പ്, കെക്ക് ഒബ്സര്‍വേറ്ററി എന്നിവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ്, ചരിത്രത്തിലാദ്യമായി ഒരു വിദൂര നക്ഷത്രത്തിന് ചുറ്റുമുള്ള മൂന്നു ഗ്രഹങ്ങളെ ഗവേഷകര്‍ക്ക് നേരിട്ടു നിരീക്ഷിക്കാനായത്. കാനഡയില്‍ ഹെര്‍സ്ബെര്‍ഗ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിലെ ക്രിസ്റ്റ്യന്‍ മരോയിസ് നേതൃത്വം നല്കിയ അന്താരാഷ്ട്രസംഘമാണ് നിരീക്ഷണം നടത്തിയത്.
സൗരയൂഥത്തിന് വെളിയില്‍ ഒരു സാധാരണ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹകുടുംബത്തിന്റെ നേരിട്ടുള്ള ദൃശ്യം ലഭിക്കുന്നത് ആദ്യമായാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2007 ഒക്ടോബര്‍ 17-ന് ലഭിച്ച നിരീക്ഷണ വിവരങ്ങള്‍ പ്രകാരം നക്ഷത്ര പരിസരത്ത് രണ്ട് ഗ്രഹങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. പിന്നീട്, 2007 ഒക്ടോബര്‍ 25-നും 2008-ലെ വേനല്‍ക്കാലത്തും നടത്തിയ നിരീക്ഷണത്തിലാണ് മൂന്നാമതൊരു ഗ്രഹം കൂടി ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ഈ ഗ്രഹസംവിധാനത്തിന്റെ ഇന്‍ഫ്രാറെഡ് ദൃശ്യങ്ങളാണ് ഗവേഷകര്‍ പകര്‍ത്തിയത്.
ഭൂമിയില്‍നിന്ന് 130 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന, അധികം പ്രായമില്ലാത്ത ഭീമന് നക്ഷത്രമായ HR 8799-ന്റെ ഗ്രഹസംവിധാനമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഗ്രഹങ്ങള്‍ അത്ര പ്രായമുള്ളവയല്ല എന്നാണ് അനുമാനം. ആറു കോടി വര്‍ഷം മുമ്പാണ് അവ രൂപപ്പെട്ടതെന്ന് കരുതുന്നു. (ഭൂമിയുടെ പ്രായം 460 കോടി വര്‍ഷമാണെന്നോര്‍ക്കുക). പക്ഷേ, വലിപ്പം കൂടുതലാണ്. നമ്മുടെ വ്യാഴത്തിന്റെ ഏഴ് മൂതല്‍ പത്ത് മടങ്ങുവരെയുള്ളവയാണ് അവ.
ഗ്രഹസംവിധാനത്തിന്റെ പുറംമേഖലയിലാണ് ഗ്രഹങ്ങളുടെ സ്ഥാനം. സൗരയൂഥത്തിന്റെ കണക്കനുസരിച്ച്, ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ (അസ്ട്രോണമിക്കല്‍ യൂണിറ്റ്) 25, 40, 70 മടങ്ങ് വരും ആ ഗ്രഹങ്ങളും മാതൃനക്ഷത്രവും തമ്മിലുള്ള അകലം. ഏറ്റവും അകലെയുള്ള ഗ്രഹം സ്ഥിതിചെയ്യുന്നത് ധൂളീപടലങ്ങളും അവശിഷ്ടങ്ങളും നിറഞ്ഞ ഒരു ബെല്‍റ്റിലാണ്. സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള കിയ്പ്പര് ബെല്‍റ്റിനെ അനുസ്മരിപ്പിക്കുന്നതാണ് അത്.
HR 8799 സൂര്യന്റെ ഒന്നര ഇരട്ടി പിണ്ഡമുള്ള നക്ഷത്രമാണ്. പക്ഷേ, സൂര്യനെക്കാള്‍ അഞ്ചുമടങ്ങ് അധികമാണ് പ്രകാശതീവ്രത, സൂര്യനെക്കാള്‍ ചെറുപ്പവുമാണ്. പൊടിപടലങ്ങളുടെ ഒരു ഭീമന് വലയം ആ നക്ഷത്രത്തെ ചുറ്റുന്നുണ്ട്. ഗവേഷണത്തില്‍ പങ്കാളിയായിരുന്ന ബെര്‍ക്ക്ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ബെന്‍ സുക്കെര്‍മാന്റെ അഭിപ്രായത്തില്‍, ഭൂമിയില്‍നിന്ന് 300 പ്രകാശവര്‍ഷ പരിധിക്കുള്ളില്‍ ഏതെങ്കിലുമൊരു നക്ഷത്രത്തിന് ചുറ്റുമുള്ള ഏറ്റവും ഭീമന് പൊടിപടലവലയമാണത്.
ഹബ്ബിള്‍ ടെലസ്കോപ്പ് നേരിട്ടു കണ്ടു
മുകളില്‍ പറഞ്ഞത് നേരിട്ടു കണ്ട ആദ്യ അന്യഗ്രഹകുടുംബത്തിന്റെ കാര്യമാണെങ്കില്‍, ഇനിയൊരു വിദൂര ഗ്രഹത്തിന്റെ കാര്യമാണ് പറയാനുള്ളത്. ഗ്രഹകുടുംബത്തെ ഇന്‍ഫ്രാറെഡ് പ്രകാശത്തിലാണ് നീരീക്ഷിച്ചതെങ്കില്‍, ഗ്രഹത്തെ നിരീക്ഷിച്ചത് ദൃശ്യപ്രകാശത്തില്‍ തന്നെയാണ്. ഹബ്ബിള്‍ ടെലസ്കോപ്പിന്റെ സഹായത്തോടെ, ബെര്‍ക്ക്ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പോള്‍ കലാസ് ആണ് ചരിത്രത്തിലാദ്യമായി, സൗരയൂഥത്തിന് വെളിയില്‍ ഒരു ഗ്രഹത്തിന്റെ ദൃശ്യപ്രകാശ ചിത്രം പകര്‍ത്തിയത്. വര്‍ഷങ്ങളുടെ ശ്രമകരമായ നിരീക്ഷണം വേണ്ടി വന്നു അദ്ദേഹത്തിന് പക്ഷേ, ഈ ചരിത്രനേട്ടം കൈവരിക്കാന്‍.
ഭൂമിയില്‍നിന്ന് വെറും 25 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന 'ഫോമാല്‍ഹോറ്റ്' (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന്റെ നേരിട്ടുള്ള ദൃശ്യമാണ് കലാസ് പകര്‍ത്തിയത്. വ്യാഴഗ്രഹത്തിന്റെ ഏതാണ്ട് അതേ വലിപ്പമുള്ള ഗ്രഹമാണതെന്നാണ് അനുമാനം. വ്യാഴഗ്രഹത്തിന് അതിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു എന്ന് കരുതുപോലൈാരു വലയവും വിദൂരഗ്രഹത്തിനുണ്ട്. 'ഫോമാല്‍ഹോറ്റ് ബി'യെന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഗ്രഹത്തിന്റെ സാന്നിധ്യം 2005-ല്‍ തന്നെ പ്രവചിക്കപ്പെട്ടിരുന്നതാണ്. പക്ഷേ, നേരിട്ടുള്ള തെളിവ് ലഭിക്കുന്നത് ഇപ്പോഴാണെന്നു മാത്രം.
മാതൃനക്ഷത്രത്തിന് ചുറ്റുമുള്ള പൊടിപടലവലയവും ഗ്രഹവും തമ്മിലുള്ള പ്രതിക്രിയയില്‍നിന്നാണ് ഗ്രഹത്തിന്റെ സാന്നിധ്യം ആദ്യം പ്രവചിക്കപ്പെട്ടത്. ഗ്രഹത്തെ നേരിട്ട് നിരീക്ഷിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ട് 'സയന്‍സ്' വാരികയില്‍ പ്രസിദ്ധീകരിച്ചതിനൊപ്പം, പൊടിപടലവലയവും ഗ്രഹവും തമ്മിലുള്ള പ്രതിക്രിയ സംബന്ധിച്ച ഒരു ഗവേഷണ പ്രബന്ധം 'ദി അസ്ട്രോഫിസിക്കല്‍ ജേര്‍ണലില്‍' കലാസും സംഘവും പ്രസിദ്ധീകരിക്കുന്നുണ്ട്.
ഒന്നര പതിറ്റാണ്ട് മുമ്പ് കലാസ് ബിരുദവിദ്യാര്‍ഥിയായിരുന്ന വേളയില്‍ തുടങ്ങിയതാണ് ഫോമാല്‍ഹോറ്റ് നക്ഷത്രത്തെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനം. നക്ഷത്രത്തിന്റെ ചുറ്റും സ്ഥിതിചെയ്യുന്ന പൊടിപടലവലയമായിരുന്നു വിഷയം. 2004-ലാണ് ഹബ്ബിള്‍ സ്പേസ് ടെലസ്കോപ്പിലെ 'അഡ്വാസ്ഡ് ക്യാമറ ഫോര്‍ സര്‍വേസി'ന്റെ സഹായത്തോടെ നിരീക്ഷണം തുടങ്ങിയത്. അതാണിപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്. "കഴിഞ്ഞ മെയ് അവസാനം, ഫോമാല്‍ഹോറ്റ് ബി അതിന്റെ മാതൃനക്ഷത്രത്തെ പ്രദക്ഷിണം വെയ്ക്കുന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഞാനൊരു ഹൃദയാഘാതത്തിന്റെ വക്കത്തെത്തി"-കലാസ് പറയുന്നു. വലിയ കണ്ടെത്തലുകള്‍ നടത്തുന്നവര്‍ ചിലപ്പോള്‍ വലിയ ഞെട്ടലോടയാകാം അത് തിരിച്ചറിയുന്നത്.
(അവലംബം: സയന്‍സ്, ജെമിനി ഒബ്സര്‍വേറ്ററി, ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവയുടെ വാര്‍ത്താക്കുറിപ്പ്)
കാണുക: സൗരയൂഥത്തിന് വെളിയില്‍ 28 പുതിയ ഗ്രഹങ്ങള്‍
5 comments:
സൗരയൂഥത്തിന് വെളിയില്‍ മറ്റു ഗ്രഹങ്ങളെ കണ്ടെത്താന്‍ മനുഷ്യന് നൂറ്റാണ്ടുകളായി ശ്രമിക്കുന്നുവെങ്കിലും തൊണ്ണൂറുകളിലാണ് ഇക്കാര്യത്തില്‍ ആദ്യവിജയം നേടുന്നത്. ഈ നവംബര്‍ വരെ ഇത്തരം 322 അന്യഗ്രഹങ്ങളെ കണ്ടെത്തിയെന്നാണ് കണക്ക്. വിദൂര നക്ഷത്രങ്ങളുടെ ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന ഈ ഗ്രഹങ്ങളെ നേരിട്ടു നിരീക്ഷിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം മനുഷ്യന് ആര്‍ജിച്ചിട്ടില്ലാത്തതിനാല്‍, ഇവയൊക്കെ പരോക്ഷ നിരീക്ഷണമാര്‍ഗങ്ങളുടെ ഫലമായാണ് കണ്ടുപിടിക്കപ്പെട്ടത്. പക്ഷേ, അത് ഇതുവരെയുള്ള കഥ. ആദ്യമായി സൗരയൂഥേതര ഗ്രഹത്തെയും ഗ്രഹസംവിധാനത്തെയും നേരിട്ടു നിരീക്ഷിച്ചതിന്റെ ഫലങ്ങള്‍ പുതിയ ലക്കം 'സയന്‍സ്' ഗവേഷണ വാരിക പ്രസിദ്ധീകരിച്ചിരിക്കുന്നു. വാനശാസ്ത്ര ചരിത്രത്തിലെ പുതിയ നാഴികക്കല്ല്.
നല്ല ലേഖനം.
ചില സംശയങ്ങള്‍.
1. ടെലിസ്കോപ്പ് ഉപയോഗിക്കാതെയുള്ള പരോക്ഷ നിരീക്ഷണ മാര്ഗ്ഗങ്ങളെന്താണ്?
2. ഇങ്ങനെ കണ്ടുപിടിക്കുന്ന ഗ്രഹങ്ങളുടെ ആയുസ്സെങ്ങനെ കണ്ടുപിടിക്കും?
സിജു,
വിദൂരഗ്രഹങ്ങളുടെ ആയുസ്സ് അതിന്റെ മാതൃനക്ഷത്രത്തിന്റെ പ്രായവുമായി ബന്ധപ്പെടുത്തിയാണ് മിക്കപ്പോഴും ഊഹിച്ചെടുക്കാറ്.
സൗരയൂഥത്തിന് വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തനുപയോഗിക്കുന്ന പരോക്ഷനിരീക്ഷണ മാര്‍ഗങ്ങളെക്കുറിച്ച് ഈ ലിങ്കില്‍ കുറെ വിവരങ്ങളുണ്ട്.
Post a Comment