സാമ്രാജ്യങ്ങള്‍ അസ്തമിച്ചതിന്റെ ചരിത്രം ചൈനയിലെ ഒരു ഗുഹയില്‍, മണ്‍സൂണ്‍ അവശേഷിപ്പിച്ച ലവണനിക്ഷേപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കാലാവസ്ഥാമാറ്റം എത്ര വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്താം എന്ന് സൂചിപ്പിക്കുന്ന ഒരു ഗവേഷണം.
കഴിഞ്ഞ രണ്ട് സഹസ്രാബ്ദത്തിനിടെ ചൈനയിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നടിഞ്ഞതിന് കാലവര്‍ഷവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. മണ്‍സൂണ്‍ ദുര്‍ബലമായ കാലയളവിലാണ് ചില രാജവംശങ്ങള്‍ ക്ഷയിക്കുകയും ഭരണത്തില്‍നിന്ന് പുറത്താകുകയും ചെയ്തതത്രേ. ചൈനയിലെ ഒരു ഗുഹയില്‍ ചുണ്ണാമ്പകല്‍പ്പുറ്റില്‍ (stalagmite) ഉറഞ്ഞുകൂടിയിരുന്ന 1810 വര്‍ഷത്തെ മണ്‍സൂണ്‍ ചരിത്രമാണ് ഈ വിവരം വെളിപ്പെടുത്തുന്നത്.
ചൈനയിലെ ടാങ്, യുവാന്‍, മിങ് രാജവംശങ്ങള്‍ ക്ഷയിച്ച കാലത്തെല്ലാം മണ്‍സൂണ്‍ പരാജയപ്പെട്ടിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയതായി 'സയന്‍സ്' ഗവേഷണവാരികയാണ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഗാന്‍സു പ്രവിശ്യയിലെ വാങ്ഷിയാങ് ഗുഹയില്‍ കണ്ടെത്തിയ 118 മില്ലീമീറ്റര്‍ നീളമുള്ള ചുണ്ണാമ്പുകല്‍പ്പുറ്റാണ്, ഗവേഷകര്‍ക്ക് ഈ ചരിത്രസത്യം ബോധ്യപ്പെടുത്തിക്കൊടുത്തത്.
മുഖ്യമായും കാല്‍സ്യംകാര്‍ബണേറ്റ് കൊണ്ട് രൂപപ്പെടുന്നതാണ് ചുണ്ണാമ്പുകല്‍പ്പുറ്റ്. ഗുഹകളുടെ മേല്‍ത്തട്ടില്‍നിന്ന് ഇറ്റുവീഴുന്ന വെള്ളത്തിലെ ലവണാംശങ്ങള്‍ ഉറച്ചു കട്ടപിടിച്ചുണ്ടാകുന്നതാണ് ഇത്തരം പുറ്റുകള്‍. സമുദ്രനിരപ്പില്‍നിന്ന് 1200 മീറ്റര്‍ ഉയരത്തിലാണ് വാങ്ഷിയാങ് ഗുഹ സ്ഥിതിചെയ്യുന്നത്. ഊഷര മേഖലയാണത്. വാര്‍ഷിക വര്‍ഷപാതം ശരാശരി 480 മില്ലീമീറ്റര്‍ മാത്രം. അതില്‍ 80 ശതമാനവും മെയ്-സപ്തംബര്‍ കാലയളവിലാണ് ലഭിക്കുന്നത്.
പ്രായമായ തടികള്‍ക്കുള്ളിലെ വാര്‍ഷികവലയങ്ങള്‍ പോലുള്ള ഒന്നാണ്, ആ പുറ്റില്‍ ഗവേഷകരെ കാത്തിരുന്നത്. 1810 വര്‍ഷത്തെ വര്‍ഷപാതത്തിന്റെ കൃത്യമായ തോത്, ആ ചുണ്ണാമ്പുകല്‍പ്പുറ്റില്‍ ഓരോ വര്‍ഷവും ഉറഞ്ഞുകൂടിയ ലവണത്തിന്റെ അളവില്‍നിന്ന് കണ്ടെത്താനായി. ചൈനയില്‍ ലാന്‍ഷൗ സര്‍വകലാശാലയിലെ പിങ്ഷോങ് ഷാങും സംഘവുമാണ്, ആ ചുണ്ണാമ്പുകല്‍പുറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ചൈനയിലെ വര്‍ഷപാതനിരക്ക് സംബന്ധിച്ച ചരിത്രരേഖകളുമായി താരതമ്യം ചെയ്തത്.
ഉത്തരാര്‍ധഗോളത്തില്‍ മണ്‍സൂണിന്റെ രണ്ടായിരത്തോളം വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ ഗവേഷകര്‍ക്ക് മുന്നില്‍ തെളിഞ്ഞു വരികയായിരുന്നു. താപനിലയിലെ വ്യതിയാനങ്ങളും ചെറുഹിമയുഗവും സൗരോര്‍ജത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുമൊക്കെ എത്രമാത്രം സ്വാധീനം മഴയുടെ മേല്‍ ചെലുത്തിയെന്നതിന്റെ സൂചനയാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ, ഹരിതഗൃഹവാതക പ്രഭാവം മൂലം സംഭവിച്ച ആഗോളതാപനത്തിന്റെ വര്‍ധനയെക്കുറിച്ചും വ്യക്തമായ സൂചന ആ ചുണ്ണാമ്പുകല്‍പ്പുറ്റില്‍ കാണപ്പെടുന്നതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
ചുണ്ണാമ്പുകള്‍പ്പുറ്റിലെ ഓക്സിജന്‍ ഉള്ളടക്കത്തിലുള്ള ചെറുവ്യതിയാനങ്ങള്‍, ഗുഹയുടെ പരിസരത്തെ മഴയുടെ തോതിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യമാണ് ഗവേഷകര്‍ അവലംബിച്ചത്. മാത്രമല്ല, ചുണ്ണാമ്പുകല്‍പ്പുറ്റില്‍ അടങ്ങിയിട്ടുള്ള തോറിയം, യുറേനിയം തുടങ്ങിയ റേഡിയോആക്ടീവ് മൂലകങ്ങളുടെ സഹായത്തോടെ അതിലെ അടരുകളുടെ കാലഗണന (ശരാശരി രണ്ടര വര്‍ഷം എന്ന കണക്കിന്) നടത്താനും കഴിഞ്ഞു.
നൂറ്റാണ്ടുകളോളം ചൈന ഭരിച്ച അഞ്ച് പ്രമുഖ രാജവംശങ്ങളില്‍ മൂന്നെണ്ണത്തിന്റെയും-ടാങ്, യുവാന്‍, മിങ് എന്നിവയുടെ- പതനത്തിന് കാലാവസ്ഥ മുഖ്യ പങ്കുവഹിച്ചതയാണ് ഗവേഷകര്‍ എത്തിയ അനുമാനം. `ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള മണ്‍സൂണ്‍ വാതകങ്ങള്‍ എത്ര ശക്തമാണോ, അതിനനുസരിച്ച് ചൈനയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് കൂടുതല്‍ മഴ ലഭിക്കും`- പഠനത്തില്‍ പങ്കാളിയായിരുന്ന അമേരിക്കയില്‍ മിന്നിസോട്ട സര്‍വകലാശാലയിലെ ഹായ് ചെങ് പറയുന്നു.
കൂടുതല്‍ മഴ കിട്ടിയാല്‍ അതിനനുസരിച്ച് കൂടുതല്‍ നെല്ല് വിളയും. ജനസംഖ്യയും സമൂഹിക സുരക്ഷിതത്വവും വര്‍ധിക്കും. ഭരണകൂടങ്ങള്‍ ശക്തമായി നിലനില്ക്കും. മഴ കുറയുമ്പോള്‍ സംഗതികള്‍ വിപരീത ദിശയിലാകും. അരക്ഷിതാവസ്ഥ ഏറും, ഭരണകൂടങ്ങള്‍ നിലംപൊത്തും. ചൈനയിലെ രാജവംശങ്ങള്‍ ക്ഷയിക്കാന്‍ ചരിത്രപരമായ മറ്റ് കാരണങ്ങളും ഉണ്ടായിരുന്നെങ്കിലും, കാലാവസ്ഥ ഒരു മുഖ്യപങ്ക് വഹിച്ചുവെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
850 എ.ഡി.ക്കും 940 എ.ഡി.ക്കും മധ്യേയുള്ള കാലം പരിഗണിക്കുക. മണ്‍സൂണ്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് കൊടുംവരള്‍ച്ച നേരിട്ട ആ കാലം ചൈനയിലെ ടാങ് രാജവംശത്തെ മാത്രമല്ല അസ്തമിപ്പിച്ചത്, ഭൂഗോളത്തിന്റെ മറുവശത്ത് അമേരിക്കയില്‍ മായന്‍ സംസ്ക്കാരത്തിന് ക്ഷയം സംഭവിച്ചതും ആ കാലയളവില്‍ തന്നെയാണ്-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ചെറിയ തോതിലാണ് അനുഭവപ്പെടുകയെങ്കിലും, കാലാവസ്ഥിയിലെ മാറ്റം വന്‍ പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നാണ് ഈ ഗവേഷണം നല്കുന്ന മുന്നറിയിപ്പ്. (അവലംബം: സയന്‍സ് ഗവേഷണവാരിക).
5 comments:
850 എ.ഡി.ക്കും 940 എ.ഡി.ക്കും മധ്യേയുള്ള കാലം പരിഗണിക്കുക. മണ്‍സൂണ്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് കൊടുംവരള്‍ച്ച നേരിട്ട ആ കാലം ചൈനയിലെ ടാങ് രാജവംശത്തെ മാത്രമല്ല അസ്തമിപ്പിച്ചത്, ഭൂഗോളത്തിന്റെ മറുവശത്ത് അമേരിക്കയില്‍ മായന്‍ സംസ്ക്കാരത്തിന് ക്ഷയം സംഭവിച്ചതും ആ കാലയളവില്‍ തന്നെയാണ്. ചൈനയിലെ ഒരു ഗുഹയില്‍ നിന്ന് കണ്ടെത്തിയ ചുണ്ണാമ്പുകള്പ്പുറ്റ് ചൈനയുടെ ചരിത്രം പറയുന്നു, മണ്‍സൂണിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്.
നമ്മുടെ ജീവിതത്തെയും സംസ്കാരത്തെയും നേരിട്ട് ഏറ്റവുമധികം ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ് കാലാവസ്ഥ. എന്നാല്‍ നമ്മള് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാലാവസ്ഥയെ വീക്ഷിക്കാറുമില്ല. മനുഷ്യകുലത്തിന്റെ ഭാവി തിരുത്തിയെഴുതാന്‍ പോന്ന പ്രതിഭാസമാണ് കാലാവസ്ഥാ വ്യതിയാനം. ഭാഗ്യവശാല്‍, തൊണ്ണൂറുകളില്‍ നാം വിചാരിച്ചത്ര തീവ്രമാകില്ല അനന്തരഫലങ്ങള്‍ എന്നാണ് ഇപ്പോഴത്തെ നിഗമനം.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിനെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ടോ എന്നത് പഠനാര്‍ഹമായ ഒരു വിഷയമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പഠനത്തില്‍ ഞാന്‍ കണ്ടത് ആകെ ലഭിക്കുന്ന വാര്‍ഷിക മഴയുടെ അളവ് വലുതായൊന്നും മാറുന്നില്ല എന്നായിരുന്നു. ഈ പഠനം കേരളത്തിലെ 75 വര്‍ഷങ്ങളിലെ ഡാറ്റ ഉപയോഗിച്ചായിരുന്നു. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായ വര്‍ഷങ്ങളിലും വാര്‍ഷിക മഴ ശരാശരിയില്‍ നിന്ന് വളരെയൊന്നും വ്യതിചലിച്ചിരുന്നില്ല. പക്ഷെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സംഗതി അടുത്ത കാലങ്ങളില്‍ പ്രതിദിനം പെയ്യുന്ന മഴയുടെ അളവ് കൂടുകയും മഴദിവസങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നു എന്നതാണ്. ഇങ്ങനെ പെയ്യുന്ന മഴ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുക. പലകാരണങ്ങള്‍ കൊണ്ടും ഈ പഠനം തുടരാന്‍ കഴിഞ്ഞില്ല.
ഈ ബ്ലോഗ് ഇന്നാണു കാണുന്നത്. നന്നായിരിക്കുന്നു. നമ്മുടെ നാട്ടുകാര്‍ ശാസ്ത്രീയ വീക്ഷണം വച്ച് പുലര്‍ത്താത്ത ഒരേയൊരു മേഖലയായിരിക്കണം കാലാവസ്ഥാശാസ്ത്രം. ഈ ബ്ലോഗ് വ്യത്യസ്ഥമാണ്. ഇനി മുടങ്ങാതെ വന്നു കൊള്ളാം. :)

നതാഷ,
ഇവിടെയെത്തിയതില്‍ സന്തോഷം. കാലാവസ്ഥയില്‍ താത്പര്യമുള്ള, പഠനം നടത്തിയ ഒരാളെ ഇവിടെ കണ്ടുമുട്ടുകയെന്നാല്‍ അതിലേറെ നല്ല കാര്യം.
കേരളത്തില്‍ കാലവര്‍ഷത്തിന്റെ വാര്‍ഷിക ശരാശരിയില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെങ്കിലും, മഴയുടെ സ്വഭാവം അടിമുടി മാറിയിരിക്കുന്നു എന്നത് വാസ്തവം തന്നെയാണ്. ആഴ്ചകള്‍കൊണ്ട് പെയ്യേണ്ട മഴ പെട്ടന്ന് ഒന്നോ രണ്ടോ ദിവസംകൊണ്ട് ലഭിക്കുന്ന സ്ഥിതി, കേരളത്തെ ശരിക്കു പറഞ്ഞാല്‍ മറ്റൊരു ചിറാപുഞ്ചിയാക്കി മാറ്റുകയല്ലേ ചെയ്യുക. കുത്തിയൊലിക്കുന്ന മഴയില്‍ മേല്‍മണ്ണ് മുഴുവന്‍ നഷ്ടപ്പെട്ട് ഒരു
'ഈര്പ്പമരുഭൂമി'യായി മാറുകയാണ് ചിറാപുഞ്ചി ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭൂഗര്‍ഭജലം അല്പ്പവും പുഷ്ടിപ്പെടാതെ, വെള്ളം മുഴുവന്‍ ഒറ്റയടിക്ക് ഒഴുകിപ്പോകുന്ന അവസ്ഥ.
നീണ്ടുനില്‍ക്കുന്ന മഴയ്ക്ക് പകരം, ഒറ്റയടിക്ക് പെയ്തിറങ്ങി പ്രളയവും മണ്ണൊലിപ്പും ഉരുള്‍പൊട്ടലും സൃഷ്ടിക്കുന്ന മഴ, കാലാവസ്ഥാമാറ്റത്തിന്റെ ശക്തമായ സൂചകമാണെന്ന് ഒരിക്കല്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സതീഷ്ചന്ദ്രന് പറഞ്ഞത് ഓര്‍ക്കുന്നു. ഇടുക്കിയില്‍ ഒരുകാലത്ത് പെയ്തിരുന്ന 'നാല്പതാംനമ്പര് മഴ'യെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
-ജോസഫ് ആന്റണി
കൂടുതല്‍ മഴ കിട്ടിയാല്‍ അതിനനുസരിച്ച് കൂടുതല്‍ നെല്ല് വിളയും. ജനസംഖ്യയും സമൂഹിക സുരക്ഷിതത്വവും വര്‍ധിക്കും. ഭരണകൂടങ്ങള്‍ ശക്തമായി നിലനില്ക്കും. മഴ കുറയുമ്പോള്‍ സംഗതികള്‍ വിപരീത ദിശയിലാകും
നതാഷയുടെ കമന്റ് വളരെ പ്രസക്തം. അതിന്റെ മറുപടിക്കമന്റും.
അതുകൊണ്ടാണല്ലോ, ഇത്രയും മഴപെയ്തിട്ടും കേരളത്തില്‍ വെള്ളക്ഷാമം അനുഭവപ്പെടുന്നത് ഫെബ്രുവരി കഴിഞ്ഞാല്‍ പിന്നെ.
Post a Comment