Sunday, November 02, 2008

മാംസാഹാരം ശരീരത്തെ ഒറ്റിക്കൊടുക്കുന്നു-പഠനം

അജിനോമോട്ടോ കൊണ്ട്‌ സ്വാദ്‌ വര്‍ധിപ്പിച്ച പഴകിയ മാംസവും, വേവാത്ത മാംസവുമൊക്കെ കഴിക്കുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ്‌ ഡോ. അജിത്‌ വര്‍ക്കിയുടെ കണ്ടെത്തല്‍.

മാംസാഹാരം ശരീരത്തിന്‌ അത്ര നന്നല്ല എന്നതിന്‌ ഒരു തെളിവ്‌ കൂടി. മാട്ടിറച്ചിയും ആട്ടിറച്ചിയും മറ്റും കഴിക്കുമ്പോള്‍ മനുഷ്യശരീരത്തിലെത്തുന്ന അന്യതന്മാത്ര, ഒരിനം മാരകരോഗാണുവിന്‌ ശരീരത്തെ ആക്രമിക്കാന്‍ അവസരമൊരുക്കുമത്രേ. അപകടകരമായ ഭക്ഷ്യവിഷബാധയ്‌ക്ക്‌ ഇത്‌ കാരണമാകും. ഒരര്‍ഥത്തില്‍ ശരീരത്തെ ഒറ്റിക്കൊടുക്കുന്നതിന്‌ തുല്യമാണിത്‌. മലയാളി ഗവേഷകന്‍ ഡോ. അജിത്‌ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷണസംഘമാണ്‌ ഈ കണ്ടെത്തലിന്‌ പിന്നില്‍.

ഇറച്ചിയിലൂടെയും മറ്റും ശരീരത്തിലെത്തുന്ന ഒരിനം പഞ്ചസാര തന്മാത്രയുടെ സഹായത്തോടെ ബാക്ടീരിയയ്‌ക്ക്‌ ഭക്ഷ്യവിഷബാധ സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌. 'നേച്ചര്‍' ഗവേഷണവാരികയുടെ പുതിയ ലക്കത്തിലാണ്‌, അമേരിക്കയിലെ സാന്‍ ഡിയേഗോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ (യു.സി.എസ്‌.ഡി) ഗവേഷകനായ ഡോ. അജിത്‌ വര്‍ക്കിയുടെയും സംഘത്തിന്റെയും ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ശരിയായി വേവാത്ത മാംസവും പഴകിയ മാംസവും പാലുത്‌പന്നങ്ങളും ഉപയോഗിക്കുന്നത്‌ മാരകമായ ഫലമുണ്ടാക്കാമെന്ന്‌ ഈ പഠനം മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍, പഴങ്ങള്‍ പച്ചക്കറികള്‍ മുതലായവയില്‍ ഇത്തരം പഞ്ചസാര തന്മാത്രകളുടെ സാന്നിധ്യം വളരെ കുറവാണ്‌.

മനുഷ്യരിലില്‍ കാണപ്പെടാത്ത ഒന്നാണ്‌ 'എന്‍-ഗ്ലൈക്കോലൈല്‍ന്യൂറാമിനിക്‌ ആസിഡ്‌' (N-glycolylneuraminic acid -Neu5Gc) എന്ന പഞ്ചസാര തന്മാത്ര. മറ്റ്‌ ജീവികളില്‍ ഈ തന്മാത്ര സുലഭമായുണ്ട്‌. മാംസാഹാരം വഴി ഇത്‌ മനുഷ്യ ശരീരത്തിലെത്തുന്നു. മാരകമായ ഭക്ഷ്യവിഷബാധയ്‌ക്കിടയാക്കുന്ന 'സബ്‌ടിലേസ്‌ സൈറ്റോടോക്‌സിന്‍' (subtilase cytotoxin) എന്ന വിഷവസ്‌തു ഉത്‌പാദിപ്പിക്കാന്‍ ഒരിനം ഇ-കോളി ബാക്ടീരിയയ്‌ക്ക്‌ ഈ തന്മാത്ര അവസരമൊരുക്കുന്നു എന്നാണ്‌ ഇപ്പോഴത്തെ കണ്ടെത്തല്‍. രക്തത്തോടുകൂടിയ കഠിന വയറിളക്കത്തിന്‌ ഈ വിഷവസ്‌തു കാരണമാകും.

ഹീമോലിറ്റിക്ക്‌ യുറേമിക്‌ സിന്‍ഡ്രോം (HUS) എന്ന്‌ ഈ മാരകരോഗം, 'ഹാംബര്‍ഗര്‍ രോഗം' എന്നും അറിയപ്പെടുന്നു. കേടുവന്ന ഇറച്ചി കഴിക്കുന്നവരില്‍ ഉണ്ടാകുന്ന അസുഖമായതിനാലാണ്‌ ഈ പേര്‌. `ശരീരം ആഗിരണം ചെയ്യുന്ന ആ പഞ്ചസാര തന്മാത്രകള്‍, ഇ-കോളി ബാക്ടീരിയ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുവിന്റെ പ്രവര്‍ത്തന ലക്ഷ്യമാവുകയാണ്‌ സംഭവിക്കുന്നത്‌'-ഡോ. അജിത്‌ വര്‍ക്കി പറയുന്നു.

മനുഷ്യരിലില്ലാത്തതും മറ്റ്‌ ജീവികളില്‍ കാണപ്പെടുന്നതുമായ ആ സവിശേഷ പഞ്ചസാര തന്മാത്രയെക്കുറിച്ച്‌ വര്‍ഷങ്ങളായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ശാസ്‌ത്രജ്ഞനാണ്‌ ഡോ. അജിത്‌ വര്‍ക്കി. മനുഷ്യപരിണാമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍, ഏതാണ്ട്‌ 30 ലക്ഷം വര്‍ഷം മുമ്പാണ്‌ ആ തന്മാത്രയ്‌ക്ക്‌ കാരണമായ ജീന്‍ മനുഷ്യന്‌ നഷ്ടമായതെന്ന്‌ അദ്ദേഹവും സഹപ്രവര്‍ത്തകരും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടെത്തിയിരുന്നു. ചില അസുഖങ്ങള്‍ മനുഷ്യരെ മാത്രം ബാധിക്കുന്നതിനും, മറ്റു ജീവികള്‍ക്ക്‌ പ്രശ്‌മുണ്ടാക്കാത്തതിനും ഒരു കാരണം ആ പഞ്ചസാര തന്മാത്രയുടെ അഭാവമാണെന്ന്‌ കരുതുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന പല സവിശേഷതകള്‍ക്കും (മസ്‌തിഷ്‌ക്ക വലിപ്പം ഉദാഹരണം) കാരണം ആ ജീന്‍ നഷ്ടമാണെന്നും വാദമുണ്ട്‌.

മാംസവും പാലുത്‌പന്നങ്ങളും കഴിക്കുമ്പോള്‍ Neu5Gc എന്ന തന്മാത്ര മനുഷ്യന്റെ കോശപാളികള്‍ ആഗിരണം ചെയ്യുന്നതായി അഞ്ചുവര്‍ഷം മുമ്പ്‌ ഡോ. അജിത്‌ വര്‍ക്കി കണ്ടെത്തുകയുണ്ടായി. രക്തധമനികളിലും കുടലിലുമുള്ള കോശങ്ങളുടെ പ്രതലത്തിലാണ്‌ ഈ തന്മാത്ര കുടിയേറുകയെന്നും തെളിയുകയുണ്ടായി. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ പ്രതികരണമുണ്ടാക്കാന്‍ ഈ തന്മാത്രകള്‍ക്കു കഴിയും. അതിന്റെ ഫലമായി കോശപാളികളില്‍ നീര്‍ക്കെട്ടുണ്ടാകാറുമുണ്ട്‌.

യു.സി.എസ്‌.ഡി.യിലെ 'ഗ്ലൈക്കോബയോളജി റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിങ്‌ സെന്ററി'ന്റെ സഹമേധാവിയായ ഡോ. അജിത്‌ വര്‍ക്കിയുടെ കുടുംബവേരുകള്‍ കേരളത്തിലാണ്‌. മാവേലിക്കര ആലിന്റെ തെക്കേതില്‍ കുടുംബത്തിലെ അംഗവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന എ. എം. വര്‍ക്കിയുടെ മകന്‍ മാത്യു വര്‍ക്കിയാണ്‌ ഡോ. അജിത്‌ വര്‍ക്കിയുടെ പിതാവ്‌. പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ പോത്തന്‍ ജോസഫിന്റെ മകള്‍ അന്ന വര്‍ക്കിയാണ്‌ മാതാവ്‌. വെല്ലൂര്‍ മെഡിക്കല്‍കോളേജില്‍ നിന്ന്‌ മെഡിസിനില്‍ ബിരുദമെടുത്ത അജിത്‌ വര്‍ക്കി, സെന്റ്‌ ലൂയിസിലെ വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ്‌ കാലിഫോണിയ സര്‍വകലാശാലയില്‍ ചേര്‍ന്നത്‌. ഭാര്യ ഡോ. നിസ്സി വര്‍ക്കിയും ഇതേ സര്‍വകലാശാലയില്‍ ഗവേഷകയാണ്‌. പുതിയ കണ്ടെത്തല്‍ നടത്തിയ സംഘത്തില്‍ ഡോ. നിസ്സിയും അംഗമായിരുന്നു.
(അവലംബം: നേച്ചര്‍, കാലിഫോര്‍ണിയ സര്‍വകലാശാല-സാന്‍ ഡിയേഗോയുടെ വാര്‍ത്താക്കുറിപ്പ്‌. കടപ്പാട്‌: മാതൃഭൂമി)

17 comments:

Joseph Antony said...

ഇറച്ചിയിലൂടെയും മറ്റും ശരീരത്തിലെത്തുന്ന ഒരിനം പഞ്ചസാര തന്മാത്രയുടെ സഹായത്തോടെ ബാക്ടീരിയയ്‌ക്ക്‌ ഭക്ഷ്യവിഷബാധ സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തല്‍. സാന്‍ ഡിയേഗോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. അജിത്‌ വര്‍ക്കിയും സംഘവുമാണ്‌ ഈ കണ്ടെത്തലിന്‌ പിന്നില്‍.

സാജന്‍| SAJAN said...

നന്ദി ജോസഫ് മാഷെ, ഈ വിവരണത്തിന്:)

ഒരു “ദേശാഭിമാനി” said...

വിവരണത്തിനു നന്ദി! നമുക്കും അഭിമാനിക്കാമല്ലോ ഒരു മലയാളിയുടെ മികവില്‍!

പാര്‍ത്ഥന്‍ said...

മാഷെ,
വിവരണങ്ങളൊക്കെ നന്നായി. നമ്മുടെ സൂരജും പാർട്ടിയും കേൾക്കണ്ട. ആയുർവ്വേദ അടി ബ്ലോഗിലെ ഈ വിഷയത്തെക്കുറിച്ചുള്ള തർക്കത്തിന് ഉത്തരം കിട്ടാതെ കിടക്കുകയാണ്.

അനില്‍@ബ്ലോഗ് // anil said...

ഗവേഷണങ്ങളിലെ കണ്ടെത്തല്‍ അദ്ദേഹത്തിനു ബഹുമതികള്‍ ലഭിക്കാന്‍ ഉതകട്ടെ എന്നാശംസിക്കുന്നു.

ഈ പഞ്ചസാര ശരീരത്തിലുള്ള മൃഗങ്ങളുടെ ആരോഗ്യാവസ്ഥയെപറ്റിയുള്ള ഒരു പരാമര്‍ശവും കൂടി വേണ്ടിയിരുന്നു.

Kvartha Test said...

അങ്ങനെ എല്ലാവരും സസ്യാഹാരി ആകൂ!

മലമൂട്ടില്‍ മത്തായി said...

നന്നായി പാകം ചെയ്ത മാംസം കഴിച്ചാല്‍ ഒരു കുഴപ്പവും സംഭവിക്കില്ല. പിനെങ്ങിനെയാണ് മാംസാഹാരം ശരീരത്തെ ഒറ്റു കൊടുക്കല്‍ ആകുന്നതു? ഇ-കോളി ബാക്ടീരിയ മാംസആഹാരത്തില്‍ കൂടി മാത്രമല്ല, സസ്യാഹരത്തില്‍ കൂടിയും പകരാം - കുറച്ചു മാസം മുന്പേ അമേരിക്കയില്‍ ഉണ്ടായിരുന്ന ഇ-കോളി പ്രശ്നത്തിന് കാരണകാരന്‍ ചീര/ തക്കാളി/ മുളക് ആയിരുന്നു.

Suraj said...

തെറ്റിദ്ധാരണാ ജനകമായ റിസേര്‍ച് റിപ്പോര്‍ട്ടിംഗിന്റെ ഉദാഹരണമായി ഈ പോസ്റ്റ് എന്നു പറയാതെ വയ്യ ജോസഫ് മാഷേ.


1. മാംസാഹാരം ശരീരത്തെ ഒറ്റിക്കൊടുക്കുന്നു എന്നതു വായിച്ചാല്‍ മാംസാഹാരത്തിനെതിരായി വന്ന പഠനമാണിതെന്ന് തോന്നും.

"മാംസാഹാരം ശരീരത്തിന്‌ അത്ര നന്നല്ല എന്നതിന്‌ ഒരു തെളിവ്‌ കൂടി." എന്ന വാചകം ഈ ഗവേഷണത്തെ സംബന്ധിച്ചിടത്തോളം പരിഗണനയിലേ ഇല്ലാത്ത വിഷയമാണ്. അങ്ങനെയൊരു സാമാന്യവല്‍ക്കരണം ഈ ഗവേഷണം വച്ച് നടത്താനാവില്ല.

മലിനമായ മാംസാഹാര‍ത്തില്‍ വളരാന്‍ സാധ്യതയുള്ള, ഷിഗാ ടോക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന, ഒരു തരം Escherichia coli എന്ന ബാക്ടീരിയം (STEC) അതിന്റെ സട്ടിലേസ് സൈറ്റോ ടോക്സിന്‍ ആഹാരം വഴി മനുഷ്യശരീരത്തിലെത്തുന്ന Neu5GC എന്ന ഗ്ലൈക്കനുമായി പ്രതിപ്രവര്‍ത്തിച്ച് അണുബാധയ്ക്ക് കാരണമാകുന്നതിന്റെ മെക്കാനിസം ആണ് ഈ ഗവേഷണത്തിന്റെ ഫോക്കസ്.

Red meat - ബീഫ്, മട്ടണ്‍ ആദിയായ സസ്തനികളുടെ മാംസം -ആണ് പരാമര്‍ശവിഷയം. ഒപ്പം പാല്‍/പാലുല്‍പ്പന്നങ്ങളും. ഇവയില്‍ Neu5GC ഗ്ലൈക്കന്‍ സമൃദ്ധമാണ് എന്നതിനാല്‍ ഇവ കഴിക്കുന്നതിലൂടെയാകാം Neu5GC മനുഷ്യശരീരത്തിലെത്തുന്നത് എന്നാണ് ഈ ഗവേഷണത്തിന്റെ ലൈനിലുള്ള വര്‍ക്കിസാറിന്റെ തന്നെ മുന്‍ കാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

Neu5Gc എന്ന ഗ്ലൈക്കന്റെ അളവ് പഴം,പച്ചക്കറി,മുട്ട,മീന്‍,കോഴിയടക്കമുള്ള പക്ഷിയിറച്ചി എന്നിവയില്‍ വളരെ താഴ്ന്നതാണ് എന്ന് മുന്‍പേ കണ്ടെത്തിയിട്ടുണ്ട്. ഈ പഠനവും ഇതേ ലൈനിലുള്ള മുന്‍ പഠനങ്ങളും അവയെ ഈ "അപകട സാധ്യതാ" ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (2003ല്‍ വര്‍ക്കി സാറും കൂട്ടരും പ്രസിദ്ധീകരിച്ച പഠനം.)‍

മീന്‍, പക്ഷിയിറച്ചികള്‍ തുടങ്ങിയവ white meat ഗണത്തില്‍ വരുന്നവയാണ്.


2. "രക്തത്തോടുകൂടിയ കഠിന വയറിളക്കത്തിന്‌ ഈ വിഷവസ്‌തു കാരണമാകും.ഹീമോലിറ്റിക്ക്‌ യുറേമിക്‌ സിന്‍ഡ്രോം (HUS) എന്ന്‌ ഈ മാരകരോഗം, 'ഹാംബര്‍ഗര്‍ രോഗം' എന്നും അറിയപ്പെടുന്നു. കേടുവന്ന ഇറച്ചി കഴിക്കുന്നവരില്‍ ഉണ്ടാകുന്ന അസുഖമായതിനാലാണ്‌ ഈ പേര്‌."

പോസ്റ്റിലെ ഈ വാചകം വസ്തുതാപരമല്ല.

എസ്ചറീഷ്യ കോളൈ എന്ന വലിയൊരു ബാക്ടീരിയാ വര്‍ഗ്ഗത്തില്പെട്ട അസുഖമുണ്ടാക്കുന്ന ചെറിയൊരു വിഭാഗം ബാക്ടീരിയയാണ് ഷിഗാ ടോക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന STECകള്‍. ഇവ മൂലമുള്ള അണുബാധ രക്തം കലര്‍ന്ന വയറിളക്കത്തിനു കാരണമാകാം.

ഹീമോലിറ്റിക് യുറീമിക് സിന്‍ഡ്രോമെന്ന് (HUS) വിളിക്കുന്നത് അതിനെ അല്ല.

E. coli O157:H7 എന്നതരം STEC ബാക്ടീരിയമാണ് പ്രധാനമായും HUS ഉണ്ടാക്കുന്നത്. വയറിളക്കമായി തുടങ്ങുന്ന അണുബാധ രക്തസ്രാവത്തിനും തുടര്‍ന്ന വൃക്കത്തകരാറിനും കാരണമാകുമ്പോഴാണ് HUS എന്ന് അതിനെ വിളിക്കുക. ഇത് തലച്ചോറിനെ ബാധിക്കുമ്പോള്‍ Thrombocytopenic Purpura (TTP) എന്ന് വിളിക്കും.പരാമൃഷ്ട പഠനത്തിന്റെ വിഷയമായ ഷിഗാ ടോക്സിനുല്പ്പാദിപ്പിക്കുന്ന E.coli അണുബാധ ഏല്‍ക്കുന്നവരില്‍ 5-10% ആളുകളിലേ HUS എന്ന മാരകാവസ്ഥയുണ്ടാകാറുള്ളൂ.

താരതമ്യേന അപൂര്‍വമായ ഒരു ഇന്‍ഫക്ഷന്‍ വച്ചുകൊണ്ട് മാംസാഹാരത്തിനു മുഴുവന്‍ "മാരകത്വം" സാമാന്യവല്‍ക്കരിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്ന്.

3. മാംസാഹാരം കഴിക്കുന്നതിലൂടെ വരാവുന്ന STEC അണുബാധ അതിന്റെ പത്തോ ഇരുപതോ കാരണങ്ങളിലൊന്നേ ആവുന്നുള്ളൂ.

പാസ്ചറൈസ് ചെയ്യാത്ത പാല്‍, വെണ്ണ, ചീസ് ,ശുദ്ധമല്ലാത്ത വെള്ളം, മൃഗ മലവുമായി- ചാണകം അടക്കം - ബന്ധം, പശു എരുമ ആട് തുടങ്ങിയവയെ പാല്‍ കറക്കുന്നതു വഴി, പച്ചക്കറി പച്ചയ്ക്ക് കഴിക്കുന്നതു വഴി എന്നിങ്ങനെ വേറെ ഒരുപാട് വഴികളുണ്ട് ഈ അണുബാധയ്ക്ക്.

(ഭൂരിപക്ഷം ഷിഗാ ടോക്സിന്‍ മൂലമുള്ള വയറിളക്കങ്ങളും അഞ്ചോ ആറോ ദിവസത്തിനുള്ളില്‍ സുഖപ്പെടുമെന്നതിനാല്‍ രോഗം വ്യാപകമായി പൊട്ടിപ്പുറപ്പെടുമ്പോഴേ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ.)

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഈ പഠനമെടുത്ത് മൊത്തം മാംസാഹാരത്തിനുമെതിരേ സാമാന്യവല്‍ക്കരിക്കുന്നത് വസ്തുതാപരമല്ല.


4. ഈ പഠനത്തില്‍ ഹീമോലിറ്റിക് യുറീമിക് സിന്‍ഡ്രോം ഉണ്ടാക്കാന്‍ കഴിവുള്ളതെന്ന് പറയുന്ന E. coli O157:H7 എന്ന അതേ "ഭീകര ബാക്ടീരിയം" പാകം ചെയ്യാത്ത സ്പിനച്ച് (പച്ചക്കറി)ലൂടെയും മാരക രോഗത്തിനു കാരണമാകാറുണ്ട്.

എന്ന് വച്ച് ആരും "പച്ചക്കറി ശരീരത്തെ ഒറ്റിക്കൊടുക്കുന്നു - പഠനം" എന്ന് എഴുതില്ല !!

അനില്‍@ബ്ലോഗ് സസ്യാഹാരം ഇങ്ങനെ അപകടമുണ്ടാക്കുന്നുവെന്ന് മുന്‍പ് എഴുതിയ പോസ്റ്റിന്റെ ലിങ്ക് ഇവിടെ. അതിനുള്ള ഈയുള്ളവന്റെ കമന്റ് ഇവിടെ.

6. റീസേര്‍ച് വാര്‍ത്തകള്‍ക്ക് ശ്രദ്ധ പിടിച്ചു പറ്റുന്ന തലക്കെട്ടുകള്‍ കൊടുക്കുമ്പോള്‍ റിസേര്‍ച്ച് യഥാര്‍ത്ഥത്തില്‍ പറയുന്നതെന്ത് എന്നത് പലപ്പോഴും വിഴുങ്ങുന്നു; അല്ലെങ്കില്‍ കാര്യമായ പ്രാധാന്യം കൊടുക്കുന്നില്ല.

ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത് :
"ശരിയായി വേവാത്ത മാംസവും പഴകിയ മാംസവും പാലുത്‌പന്നങ്ങളും ഉപയോഗിക്കുന്നത്‌ മാരകമായ ഫലമുണ്ടാക്കാമെന്ന്‌ ഈ പഠനം മുന്നറിയിപ്പു നല്‍കുന്നു."


വസ്തുത:
"ശരിയായി വേവാത്തതോ പഴകിയതോ ആയ റെഡ് മാംസവും (ബീഫ്,മട്ടണ്‍)പാസ്ചറൈസ് ചെയ്യാത്ത പാലുത്‌പന്നങ്ങളും ഉപയോഗിക്കുന്നത്‌ ഷിഗാടോക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നയിനം എസ്ചറീഷ്യ കോളൈ ബാക്ടീരിയ മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം" എന്നേ ഈ പഠനം മുന്നറിയിപ്പു നല്‍കുന്നുള്ളൂ.


ഇ-കോളൈ അണുബാധ തടയാന്‍ നിലവിലെ അറിവുകള്‍ വച്ച് നമ്മളാല്‍ ചെയ്യാവുന്നത് താഴെ കൊടുക്കുന്നു:


a). മാംസം, പച്ചക്കറികള്‍ എന്നിവ കൈകാര്യം ചെയ്താൽ കൈകൾ ചെറു ചൂടിൽ കഴുകുക. നഖത്തിനടിയിലെ അഴുക്ക് പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചുകളയുക.

b). ചെറു ചൂടിൽ പച്ചക്കറികൾ കഴുകുക. മാർദ്ദവമുള്ള ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ച് മണ്ണും ചെളിയും കളയുക. ഒഴുകിപ്പോകുന്ന വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക. പാത്രത്തിലെടുത്ത വെള്ളത്തിലിട്ട് കഴുകിയിട്ട് കാര്യമില്ല - പൈപ്പിനടിയിൽ പിടിക്കൂ ..... ;)

c) മുറിച്ചു കഴിഞ്ഞ് ബാക്കി വരുന്ന പച്ചക്കറിയും പഴങ്ങളും ഫ്രിഡ്ജിൽ (5 ഡിഗ്രി സെന്റീഗ്രേഡ്) സുക്ഷിക്കുക.

d). മാംസം 70ഡിഗ്രി സെത്ഷ്യസിലെങ്കിലും വേവിക്കേണ്ടതുണ്ട്. (നമ്മുടെ നാട്ടില്‍ അതില്‍ കൂടുതല്‍ ചൂ‍ടുപയോഗിക്കാറുണ്ടെന്നത് നല്ല കാര്യം. വിദേശത്ത് പലപ്പോഴും rare, medium എന്നിങ്ങനെ കാര്യമായി പാകം ചെയ്യാതെയും ഭക്ഷണശാലകളില്‍ മാംസം കിട്ടും). ബീൻസ്, പയറ് വർഗ്ഗങ്ങൾ എന്നിവ കഴിവതും വേവിച്ചു മാത്രം കഴിക്കുക.

e). ചീഞ്ഞ ഭാഗങ്ങൾ ഒരുകാരണവശാലും തിന്നരുത് (അതു പിന്നെ പറയണോ ... ?!)

f). ആട് മാടുകളുമായി ഇടപഴകിക്കഴിഞ്ഞാല്‍ വൃത്തിയായി ശരീരം കഴുകിയിട്ട് മാത്രം ആഹാരം പാകം ചെയ്യുക.

g) പാല്‍ പാസ്ചറൈസ് ചെയ്തതോ തിളപ്പിച്ചതോ മാത്രം ഉപയോഗിക്കുക.

h) കെട്ടിക്കിടക്കുന്ന വെള്ളം - വിശേഷിച്ച് തൊഴുത്ത്, ഡെയറി ഫാം എന്നിവയ്ക്കടുത്തുള്ളവ - കോളിഫോം ബാക്ടീരിയകളുടെ വിഹാര കേന്ദ്രമാണ്. അവ ഒഴിവാക്കുക.

...........................

ഓഫ്:

"...നമ്മുടെ സൂരജും പാർട്ടിയും കേൾക്കണ്ട. ആയുർവ്വേദ അടി ബ്ലോഗിലെ ഈ വിഷയത്തെക്കുറിച്ചുള്ള തർക്കത്തിന് ഉത്തരം കിട്ടാതെ കിടക്കുകയാണ്.."

പാര്‍ത്ഥന്‍ ജീ ,

അടി എന്താണെന്ന് വായിച്ചിട്ട് കമന്റിയാല്‍ നന്നായിരുന്നു.
"Don't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace" എന്ന് പണിക്കര്‍ മാഷ് "പ്രിന്‍സിപ്പിള്‍സ് ഒഫ് ആയുര്‍വേദ" എന്ന പോസ്റ്റില്‍ എഴുതി.

സുശ്രുത സംഹിതയില്‍ പലകാലത്ത് കഴിക്കാവുന്ന ഏതാണ്ട് 64 തരം മാംസാഹാരത്തെ കുറിച്ച് വളരെ വ്യക്തമായി വര്‍ഗ്ഗീകരിച്ചുതന്നെ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ മാംസാഹാരം കഴിക്കരുതെന്ന് ഏത് ആയുര്വേദമാണാവോ പറയുന്നതെന്നേ ഈയുള്ളവന്‍ ചോദിച്ചുള്ളൂ.

അതില്‍ തന്നെ ഉത്തരവുമുണ്ട് :)) അന്വേഷിപ്പിന്‍ കണ്ടെത്തും.

"സൂരജും പാര്‍ട്ടിയും"... ഏത് പാര്‍ട്ടിയാണാവോ ?

Suraj said...

അല്പം പശ്ചാത്തല വിവരണംകൂടി ചേര്‍ത്ത് മേല്‍ക്കമന്റ് ഇവിടെ പോസ്റ്റാക്കിയിട്ടുണ്ട്.

പാര്‍ത്ഥന്‍ said...

Suraj,
അങ്ങിനെ ഒരു കമന്റിട്ടകാരണം കുറച്ചുകൂടി വിശദമായ ഒരു വിവരണം ഞങ്ങൾക്ക് കിട്ടി എന്ന സന്തോഷം ഉണ്ട്. റിസർച്ച് റിപ്പോർട്ടും വളച്ചാൽ ഒടിയും എന്നു മനസ്സിലായി.
പിന്നെ പാർട്ടിയിൽ ആളില്ലെങ്കിൽ, ഇക്കാര്യത്തിൽ ഞാനും പാർട്ടിയിൽ ചേർന്നു.

പാര്‍ത്ഥന്‍ said...

Suraj,

Your thinking will become carnivorous and you will not have mental peace"

ഇതൊരു ആലങ്കാരിക പ്രയോഗമായി എടുക്കാവുന്നതല്ലേയുള്ളൂ?

Joseph Antony said...

സൂരജ്‌,
ഇത്ര ഇന്‍ഫര്‍മേറ്റീവായ കമന്റിടാന്‍ നടത്തിയ ശ്രമത്തിനും അതിന്‌ സമയം കണ്ടെത്തിയതിനും നന്ദി.

സുദീര്‍ഘമായ ഈ കമന്റിലൂടെ താങ്കള്‍ പറയാന്‍ ശ്രമിച്ചത്‌, ഡോ.അജിത്‌ വര്‍ക്കിയും സംഘവും നടത്തിയ കണ്ടെത്തല്‍ 'കുറിഞ്ഞി ഓണ്‍ലൈന്‍' റിപ്പോര്‍ട്ടു ചെയ്‌തത്‌ യാഥാര്‍ഥ്യത്തിന്‌ നിരക്കുന്ന തരത്തിലല്ല, വളച്ചൊടിച്ചാണ്‌ എന്നാണല്ലോ. താങ്കളുടെ കമന്റിന്‌ പിന്നിലെ ആത്മാര്‍ഥതയെയും, വിജ്ഞാനം വളച്ചൊടിക്കപ്പെടാന്‍ പാടില്ല എന്ന ശക്തമായ നിലപാടും ശ്ലാഘനീയം തന്നെയാണ്‌. പക്ഷേ, ആ കമന്റ്‌ വഴി വായനക്കാര്‍ക്ക്‌ അല്‍പ്പം ആശയക്കുഴപ്പം ഉണ്ടായെന്ന്‌ പാര്‍ഥന്റെ വാക്കുകളില്‍ നിന്ന്‌ ('ഗവേഷണഫലവും വളച്ചാല്‍ വളയും...') വ്യക്തം.

ഈ സാഹചര്യത്തില്‍, സാക്ഷാല്‍ ഡോ.അജിത്‌ വര്‍ക്കിയുടെ സര്‍വകലാശാല ഈ ഗവേഷണത്തെപ്പറ്റി പുറത്തു വിട്ട വാര്‍ത്താക്കുറിപ്പ്‌ ഇവിടെ ചേര്‍ക്കുന്നു....

Embargoed for release: 29-Oct-2008 14:00 Eastern US Time
[ Print Article | Close Window ]

Contact: Debra Kain
ddkain@ucsd.edu
619-543-6163
University of California - San Diego
Eating red meat sets up target for disease-causing bacteria

Non-human molecules absorbed by eating red meat increase risk of food poisoning in humans

Offering another reason why eating red meat could be bad for you, an international research team, including University of California, San Diego School of Medicine professor Ajit Varki, M.D., has uncovered the first example of a bacterium that causes food poisoning in humans when it targets a non-human molecule absorbed into the body through red meats such as lamb, pork and beef.

In findings to be published on line October 29th in advance of print in the journal Nature, the scientists discovered that a potent bacterial toxin called subtilase cytotoxin specifically targets human cells that have a non-human, cellular molecule on their surface. The molecule �N-glycolylneuraminic acid (Neu5Gc) � is a type of glycan, or sugar molecule, that humans don't naturally produce.

Subtilase cytotoxin is produced by certain kinds of E. coli bacteria, causing bloody diarrhea and a potentially fatal disease called haemolytic uraemic syndrome (HUS) in humans. Humans usually become infected after eating contaminated red meat, which is why this is also known as "hamburger" disease.

Varki, UC San Diego School of Medicine distinguished professor of medicine and cellular and molecular medicine, and co-director of the UCSD Glycobiology Research and Training Center, previously discovered that humans don't produce Neu5Gc because they lack the gene responsible for its production. Therefore, it was thought that humans should be resistant to the toxin.

"Ironically, humans may set themselves up for an increased risk of illness from this kind of E. coli bacteria present in contaminated red meat or dairy, because these very same products have high-levels of Neu5Gc," Varki explained. "The Neu5Gc molecule is absorbed into the body, making it a target for the toxin produced by E. coli."

In the Nature study, the researchers discovered that sites where the Neu5Gc has been incorporated into the human body coincide with toxin binding. "When the toxin binds to the non-human Neu5Gc receptors, it can result in serious food-poisoning and other symptoms in humans," said Varki. The research emphasizes the need for people to eat only well-cook meat or pasteurized dairy products, processes that destroy contaminating bacteria.

Five years ago, Varki and his colleagues at the UC San Diego School of Medicine published a paper in the Proceedings of the National Academy of Sciences describing how Neu5Gc is absorbed into human tissues � including the surface of cells lining the intestines and blood vessels � as a result of eating red meat and milk products. At the time, the researchers also showed that this foreign molecule generates an immune response that could potentially lead to inflammation in human tissues. The UC San Diego study was the first to investigate human dietary absorption of the Neu5Gc glycans which, while not produced in humans, does occur naturally in red meats. Levels are very low or undetectable in fruits, vegetables, eggs, poultry and fish. The researchers proved that people who ingest Neu5Gc incorporate some of it into their tissues, and demonstrated that many generated an immune response against the molecule, conjecturing that a lifetime of gradual incorporation of this glycan "invader" could result in disease.

###
The UC San Diego team included postdoctoral fellow Jonas C. L�fling and professor of pathology Nissi M. Varki. The international research collaborators included Jamie Rossjohn and Dr. Travis Beddoe, as well as Emma Byres and Matthew C.C. Wilce from Monash University in Victoria, Australia; Adrienne W. Paton, James C. Paton, Ursula M. Talbot and Damien C. Chong of the University of Adelaide, South Australia; David F. Smith, Emory University School of Medicine, Atlanta, Georgia; and Hai Yu, Shengshu Huang and Xi Chen, UC Davis Department of Chemistry.

The research was funded by the National Institutes of Health, and by Australia's National Health and Medical Research Council.

NB: മാട്ടിറച്ചിയും ആട്ടിറച്ചിയും പന്നിയിറച്ചിയും മറ്റും കഴിക്കുക വഴി ശരീരത്തിലെത്തുന്ന ഒരു അന്യതന്മാത്ര, ശരീരത്തെ അപകടപ്പെടുത്താന്‍ അവസരമൊരുക്കിക്കൊടുക്കുന്നതിനെ 'ഒറ്റിക്കൊടുക്കുക' എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടോ. അതേ കുറിഞ്ഞി ഓണ്‍ലൈനിലെ റിപ്പോര്‍ട്ടിന്റെ തലവാചകം ചെയ്‌തിട്ടുള്ളൂ.
-ജോസഫ്‌ ആന്റണി

Joseph Antony said...
This comment has been removed by the author.
Suraj said...

പ്രിയ ജോസഫ് മാഷ്,

വീണ്ടൂം, കമന്റ് നീളുന്നു..ക്ഷമിക്കണം :)

1. ഇവിടെയിട്ട കമന്റില്‍ ഞാന്‍ ഇങ്ങനെ എഴുതി : “തെറ്റിദ്ധാരണാ ജനകമായ റിസേര്‍ച് റിപ്പോര്‍ട്ടിംഗിന്റെ ഉദാഹരണമായി ഈ പോസ്റ്റ് എന്നു പറയാതെ വയ്യ ജോസഫ് മാഷേ.”

എന്നാല്‍ താങ്കളുടെ ഈ പോസ്റ്റ് ആധാരമാക്കിയ പഠനങ്ങളുടെ (നേചറിലും മറ്റും വന്ന) അസ്സല്‍ അല്ലാതെ അതിനെ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്ത ന്യൂ സയന്റിസ്റ്റിന്റേതൊഴികെയുള്ള വെബ് സൈറ്റുകള്‍ ഞാന്‍ കണ്ടിരുന്നില്ല.

ഈ കമന്റ് ഒരു പോസ്റ്റായി എന്റെ ബ്ലോഗില്‍ ഇടും മുന്‍പ് നോക്കിയപ്പോഴാണ് മിക്ക വെബ് സൈറ്റുകളും - സയന്‍സ് ഡെയ്ലി പോലെ ശാസ്ത്രവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവയുള്‍പ്പടെ - ഇതിനെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.

അതിനാല്‍ മേല്‍ കമന്റില്‍ പറഞ്ഞ വാചകം മെഡിസിന്‍@ബൂലോകത്തില്‍ പോസ്റ്റാക്കിയപ്പോള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: “..മാഷ് മാത്രമല്ല, പല വെബ് സൈറ്റുകളും, വിശേഷിച്ച് വെജിറ്റേറിയനിസം പ്രമോട്ട് ചെയ്യുന്നവ, വളച്ചൊടിച്ചാണ് ഈ ഗവേഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.”

University of California - San Diego വാര്‍ത്തയും കുറച്ചൊക്കെ ഈ വ്യാഖ്യാനപ്പിഴവ് വരുത്തിയിട്ടുണ്ട്.ഉദാഹരണം :“..Offering another reason why eating red meat could be bad for you...” എന്ന വാചകം തന്നെ.

2. പ്രൊഫ:വര്‍ക്കിയുടെ പഠനങ്ങള്‍ ബയോക്കെമിക്കല്‍ നിലവാരത്തില്‍ ഉള്ള പഠനമാണ്. അവയൊന്നും തന്നെ പോപ്പുലേയ്ഷന്‍ പഠനമല്ല.അതിനാല്‍ ആ മെക്കാനിസം സാമാന്യവല്‍ക്കരിക്കും മുന്‍പ് ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്.

ലളിതമായ ഒരു ഉദാഹരണത്തിന് കൊളസ്ട്രോള്‍ ഹൃദ്രോഗത്തിനു കാരണമാകുന്നു എന്ന കണ്ടെത്തല്‍ നോക്കുക. കൊളസ്ട്രോള്‍ ധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കുന്നതിന്റെ ജൈവരാസതലത്തിലെ മെക്കാനിസം ഏതാനും പരീക്ഷണശാലാ ഗവേഷണത്തിലൂടെ കണ്ടെത്തിയാല്‍ മാത്രം അതിനെ സാമാന്യവല്‍ക്കരിക്കാനാവില്ല. പോപ്പുലേയ്ഷന്‍ പഠനങ്ങളിലൂടെ ഉയര്‍ന്ന രക്ത കൊളസ്ട്രോള്‍ ഉള്ളവരില്‍ ധമനീരോഗസാധ്യത കൂടുതലാണെന്ന തെളിയിക്കപ്പെടണം.കുറഞ്ഞ കൊളസ്ട്രോള്‍ ഉള്ളവരില്‍ മറിച്ചുള്ള തെളിവുകളും കിട്ടണം. കൊളസ്ട്രോള്‍ മൂലമുള്ള ധമനീരോഗം വരുന്നവരില്‍ വ്യാപകമായി ഈ മെക്കാനിസം ആവര്‍ത്തിച്ച് സ്ഥാപിക്കപ്പെടണം...അങ്ങനെയങ്ങനെ കാര്യകാരണ (causal relation)ബന്ധം തെളിയുമ്പോള്‍ മാത്രമേ റിസള്‍ട്ട് ജെനറലൈസ് ചെയ്ത് പ്രായോഗിക തലത്തില്‍ നിര്‍ദ്ദേശങ്ങളാക്കാനാവൂ.

വര്‍ക്കി സാറിന്റെ പഠനങ്ങള്‍ ചില ബയോമോളിക്യുലാര്‍ മെക്കാനിസങ്ങള്‍ വിശകലനം ചെയ്യുന്ന ലാബ് പഠനങ്ങളാണ്. വലിയ സാമ്പിള്‍ പോപ്പുലേയ്ഷനില്‍ ഗവേഷണം ആവര്‍ത്തിച്ച് അവയുടെ ഫലങ്ങള്‍ സാമാന്യവല്‍ക്കരിക്കാമോ ഇല്ലയോ എന്ന് വാലിഡേറ്റ് ചെയ്യപ്പെട്ടവയല്ല.നാഷണല്‍ അക്കാഡമി ഒഫ് സയന്‍സസ് തന്നെ മാംസാഹാരവും Neu5Gc തമ്മിലെ ബന്ധത്തെക്കുറിച്ച് ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു: “...[The authors] cautioned that a causal relationship between Neu5Gc expression in human tissues with any human disease would be premature and scientifically speculative at best. Instead, they said their findings point to the need for population-level analyses of the presence of Neu5Gc in human tissues in relationship to disease incidence, and the mechanisms of human incorporation and antibody response against this sugar.”

Neu5Gc എന്നകണിക Red meat,dairy products-ല്‍ ധാരാളമുള്ളതിനാല്‍ അവ ഭക്ഷണമാക്കുന്നതു വഴിയാകാം ഈ കണിക മനുഷ്യരിലെത്തുന്നത് എന്ന് പരീക്ഷണശാലാപഠനം വഴി അദ്ദേഹത്തിന്റെ ടീം അനുമാനിക്കുന്നു. ഈ കണിക ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ പ്രകോപിപ്പിച്ചാവാം ആര്‍ത്രൈറ്റിസ്, സോറിയാസിസ് എന്നിവ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നു ആന്റിജെന്‍ ആന്റിബോഡി പ്രതികരണങ്ങളില്‍ നിന്നുള്ള മറ്റൊരു അനുമാനം. താങ്കള്‍ റിപ്പോട്ട് ചെയ്ത പഠനത്തിലാകട്ടെ STEC ബാക്ടീരിയ ഈ കണികയെ ഒരു കൊളുത്തായി ഉപയോഗിച്ച് റെഡ് മാംസം സ്ഥിരമായുപയോഗിക്കുന്ന മനുഷ്യനില്‍ ബ്ലഡിഗ്യാസ്ട്രോ എന്ററൈറ്റിസും എച്.യു.എസും ഉണ്ടാക്കുന്നതിന്റെ ഒരു possible mechanism ആണ് അദ്ദേഹത്തിന്റെ ടീം മുന്നോട്ട് വയ്ക്കുന്നത്.

3. "മാട്ടിറച്ചിയും ആട്ടിറച്ചിയും പന്നിയിറച്ചിയും മറ്റും കഴിക്കുക വഴി ശരീരത്തിലെത്തുന്ന ഒരു അന്യതന്മാത്ര, ശരീരത്തെ അപകടപ്പെടുത്താന്‍ അവസരമൊരുക്കിക്കൊടുക്കുന്നതിനെ 'ഒറ്റിക്കൊടുക്കുക' എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടോ."

അങ്ങനെയെഴുതുമ്പോള്‍ അതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. പക്ഷേ “മാംസാഹാരം ശരീരത്തെ ഒറ്റിക്കൊടുക്കുന്നു” എന്നത് മിസ് ലീഡിംഗാണ്.

മാട്ടിറച്ചിയും ആട്ടിറച്ചിയും സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പോലും ഈ പഠനം പോപ്പുലേയ്ഷന്‍ അടിസ്ഥാനത്തില്‍ കാര്യകാരണ ബന്ധം വാലിഡേയ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നിരിക്കെ മൊത്തം മാംസാഹാരത്തിനും കൂടി തീര്‍പ്പ് കല്പിക്കും വിധമായിപ്പോകുന്നു അത്തരമൊരു തലവാചകവും പോസ്റ്റിലെ സൂചനകളും. (മീന്‍,ടര്‍ക്കി,ചിക്കന്‍ ഇവയിലെ Neu5GC യുടെ അളവ് നിസ്സാരമാണെന്ന് കൂടി ഓര്‍ക്കുക)

ഒരിക്കല്‍ കൂടി പറയട്ടെ, മാഷ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രശ്നമല്ല, മാഷിന്റെ സോഴ്സുകള്‍ തന്നെ ഈ വാര്‍ത്ത മിസ് ലീഡിംഗായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.

പാര്‍ത്ഥന്‍ ജീയുടെ കമന്റ് അതിനേക്കൂടി ഉദ്ദേശിച്ചുള്ളതായിരിക്കണമെന്ന് ഞാനാശിക്കുന്നു.

@ പാര്‍ത്ഥന്‍ ജീ,

ആയുര്‍വേദ വിഷയം നമുക്ക് ആ ബ്ലോഗില്‍ തന്നെ ചര്‍ച്ച ചെയ്യാം. ഇവിടെ അതു തികച്ചും ഓഫ് ടോപ്പിക്കാണ്. (കുറിഞ്ഞിയില്‍ തന്നെ പണ്ട് തേനിനെ കുറിച്ചൊരു റിപ്പോര്‍ട്ടും ചര്‍ച്ചയും ഉണ്ടായിരുന്നത് സ്മരണീയം:))

nalan::നളന്‍ said...

വെള്ളം തിളപ്പിക്കാതെ കുടിക്കുന്നത് അപടകരമാണെന്നു പറയുന്നത് വെള്ളം കുടിക്കുന്നതു തന്നെ അപകടകരമാണെന്നു വരുത്തിയാല്‍ വെള്ളംകുടി മുട്ടിപ്പോകുമല്ലോ മാഷെ. :)
ഏതായാലും ചിക്കനും മട്ടണും എനിക്കിഷ്ടമല്ല, കഴിക്കുകയുമില്ല. ഒണ്‍ളി ബീഫ് :)

Dr Prince Alex said...

ഹലൊ.. ജോസഫ് മാഷെ.. ഇപ്പൊഴാണ് വായിക്കാനിടയായത്. നന്നായിരിക്കുന്നു. ഞങ്ങളുടെ പഴയ തിരുവനന്തപുരം ജോസഫ് ആന്‍‌റ്റണി തന്നെയാണോ? ആണെങ്കില്‍ ഓര്‍ക്കുന്നുണ്ടെന്നു കരുതുന്നു.ആ കാലത്ത് ഞാന്‍ ആയുര്‍വേദ കോളജില്‍ ഉണ്ടായിരുന്നു. ഡോ.പ്രിന്‍സ് അലക്സ്

Joseph Antony said...

ഡോ. പ്രിന്‍സ്‌ അലക്‌സ്‌,
ബ്ലോഗിലെത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
താങ്കള്‍ ഊഹിച്ചയാള്‍ തന്നെയാണ്‌ ഞാന്‍.
പഴയ പരിചയക്കാരെ പുതിയ മാധ്യമത്തിലൂടെ വീണ്ടും കാണാന്‍ കഴിയുന്നത്‌ ആഹ്ലാദജനകമാണ്‌.
നന്ദി
-ജോസഫ്‌ ആന്റണി