2004-ല്‍ ഏഷ്യയിലാകെ ദുരന്തം വിതച്ച സുനാമി, ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച കൊടുംദുരന്തമല്ലെന്ന് ഗവേഷകര്‍. കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണത്രേ, ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സുനാമി.
സുമാത്രയ്‌ക്കു സമീപം 2004 ഡിസംബര്‍ 26-നുണ്ടായ സമുദ്രഭൂകമ്പത്തിന്റെയും, അതേത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നാശം വിതച്ച സുനാമിയുടെയും നടുക്കം ഇപ്പോഴും ശരിക്ക് മാറിയിട്ടില്ല. 30 മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിച്ച മരണത്തിരകള്‍ ആഞ്ഞടിച്ചു. ഏതാണ്ട് രണ്ടേകാല്‍ ലക്ഷം പേരാണ് ആ ദുരന്തത്തില്‍ മരിച്ചത്. ഇന്ത്യയുള്‍പ്പടെ മേഖലയിലെ 11 രാജ്യങ്ങളെ സുനാമി നേരിട്ടു ബാധിച്ചു.
9.1 നും 9.3 നും മധ്യേ തീവ്രതയുള്ള സമുദ്രഭൂകമ്പമാണ്, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുനാമികളിലൊന്നിന് നിമിത്തമായത്. എന്നാല്‍, 2004-ലേത് മേഖലയില്‍ ഇത്തരത്തിലുണ്ടായ ആദ്യ സുനാമി ദുരന്തമല്ലത്രെ. മുമ്പും ഇതുപോലെ ഭീമന്‍ സുനാമിദുരന്തം ഇന്ത്യന്‍ മഹാസമുദ്ര മേഖല നേരിട്ടിട്ടുള്ളതായി പുതിയൊരു ഗവേഷണം പറയുന്നു. ഏതാണ്ട് കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണ് ഏഷ്യന്‍ സുനാമിയെന്നാണ് ഗവേഷണം നല്‍കുന്ന സൂചന.
ഇന്‍ഡൊനീഷ്യയില്‍ സുമാത്രയിലെയും തായ്‌ലന്‍ഡിലെയും തീരപ്രദേശത്ത് അടിഞ്ഞുകൂടിയ മണല്‍പ്പാളികള്‍ പരിശോധിച്ച അന്താരാഷ്ട്ര ഗവേഷകരാണ്, മുമ്പും മേഖലയില്‍ സുനാമി ദുരന്തമുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയത്. 600-700 വര്‍ഷം മുമ്പ്‌് മേഖല 2004-ലേത് പോലൊരു ദുരന്തത്തിന് ഇരയായെന്ന്, 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഏതാണ്ട് അതേ ഇടവേളയ്‌ക്ക് മുമ്പ് മറ്റൊന്ന് ഉണ്ടായതിന്റെയും തെളിവ് ഗവേഷകര്‍ക്ക് ലഭിച്ചു. ഭാവി ദുരന്തങ്ങള്‍ പ്രവചിക്കാന്‍ തുണയായേക്കാവുന്ന പഠനമാണിത്.
ഭൂകമ്പത്തിന് ശേഷം സംഹാരശക്തിയോടെ കരയിലേക്ക് അടിച്ചു കയറുന്ന തിരമാലകള്‍, തീരത്തുനിന്ന് ഉള്ളിലേക്ക് വന്‍തോതില്‍ മണല്‍ എത്തിക്കും. സുനാമി എത്ര വലുതാണോ അത്രയും ഉള്ളിലേക്ക് മണല്‍ എത്തിയിട്ടുണ്ടാകും. കാറ്റ് മൂലമോ ഒഴുക്കുവെള്ളത്തിന്റെ സഹായത്താലോ മണല്‍ എത്താത്ത സ്ഥലത്ത് കാണപ്പെടുന്ന ഇത്തരം അവശിഷ്ടങ്ങള്‍ ചരിത്രരേഖ തന്നെയാണ്. ലോകത്തെവിടെയും മുമ്പുണ്ടായ സുനാമികളെക്കുറിച്ച് പഠിക്കാന്‍ തീരപ്രദേശത്തെ മണലിന്റെ ഇത്തരം അടരുകളാണ് സഹായകമാകുന്നത്.
രണ്ട് അന്താരാഷ്ട്രസംഘങ്ങളാണ് ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ പഴയ സുനാമികളെക്കുറിച്ച് പഠിച്ചത്. തായ്‌ലന്‍ഡില്‍ ചുലലോംഗ്‌കോണ്‍ സര്‍വകലാശാലയിലെ കരുവാവുന്‍ ജാന്‍കായേവിന്റെ നേതൃത്വത്തിലുള്ള സംഘവും, പിറ്റ്‌സ്‌ബര്‍ഗ് സര്‍വകലാശാലയിലെ കാട്രിന്‍ മൊനികെയുടെ നേതൃത്വത്തിലുള്ള സംഘവും. ഇതില്‍ ആദ്യ ഗ്രൂപ്പ് തായ്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഫാര തോങ് ദ്വീപിലെ 150 കേന്ദ്രങ്ങള്‍ പരിശോധിച്ചു. കാട്രിന്റെ നേതൃത്വത്തിലുള്ള സംഘം, സുമാത്രയിലെ ആച്ചേയ് മേഖലയിലെ നൂറിടങ്ങളില്‍ നിന്ന് തെളിവ് ശേഖരിച്ചു.
ഇരുകൂട്ടരും പഠനം നടത്തിയ പ്രദേശങ്ങളില്‍ മേല്‍മണ്ണിനടിയില്‍ ഒരു പ്രത്യേക മണല്‍പ്പാളി ഉള്ളതായി കണ്ടു. 2004-ലെ സുനാമിയുടെ ഫലമായി രൂപപ്പെട്ട മണല്‍പ്പാളിയോട് സദൃശ്യമുള്ളതായിരുന്നു അത്. റേഡിയോ കാര്‍ബണ്‍ സങ്കേതത്തിന്റെ സഹായത്തോടെ, മണ്ണിനടിയിലെ ആ മണല്‍പ്പാളിയുടെ പ്രായം എത്രയെന്ന് അവര്‍ ഉത്തരം തേടി. രണ്ടു സംഘത്തിനും കിട്ടിയത് ഏതാണ്ട് ഒരേ ഉത്തരമായിരുന്നു: 600-700 വര്‍ഷം പഴക്കം.
ആ പഴയ പാളിയെക്കാള്‍ ആഴത്തില്‍ മറ്റൊരു മണല്‍പ്പാളിയുടെ കൂടി തെളിവ് ഡോ. മൊനികെയ്‌ക്കും സംഘത്തിനും ലഭിച്ചു. അതിന് പഴക്കം ഏതാണ്ട് 1200 വര്‍ഷമായിരുന്നു. മേഖലയില്‍ വന്‍സുനാമികള്‍ ഏതാണ്ട് 600 വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണിത്. 2004-ലേതുപോലെ, കരയില്‍ വളരെ ഉള്ളിലുള്ള സ്ഥലങ്ങളിലാണ്, പഴയ മണല്‍പ്പാളികളും കാണപ്പെട്ടത്. അതിനാല്‍, പഴയവയും ശക്തമായ സുനാമികളായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.
തായ് സംഘത്തിന് 1200 വര്‍ഷം പഴക്കമുള്ള മണല്‍പ്പാളിയെക്കുറിച്ച് ചില സൂചനകളേ ലഭിച്ചുള്ളു. എന്നാല്‍, 2000 വര്‍ഷം മുമ്പുണ്ടായ മറ്റൊരു മണല്‍പ്പാളിയെപ്പറ്റി വളരെ വ്യക്തമായ തെളിവ് കണ്ടെത്താന്‍ അവര്‍ക്കായി. ഭൂകമ്പപ്രവചനം ഇപ്പോഴും മനുഷ്യന് അസാധ്യമാണ്. സമുദ്രഭൂകമ്പം എപ്പോഴും സുനാമി ഉണ്ടാക്കിക്കൊള്ളണമെന്നില്ല. എങ്കിലും, പുതിയ ഗവേഷണം നല്‍കുന്ന സൂചന, ഉടനെയൊന്നും ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ മറ്റൊരു സുനാമിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ്. (അവലംബം: നേച്ചര്‍)
2 comments:
2004-ലേത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉണ്ടായ ആദ്യ സുനാമി ദുരന്തമല്ലത്രെ. മേഖല മുമ്പും ഇതുപോലെ ദുരന്തം നേരിട്ടിട്ടുള്ളതായി പുതിയൊരു ഗവേഷണം പറയുന്നു. ഏതാണ്ട് കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണ് ഏഷ്യന്‍ സുനാമിയെന്നാണ് ഗവേഷണം നല്‍കുന്ന സൂചന.
വളരേ വിജ്ഞാനപ്രദം. പോസ്റ്റിന് നന്ദി
Post a Comment