
സ്വന്തം ശരീരം ശത്രുവായി മാറുകയും, പ്രതിരോധസംവിധാനം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന വിചിത്രരോഗമാണ് ആമവാതം. ഇത്തരം പ്രതിരോധവൈകല്യ പ്രശ്‌നങ്ങള്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases) എന്നാണ് അറിയപ്പെടുന്നത്. രോഗകാരണം ഇന്നും അജ്ഞാതം, ചികിത്സ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആമവാതം പിടികൂടിയാല്‍ കഠിനവേദന അനുഭവിക്കേണ്ടി വരുന്ന രോഗികള്‍, സന്ധികള്‍ക്കുണ്ടാകുന്ന തകരാര്‍ മൂലം പലപ്പോഴും വികലാംഗരായി മാറുകയും ചെയ്യുന്നു. വേദനാസംഹാരികളും പ്രതിരോധസംവിധാനം അമര്‍ച്ച ചെയ്യുന്ന ഔഷധങ്ങളും മാത്രമാണ് ഇപ്പോള്‍ ആശ്രയമായിട്ടുള്ളത്.ഈ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ള ഔഷധം വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.
ശരീരപ്രതിരോധ സംവിധാനത്തെ രോഗത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സങ്കേതമാണ് പ്രൊഫ. ജോണ്‍ ഐസക്ക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതുവഴി ശരീരത്തെ ആക്രമിക്കുന്നത് പ്രതിരോധസംവിധാനം അവസാനിപ്പിക്കുകയും രോഗം വര്‍ധിക്കാതിരിക്കുകയും ചെയ്യുന്നു. പ്രതിരോധ സംവിധാനത്തിലെ മുഖ്യകണ്ണികളായ രക്തത്തിലെ ശ്വേതരക്താണുക്കളുടെ മാതൃകയെ, സ്‌റ്റിറോയിഡുകളും വിറ്റാമിനുകളുമടങ്ങിയ മിശ്രിതം കൊണ്ട് പരുവപ്പെടുത്തുകയാണ് പുതിയ സങ്കേതത്തില്‍ ചെയ്യുക. ഈ പ്രക്രിയയില്‍ 'ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍' (dendritic cell) എന്ന സവിശേഷയിനം പ്രതിരോധകോശങ്ങളെ 'സഹിഷ്‌ണുതാപരമായ' നിലയിലേക്ക് എത്തിക്കും. എന്നിട്ട് ആ കോശങ്ങളെ രോഗിയുടെ സന്ധികളില്‍ കുത്തിവെയ്‌ക്കും. പരീക്ഷണശാലയില്‍ കോശപാളികളില്‍ മാത്രം പരീക്ഷിച്ചുള്ള പുതിയ മാര്‍ഗം, എട്ടു രോഗികളില്‍ ആദ്യഘട്ടമെന്ന രീതിയില്‍ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.
പരീക്ഷണം വിജയിച്ചാല്‍ ആമവാതം ബാധിച്ച് നരകിക്കുന്ന രോഗികള്‍ക്ക് അത് വളരെ ആശ്വാസമേകുമെന്ന്, ആര്‍ത്രൈറ്റിസ് റിസര്‍ച്ച് കാംപെയിനിലെ പ്രൊഫ. അലന്‍ സില്‍മാന്‍ അഭിപ്രായപ്പെടുന്നു. ആമവാത ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റമായിരിക്കും അത്-അദ്ദേഹം പറയുന്നു. ഓരോ രോഗിക്കും ഈ ഔഷധം വെവ്വേറെ തയ്യാറാക്കേണ്ടി വരുമെന്നതിനാല്‍, പ്രത്യേക ലബോറട്ടറി സംവിധാനങ്ങളും വിദഗ്‌ധരുമൊക്കെ വേണ്ടിവരും. അതിനാല്‍, ചികിത്സ താരതമ്യേന ചെലവേറിയതായിരിക്കുമെന്ന് പ്രൊഫ. അലന്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയ ചികിത്സ വിജയിച്ചാല്‍, ടൈപ്പ് ഒന്ന് പ്രമേഹം പോലുള്ള മറ്റ് പ്രതിരോധവൈകല്യ രോഗങ്ങള്‍ക്കു ചികിത്സ കണ്ടെത്താനും അത് വഴി തുറന്നേക്കും.(അവലംബം: ന്യൂകാസില്‍ സര്‍വകലാശാല, കടപ്പാട്: മാതൃഭൂമി)
8 comments:
സ്വന്തം ശരീരം ശത്രുവായി മാറുകയും, പ്രതിരോധസംവിധാനം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന വിചിത്രരോഗമാണ് ആമവാതം. ഇത്തരം പ്രതിരോധവൈകല്യ പ്രശ്‌നങ്ങളുടെ കാരണം ഇന്നും അജ്ഞാതം, ചികിത്സ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍, ഒരു സംഘം ബ്രിട്ടീഷ് ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ള ചികിത്സാമാര്‍ഗം ആമവാത ചികിത്സയില്‍ പ്രതീക്ഷയാവുന്നു.
പോസ്റ്റിനു നന്ദി മാഷേ.
മിക്ക പഠനങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന രണ്ട് പ്രശ്നങ്ങളാണ് അമിതാവകാശവാദങ്ങളും, മുൻപുള്ള/സമാന്തര റിസേർച്ചിനെ നിസാരവൽക്കരിക്കലും.
ന്യൂകാസിൽ പത്രക്കുറിക്കുറിപ്പിലും അതുതന്നെ കാണുന്നു. ഒരു പക്ഷേ തങ്ങളുടെ ഫണ്ട് ദാതാക്കളെ പ്രീതിപ്പെടുത്താനാവാമിത്.
എന്തായാലും റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ കാരണം ഇന്നും അജ്ഞാതമാണെന്നും ചികിത്സ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുമുള്ള ലൈനിൽ വാർത്ത നിറം പിടിപ്പിച്ചതായത് നിർഭാഗ്യകരം.(മാഷ് എഴുതിയതിന്റെ കുഴപ്പമല്ല, മിക്ക വെബ്സൈറ്റിലും അങ്ങനെയായിരുന്നു വാർത്ത)
ഒന്നാമത് ക്യാൻസറുകളേയും ഹൃദ്രോഗത്തേയുമൊക്കെ പോലെ റൂമറ്റോയ്ഡ് ആർത്രൈറ്റിസും ‘ഒറ്റ കാരണം’ കൊണ്ടുണ്ടാകുന്ന രോഗമല്ല - അതുകൊണ്ട് ‘കാരണം’ അജ്ഞാതമെന്ന് പറയുന്നത് തെറ്റാണ്. ഇതിന്റെ പിന്നിലെ നിരവധി മെക്കാനിസങ്ങൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അവയൊക്കെ അടിസ്ഥാനപ്പെടുത്തി ചികിത്സാരീതികൾ വിപുലമാക്കുകയും ഫലം കിട്ടുകയും ചെയ്തിട്ടുണ്ട്. അനവധി കാരണങ്ങളുടെ ആകെത്തുകയായി പറഞ്ഞാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശരീരത്തിന്റെതന്നെ ചില ഭാഗങ്ങൾക്കെതിരേ തിരിയുന്ന അവസ്ഥയാണിത് എന്നു പറയാം. പ്രതിരോധവ്യവസ്ഥയുടെ അമിതാവേശത്തെ അമർച്ചചെയ്യാൻ കെല്പുള്ള സ്റ്റീറോയ്ഡുകളും മെത്ഥോ ട്രക്സേയ്റ്റ് പോലുള്ള മരുന്നുകൾ ഏറെ കാലമായി ഉപയോഗത്തിലുണ്ട്. കഴിഞ്ഞ 10 വർഷത്തിനകത്ത് വലിയ റിസേർച്ചിന്റെ ഫലമായി വന്ന മരുന്നുകളാണു എറ്റാനെർസെപ്റ്റ്, അടാലിമുമാബ്, ഇൻഫ്ലിക്സിമാബ് എന്നിവ. വെളുത്ത രക്താണുക്കൾ വിസർജ്ജിക്കുന്ന ട്യൂമർ നെക്രോസിസ് ഫാക്റ്റർ ആല്ഫ (TNF-a) എന്ന (വിനാശകാരിയായ)രാസപദാർത്ഥത്തെ അടക്കി നിർത്തുകയെന്നതാണു മേൽപ്പറഞ്ഞ മരുന്നുകളുടെ ധർമ്മം. ആമവാതത്തെ മുൻപൊരിക്കലുമില്ലാത്തവിധത്തിൽ നിയന്ത്രിക്കാൻ ഈ മരുന്നുകൾ കൊണ്ട് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ പ്രാഥമിക ഗവേഷണങ്ങൾ കഴിഞ്ഞ് വന്നിട്ടുള്ള ഐസക്സിന്റെ ഈ പഠനം യാഥാർത്ഥ്യമാകാൻ വർഷങ്ങളെടുകുമെന്നതിനേക്കാൾ ഓരോ രോഗിക്കും പ്രത്യേകം പ്രത്യേകം ഇതിനു വാക്സീൻ (മരുന്ന് കുത്തിവയ്പ്പ്) ഉണ്ടാക്കണം എന്ന വലിയ ഒരു കടമ്പയുമുണ്ട്.
ഇതിന്റെ അടിസ്ഥാനമായ ജൈവരസതന്ത്രം വച്ച് നോക്കുമ്പോൾ അവയവം മാറ്റിവയ്ക്കലിലും മറ്റുമാണ് ഈ സാങ്കേതിക വിദ്യയുടെ കൂടുതൽ പ്രയോജനങ്ങൾ ഉണ്ടാവാൻ പോകുന്നത്.
ഇത്തരം രോഗങ്ങളിൽ രോഗപ്രതിരോധ സിസ്റ്റത്തിന്റെ അമിതാവേശത്തിനു പ്രധാനകാരണം തൈമോസൈറ്റുകൾ (ടി-കോശങ്ങൾ)അമിതമായി പ്രവർത്തിക്കുന്നതത്രെ. ആ തൈമോസൈറ്റുകളെ (കൃത്യമായി പറഞ്ഞാൽ മെമ്മറി ടി-കോശങ്ങളെയും നൈവ് ടി-കോശങ്ങളെയും) നിയന്ത്രിക്കാൻ പറ്റുന്ന ചില രാസപദാർത്ഥങ്ങൾ ഡെന്റ്രിറ്റിക് കോശങ്ങൾ എന്നു പറയുന്ന തരം ശ്വേത രക്താണുക്കളിൽ നിന്നും പുറപ്പെടുവിക്കാൻ പറ്റും. അതിനു രോഗിയിൽ നിന്നും ശേഖരിക്കുന്ന ഡെണ്ട്രിറ്റിക് കോശങ്ങളെ വൈറ്റമിൻ ഡി-3യും ഡെക്സോണ എന്ന സ്റ്റീറോയ്ഡും ഒടുവിൽ ലൈപോ പോളീസാക്കറൈഡും കൊണ്ട് ഉത്തേജിപ്പിക്കുന്നു. ഇങ്ങനെ രൂപമാറ്റം സംഭവിച്ച ഡെണ്ട്രിറ്റിക് കോശത്തെ ടോൾ-ഡെണ്ട്രിറ്റിക് കോശമെന്ന് വിളിക്കാം. (ടോൾ = ടോളറന്റ് = സഹിഷ്ണുതയുള്ള). ഈ സഹിഷ്ണുക്കളായ ഡെണ്ട്രിറ്റിക് കോശമത്രെ രോഗിയിലേക്ക് തിരികെ കുത്തിവയ്ക്കുക. രോഗിയുടെ ശരീരത്തിൽ ‘ഉറഞ്ഞുതുള്ളുന്ന’ തൈമോസൈറ്റ് കോശങ്ങളെ ഇവ ചെന്ന് ശാന്തരാക്കുന്നു. അതോടെ നീർക്കെട്ടും സന്ധികളിലെ തരുണാസ്ഥി നശിക്കുന്നതുമൊക്കെ തടയപ്പെടും. എന്നാൽ രോഗമില്ലാത്ത പഴയ അവസ്ഥയിലേക്ക് രോഗിയെത്തുമെന്നത് ഒരു അതിരുകടന്ന അവകാശവാദമാണ്.
(റൂമറ്റോളജി ഇഷ്ടവിഷയമായത് കൊണ്ട് ഇത്രയും എഴുതിയെന്നേയുള്ളൂ. നീണ്ടകമന്റിനു മാഷ് ക്ഷമിക്കുമല്ലോ:)
പോപ്പുലർ സയൻസ് ജേണലിസത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് പണ്ടെഴുതിയത് ഇവിടെ.
Rheumatoid arthritis-നു മരുന്നായി സ്വർണ്ണം അടങ്ങുന്ന Auranofin എന്ന മരുന്ന് വർഷങ്ങളായി ഉപയോഗത്തിലുണ്ട്. പക്ഷെ Auranofin എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്ന് കൃത്യമായി അറിയില്ല.
Rheumatoid arthritis-ന്റെ പല കാരണങ്ങളിലൊന്ന് oxidative stress ആണ്. Oxidative stress ഉള്ള അവസ്ഥയിൽ കോശങ്ങളിലുണ്ടാവുന്ന Thiol-Disulfide exchange ബ്ലോക്ക് ചെയ്യാൻ Gold-നു കഴിയും. ഈ പ്രത്യേകതയിലൂന്നിയാണ് ഈ മരുന്ന് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് കരുതുന്നു.
സൂരജ്,
സമയോചിതവും വിവരസമ്പന്നവുമായ ഈ കമന്റിന് നന്ദി അറിയിക്കട്ടെ. ഡാര്‍വിന്‍സ് ആര്‍മിയിലെ ആ ലേഖനം മുമ്പുതന്നെ വായിച്ചിരുന്നു. ലിങ്ക് ഇവിടെ നല്‍കിയത് ഉചിതമായി.
റോബി, അഭിപ്രായത്തിന് സ്വാഗതം
വിജ്ഞാന പ്രദമായ ലേഖനം
സമാന്തര ചികിത്സയെപ്പറ്റ പഠിക്കുക - http://sujoktreatment.blogspot.com/
തീര്ച്ചയായും താങ്കളുടെ പോസ്റ്റ് ശരിക്കും വിജ്ഞാനപ്രദമായിരുന്നു. ഇതുസംബന്ധമായി പുതിയ വിവരങ്ങള് ഇനിയും ഉള്പ്പെടുത്തുമല്ലോ
Post a Comment