
രോഗം രൂക്ഷമാകാതെ ചെറുക്കുന്ന ഒരു ഔഷധത്തിന്റെ കണ്ടെത്തലാണ് ശുഭപ്രതീക്ഷയ്‌ക്കു കാരണം. ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തിയ ഔഷധം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി 2012-ഓടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. 'റെമ്പര്‍' (Rember) എന്നറിയപ്പെടുന്ന ഔഷധമാണ് സ്‌മൃതിനാശരോഗമായ അല്‍ഷൈമേഴ്‌സിനെതിരെ പുതിയ പ്രതീക്ഷയാകുന്നത്.
തലച്ചോറിലെ നാഡീകോശങ്ങളില്‍ പ്രത്യേകയിനം പ്രോട്ടീന്‍ കുമിഞ്ഞുകൂടുന്നത് ചെറുക്കുകയാണ് ഔഷധം ചെയ്യുക. ഇത് പരീക്ഷിച്ച 321 രോഗികളില്‍, ഔഷധം ഉപയോഗിക്കാത്ത രോഗികളെ അപേക്ഷിച്ച്, മേധക്ഷയത്തിന്റെ കാര്യത്തില്‍ 81 ശതമാനം വ്യത്യാസം കണ്ടതായി ഗവേഷകര്‍ പറയുന്നു. അബര്‍ഡീന്‍ സര്‍വകലാശാലയിലെ പ്രൊഫ. ക്ലോഡ് വിസ്‌ചിക്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണത്തിന്റെ വിവരങ്ങള്‍, അടുത്തയിടെ അന്താരാഷ്ട്ര അല്‍ഷൈമേഴ്‌സ് സമ്മേളനത്തിലാണ് അവതരിപ്പിക്കപ്പെട്ടത്.
ഔഷധത്തിന്റെ വിവിധ ഡോസുകള്‍ നല്‍കിയായിരുന്നു പരീക്ഷണം. രോഗം പ്രാരംഭാവസ്ഥയില്‍ ഉള്ളവരെയും, കൂടുതല്‍ ഗുരുതരമാകാത്തവരെയുമാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഔഷധം 50 ആഴ്‌ച കഴിച്ചവരില്‍, മേധക്ഷയ (dementia)ത്തിന്റെ രൂക്ഷത കണക്കാക്കുന്ന മാനദണ്ഡത്തില്‍ ഏഴ് പോയന്റിന്റെ വ്യത്യാസം കണ്ടു. പ്ലാസിബോ (ഡമ്മിഔഷധം) കഴിച്ചവരെ അപേക്ഷിച്ചായിരുന്നു ഇത്. ഔഷധം 19 മാസം കഴിച്ച രോഗികളില്‍ കാര്യമായ മസ്‌തിഷ്‌കക്ഷയം ഉണ്ടായില്ലെന്ന് ഗവേഷകര്‍ അറിയിക്കുന്നു. മാത്രമല്ല, തലച്ചോറില്‍ ഓര്‍മശക്തി കൈകാര്യം ചെയ്യുന്ന മേഖലയിലാണ് ഔഷധത്തിന്റെ ഫലം കൂടുതല്‍ പ്രകടമെന്ന് ഇമേജിങ് സങ്കേതങ്ങളുപയോഗിച്ച് നടത്തിയ പരിശോധനകളില്‍ സൂചന ലഭിച്ചു.
നാഡീകോശങ്ങള്‍ക്കുള്ളില്‍ ഒരിനം പ്രോട്ടീന്‍ ക്രമമില്ലാതെ കുരുങ്ങിച്ചേരുന്നതിന് അല്‍ഷൈമേഴ്‌സുമായി ബന്ധമുണ്ടെന്ന് നൂറുവര്‍ഷം മുമ്പ് രോഗം തിരിച്ചറിഞ്ഞ കാലത്തേ സൂചന ലഭിച്ചിരുന്നു. 'ടാവു'(Tau) എന്നാണ് ആ പ്രോട്ടീന്റെ പേര്. ടാവു പ്രോട്ടീന്‍ അനാവശ്യമായി പെരുകിപ്പിണഞ്ഞ്, തലച്ചോറിലെ ഓര്‍മകോശങ്ങളെ നശിപ്പിച്ച് മേധക്ഷയത്തിനും ക്രമേണ അല്‍ഷൈമേഴ്‌സിനും കാരണമാകുന്നതായി പില്‍ക്കാലത്ത് വ്യക്തമായി. 'മീഥെയ്‌ല്‍തയോനിനിയം ക്ലോറൈഡ്' എന്ന് രാസനാമമുള്ള റെമ്പര്‍, ടാവു പ്രോട്ടീനിനെയാണ് ലക്ഷ്യം വെയ്‌ക്കുന്നത്. അല്‍ഷൈമേഴ്‌സ് രോഗികളുടെ തലച്ചോറില്‍ 'ബീറ്റ-അമിലോയ്‌ഡുകള്‍' എന്ന വികലപ്രോട്ടീനുകള്‍ കട്ടപിടിച്ചു കൂടാറുണ്ട്. ഇത്രകാലവും ബീറ്റാ-അമിലോയ്‌ഡുകളെയാണ് ഔഷധലക്ഷ്യങ്ങളായി ഗവേഷകലോകം കണ്ടിരുന്നത്. അതില്‍നിന്ന് വ്യത്യസ്‌തമാണ് പുതിയ ഔഷധത്തിന്റെ പ്രവര്‍ത്തനം.
ലബോറട്ടറി പരീക്ഷണങ്ങളില്‍ നീലച്ചായമായി ഉപയോഗിച്ചു വരുന്ന രാസവസ്‌തുവാണ് മീഥെയ്‌ല്‍തയോനിനിയം ക്ലോറൈഡ്. 20 വര്‍ഷം മുമ്പ് യാദൃശ്ചികമായാണ് പ്രോഫ. വിസ്‌ചിക്കിന് ഈ രാസവസ്‌തുവിന്റെ അല്‍ഷൈമേഴ് പ്രതിരോധശേഷിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. ടെസ്‌റ്റ്‌ട്യൂബില്‍ അബദ്ധത്തില്‍ ഈ രാസവസ്‌തു ഒരു തുള്ളി വീണപ്പോള്‍, അതിലുണ്ടായിരുന്ന ടാവു പ്രോട്ടീന്‍ അപ്രത്യക്ഷമായതാണ് പ്രൊഫ. വിസ്‌ചിക്കിനെ പുതിയ രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
രോഗവുമായി നേരിട്ടു ബന്ധമുള്ള ടാവു പ്രോട്ടീനുകള്‍ കുമിഞ്ഞുകൂടുന്നത് തടഞ്ഞ്, അല്‍ഷൈമേഴ്‌സ് തടയാമെന്ന കാര്യം പ്രയോഗതലത്തിലെത്തുന്നത് ആദ്യമായാണെന്ന്, പ്രൊഫ. വിസ്‌ചിക്ക് പറയുന്നു.പക്ഷേ, ഇതിന്റെ ഫലങ്ങള്‍ വ്യക്തമാകാനും ഔഷധം വിപണിയിലെത്താനും കൂടുതല്‍ വ്യാപകമായ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. 2009-ല്‍ വലിയൊരു വിഭാഗം രോഗികളില്‍ ഔഷധത്തിന്റെ പരീക്ഷണ ഉപയോഗം തുടങ്ങുമെന്ന് ഗവേഷകര്‍ അറിയിച്ചു. മേധക്ഷയത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഈ ഔഷധത്തിന്റെ കണ്ടുപിടിത്തം വലിയൊരു ചുവടുവെയ്‌പ്പാണെന്ന്, അല്‍ഷൈമേഴ്‌സ് സൊസൈറ്റയിലെ ഗവേഷണവിഭാഗം മേധാവി പ്രൊഫ. ക്ലൈവ് ബല്ലാഡ് അഭിപ്രായപ്പെട്ടു. (അവലംബം: അബര്‍ഡീന്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്, കടപ്പാട്: മാതൃഭൂമി).
5 comments:
ലബോറട്ടറി പരീക്ഷണങ്ങളില്‍ നീലച്ചായമായി ഉപയോഗിച്ചു വരുന്ന രാസവസ്‌തുവാണ് മീഥെയ്‌ല്‍തയോനിനിയം ക്ലോറൈഡ്. 20 വര്‍ഷം മുമ്പ് യാദൃശ്ചികമായാണ് പ്രോഫ. വിസ്‌ചിക്കിന് ഈ രാസവസ്‌തുവിന്റെ അല്‍ഷൈമേഴ് പ്രതിരോധശേഷിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. ടെസ്‌റ്റ്‌ട്യൂബില്‍ അബദ്ധത്തില്‍ ഈ രാസവസ്‌തു ഒരു തുള്ളി വീണപ്പോള്‍, അതിലുണ്ടായിരുന്ന ടാവു പ്രോട്ടീന്‍ അപ്രത്യക്ഷമായതാണ് പ്രൊഫ. വിസ്‌ചിക്കിനെ പുതിയ രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അല്‍ഷൈമേഴ്‌സിനെതിരെ പുതിയൊരു ഔഷധം കണ്ടെത്തുന്നതിലേക്കാണ് ആ സംഭവം എത്തിയത്.
Etanercept-നു ശേഷം ഇപ്പോൾ ഇതാ methylene blu-ഉം.
ഇതിനു പിന്നിലെ മഹാമനീഷികൾക്ക് നമോവാകം.
മാഷുക്കും നന്ദി - ഇത് ജനസമക്ഷം എത്തിക്കുന്നതിനു.
വളരെ,വളരെ വിജ്ഞാന പ്രദമായ പോസ്റ്റ്...
സൂരജ്,
സ്‌മിത ആദര്‍ശ്,
ഇവിടെയെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ വളരെ സന്തോഷം, സ്വാഗതം
)-
Post a Comment