Tuesday, August 19, 2008

കൊളസ്‌ട്രോളിനെ മെരുക്കാന്‍ പുതിയ മാര്‍ഗം

ഒറ്റ ഡോസ്‌ കൊണ്ടുതന്നെ ശരീരത്തിലെ കൊളസ്‌ട്രോള്‍നില ആഴ്‌ചകളോളം കുറയ്‌ക്കാനും, അതുവഴി ഹൃദയത്തിന്‌ ആശ്വാസമേകാനും സഹായിക്കുന്ന പുതിയ ഔഷധം താമസിയാതെ രംഗത്തെത്തിയേക്കും.

കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ജീനിനെ തടസ്സപ്പെടുത്താന്‍ കഴിവുള്ള ഒരു 'ആര്‍.എന്‍.എ.ഔഷധ'മാണ്‌ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിക്കുന്നത്‌. കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നവയെ അപേക്ഷിച്ച്‌ മികച്ച ഫലം നല്‍കുന്നതാണ്‌ പുതിയ ഔഷധമെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ രക്തത്തില്‍ ചീത്തകൊളസ്‌ട്രോളായ എല്‍.ഡി.എല്‍.കുറയ്‌ക്കാന്‍ ഔഷധം കഴിക്കുന്നവരില്‍ പകുതിയോളം പേര്‍ക്ക്‌ വേണ്ട ഫലം ലഭിക്കുന്നില്ല. മരുന്നു കഴിച്ചാലും മാരകമായ ഹൃദ്രോഗത്തിന്‌ അവര്‍ ക്രമേണ അടിപ്പെടുന്നു. എന്നാല്‍, മസാച്യൂസെറ്റ്‌സിലെ കേംബ്രിഡ്‌ജില്‍ 'അല്‍നൈലം ഫാര്‍മസ്യൂട്ടിക്കല്‍സ്‌' കമ്പനിയിലെ ഗവേഷകര്‍ രൂപംനല്‍കിയ പുതിയ ഔഷധം എലികളിലും കുരങ്ങുകളിലും പരീക്ഷിച്ചപ്പോള്‍, ഒറ്റ ഡോസ്‌ കൊണ്ടുതന്നെ രക്തത്തിലെ കൊളസ്‌ട്രോള്‍നില 60 ശതമാനം കുറഞ്ഞതായി കണ്ടു. അതിന്റെ ഫലം മൂന്നാഴ്‌ച നിലനില്‍ക്കുകയും ചെയ്‌തെന്ന്‌ 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട്‌ പറയുന്നു.

അര്‍ബുദം ഉള്‍പ്പടെ ഒട്ടേറെ രോഗങ്ങള്‍ക്ക്‌ പുതിയ ഔഷധങ്ങള്‍ വികസിപ്പിക്കാന്‍ വഴി തുറന്നിട്ടുള്ള 'ആര്‍.എന്‍.എ.ഇടപെടല്‍' (RNA interference) എന്ന തത്വമാണ്‌, കൊളസ്‌ട്രോള്‍ ഔഷധത്തിനും പ്രേരണ. കൃത്രിമമായി സൃഷ്ടിച്ച ആര്‍.എന്‍.എ.തുണ്ട്‌ ഉപയോഗിച്ച്‌ സന്ദേശവാഹിയായ ആര്‍.എന്‍.എ.തന്മാത്രയെ സ്വയംനശിക്കാന്‍ പ്രേരിപ്പിക്കുകവഴി, ഒരു പ്രത്യേക ജീനിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഈ സങ്കേതമുപയോഗിച്ച്‌ 'പി.സി.എസ്‌.കെ.9' (PCSK9) എന്ന രാസാഗ്നിയെയാണ്‌ പുതിയ ഔഷധം ഉന്നംവെയ്‌ക്കുന്നത്‌. രക്തത്തില്‍ ചീത്തകൊളസ്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ രാസാഗ്നിക്ക്‌ മുഖ്യപങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്‌.

`പി.സി.എസ്‌.കെ.9 മുമ്പു തന്നെ ഒരു സുപ്രധാന ഔഷധലക്ഷ്യമായിരുന്നു`-അല്‍നൈലം കമ്പനിയുടെ ഗവേഷണ മേധാവി കെവിന്‍ ഫിറ്റ്‌സ്‌ജറാള്‍ഡ്‌ അറിയിക്കുന്നു. എന്നാല്‍, ഈ രാസാഗ്നിയുടെ ചെറുതന്മാത്രകളെ നേരിട്ട്‌ തടയുക ബുദ്ധിമുട്ടാണ്‌. ഔഷധതന്മാത്രകള്‍ക്ക്‌ ആ ചെറുതന്മാത്രകളില്‍ പറ്റിപ്പിടിക്കാന്‍ പറ്റിയ സ്ഥലമില്ല എന്നതാണ്‌ കാരണം. എന്നാല്‍, ആര്‍.എന്‍.എ.ഇടപെടല്‍ വഴി ഈ രാസാഗ്നിയെ തടയാമെന്നാണ്‌ ഇപ്പോള്‍ ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്‌.

കരളിന്റെ പ്രതലത്തിലെ എല്‍.ഡി.എല്‍.സ്വീകരണികളാണ്‌ രക്തത്തില്‍നിന്ന്‌ ചീത്തകൊളസ്‌ട്രോള്‍ കണങ്ങളെ അരിച്ചു മാറ്റുന്നത്‌. ഈ സ്വീകരണികളുടെ എണ്ണം കരളില്‍ കൂടുതലാണെങ്കില്‍, രക്തത്തില്‍ എല്‍.ഡി.എല്‍.കൊളസ്‌ട്രോള്‍ സാന്ദ്രത കുറഞ്ഞിരിക്കും. എന്നാല്‍, പി.സി.എസ്‌.കെ.9 രാസാഗ്നി കരളിലെ ഈ സ്വീകരണികളെ നശിപ്പിക്കുന്നു. അതുവഴി രക്തത്തില്‍ കൊളസ്‌ട്രോള്‍നില വര്‍ധിക്കുകയും ചെയ്യുന്നു. `എല്‍.ഡി.എല്‍.സ്വീകരണികളുടെ എണ്ണം വര്‍ധിപ്പിച്ചു നിര്‍ത്താന്‍, പി.സി.എസ്‌.കെ.9 യെ തടയുന്നതാണ്‌ നല്ലത്‌`-പഠനസംഘത്തില്‍ ഉള്‍പ്പെട്ട ജയ്‌ ഹോര്‍ട്ടൊന്‍ അഭിപ്രായപ്പെടുന്നു.

എലികളിലെയും കുരങ്ങുകളിലെയും മനുഷ്യരിലെയും പി.സി.എസ്‌.കെ.9 ജീനിനെ അണച്ചു കളയാനായി, ഇരട്ടപിരിയുള്ള ഒരു ആര്‍.എന്‍.എ.തുണ്ടിന്‌ ഗവേഷകര്‍ രൂപംനല്‍കുകയാണുണ്ടായത്‌. ഈ ആര്‍.എന്‍.എ.തുണ്ട്‌ രക്തത്തില്‍ നശിക്കാതെ കരളിലെത്തിക്കാന്‍,പ്രശസ്‌ത ബയോമെഡിക്കല്‍ എന്‍ജിനിയറായ റോബര്‍ട്ട്‌ ലാങറുടെ സംഘം രൂപം നല്‍കിയ ലിപിഡ്‌ അടിസ്ഥാന നാനോകണങ്ങളെയാണ്‌ ഗവേഷകര്‍ ആശ്രയിച്ചത്‌. അതുവഴി, അവിടുത്തെ എല്‍.ഡി.എല്‍.സ്വീകരണികള്‍ നശിക്കാതെ നിലനില്‍ക്കുകയും രക്തത്തില്‍ ചീത്തകൊളസ്‌ട്രോള്‍ കുറയുകയും ചെയ്‌തു.

ഈ രീതിയില്‍ ഒറ്റ ഡോസ്‌ കൊണ്ട്‌ മൂന്നാഴ്‌ചത്തേക്ക്‌ കൊളസ്‌ട്രോള്‍ കുറഞ്ഞെങ്കിലും, എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ദൃശ്യമായില്ലെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ പഠനങ്ങള്‍ കഴിഞ്ഞാലെ ഔഷധം മനുഷ്യരില്‍ ഉപയോഗിക്കാന്‍ പാകത്തിലാകൂ. ഒരുപക്ഷേ, ഒറ്റയ്‌ക്കു പ്രയോഗിക്കുന്നതിനെക്കാല്‍ നിലവിലുള്ള കൊളസ്‌ട്രോള്‍ ഔഷധങ്ങള്‍ക്കൊപ്പം ഉപയോഗിച്ചാല്‍ ഈ ആര്‍.എന്‍.എ.ഔഷധം കൂടുതല്‍ മികച്ച ഫലം നല്‍കിയേക്കുമെന്നും ഗവേഷകര്‍ കരുതുന്നു. (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, കടപ്പാട്‌: മാതൃഭൂമി).

2 comments:

Joseph Antony said...

നിലവില്‍ രക്തത്തില്‍ ചീത്തകൊളസ്‌ട്രോളായ എല്‍.ഡി.എല്‍.കുറയ്‌ക്കാന്‍ ഔഷധം കഴിക്കുന്നവരില്‍ പകുതിയോളം പേര്‍ക്ക്‌ വേണ്ട ഫലം ലഭിക്കുന്നില്ല. മരുന്നു കഴിച്ചാലും മാരകമായ ഹൃദ്രോഗത്തിന്‌ അവര്‍ ക്രമേണ അടിപ്പെടുന്നു. എന്നാല്‍, അമേരിക്കന്‍ ഗവേഷകര്‍ രൂപംനല്‍കിയ പുതിയ ഔഷധം എലികളിലും കുരങ്ങുകളിലും പരീക്ഷിച്ചപ്പോള്‍, ഒറ്റ ഡോസ്‌ കൊണ്ടുതന്നെ രക്തത്തിലെ കൊളസ്‌ട്രോള്‍നില 60 ശതമാനം കുറഞ്ഞതായി കണ്ടു. അതിന്റെ ഫലം മൂന്നാഴ്‌ച നിലനില്‍ക്കുകയും ചെയ്‌തു.

വര്‍ക്കേഴ്സ് ഫോറം said...

പുതിയ അറിവുകൾക്ക് നന്ദി