Wednesday, August 14, 2013

മതവിശ്വാസികള്‍ ബുദ്ധി കുറഞ്ഞവരോ; അതെയെന്ന് പഠനം!


പരിണാമ സിദ്ധാന്തത്തിന്റെ സ്വീകാര്യതയും ദൈവത്തിലുള്ള വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്ന ഒരു പഠനത്തിലെ കണ്ടെത്തല്‍ കൗതുകജനകമായിരുന്നു. സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസറ്റായ ഫില്‍ സുക്കെര്‍മാനുമാണ് പഠനം നടത്തിയത്. സാമൂഹിക അരക്ഷിതാവസ്ഥയാണ് ഡാര്‍വീനിയന്‍ സിദ്ധാന്തത്തിന്റെ സ്വീകാര്യത കുറയ്ക്കുകയും ദൈവവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നതെന്ന നിഗമനത്തിലാണ് അവരെത്തിയത്.

അതിജീവനത്തിനായുള്ള 'ഡാര്‍വീനിയന്‍ സമ്മര്‍ദ്ദം' കൂടുതലുള്ള സമൂഹങ്ങളില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തിന് സ്വീകാര്യത കുറയുമെന്ന് അവര്‍ കണ്ടു. ഭക്ഷണവും ആരോഗ്യസംവിധാനങ്ങളും പാര്‍പ്പിടസൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവവിശ്വാസം കുറവായിരിക്കുമെന്ന് പഠനം വ്യക്തമാക്കി.

ഇതിനോട് ഏതാണ്ട് ചേര്‍ന്നു പോകുന്ന ഒന്നാണ് അമേരിക്കയില്‍ റോച്ചസ്റ്റര്‍ സര്‍വകലാശാലയിലെ മിറോണ്‍ സക്കര്‍മാനും കൂട്ടരും നടത്തിയ പുതിയൊരു പഠനത്തിന്റെ ഫലവും. വിശ്വാസികള്‍ക്ക് രുചിച്ചേക്കില്ലാത്ത ഒരു കണ്ടെത്തലുണ്ട് പുതിയ പഠനത്തില്‍. വിശ്വാസികളല്ലാത്തവരെ അപേക്ഷിച്ച് മതവിശ്വാകള്‍ക്ക് ബൗദ്ധിക നിലവാരം കുറവായിരിക്കും എന്നതാണത്!

63 ശാസ്ത്രപഠനങ്ങളെ അവലോകനം ചെയ്താണ് സക്കര്‍മാനും കൂട്ടരും വിവാദമായേക്കാവുന്ന ഈ നിഗമനത്തിലെത്തിയത്. അത്രയും പഠനങ്ങളില്‍ 53 എണ്ണത്തിലും 'ബുദ്ധിശക്തിയും മതവിശ്വാസവും തമ്മിലുള്ള ഒരു വിപരീതബന്ധം' ഗവേഷകര്‍ കണ്ടതായി 'പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി റിവ്യൂ' പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ബുദ്ധികൂടിയവര്‍ക്ക് മുടിഞ്ഞ അറിവായതുകൊണ്ടാണ് വിശ്വാസം കുറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ബൗദ്ധികനിലവാരം കൂടിയവരാകും മികച്ച ജീവിതവിജയം നേടുക, ഉയര്‍ന്ന പദവികളിലെത്തുക. അങ്ങനെയുള്ളവര്‍ക്ക് മതങ്ങള്‍ നല്‍കുന്ന മാനസികമായ ഫലങ്ങളുടെ ആവശ്യം പലപ്പോഴുമുണ്ടാകാറില്ല. ആത്മവിശ്വാസം പോലുള്ള അത്തരം ഫലങ്ങള്‍ സ്വയമാര്‍ജിക്കാന്‍ അവര്‍ക്ക് കഴിയുന്നു.

എന്നുവെച്ചാല്‍, ബുദ്ധിനിലവാരം കൂടിയവര്‍ക്ക് ജീവിതവിജയം മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തില്‍ നേടാന്‍ കഴിയും. അവിടെ വിശ്വാസത്തിന്റെ ഊന്നുവടി അവര്‍ക്ക് ആവശ്യമില്ലാതെ വരുന്നു. ഉയര്‍ന്ന ശമ്പളവും സ്ഥാനമാനങ്ങളുമുള്ളതിനാല്‍, ആത്മവിശ്വാസത്തിന് മതങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല.

സക്കര്‍മാനും കൂട്ടരും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 1916 ലെ ഒരു പഠനത്തിലെ കണ്ടെത്തല്‍ ഉദ്ധരിക്കുന്നുണ്ട്. 'ക്രമബദ്ധമല്ലാതെ ഉള്‍പ്പെടുത്തിയ യു.എസ്.ശാസ്ത്രജ്ഞരില്‍ 58 ശതമാനം പേരും ദൈവത്തില്‍ വിശ്വസിക്കാത്തവരോ, ദൈവത്തിന്റെ അസ്തിത്വത്തെ സംശയിക്കുന്നവരോ ആയിരുന്നു. എന്നാല്‍, ഏറ്റവും പ്രമുഖരായ ശാസ്ത്രജ്ഞരുടെ കാര്യത്തില്‍ ഇത് 70 ശതമാനമായിരുന്നു'.

മതവിശ്വാസം വഴി ലഭിക്കുമെന്ന് കരുതുന്ന ചില സംഗതികളുണ്ടല്ലോ, അത്തരം സംഗതികള്‍ സ്വയമാര്‍ജിക്കാന്‍ സാധിക്കുന്നവര്‍ ഈശ്വരവിശ്വാസമില്ലാത്തവരാകാന്‍ സാധ്യതയേറും. അത്തരം കാര്യങ്ങള്‍ സ്വയമാര്‍ജിക്കാന്‍ കഴിയാത്തവര്‍ (പാവങ്ങളും നിസ്സഹായരും) ഈശ്വരവിശ്വാസത്തെ അഭയം പ്രാപിക്കും - പഠനം പറയുന്നു.

(കടപ്പാട് : News.au.co ( Link ); ഫെയ്‌സ്ബുക്കില്‍ വൈശാഖന്‍ തമ്പി ഷെയര്‍ ചെയ്തതാണ് ഈ ലിങ്ക്. ചിത്രം കടപ്പാട് : ദി ടെലഗ്രാഫ്) 

8 comments:

Joseph Antony said...

ബുദ്ധികൂടിയവര്‍ക്ക് മുടിഞ്ഞ അറിവായതുകൊണ്ടാണ് വിശ്വാസം കുറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ബൗദ്ധികനിലവാരം കൂടിയവരാകും മികച്ച ജീവിതവിജയം നേടുക, ഉയര്‍ന്ന പദവികളിലെത്തുക. അങ്ങനെയുള്ളവര്‍ക്ക് മതങ്ങള്‍ നല്‍കുന്ന മാനസികമായ ഫലങ്ങളുടെ ആവശ്യം പലപ്പോഴുമുണ്ടാകാറില്ല. ആത്മവിശ്വാസം പോലുള്ള അത്തരം ഫലങ്ങള്‍ സ്വയമാര്‍ജിക്കാന്‍ അവര്‍ക്ക് കഴിയുന്നു.

Manoj മനോജ് said...

പഠന റിപ്പോർട്ടിന്റെ ലിങ്ക്: http://psr.sagepub.com/content/early/2013/08/02/1088868313497266.abstract

Manoj മനോജ് said...

" Three possible interpretations were discussed. First, intelligent people are less likely to conform and, thus, are more likely to resist religious dogma. Second, intelligent people tend to adopt an analytic (as opposed to intuitive) thinking style, which has been shown to undermine religious beliefs. Third, several functions of religiosity, including compensatory control, self-regulation, self-enhancement, and secure attachment, are also conferred by intelligence. Intelligent people may therefore have less need for religious beliefs and practices. "

Unknown said...

ഈ ഒരു കണ്ടുപിടുത്തത്തിനു വലിയ "റിസർച്ച്" ന്റെയൊന്നും ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല, ജോസഫ്‌ സർ. നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന് നോക്കിയാൽ മതി. ഒരാൾ "യുക്തി വാദി" യകുന്നത് തന്നെ അയാളുടെ ദൈവത്തിലേക്കുള്ള അന്വേഷണാത്മകത കൊണ്ടും നമ്മുടെ ചുറ്റും മതങ്ങളുടെ പേരില് നടക്കുന്ന വിശ്വാസ ചൂഷണവും അന്ധവിശ്വാസങ്ങളും കൊണ്ടാണ്.
പിന്നെ 90% മത വാദികളും ഒരു മതത്തിൽ ജനിച്ചു പോയത് കൊണ്ടും ചെറുപ്പത്തിലെ അവരുടെ തലയിലേക്ക് അടിച്ചു കയറ്റുന്ന മത-ദൈവ ബിംബങ്ങൾ കൊണ്ടും മത വാദി-ദൈവ വാദിയകുന്നതാണ്. അത് ചിലപ്പോൾ അവർക്ക് ആശ്വാസം ആകുന്നത് കൊണ്ട് അതിനെ മുറുകെ പിടിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്നതാണ്‌. പിന്നെ "വിശ്വാസം അതല്ലേ എല്ലാം "

Joseph Antony said...

@ മനോജ്, മനോജ് കുമാര്‍ നന്ദി.
ഇതില്‍ ഞാന്‍ എന്റെ കമന്റോ അഭിപ്രായങ്ങളോ ചേര്‍ത്തിട്ടില്ല. കൗതുകജനകമായ ഒരു പഠനറിപ്പോര്‍ട്ട് കണ്ടപ്പോള്‍, അതിവിടെ ഇട്ടു എന്നുമാത്രം.

ബ്ലാക്ക്‌ മെമ്മറീസ് said...
This comment has been removed by the author.
ബ്ലാക്ക്‌ മെമ്മറീസ് said...

ഇതൊന്നും റാഡിക്കലയിട്ടുള്ള മാറ്റമല്ല ............

Unknown said...
This comment has been removed by the author.