Wednesday, July 17, 2013

പ്രഭാതഭേരി @ 25 - ചില ഓര്‍മകള്‍

 
 ആകാശവാണി തിരുവനന്തപുരം നിലയം അവതരിപ്പിക്കുന്ന 'പ്രഭാതഭേരി' പ്രോഗ്രാമിന് 25 വയസ്സ് തികയുകയാണ്. കേരളത്തിലെ മാധ്യമരംഗത്ത് ഒരു പുതുമയായിരുന്നു ആ പ്രോഗ്രാം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരുടെ തന്നെ ശബ്ദത്തില്‍ നേരിട്ട് കേള്‍പ്പിച്ച മലയാളത്തിലെ ആദ്യപ്രോഗ്രാമായിരുന്നു അത്. കാടുംമേടും കായലും കുന്നും താണ്ടി പ്രഭാതഭേരിയുടെ മൈക്രോഫോണ്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ തേടിയെത്തി. 'സംസ്ഥാനത്ത് രണ്ട് പ്രതിപക്ഷം വേണ്ട' എന്ന് അന്ന് റവന്യൂമന്ത്രിയായിരുന്നു കെ.എം.മാണിയെക്കൊണ്ട് നിയമസഭയില്‍ പറയിപ്പിച്ച പ്രോഗ്രാമാണത്. അധികാരികളുടെ ഉറക്കംകെടുത്തിയ പ്രോഗ്രാം. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രംഗത്തെത്തുന്നതിന് മുമ്പ്, ജനങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായി കാതോര്‍ത്ത പരിപാടി.

ഒരുകാലത്ത് ഈയുള്ളവനും ആ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. ശരിക്കുപറഞ്ഞാല്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയത് തന്നെ ആ പ്രോഗ്രാമിലൂടെയാണ്. അക്കാലത്ത് എന്നെ നിലനിര്‍ത്തിയത് ആകാശവാണിയുടെ ചെക്കുകളും.

1991 ലാണ് പ്രഭാതഭേരിയുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത്. അമ്പൂരിയോട് വിടപറഞ്ഞ് തിരുവനന്തപുരത്തെ കുന്നുംപുറത്ത് സുബൈദാര്‍ ലോഡ്ജില്‍ തമ്പടിച്ചിരുന്ന കാലം. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട വിവാദം ശക്തമായ സമയമായിരുന്നു അത്. പാര്‍ക്കിനെ എതിര്‍ത്തിരുന്നവര്‍ക്കൊപ്പം ഞങ്ങള്‍ കുറച്ചുപേരും സഹകരിച്ചിരുന്നു. പാര്‍ക്ക് വരുന്ന പ്രദേശത്തെ ആദിവാസികള്‍, കാട്ടിനുള്ളില്‍ നിന്ന് ചൂരല്‍ക്കുട്ടയും തേനും മറ്റ് വനവിഭവങ്ങളും വില്‍ക്കാന്‍ എത്തിച്ചിരുന്നത് കോട്ടൂര്‍ എന്ന സ്ഥലത്തെ ലേലച്ചന്തയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ചന്തയുടെ നടത്തിപ്പുകാര്‍.

വനംവകുപ്പുകാരും ഇടത്തട്ടുകാരും ചേര്‍ന്ന് ആദിവാസികളെ ശരിക്കും ചൂഷണം ചെയ്യുന്ന ഏര്‍പ്പാടാണ് ചന്തയില്‍ നടന്നിരുന്നതെന്ന്, ആദിവാസികളുമായുള്ള ആശയവിനിമയത്തില്‍നിന്ന് മനസിലായി. ഇത്തരമൊരു പ്രശ്‌നം അന്ന് ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഏറ്റവും ശക്തമായ മാര്‍ഗം പ്രഭാതഭേരിയായിരുന്നു. പൊതുജനങ്ങളെല്ലാം ശ്രദ്ധിക്കുമെന്നതിനാല്‍, പ്രഭാതഭേരിയില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ വ്യഗ്രത കാട്ടിയിരുന്നു.

അതിനാല്‍, ലേലച്ചന്തയിലെ ചൂഷണവും തട്ടിപ്പും പ്രഭാതഭേരി വഴി പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പ്രഭാതഭേരിയുടെ ചുമതലക്കാരന്‍ ആകാശവാണിയില്‍ അന്ന് പ്രോഗ്രാം എക്‌സിക്യുട്ടീവായ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ (പറക്കോട് ഉണ്ണികൃഷ്ണന്‍) ആണ്. അദ്ദേഹത്തെ എന്റെ സുഹൃത്ത് നാരായണന്‍ മാഷിന് പരിചയമുണ്ട്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാഷ് എന്നെയും കൂട്ടി വഴുതക്കാട്ട് ആകാശവാണിയിലെത്തി, ഉണ്ണികൃഷ്ണനെ കണ്ടു. വിഷയം അദ്ദേഹത്തിന് ഇഷ്ടമായി. ഞാനും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നയാളാണെന്ന് അറിഞ്ഞപ്പോള്‍, അദ്ദേഹം ചോദിച്ചു: 'ജോസഫ്, എന്തുകൊണ്ട് ഈ പ്രോഗ്രാം താങ്ങള്‍ക്ക് തയ്യാറാക്കിക്കൂടാ'.

അതായിരുന്നു തുടക്കം. ലേലച്ചന്ത സംബന്ധിച്ച പ്രോഗ്രാം പ്രഭാതഭേരിയില്‍ ശ്രദ്ധിക്കപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം സ്റ്റാച്ച്യൂവിന് മുന്നിലൂടെ വരുമ്പോള്‍ ഒരു സ്‌കൂട്ടര്‍ അടുത്ത് ചവിട്ടിനിര്‍ത്തി. നോക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ മാഷ്. 'പിന്നെ ആകാശവാണിയിലേക്ക് കണ്ടില്ലല്ലോ'- അദ്ദേഹം ചോദിച്ചു. 'വരൂ, നമുക്ക് പുതിയ പ്രോഗ്രാം ചെയ്യണ്ടേ'.

അടുത്ത പ്രോഗ്രാം പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിലെയും പമ്പയിലെയും മണലൂറ്റ് ആ നദികളെയും, അതിന്റെ പരിസരപ്രദേശത്തെ പരിസ്ഥിതിയെയും എങ്ങനെ ദുരിതത്തിലേക്ക് തള്ളിയിടുന്നു എന്നതിനെക്കുറിച്ചായിരുന്നു. പ്രഭാതഭേരി മൂന്ന് സ്ലോട്ടായി ആ പ്ലോഗ്രാം തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്തു......പരിസ്ഥിതി, ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു പ്രഭാതഭേരിയില്‍ ഞാന്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്ന് മാത്രം 30 ലേറെ പ്രോഗ്രാമുകള്‍. അതിലേറ്റവും ശ്രദ്ധേയം 'കേരളത്തില്‍ ഗോതമ്പ് കൃഷി' ചെയ്യുന്ന ഒരു ഗ്രാമമുണ്ടെന്നും, അതിന്റെ പേര് വട്ടവടയാണെന്നും മലയാളികള്‍ അറിഞ്ഞതാണ്.

ഇടുക്കിയില്‍ മറയൂര്‍ താഴ്‌വരയില്‍ ശിലായുഗ സ്മാരകങ്ങളായ മുനിയറകള്‍ സ്ഥിതിചെയ്യുന്ന വിശാലമായ ഒരു പാറ ബാംഗ്ലൂര്‍ കേന്ദ്രമായ കമ്പനി പൊട്ടിച്ചുമാറ്റാന്‍ തുടങ്ങിയത് അക്കാലത്താണ്. കേരളത്തിലെ അന്നത്തെ ഒരു യു.ഡി.എഫ്. മന്ത്രിയുടെ ബിനാമിയാണെന്ന് ആക്ഷേപമുള്ള ആ കമ്പനിക്ക് വഴിവിട്ട് പാറഖനനത്തിന് അനുമതി നല്‍കുകയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു പ്രവര്‍ത്തകന്‍ ഇക്കാര്യം പ്രഭാതഭേരിക്കെഴുതി. 'ഇടുക്കി റിപ്പോര്‍ട്ടര്‍' എന്ന നിലയ്ക്ക് എന്നെ ഉണ്ണികൃഷ്ണന്‍ മാഷ് മറയൂരിന് അയച്ചു. പ്രോഗ്രാം പ്രഭാതഭേരിയില്‍ വന്നു. എറണാകുളത്തെ അഡ്വ.എ.എക്‌സ്. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള 'നിയമസഹായവേദി' ഹൈക്കോടതിയില്‍, ആ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി, മറയൂര്‍ മുനിയറകള്‍ സംരക്ഷിക്കണമെന്ന് കാണിച്ച് പൊതുതാത്പര്യ ഹര്‍ജി നല്‍കി. കോടതി തന്നെ നേരിട്ടന്വേഷിച്ച്, ഖനനം നിര്‍ത്തണമെന്നും, മറയൂര്‍ മുനിയറകള്‍ ദേശീയ സ്മാരകങ്ങളായി സംരക്ഷിക്കണമെന്നും വിധി പുറപ്പെടുവിച്ചു.

1992 ജൂണില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഷട്ടറുകള്‍ ആദ്യമായി അടച്ച സമയത്ത് അതിനെതിരെ 'ജലസമാധി' നടത്തുമെന്ന് മേധാ പട്ക്കറുടെ നേതൃത്വത്തില്‍ നര്‍മദ ബച്ചാവോ ആന്ദോളന്‍ തീരുമാനിച്ചു. ഡാമിലെ വെള്ളത്തില്‍ ആദ്യം മുങ്ങുന്ന മണിബേലി  എന്ന ആദിവാസി ഗ്രാമത്തില്‍ ജലസമാധി നടത്താനായിരുന്നു പ്ലാന്‍. സര്‍ക്കാര്‍ അവിടെ 144 പ്രഖ്യാപിച്ചതിനാല്‍, സത്യാഗ്രഹം മുംബൈയിലെ ചര്‍ച്ച്‌ഗേറ്റിലേക്ക് മാറ്റി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്ന് ഒരു ആറംഗസംഘത്തെ ആ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ അയച്ചതില്‍ തിരുവനന്തപുരം ജില്ലയുടെ പ്രതിനിധി ഞാനായിരുന്നു. ഇക്കാര്യമറിഞ്ഞ ഉണ്ണികൃഷ്ണ്‍ മാഷ് പറഞ്ഞു: 'ആരുടെയെങ്കിലും കൈയില്‍ ചെറിയ ടേപ്പ് റിക്കോര്‍ഡര്‍ കാണും, ഒരു പ്രോഗ്രാം ചെയ്‌തോളൂ' (ഡിജിറ്റല്‍ റിക്കോര്‍ഡറുകള്‍ക്ക് മുമ്പുള്ള കാലമാണത്, ടേപ്പ് റിക്കോര്‍ഡറുകള്‍ തന്നെയായിരുന്നു ആശ്രയം).

മുംബൈയിലെത്തി, സത്യഗ്രഹത്തില്‍ പങ്കെടുത്തു, മണിബേലിയില്‍ സന്ദര്‍ശനം നടത്തി, തിരിച്ചുപോരും മുമ്പ് പ്രഭാതഭേരിക്ക് ആ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. 'ഫ്രണ്ട്‌സ് ഓഫ് പീപ്പിള്‍' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ മലയാളികളായിരുന്നു. അവരെന്നെ സഹായിച്ചു. ടേപ്പ് റിക്കോര്‍ഡര്‍ സംഘടിപ്പിച്ച് തന്നു. അടുത്ത പ്രശ്‌നം ഭാഷയായിരുന്നു. എന്നെപ്പോലെ തന്നെ നര്‍മദ താഴ്‌വരയിലെ ആദിവാസികള്‍ക്കും മറാഠിയോ ഹിന്ദിയോ അറിയില്ല. ഒടുവില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടി, മുംബൈയിലെ കലാകൗമുദി പത്രത്തിലെ ഒരു ലേഖിക - ഇങ്ങനെ രണ്ടുപേരുടെ സഹായത്തോടെ ആ പ്രോഗ്രാം ഞാന്‍ പൂര്‍ത്തിയാക്കി. മേധയുടെ സഹായിയായി നിന്ന പെണ്‍കുട്ടിയുടെ കൈയില്‍ ടേപ്പ് റിക്കോര്‍ഡര്‍ കൊടുത്തുവിട്ട് മേധയ്ക്ക് പറയാനുള്ളതും റിക്കോര്‍ഡ് ചെയ്തു. അങ്ങനെ മണിബേലിയുടെ ശബ്ദം പ്രഭാതഭേരിയിലൂടെ മലയാളികള്‍ കേട്ടു.

ശ്രീനാഥ്, നിസ്സാര്‍ സെയ്യിദ് മുതലായ സുഹൃത്തുക്കളും അന്ന് പ്രഭാതഭേരി ചെയ്യാന്‍ സജീവമായി രംഗത്തുള്ളതായി ഞാനോര്‍ക്കുന്നു. പ്രഭാതഭേരി ചെയ്തിരുന്ന മറ്റാളുകളുമായി എനിക്കത്ര ബന്ധമില്ലായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പ്രോഗ്രാമുകള്‍ ഞാന്‍ ചെയ്തു. ശരിക്കുപറഞ്ഞാല്‍, കേരളത്തെ നേരിട്ടറിയാനുള്ള ഒരു അവസരമായി എനിക്കത് മാറി. ആ പ്രോഗ്രാമുകള്‍ക്കായി അറുന്നൂറോളം പേരെ ഇന്റര്‍വ്യൂ ചെയ്തു. അതില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരും ആദിവാസികളും മത്സ്യത്തൊഴിലാളികളുമായ സാധാരണക്കാരായിരുന്നു. ശരിക്കും അവരുടെ ശബ്ദമായിരുന്നു പ്രഭാതഭേരി. ആ പ്രോഗ്രാമിന്റെ ഭാഗമാവുക വഴി സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇന്നാലോചിക്കുമ്പോള്‍, അതാണ് പ്രഭാതഭേരി നല്‍കിയ ഏറ്റവും വലിയ നേട്ടം; മറ്റൊരിടത്തുനിന്നും ലഭിക്കാത്തതും!

പ്രഭാതഭേരിയുടെ തുടക്കവും വികാസ പരിണാമവും പറക്കോട് ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു...http://bit.ly/1asITuQ 

V.K.Adarsh ഇന്നിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഈ കുറിപ്പ് തയ്യാറാക്കാന്‍ പ്രേരണയായത്.

4 comments:

Joseph Antony said...

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരുടെ തന്നെ ശബ്ദത്തില്‍ നേരിട്ട് കേള്‍പ്പിച്ച മലയാളത്തിലെ ആദ്യപ്രോഗ്രാമായിരുന്നു അത്. കാടുംമേടും കായലും കുന്നും താണ്ടി പ്രഭാതഭേരിയുടെ മൈക്രോഫോണ്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ തേടിയെത്തി. 'സംസ്ഥാനത്ത് രണ്ട് പ്രതിപക്ഷം വേണ്ട' എന്ന് അന്ന് റവന്യൂമന്ത്രിയായിരുന്നു കെ.എം.മാണിയെക്കൊണ്ട് നിയമസഭയില്‍ പറയിപ്പിച്ച പ്രോഗ്രാമാണത്. അധികാരികളുടെ ഉറക്കംകെടുത്തിയ പ്രോഗ്രാം. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രംഗത്തെത്തുന്നതിന് മുമ്പ്, ജനങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായി കാതോര്‍ത്ത പരിപാടി.

Unknown said...

പുതിയ തലമുറയ്ക്ക് അത്ര പരിചയം പോരെങ്കിലും, ഒരു കാലഘട്ടത്തിലെ ജനപ്രിയപ്രോഗ്രാം തന്നെയായിരുന്നു സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്ന പ്രഭാതഭേരി എന്നതിൽ സംശയമില്ല.... പ്രഭാതഭേരിയുടെ തുടക്കത്തെ സംഗീതം കേട്ടായിരുന്നു പലദിവസങ്ങളുടെയും ആരംഭം എന്നത് ഇന്നും ഓർക്കുന്നു.. മറക്കുവാനാകാത്തതാണ് ആ സംഗീതവും....

കാളിയൻ - kaaliyan said...

പണ്ട് കോളേജിൽ പോവാൻ ബസ്‌ കാത്തു നില്ക്കുമ്പോ അവടെയുള്ള ചായക്കടയിൽ നിന്നും കേട്ട് ഒരുപാട് നിന്നിട്ടുണ്ട് . !

ഇലക്ട്രോണിക്സ് കേരളം said...

ചില വിവരങ്ങള്‍ ആദ്യമായി അറിയുകയായിരുന്നു