Thursday, February 07, 2013

ഇന്റര്‍നെറ്റിന്റെ അവകാശികള്‍

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ജനവരി 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് 

ആകാശവും വായുവും പോലെയാണ് നമുക്കിപ്പോള്‍ ഇന്റര്‍നെറ്റ്. സര്‍വവ്യാപി. കമ്പ്യൂട്ടറും മൊബൈലും മാത്രമല്ല, ഫ്രിഡ്ജും കാടും ജലവിതരണപൈപ്പുകളുമെല്ലാം ഇന്റര്‍നെറ്റിലേക്ക് ഘടിപ്പിക്കപ്പെടുമെന്ന കാലം വിദൂരമല്ലെന്നാണ് ടെക് പണ്ഡിതരുടെ അഭിപ്രായം.

ഈ സാഹചര്യത്തില്‍ ആരാണ് ഇന്റര്‍നെറ്റ് നിയന്ത്രിക്കേണ്ടതെന്ന ചോദ്യം, വായുവും ആകാശവും ആരാണ് നിയന്ത്രിക്കേണ്ടത് എന്ന് ചോദിക്കുന്നതു പോലെയാണെന്ന് തോന്നിയേക്കാം. വെറും തോന്നല്‍ മാത്രമല്ല ഇത്. ഇന്ന് നമ്മള്‍ കാണുന്ന ഇന്റര്‍നെറ്റിന് കഴിഞ്ഞ നൂറ്റാണ്ടില്‍ അറുപതുകളിലും എഴുപതുകളിലും അടിത്തറ പണിതവര്‍, അത് ആരുടെയെങ്കിലും നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ആകാത്ത വിധമാണ് രൂപപ്പെടുത്തിയത്. തൊണ്ണൂറുകളുടെ ആദ്യം വേള്‍ഡ് വൈഡ് വെബ്ബ് രംഗത്തെത്തുമ്പോഴും, അതൊരു പേറ്റന്റ് ചെയ്ത വിദ്യയായി അവതരിപ്പിക്കപ്പെടാതിരിക്കാന്‍ അതിന്റെ ഉപജ്ഞാതാവ് ഏറെ ശ്രദ്ധിച്ചു.

ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയം സ്വതന്ത്രമായിരിക്കണം, ആരുടെയും നിയന്ത്രണത്തിലാവരുത് -ഇതായിരുന്നു കാഴ്ചപ്പാട്. ഈയൊരു കാഴ്ചപ്പാടിന്റെ പിന്‍ബലത്തില്‍ രൂപപ്പെട്ടതുകൊണ്ട് ഐക്യരാഷ്ടസഭ പോലുള്ള അന്താരാഷ്ട്ര സംഘനകള്‍ക്ക് ഇന്റര്‍നെറ്റിന്റെ നിയന്ത്രണത്തില്‍ കാര്യമായ പങ്കില്ലാതായി.

ആഗോളകമ്മ്യൂണിക്കേഷന്‍ സംബന്ധിച്ച നയങ്ങള്‍ നിശ്ചയിക്കുന്നത് യു.എന്നിന് കീഴിലുള്ള 'അന്താരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷന്‍ യൂണിയന്‍' (ITU) ആണ്. ശീതയുദ്ധത്തിന്റെ കറുത്തനാളുകളില്‍ പോലും സ്തുത്യര്‍ഹമായി ആ ഏജന്‍സി പ്രവര്‍ത്തിച്ചു. മറ്റ് യു.എന്‍.ഏജന്‍സികളുമായി താരതമ്യം ചെയ്താല്‍ കാര്യമായ തര്‍ക്കങ്ങള്‍ക്കൊന്നും ഇടകൊടുക്കാതെ മുന്നേറാന്‍ അതിനായി. അന്താരാഷ്ട്രതലത്തില്‍ റേഡിയോ സ്‌പെക്ട്രം കൈകാര്യം ചെയ്യുന്നതിലും, റേഡിയോ കമ്മ്യൂണിക്കേഷനില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡുകള്‍ വികസിപ്പിക്കുന്നതിലും വലിയ പങ്കാണ് ഐ.ടി.യു.വഹിച്ചത്.

ആ സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഉടമ്പടിയായ 'ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേഷന്‍സ്' (ITR) ഏറ്റവുമൊടുവില്‍ പുതുക്കിയത് ഏതാണ്ട് കാല്‍നൂറ്റാണ്ട് മുമ്പ് (1988 ല്‍) ആണ്. ആ ഉടമ്പടി നിലവില്‍ വന്ന ശേഷം കമ്മ്യൂണിക്കേഷന്‍ രംഗം വിപ്ലവകരമായി മാറി. വെബ്ബിന്റെ ആവിര്‍ഭവിച്ചു, സൈബര്‍യുഗം ഉദയംചെയ്തു. കമ്മ്യൂണിക്കേഷന്റെ മാത്രമല്ല, ആഗോള സാമ്പത്തിക ഇടപാടുകളുടെയും ക്രയവിക്രയങ്ങളുടെയും നട്ടെല്ലായി ഇന്റര്‍നെറ്റ് പരിണമിച്ചു.

ഇക്കാര്യം പ്രതിഫലിക്കാത്ത ഒരു ആഗോള കമ്മ്യൂണിക്കേഷന്‍ ഉടമ്പടിക്ക് എന്ത് പ്രസക്തിയുണ്ടാകുമെന്ന് ആലോചിച്ചു നോക്കുക. ശരിക്കുപറഞ്ഞാല്‍, 1988 ലെ ഉടമ്പടി ഒരു 'ചത്ത പൂച്ച'യാണ്. പുതിയ സാഹചര്യങ്ങള്‍ക്കൂടി പ്രതിഫലിക്കത്തക്കവിധം അതിനെ പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഡിസംബറില്‍ 12 ദിവസം നീണ്ട 'വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ ഇന്റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ്' (ഡബ്ല്യു.സി.ഐ.ടി) ദുബായില്‍ നടന്നത്. 193 രാജ്യങ്ങളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനം പക്ഷേ, പരാജയത്തിലാണ് കലാശിച്ചത്. ഇന്റര്‍നെറ്റായായിരുന്നു പരാജയകാരണം!

ലോകസമൂഹത്തെ ഒട്ടേറെ വിജയങ്ങളിലേക്കും പുതിയ മുന്നേറ്റങ്ങളിലേക്കും നയിക്കുന്ന ഇന്റര്‍നെറ്റ്, കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ഒരു ലോകസമ്മേളനം പരാജയപ്പെടുന്നതിന് കാരണമായി എന്നത് വിചിത്രമായി തോന്നാം! പക്ഷേ, സംഭവിച്ചത് അങ്ങനെയാണ്. ഒപ്പുവെയ്ക്കാന്‍ അവകാശമുള്ള 144 രാജ്യങ്ങളില്‍ 89 എണ്ണമേ പുതുക്കിയ ഉടമ്പടിയില്‍ ഡിസംബര്‍ 14 ന് ഒപ്പുവെച്ചുള്ളു. 45 രാജ്യങ്ങള്‍ അത് അംഗീകരിക്കാന്‍ വിസമ്മതിച്ചു. ഉടമ്പടിക്ക് നിയമപ്രാബല്യം വരിക 2015 ജനവരി ഒന്നിനാണ്. അതിനാല്‍, വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഉടമ്പടിയില്‍ ഒപ്പിടാം എന്ന നിലപാട് ഇന്ത്യയുള്‍പ്പടെ ചില രാജ്യങ്ങള്‍ സ്വീകരിച്ചു.

ഇത്രകാലവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വലിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കാതെ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത ഐ.ടി.യു.പോലൊരു സംഘടന ഇങ്ങനെയൊരു പ്രതിസന്ധിയിലകപ്പെടുന്നത് ആദ്യമായാണ്. ഇന്റര്‍നെറ്റ് നിയന്ത്രണവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ പുതുക്കിയ ടെലികമ്മ്യൂണിക്കേഷന്‍ ഉടമ്പടിയില്‍ കടന്നുകൂടിയാതാണ്, അവസാന നിമിഷം സമ്മേളനം പരാജയപ്പെടാന്‍ ഇടയാക്കിയത്.

ഇന്റര്‍നെറ്റിന്റെ സാങ്കേതിക അടിത്തറ സജ്ജമാക്കുന്നതില്‍ രാജ്യങ്ങള്‍ക്ക് തുല്യമായ അവകാശം അനുവദിക്കാമോ - ഇതായിരുന്നു ദുബായ് സമ്മേളനത്തെ ആദ്യാവസാനം പിന്തുടര്‍ന്ന ചോദ്യം. ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ക്ക് തുല്യമായ അവകാശം ആകാമെങ്കില്‍ അക്കാര്യം ടെലിക്കമ്മ്യൂണിക്കേഷന്‍ ഉടമ്പടിയില്‍ പ്രതിഫലിക്കണം എന്നും വാദമുയര്‍ന്നു. എന്നാല്‍, ഉടമ്പടിയിലെ വ്യവസ്ഥകള്‍ ഇന്റര്‍നെറ്റിനെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കുന്നതിലേക്ക് വന്നുകൂടാ എന്ന് മറുചേരി വാദിച്ചു. അങ്ങനെയാണ് സമ്മാളനം പരാജയപ്പെട്ടത്.

ലോകരാഷ്ട്രങ്ങള്‍ രണ്ടുചേരിയാകുന്നതിനാണ് ദുബായ് സാക്ഷ്യം വഹിച്ചത്. 'ദി എക്കണോമിസ്റ്റ്' വാരിക ഇക്കാര്യത്തില്‍ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ശീതയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന ചേരിതിരിവായിരുന്നു അതെന്ന് വാരികയുടെ റിപ്പോര്‍ട്ട് പറയുന്നു. റഷ്യയുടെയും ചൈനയുടെയും നേതൃത്വത്തില്‍ ഒരു വിഭാഗം, അമേരിക്കയുടെയും മറ്റ് പാശ്ചാത്യരാജ്യങ്ങളുടെയും മറുചേരി! ഇന്റര്‍നെറ്റ് ലോകത്തെ പുതിയൊരു ശീതയുദ്ധത്തിലേക്ക് തള്ളിവിടുകയാണ് എന്നുപോലും പറഞ്ഞാല്‍ അധികമാകില്ല.

ഇന്റര്‍നെറ്റിന്റെ നിയന്ത്രണത്തിലും സാങ്കേതിക വികാസത്തിലും രാജ്യങ്ങള്‍ക്ക് തുല്യാവകാശം വേണമെന്ന നിലപാടാണ് റഷ്യന്‍ചേരിയുടേത്. റഷ്യയുടെ നേതൃത്വത്തില്‍ ചൈന, സൗദി അറേബ്യ, അല്‍ജീരിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉന്നയിച്ച ഈ ആവശ്യം സമ്മേളനത്തിന് ആദ്യം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സെന്‍സറിങ് ഏര്‍പ്പെടുത്താനും, ആശയപ്രകാശനം അടിച്ചമര്‍ത്താനും അത് അവസരമൊരുക്കുമെന്ന അമേരിക്കയുടെ വാദം ഒരര്‍ഥത്തില്‍ വിജയം നേടുകയായിരുന്നു.

വേള്‍ഡ് വൈഡ് വെബ്ബിന്റെ ഉപഞ്ജാതാവായ ടിം ബേര്‍ണസ് ലീയും ദുബായ് സമ്മേളനത്തെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ചില സമ്മേളന പ്രതിനിധികള്‍ ഐ.ടി.യു.വിനെ പ്രേരിപ്പിച്ചേക്കാമെന്നും, അത് അപകടകരമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്ന ഗ്രൂപ്പുകള്‍ നിലവില്‍ അത് യാതൊരു പ്രശ്‌നവുമില്ലാതെയാണ് നടത്തുന്നതെന്ന കാര്യവും ബേര്‍ണസ് ലീ ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റിന്റെ സൃഷ്ടാക്കളിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വിന്റ് സെര്‍ഫ്, ഗൂഗിള്‍ സൈറ്റിലൂടെ ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി. അത്തരം ആശങ്കകള്‍ ശരിയാണെന്നും, ഇന്റര്‍നെറ്റിനെ ഏതെങ്കിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ വഴിതുറന്നുകൂടാ എന്നും അമേരിക്കയുടെ 120 അംഗ പ്രതിനിധിസംഘത്തിന്റെ തലവന്‍ ടെറി ക്രാമര്‍ വാദിച്ചു.

അമേരിക്കയുടെ ഈ വാദം സ്വാഗതാര്‍ഹമാണെങ്കിലും, ഇക്കാര്യത്തില്‍ അമേരിക്ക ശ്രമിക്കുന്നത് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് മനസിലാക്കാന്‍ അധികം പ്രയാസമില്ല. കാരണം ഓണ്‍ലൈന്‍ രംഗത്തിന്റെ നേട്ടങ്ങള്‍ ഏറ്റവുമധികം സ്വന്തമാക്കുന്ന രാജ്യം അമേരിക്കയാണ്. ഇന്റര്‍നെറ്റിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ വലിയൊരു പങ്ക് സ്ഥിതിചെയ്യുന്നത് അമേരിക്കയിലാണ്. മാത്രമല്ല, ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ സിംഹഭാഗവും ഗുണകരമാകുന്നതും ആ രാജ്യത്തിന് തന്നെ. ഓണ്‍ലൈന്‍ വ്യവസായത്തിന്റെ മഹാഭൂരിപക്ഷവും സ്വന്തമാക്കുന്നതും അമേരിക്കന്‍ കമ്പനികള്‍ തന്നെ. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രതിനിധികള്‍ ദുബായിലെ യു.എസ്.സംഘത്തില്‍ ഉള്‍പ്പെട്ടത് വെറുതെയല്ല.

ഇന്റര്‍നെറ്റിന്റെ നിയന്ത്രണം മറ്റ് രാജ്യങ്ങളേതെങ്കിലും ആവശ്യപ്പെട്ടാലോ എന്ന സംശയത്താല്‍, സൈബര്‍യുദ്ധത്തെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന രാജ്യമാണ് അമേരിക്ക. ഇന്റര്‍നെറ്റിന്റെ നടത്തിപ്പില്‍ ഐക്യരാഷ്ട്രസഭയോ അതിന് കീഴിലുള്ള ഐ.ടി.യു.പോലുള്ള ഏജന്‍സികളോ ഏതെങ്കിലും ഇടപെടല്‍ നടത്താന്‍ അമേരിക്ക ഒരിക്കലും അനുവദിച്ചിരുന്നില്ല.

എന്നുവെച്ചാല്‍, ഇന്റര്‍നെറ്റ് എന്ന സര്‍വവ്യാപിയുടെ നിയന്ത്രണം ഇപ്പോള്‍ ഫലത്തില്‍ അമേരിക്കയുടെ പക്കലാണ്. ചരിത്രപരമായ കാരണങ്ങളാണ് അങ്ങനെ വന്നുഭവിക്കുകയായിരുന്നു. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റ് (ARPANET) നിലവില്‍വന്നത് അമേരിക്കന്‍ പ്രതിരോധവകുപ്പിന് കീഴിലാണ്. ആ പാരമ്പര്യത്തിന്റെ നീക്കിയിരുപ്പായി ഇപ്പോഴും ഇന്റര്‍നെറ്റിനെ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ അമേരിക്ക അതിന്റെ ചിറകിന്‍കീഴില്‍ നിര്‍ത്തിയിരിക്കുന്നു.

ഇന്റര്‍നെറ്റിന്റെ നിലനില്‍പ്പില്‍ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്, നെറ്റിലെ അഡ്രസ്സ് സംവിധാനം നിയന്ത്രിക്കുന്ന 'ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിട്ടി' (IANA) ആണ്. ആ അതോറിട്ടിയെ ആര് പ്രവര്‍ത്തിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് യു.എസ്.വാണിജ്യവകുപ്പാണ്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമായ 'ഐകാന്' (Icann) അതിനുള്ള കരാര്‍ അടുത്തയിടെ പുതുക്കി നല്‍കി. അര്‍പാനെറ്റിന്റെ സൃഷ്ടാക്കളെന്ന പേരിലാണ് ഐ.എ.എന്‍.എ.യുടെ നിയന്ത്രണം യു.എസ്.വാണിജ്യവകുപ്പിന്റെ പക്കലെത്തിയത്. മാത്രമല്ല, ഇന്റര്‍നെറ്റിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന 'ഇന്റര്‍നെറ്റ് എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സ്', ടിം ബേര്‍ണസ് ലീ നേതൃത്വം വഹിക്കുന്ന 'വേള്‍ഡ് വൈഡ് വെബ്ബ് കണ്‍സോര്‍ഷ്യം' തുടങ്ങിയ ഗ്രൂപ്പുകളും സംഘടകളുമെല്ലാം അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ്.

അര്‍പാനെറ്റിന്റെ പാരമ്പര്യം പറഞ്ഞ് ഇന്റര്‍നെറ്റിനെയും അതുണ്ടാക്കുന്ന സാധ്യതകളില്‍ വലിയൊരു പങ്കിനെയും അമേരിക്ക അനുഭവിക്കുകയാണെന്ന് സാരം. അര്‍പാനെറ്റിന്റെ കാലത്തുനിന്ന് ലോകം എത്ര മുന്നോട്ടുപോയിരിക്കുന്നു എന്നകാര്യം അമേരിക്ക മനസിലാക്കിയേ തീരൂ എന്ന് എതിര്‍ചേരി വാദിക്കുന്നു. ആശയവിനിമയത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയെയും നട്ടെല്ലായി പരിണമിക്കുക മാത്രമല്ല ഇന്റര്‍നെറ്റ് ചെയ്തിരിക്കുന്നത്. ക്രമിനലുകളുടെയും കുബുദ്ധികളുടെയും ഏറ്റവും വലിയ താവളമായും അത് മാറിക്കൊണ്ടിരിക്കുന്നു. അഞ്ചാംയുദ്ധമുഖം പോലുമായി ഇന്റര്‍നെറ്റ് മാറുന്നു. സൈബര്‍യുദ്ധമെന്നത് യാഥാര്‍ഥ്യമായി പരിണമിച്ചിരിക്കുന്നു.

ഈ സഹാചര്യത്തില്‍ അഭിപ്രായസ്വാതന്ത്ര്യം എന്ന പേരില്‍ ഇന്റര്‍നെറ്റിനെ എത്രകാലം അമേരിക്കക്കയ്ക്ക് സ്വന്തമായി കൊണ്ടുനടക്കാനാകും എന്നത് കണ്ടറിയണം. ദുബായില്‍ ചര്‍ച്ചചെയ്യപ്പെട്ട കമ്മ്യൂണിക്കേഷന്‍ ഉടമ്പടിയില്‍ സ്പാം (പാഴ്‌സന്ദേശം) നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശവും ഇന്റര്‍നെറ്റ് 'സര്‍വീസ് ദാതാക്കളെ'ക്കുറിച്ചുള്ള പരാമര്‍ശവും വന്നതാണ്, ഉടമ്പടി അംഗീകരിക്കുന്നതില്‍നിന്ന് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള ചേരിയെ തടഞ്ഞത്. ഇന്റര്‍നെറ്റിനെക്കുറിച്ച് ഒരു പരാമര്‍ശവും ആ ഉടമ്പടിയില്‍ പാടില്ലെന്നാണ് അവര്‍ വാദിച്ചത്.

ഏതായാലും, ഇന്റര്‍നെറ്റിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ഈ തര്‍ക്കം ഉടനെയൊന്നും അവസാനിക്കുമെന്ന് കരുതാന്‍ ന്യായമില്ല. മറ്റൊരു ശീതയുദ്ധം ആരംഭിച്ചിരിക്കുകയാണെന്ന് സാരം!

4 comments:

Joseph Antony said...

അഭിപ്രായസ്വാതന്ത്ര്യം എന്ന പേരില്‍ ഇന്റര്‍നെറ്റിനെ എത്രകാലം അമേരിക്കക്കയ്ക്ക് സ്വന്തമായി കൊണ്ടുനടക്കാനാകും എന്നത് കണ്ടറിയണം. ദുബായില്‍ ചര്‍ച്ചചെയ്യപ്പെട്ട കമ്മ്യൂണിക്കേഷന്‍ ഉടമ്പടിയില്‍ സ്പാം (പാഴ്‌സന്ദേശം) നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശവും ഇന്റര്‍നെറ്റ് 'സര്‍വീസ് ദാതാക്കളെ'ക്കുറിച്ചുള്ള പരാമര്‍ശവും വന്നതാണ്, ഉടമ്പടി അംഗീകരിക്കുന്നതില്‍നിന്ന് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള ചേരിയെ തടഞ്ഞത്.

Manu Varkey said...

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കേട്ട് കേട്ടുകേള്‍വിയില്ലാത്ത രാജ്യങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഐക്യരാഷ്ട്ര സഭയെ ഇന്റര്‍നെറ്റിന്റെ ഭരണം ഏല്‍പ്പിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് അമേരിക്ക ഇന്റര്‍ണെറ്റ് നിയന്ത്രിക്കുന്നത്.

Unknown said...

ജോസഫ്‌ സാറെ ഈ കാര്യത്തില്‍ നമ്മള്‍ അമേരിക്കയുടെ കൂടെ നില്‍ക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് താങ്കളുടെ ലേഖനം വായിച്ചപ്പോള്‍ തോന്നുന്നത്.(ഞാന്‍ ഒരു അമേരിക്കന്‍ വിരുദ്ധന്‍ ആണെങ്കിലും)ഇത്രയും കാലത്തെ അവരുടെ സേവനത്തെ വിസ്മരിക്കാന്‍ നമ്മളെ പോലുള്ളവര്‍ക്ക് പറ്റുമോ? ലേഖനം നന്നായിരിക്കുന്നു. നന്ദി.

റെജി ഷൈലജ് said...

Thanks