Saturday, October 27, 2012

ഭൂപടയുദ്ധങ്ങള്‍


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഒക്ടോബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.


ബ്രിട്ടനില്‍ നോര്‍ത്ത് വെയ്ല്‍സിന് വടക്കുള്ള ആംഗല്‍സീ ദ്വീപിലെ മെനായ് ബ്രിഡ്ജ് പട്ടണവും പരിസരവും കാണേണ്ട ഒരാവശ്യം കഴിഞ്ഞവര്‍ഷം എനിക്കുണ്ടായി. എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിന്റെ ഒരധ്യായം ആരംഭിക്കേണ്ടത് മെനായ് ബ്രിഡ്ജിന്റെ വിവരണത്തോടെ ആയിരുന്നു.

തീര്‍ച്ചയായും, ഇങ്ങനെയൊരാവശ്യത്തിന് ബ്രിട്ടനില്‍ പോകാനുംമാത്രം സാഹചര്യമില്ലാത്ത ഈയുള്ളവന്‍ ഒരു കുറുക്കുവഴി കണ്ടു. ഗൂഗിള്‍ 'സ്ട്രീറ്റ് വ്യൂ' (Google Street View) വിനെ അഭയംപ്രാപിക്കുക.

ഗൂഗിള്‍ മാപ്‌സില്‍ മെനായ് ബ്രിഡ്ജ്, ബ്രിട്ടന്‍ എന്ന് സെര്‍ച്ച് ചെയ്ത് സ്ഥലം കണ്ടെത്തിയിട്ട് ആ പട്ടണം സൂംചെയ്തു.....സൂമിങ്ഘട്ടം അവസാനിച്ചതോടെ, ആകാശത്തുനിന്ന് താഴെ ചെന്ന് വീണത് മാതിരി ഒറ്റയടിക്ക് മെനായ് ബ്രിഡ്ജില്‍!

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നത് 360 ഡിഗ്രിയില്‍ ചുറ്റിനും മുകളിലും കാണാവുന്ന ഉന്നതറിസല്യൂഷനുള്ള ത്രിമാന ദൃശ്യം...പട്ടണത്തിലെ റോഡുകളിലൂടെ സഞ്ചരിക്കാം, ചുറ്റിനും നോക്കിക്കാണാം. പ്രശസ്തമായ മെനായ് ബ്രിഡ്ജിന് മുകളിലൂടെ പോകാം. പ്രതീതിയാഥാര്‍ഥ്യത്തിന്റെ അത്ഭുതലോകം!

ഇന്ററാക്ടീവ് മീഡിയയുടെ സാധ്യതകള്‍ എത്രയെന്ന് സ്ട്രീറ്റ് വ്യൂ നമ്മളെ അത്ഭുതത്തോടെ ബോധ്യപ്പെടുത്തുന്നു. ബ്രിട്ടന്‍, അമേരിക്ക, ചൈന തുടങ്ങി മുപ്പതോളം രാജ്യങ്ങളിലെ ഏത് നഗരവും പട്ടണവും (വിമാനത്താവളങ്ങള്‍, സൈനികകേന്ദ്രങ്ങള്‍ തുടങ്ങിയ അതിസുരക്ഷാമേഖലകളൊഴികെ) 'ചുറ്റിനടന്ന്' കാണാനുള്ള അവസരമാണ് അതൊരുക്കുന്നത്.

പട്ടണങ്ങളും ജനവാസകേന്ദ്രങ്ങളും മാത്രമല്ല, ലോകമഹാത്ഭുതങ്ങളും ധ്രുവപ്രദേശങ്ങളും ആമസോണ്‍ കാടുകളും വരെയുണ്ട് ട്രീറ്റ് വ്യൂവില്‍. എന്തിന് കടലിനടിയില്‍പോലും ചുറ്റിനടന്ന് കാണാവുന്ന കാലം വരികയാണ്.

 2012 ഫിബ്രവരി 23 ന് ഗൂഗിള്‍ പ്രഖ്യാപിച്ച 'സീവ്യൂ' (Seaview) പ്രോജക്ട് പ്രതീക്ഷിക്കുന്ന തരത്തില്‍ മുന്നേറിയാല്‍, 2013 ഫിബ്രവരിയോടെ ഓസ്‌ട്രേലിയയിലെ പ്രസിദ്ധമായ 'ഗ്രേറ്റ് ബാരിയര്‍ റീഫി'ന്റെ 360 ഡിഗ്ര ദൃശ്യങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും.

*********

അവിടെയാണ് പ്രശ്‌നം. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5 വാങ്ങിയവര്‍ കണ്ടത് അവരുടെ ഫോണില്‍നിന്ന് ഗൂഗിള്‍ മാപ്‌സ് അപ്രത്യക്ഷമായിരിക്കുന്നു, ഒപ്പം സ്ട്രീറ്റ് വ്യൂ ഫീച്ചറും. പകരം ആപ്പിളിന്റെ സ്വന്തം 'മാപ്‌സ് ആപ്ലിക്കേഷന്‍' (Maps app) ഐഫോണില്‍ സ്ഥാനംപിടിച്ചിരിക്കുന്നു.

ആപ്പിളിന്റെ മാപ്പ് നോക്കിയവര്‍ അമ്പരന്നു. ഹൈദരാബാദിലെ ഒരു തടാകം മാപ്പില്‍ കാണാനില്ല, മസാച്യൂസെറ്റ്‌സില്‍ കേംബ്രിഡിലെ റസ്‌റ്റോറണ്ടുകള്‍ സ്ഥാനംതെറ്റിയിരിക്കുന്നു, ബര്‍ലിന്‍ കാണുന്നത് അന്റാര്‍ട്ടിക്കയില്‍! കടലിന് നടുവില്‍പോലും സ്ഥാപനങ്ങള്‍! ട്രാഫിക് സിഗ്നലുകള്‍ ഇല്ല, ഓരോ വഴിയിലും നിശ്ചിതസ്ഥലത്തേക്ക് തിരിയേണ്ടത് എവിടെനിന്ന് എന്നും വ്യക്തമല്ല.

ഇതെല്ലാം വളരെ കൃത്യമായി ആലേഖനം ചെയ്തിട്ടുള്ള ഗൂഗിള്‍ മാപ്‌സ് ഉപേക്ഷിച്ചിട്ടാണ് ആപ്പിള്‍ പുതിയ സാഹത്തിനൊരുങ്ങിയതെന്ന്, ആപ്പിളിന്റെ കടുത്ത ആരാധകര്‍ക്ക് പോലും വിശ്വസിക്കാനായില്ല. മാപ്‌സിന്റെയും അതിലെ സൗകര്യങ്ങളുടെയും കാര്യത്തില്‍, ആപ്പിള്‍ ഉപഭോക്താക്കള്‍  ഒറ്റയടിക്ക് റോക്കറ്റ് യുഗത്തില്‍നിന്ന് കാളവണ്ടി യുഗത്തിലേക്ക് എത്തിയ പ്രതീതിയാണുണ്ടായത്.

ആപ്പിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റ'ത്തിന്റെ പുതിയ പതിപ്പില്‍ (ഐഒഎസ് 6) ഗൂഗിള്‍ മാപ്‌സ് ഉണ്ടാകില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിളും ആപ്പിളും തമ്മില്‍ അരങ്ങേറുന്ന സ്മാര്‍ട്ട്‌ഫോണ്‍ പോരിന്റെ പുതിയ മുഖമാണ് ഭൂപടയുദ്ധം. ഐഒഎസ് 6 ഉപയോഗിച്ച ആദ്യ ഉപകരണമായിരുന്നു കഴിഞ്ഞ സപ്തംബര്‍ 21 ന് ഉപഭോക്താക്കളുടെ പക്കലെത്തിയ ഐഫോണ്‍ 5.

മാപ്പിന്റെ കാര്യത്തില്‍ ആപ്പിള്‍ തങ്ങളെ ഇങ്ങനെയൊരു കുടുക്കില്‍ പെടുത്തിയതിന് ഉപഭോക്താക്കള്‍ രോക്ഷാകുലരായി. ഒടുവില്‍ ആപ്പിള്‍ മേധാവി ടിം കുക്കിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. ആപ്പിള്‍ അതിന്റെ മാപ് സര്‍വീസ് മെച്ചപ്പെടുത്തുന്നതുവരെ, ഗൂഗിളിന്റെയോ ഏതു ചെകുത്താന്റെയോ മാപ്‌സ് സര്‍വീസ് ഉപയോഗിച്ചുകൊള്ളൂ എന്ന് അദ്ദേഹം ഉപഭോക്താക്കളോട് ശുപാര്‍ശയും ചെയ്തു!

ഭൂപടങ്ങളെന്നത് സാധാരണക്കാരെ സംബന്ധിച്ച് ദിക്കറിയാനും ദിശയറിയാനുമുള്ള ഉപാധിയാണ്. എന്നാല്‍, ആപ്പിളും ഗൂഗിളും പോലുള്ള വന്‍കിട കമ്പനികള്‍ക്ക് ഭൂപടത്തിന്റെ അര്‍ഥം ഭാവിയെന്നാണ്. അതാണ് അവര്‍ ഭൂപടങ്ങളുടെ പേരില്‍ മത്സരിക്കുന്നതും യുദ്ധം ചെയ്യുന്നതും. ആ പടയോട്ടത്തില്‍ തുടക്കത്തില്‍ ആപ്പിളിനൊരു ക്ഷതംപറ്റി എന്നത് ശരി തന്നെ. എന്നാല്‍, നാളെയത് മുറിവേല്‍പ്പിക്കുക ഗൂഗിളിനായിരിക്കില്ലേ.

എന്തുകൊണ്ട് മാപ്‌സ് 
ഗൂഗിളിന്റെ പ്രധാന കച്ചവടം എന്താണ്. സംശയം വേണ്ട സെര്‍ച്ച് തന്നെ. ഇന്റര്‍നെറ്റിലെ കാക്കത്തൊള്ളായിരം സൈറ്റുകളെ അരിച്ചുപെറുക്കി, വിവരം തേടുന്നയാളുടെ മുന്നില്‍ കൃത്യമായ ഫലം എത്തിക്കുക എന്നതാണ് സെര്‍ച്ച് കൊണ്ടുദ്ദേശിക്കുന്നത്. തിരയുന്നയാള്‍ക്ക് ആവശ്യമുള്ള വിവരം സൗജന്യമായി കിട്ടുന്നു. അതേസമയം, ഇങ്ങനെയൊരു കാര്യം ഒരാള്‍ തേടിയെന്നുള്ള വിവരം ഗൂഗിളിനും കിട്ടുന്നു.

ലക്ഷക്കണക്കിനാളുകള്‍ ദിവസവും ഗൂഗിളില്‍ തിരയുമ്പോള്‍ വലിയൊരു ഡേറ്റാശേഖരമാണ് ഗൂഗിളിന് ലഭിക്കുക. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പരസ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അവയുടെ വില നിശ്ചയിക്കപ്പെടുന്നതും. ആളുകള്‍ സെര്‍ച്ചുചെയ്യുമ്പോള്‍ കിട്ടുന്ന ഡേറ്റാശേഖരമാണ് ഗൂഗിളിന്റെ വരുമാനരഹസ്യം എന്നര്‍ഥം. സെര്‍ച്ചിന് പ്രതികൂലമാകുന്ന എന്തും ഗൂഗിളിന് ഭീഷണിയാകുമെന്ന് സാരം. അവിടെയാണ് ആപ്പിളുമായി ആരംഭിച്ചിട്ടുള്ള ഭൂപടയുദ്ധം ഗൂഗിളിനെ മുറിവേല്‍പ്പിക്കുക.

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ ഇന്റര്‍നെറ്റ് സെര്‍ച്ചിന് പുതിയൊരു മാനംകൂടി കൈവന്നു. ഒരാള്‍ 'എന്താണ് തിരയുന്നത്' എന്നതുപോല തന്നെ പ്രധാനമായി അയാള്‍ 'എവിടെയാണ് തിരയുന്നത്' എന്ന കാര്യവും. ജി.പി.എസ്.സൗകര്യമുള്ളവയാണ് മിക്ക സ്മാര്‍ട്ട്‌ഫോണുകളും. അതിന്റെ സാഹായത്തോടെ ഒരു ഉപഭോക്താവ് എവിടെ, ഏത് സ്ഥാപനം അല്ലെങ്കില്‍ ഏത് ഉത്പന്നം തിരയുന്നു എന്നതൊക്കെ വ്യക്തമായി മനസിലാക്കാന്‍ കഴിയും. ലൊക്കേഷന്‍ അധിഷ്ഠിത സര്‍വീസുകള്‍ക്ക് വലിയ പ്രാധാന്യം വന്നു എന്നര്‍ഥം.

അത്തരം സര്‍വീസുകള്‍ പണമുണ്ടാക്കാനുള്ള മാര്‍ഗം തുറന്നതോടെ, മൊബൈല്‍ ഉപകരണങ്ങളില്‍ മാപ്പിന്റെ പ്രാധാന്യമേറി. ഗൂഗിളും ആപ്പിളും മാത്രമല്ല, ആമസോണ്‍, നോക്കിയ, ഐ.ഒ.എല്‍, യാഹൂ....എല്ലാവരുമുണ്ട് ശര്‍ക്കരക്കുടത്തില്‍ കൈയിടാന്‍!

മൊബൈല്‍ ഉപകരണങ്ങളില്‍നിന്ന് ഗൂഗിളിന് ലഭിക്കുന്ന ട്രാഫിക്കിന്റെ പകുതിയിലേറെയും മാപ്‌സ് സര്‍വീസ് വഴിയാണെന്നറിയുമ്പോള്‍, മാപ്‌സിന് ഗൂഗിളിന്റെ മുന്നോട്ടുള്ള ഗതിയില്‍ എത്ര പ്രധാന്യമുണ്ടെന്ന് മനസിലാകും. മൊബൈലാണ് ഭാവിയെന്ന് മിക്ക ടെക് പ്രവാചകരും വിധിയെഴുതിക്കഴിഞ്ഞു. ആ നിലയ്ക്ക് പ്രത്യേകിച്ചും.

'ലോകത്തെ മുഴുവന്‍ വിവരവും ഓണ്‍ലൈനില്‍ ലഭ്യമാക്കുക'യെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗൂഗിള്‍. അച്ചടിച്ച പുസ്തകങ്ങള്‍ പോലെ ഓഫ്‌ലൈനിലുള്ള വിവരങ്ങള്‍ ഓണ്‍ലൈനിലാക്കാന്‍ ഗൂഗിള്‍ മുമ്പേ ശ്രമം തുടങ്ങിയതാണ്. അതിന്റെ ഭാഗമായാണ് ഭൂപടമേഖലയിലും ഗൂഗിള്‍ കൈവെച്ചത്.

ഭൂപടങ്ങള്‍ ഉണ്ടാകുന്നത്
സാധാരണ ഭൂപടം എന്നത് ഭൗതികലോകത്തെ ദൃശ്യവത്ക്കരിക്കാനുള്ള ഒരു മാര്‍ഗമാണ്. അതേസമയം, ഭൗതികലോകത്തെ ഡിജിറ്റല്‍ലോകത്തേക്ക് സംക്രമിപ്പിക്കാനുള്ള ഉപാധിയാണ് ഡിജിറ്റല്‍ ഭൂപടങ്ങള്‍. ഓണ്‍ലൈന്‍ ലോകവും ഓഫ്‌ലൈന്‍ ലോകവും തമ്മിലുള്ള വിടവ് നികത്താനുള്ള ശ്രമമാണ് ഡിജിറ്റല്‍ ഭൂപടങ്ങളുടെ കാര്യത്തില്‍ നടക്കുന്നത്.

സിഡ്‌നിയിലെ 'വെയര്‍ ടു ടെക്‌നേളജീസ്' (Where 2 Technologies) എന്ന തങ്ങളുടെ കമ്പനിയില്‍ ലാര്‍സ് റാസ്മുസെന്‍, ജെന്‍സ് റാസ്മുസെന്‍ എന്നീ ഡാനിഷ് സഹോദരന്‍മാര്‍ ഡിസൈന്‍ ചെയ്ത C++ പ്രോഗാമായാണ് ഗൂഗിള്‍ മാപ്‌സിന്റെ തുടക്കം. എട്ടുവര്‍ഷംമുമ്പ്, 2004 ഒക്ടോബറില്‍ ആ കമ്പനിയെ ഗൂഗിള്‍ ഏറ്റെടുത്ത് പ്രസ്തുത പ്രോഗ്രാമിനെ 'ഗൂഗിള്‍ മാപ്‌സ്' സര്‍വീസായി വികസിപ്പിക്കുകയായിരുന്നു.

ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായി 2007 മെയ് 25 ന് 'സ്ട്രീറ്റ് വ്യൂ' പദ്ധതിയും ഗൂഗിള്‍ ആരംഭിച്ചു. ഭൂമിയിലെ ഓരോ ഇഞ്ച് സ്ഥലവും പര്യവേക്ഷണം ചെയ്യാന്‍ പാകത്തില്‍ ഡിജിറ്റലായി ലഭ്യമാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

സാധ്യമായ ഓരോ റോഡിലൂടെയും ഗൂഗിളിന്റെ വാഹനങ്ങള്‍ സഞ്ചരിക്കുകയും, വാഹനത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ക്യാമറ വഴി ആ പ്രദേശത്തെ ദൃശ്യവ്യക്തതയോടെ പകര്‍ത്തുകയും, ഒരോ തെരുവിന്റെയും 360 ഡിഗ്രി ദൃശ്യങ്ങള്‍ കമ്പ്യൂട്ടിലും സ്മാര്‍ട്ട്‌ഫോണിലും ലഭ്യമാക്കുകയുമാണ് സ്ട്രീറ്റ് വ്യൂ ചെയ്യുന്നത്.

ഏതാണ്ട് 80 ലക്ഷം കിലോമീറ്റര്‍ ദൂരം ഗൂഗിളിന്റെ വാഹനങ്ങള്‍ അതിനായി സഞ്ചരിച്ചുകഴിഞ്ഞു. ഭാഗികമായാണെങ്കിലും ചൈന ഉള്‍പ്പെട 30 രാജ്യങ്ങള്‍ ഇപ്പോള്‍ സ്ട്രീറ്റ് വ്യൂവിലുണ്ട്. എന്നാല്‍, ഇന്ത്യ ഇല്ല. 2011 ജൂണില്‍ ബാംഗ്ലൂരില്‍ പദ്ധതി ആരംഭിച്ചെങ്കിലും, സുരക്ഷാഭിഷണിയുടെ പേരുപറഞ്ഞ് അധികൃതര്‍ അത് വിലക്കുകയായിരുന്നു.

ഭൂമിശാസ്ത്രവിവരങ്ങള്‍, ട്രാഫിക് ഡേറ്റ, ഉപഗ്രഹ-ആകാശ ദൃശ്യങ്ങള്‍, സ്ട്രീറ്റ് വ്യൂ വാഹനങ്ങളെടുക്കുന്ന ദൃശ്യങ്ങള്‍, ലോക്കല്‍ സ്ഥാപനങ്ങളുടെയും വിലാസങ്ങളും-ഇതെല്ലാം സന്നിവേശിപ്പിച്ചാണ് ഗൂഗിളിന്റെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കുന്നത്.

മാപുകള്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയുന്ന രൂപത്തിലാക്കാന്‍ വലിയ അധ്വാനവും മനുഷ്യവിഭവശേഷിയും ആവശ്യമാണ്. ഓരോ രാജ്യത്തിന്റെയും ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ നൂറുകണക്കിന് എന്‍ജിനയര്‍മാരുടെ അധ്വാനം വേണം. ഗൂഗിളിന്റെ ബാംഗ്ലൂര്‍ ഓഫീസിലാണ് മാപ്പിന്റെ പ്രവര്‍ത്തനം മുഖ്യമായും നടക്കുന്നതെന്നാണ് കേള്‍വി.

ലോക്കല്‍ സെര്‍ച്ചിനെ ഗൂഗിള്‍ അതിന്റെ മാപ്‌സ് സര്‍വീസുമായിട്ടാണ് കൂട്ടിയിണക്കിയിരിക്കുന്നത്. ഇതിനകം 60 ലക്ഷം ബിസിനസ് സ്ഥാപനങ്ങളും 200 ലക്ഷം വിലാസങ്ങളും, 'വ്യൂ കോഡി'ല്‍ (view codes) ആക്കാന്‍ സാധിച്ചതായി, ഗൂഗിള്‍ മാപ്‌സ് വൈസ് പ്രസിഡന്റ് ബ്രിയാന്‍ മക്ക്ലിന്‍ഡോന്‍ അടുത്തയിടെ വെളിപ്പെടുത്തുകയുണ്ടായി.

ഭാവിയില്‍ ഈ രംഗത്ത് വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ശരിക്കുപറഞ്ഞാല്‍ ഗൂഗിള്‍ തയ്യാറാക്കുന്നത് 'ഭാവിയുടെ ഭൂപട'മെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റുണ്ടാകില്ല. ഡിജിറ്റല്‍ ഭൂപടത്തിന്റെ ഉടമകളാകും, വ്യക്തികള്‍ നടത്തുന്ന ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ഡേറ്റ വരുംനാളുകളില്‍ കൈയാളുക. ഡറ്റ എന്നാല്‍ പണം, അല്ലാതെ മറ്റൊന്നുമല്ല!

30 സെന്റീമീറ്റര്‍ റിസല്യൂഷന്‍ (ഒരു കാല്‍പ്പാദം ഒരു പിക്‌സല്‍ എന്ന കണക്കാണിത്) വരുന്ന ഡിജിറ്റല്‍ ഭൂപടനിര്‍മാണവുമായി മൈക്രോസോഫ്റ്റ് മുന്നേറുന്നതിന്റെയും, ഡിജിറ്റല്‍ ഭൂപടരംഗത്ത് നോക്കിയയും ആമസോണും കൈകോര്‍ക്കുന്നതിന്റെയുമൊക്കെ പിന്നിലെ രഹസ്യം മറ്റൊന്നല്ല.

2006 ല്‍ 'വെക്‌സെല്‍ ഇമേജിങ്' (Vexcel Imaging) കമ്പനിയെ ഏറ്റെടുത്താണ് മൈക്രോസോഫ്റ്റ് മാപ്പിങി രംഗത്തേക്ക് ചുവടുവെച്ചതെങ്കില്‍, 'നാവ്‌ടെക്' (Navteq) എന്ന സ്ഥാപനത്തെ ഏതാണ്ട് 810 കോടി ഡോളര്‍ നല്‍കി 2007 ല്‍ സ്വന്തമാക്കിയാണ് നോക്കിയ ആ മേഖലയിലേക്ക് പ്രവേശിച്ചത്. ത്രീഡി മാപ്പിങ് കമ്പനിയായ 'അപ്‌നെക്സ്റ്റ്'(UpNext) കമ്പനിയെ ആമസോണും ഏറ്റെടുക്കുകയുണ്ടായി. ആപ്പിളിന് ഭൂപടം തയ്യാറാക്കാന്‍ ഡേറ്റ നല്‍കുന്നത് മാപ്പിങ് കമ്പനിയായ 'ടോംടോം' (TomTom) ആണ്.

ഇനി ഇറങ്ങുന്ന കിന്‍ഡ്ല്‍ ഫയര്‍ ടാബ്‌ലറ്റില്‍, ഗൂഗിളിന്റേതിന് പകരം, നോക്കിയയുടെ മാപ്‌സ് സര്‍വീസായിരിക്കും ഉണ്ടാവുകയെന്ന് ആമസോണ്‍ കമ്പനി പ്രഖ്യാപിച്ചത് കഴിഞ്ഞ ആഗസ്തിലാണ്. അതിന്റെ തുടര്‍ച്ചയായി ആപ്പിളും ഗൂഗിള്‍ മാപ്‌സ് ഉപേക്ഷിച്ചിരിക്കുന്നത്.

ആപ്പിള്‍ ഏല്‍പ്പിച്ച പ്രഹരം
മൊബൈല്‍ രംഗത്ത് സ്വാധീനം ചെലുത്താന്‍ മത്സരിക്കുന്ന കമ്പനികളാണ് ഇവയെല്ലാം. എന്തുകൊണ്ട് മൊബൈല്‍ലോകത്ത് ഭൂപടത്തിന് ഇങ്ങനെ സ്വാധീനം വരുന്നു.

ഓരോ മൊബൈല്‍ പ്ലാറ്റ്‌ഫോമും ഒരോ ഇക്കോസിസ്റ്റമായാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ മൊബൈല്‍ ലോകം അവരുടേത്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ലോകം മറ്റൊന്ന്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ സംവിധാനം മൂന്നാമതൊന്ന്. അവിടെയാണ് ഭൂപടത്തിന്റെ പ്രാധാന്യം വരുന്നത്.

ഭൂപടം കൈയാളുന്നവര്‍ യഥാര്‍ഥത്തില്‍ വലിയ ഡേറ്റശേഖരം സ്വന്തമാക്കുകയാണെന്ന് പറഞ്ഞല്ലോ. എന്നുവെച്ചാല്‍, ഐഫോണില്‍ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍, ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ എവിടെയാണ്, അവിടെ എന്ത് തിരയുന്നു തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളിന് അനായാസം ലഭിക്കുന്നു.

അതേസയമം, ആന്‍ഡ്രോയിഡ് പോലൊരു മൊബൈല്‍ ഇക്കോസിസ്റ്റം ഗൂഗിളിന് സ്വന്തമായുണ്ട് താനും. ആന്‍ഡ്രോയിഡിന്റെ മുതലാളി, ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ ലോകത്തുനിന്ന് വന്‍തോതില്‍ ഡേറ്റ ശേഖരിക്കുന്നത് തീര്‍ച്ചയായും ആപ്പിളിന് ഇഷ്ടമാകില്ല.

'ആപ്പിളോ ആമസോണോ അവരുടെ യൂസര്‍മാര്‍ മുഴുവന്‍ എവിടെയാണെന്നും എന്തുചെയ്യുകയാണെന്നും മനസിലാക്കാന്‍ ഗൂഗിളിനെ അനുവദിക്കാന്‍ പോകുന്നില്ല' - മാപ്‌സ് ആപ്‌സ് നിര്‍മാണക്കമ്പനിയായ 'ലുമാറ്റികി' (Lumatic) ന്റെ ചീഫ് എക്‌സിക്യുട്ടീവ് സ്‌കോട്ട് റാഫെര്‍ അടുത്തയിടെ 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു.

ആപ്പിളിന് സ്വന്തം ഭൂപടസര്‍വീസ് ഉണ്ടെങ്കില്‍, ഗൂഗിളിന് കിട്ടുന്ന ഡേറ്റ കൂടി ആപ്പിളിന്റെ ശേഖരത്തിലെത്തും.

ഗൂഗിളിന് ലഭിക്കുന്ന മൊബൈല്‍ ട്രാഫിക്കില്‍ പകുതിയിലേറെയും മാപ്‌സ് സര്‍വീസില്‍ നിന്നാണെന്ന് സൂചിപ്പിച്ചല്ലോ. മാപ്‌സ് സര്‍വീസില്‍ നിന്നുള്ള ട്രാഫിക്കില്‍ പകുതിയോളം വന്നിരുന്നത് ആപ്പിളിന്റെ ഐഫോണില്‍നിന്നാണ്. 'കോംസ്‌കോര്‍ മൊബൈല്‍ മെട്രിക്‌സ്' പുറത്തുവിട്ട കണക്കു പ്രകാരം, കഴിഞ്ഞ ജൂലായ് മാസം ദിനംപ്രതി ഗൂഗിള്‍ മാപ്‌സ് സന്ദര്‍ശിക്കുന്ന ഐഫോണ്‍ യൂസര്‍മാരുടെ എണ്ണം 126 ലക്ഷമായിരുന്നു.

ആ യൂസര്‍മാര്‍ ഗൂഗിളിനെ സംബന്ധിച്ച് വളരെ വിലപിടിപ്പുള്ള സംഗതിയാണ്. ഗൂഗിളിന് ആവശ്യമായ ഡേറ്റ നല്‍കുന്നത് അവരാണ്. ഐഫോണില്‍ ഗൂഗിള്‍ മാപ്‌സ് വേണ്ട എന്നു തീരുമാനിച്ചതോടെ, ഗൂഗിളിന്റെ മാര്‍ക്കറ്റ് വിഹിതത്തില്‍ നല്ലൊരു പങ്ക് ആപ്പിള്‍ ഒറ്റയടിക്ക് പിടിച്ചെടുത്തിരിക്കുകയാണ്. എന്നുവെച്ചാല്‍, ഗൂഗിളിന്റെ മര്‍മത്തില്‍ തന്നെയാണ് ആപ്പിള്‍ പ്രഹരിച്ചതെന്ന് സാരം.

ആപ്പളും ഗൂഗിളും ചങ്ങാതിമാരായിരുന്ന കാലത്താണ് ആദ്യ ഐഫോണ്‍ പുറത്തുവന്നത്. അതില്‍ ഗൂഗിളിന്റെ മാപ്‌സ് സര്‍വീസ് മാത്രമല്ല, യുട്യൂബ്, സെര്‍ച്ച് എല്ലാമുണ്ടായിരുന്നു. ഗൂഗിള്‍ സ്വന്തം മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡുമായി ആപ്പിളിനോട് മത്സരിക്കാന്‍ രംഗത്തെത്തിയതോടെയാണ് ഇരുകമ്പനികളും പോര് തുടങ്ങിയത്.

പേറ്റന്റിന്റെ പേരില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കെതിരെ ആപ്പിള്‍ കോടതിയില്‍ പോരാടുകയാണ്. അതിനിടയിലാണ്, ഗൂഗിളിനെ നേരിട്ട് പരിക്കേല്‍പ്പിക്കുന്ന ഭൂപടയുദ്ധവും.

ഭൂപടയുദ്ധത്തിന്റെ ആത്യന്തികഫലം എന്താകുമെന്ന് പ്രവചിക്കാനാകില്ല. ഏതായാലും ഒന്നു തീര്‍ച്ച, ഗൂഗിള്‍ മാപ്‌സ് മാത്രമാകില്ല ഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലുള്ളത്. അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പുതുമകളോടെ ഒട്ടേറെ ഭൂപടങ്ങളുണ്ടാകും.

(കടപ്പാട്: 1. How Google Builds its Maps - and What It means for the Future of Everything. Alexis Madrigal. The Atlantic, Sept. 2012; 2. Apple's Feud With Google Is Now Felt on iPhone. Claire Cain Miller, NewYork Times, Sept.23, 2012; 3. Google blog )

1 comment:

Joseph Antony said...

ഓരോ മൊബൈല്‍ പ്ലാറ്റ്‌ഫോമും ഒരോ ഇക്കോസിസ്റ്റമായാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ മൊബൈല്‍ ലോകം അവരുടേത്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ലോകം മറ്റൊന്ന്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ സംവിധാനം മൂന്നാമതൊന്ന്. അവിടെയാണ് ഭൂപടത്തിന്റെ പ്രാധാന്യം വരുന്നത്.