Saturday, February 11, 2012

അമേരിക്കയും ഏഷ്യയും അടുക്കും; അടുത്ത സൂപ്പര്‍ഭൂഖണ്ഡം 'അമാസിയ'

ഇന്ന് കാണുന്നത് നാളെ സത്യമാകണമെന്നില്ല. ഇന്നലെ കണ്ടത് ഇന്നത്ത സത്യവും ആയിക്കൊള്ളണം എന്ന് വാശിപിടിക്കാനാകില്ല. ഒരുപക്ഷേ, ഇത് ഏറ്റവും ശരിയാകുന്നത് ഭൂമിയുടെ കാര്യത്തിലാകും.

ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നി നീങ്ങുന്ന വ്യത്യസ്ത ഫലകങ്ങള്‍ (plates) കൊണ്ടാണ് ഭൂമിയുടെ മേല്‍പ്പാളി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഭൂമുഖത്തിന്റെ ആകൃതി തുടര്‍ച്ചയായി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.

30 കോടി വര്‍ഷംമുമ്പ് ഒരു നിരീക്ഷകന്‍ ദൂരെനിന്ന് ഭൂമിയെ വീക്ഷിച്ചിരുന്നെങ്കില്‍, ഇവിടെ കണ്ടിരിക്കുക ഇന്നത്തെ മാതിരി ഏഴ് ഭൂഖണ്ഡങ്ങളായിരിക്കില്ല. പകരം ഒറ്റ സൂപ്പര്‍ ഭൂഖണ്ഡമായിരിക്കും! 'പാന്‍ജിയ' (Pangaea) എന്ന പേരുള്ള ആ ഭൂഖണ്ഡം 150 മില്യണ്‍ വര്‍ഷം മുമ്പ് പൊട്ടിപിളര്‍ന്ന് അകന്നുമാറിയാണ് ഇന്നത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത്.

എന്നാല്‍, നിലവില്‍ ഭൂമുഖത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഫലകചലനങ്ങളുടെ ഫലമെന്തായിരിക്കും? അമേരിക്കയില്‍ യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം പറയുന്നത്, 50-200 മില്യണ്‍ വര്‍ഷം കഴിയുമ്പോള്‍ യൂറേഷ്യയും അമേരിക്കയും ഉത്തരധ്രുവത്തില്‍ സംഗമിക്കുമെന്നാണ്!

അങ്ങനെ സംഗമിച്ചുണ്ടാകുന്ന 'സൂപ്പര്‍ഭൂഖണ്ഡ'ത്തിന്റെ ഭാഗമാകാന്‍ ഓസ്‌ട്രേലിയയും എത്തും. പുതിയ ഭൂഖണ്ഡത്തിന് പേരും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട് - 'അമാസിയ' (Amasia).

ആല്‍ഫ്രഡ് വേഗണര്‍ എന്ന ഗവേഷകന്‍ ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് മുന്നോട്ടുവെച്ച ആശയമാണ്, ഭൂമിയുടെ മേല്‍പ്പാളി വ്യത്യസ്ത ഫലകങ്ങള്‍കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നത്. ആ ഫലകങ്ങളുടെ ചലനമാണ് ഭൂഖണ്ഡങ്ങളുടെയും സമുദ്രങ്ങളുടെയും രൂപപ്പെടലിനും ഭൂകമ്പം, അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍ തുടങ്ങിയവയ്ക്കും കാരണം.

വേഗണറുടെ ആശയം ഇന്ന് 'ഫലകചലന സിദ്ധാന്തം' എന്ന പേരിലാണറിയപ്പെടുന്നത്. ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങള്‍ കൊണ്ടും ഇരുപതോളം ചെറുഫലകങ്ങള്‍ കൊണ്ടുമാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കറിയാം. ഈ സിദ്ധാന്തപ്രകാരം ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തിന്റെ വെറും പത്തിലൊന്ന് മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ.

ഫലകചലനങ്ങളുടെ ഫലമായി കോടിക്കണക്കിന് വര്‍ഷം കൂടുമ്പോള്‍ ഭൂഖണ്ഡങ്ങള്‍ കൂടിച്ചേരുകയും പൊട്ടിപിളര്‍ന്ന് അടര്‍ന്ന് മറുകയും ചെയ്യാറുണ്ടെന്ന് ഭൗമശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഏതാണ്ട് 1.8 ബില്യണ്‍ വര്‍ഷം മുമ്പ് 'ന്യുന' (Nuna) എന്ന സൂപ്പര്‍ഭൂഖണ്ഡമാണ് ഭൂമിയിലുണ്ടായിരുന്നത്. ഒരു ബില്യണ്‍ വര്‍ഷം മുമ്പ് 'റോഡിനിയ' (Rodinia) എന്ന ഭീമന്‍ഭൂഖണ്ഡം രൂപപ്പെട്ടു; 300 മില്യണ്‍ വര്‍ഷം മുമ്പ് 'പാന്‍ജിയ'യും.

15 കോടി വര്‍ഷം മുമ്പ് തെക്ക് 'ഗോണ്ട്വാനാലാന്‍ഡ്' എന്നും, വടക്ക് 'ലോറേഷ്യ'യെന്നും രണ്ട് ഭൂഖണ്ഡങ്ങളായി 'പാന്‍ജിയ' പിളര്‍ന്നു. വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്, യൂറോപ്പ് എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ. ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത് അന്റാര്‍ട്ടിക്കയും അതിനോട് ചേര്‍ന്ന് ഓസ്‌ട്രേലിയയും നിലകൊണ്ടു.

മഡഗാസ്‌ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു.ഏതാണ്ട് പത്തുകോടി വര്‍ഷം മുമ്പ് ആ പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. അതിപ്പോഴും തുടരുന്നു. മഡഗാസ്‌ക്കറില്‍ നിന്ന് അടര്‍ന്നുമാറിയ ഇന്ത്യ തെക്കോട്ടു നീങ്ങി ഏഷ്യയുമായി കൂട്ടുചേര്‍ന്നു. ഹിമാലയവും ഇന്ത്യന്‍ മഹാസമുദ്രവും അതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതായി ഭൗമശാസ്ത്രം പറയുന്നു.

മുന്‍കാല സൂപ്പര്‍ഭൂഖണ്ഡങ്ങള്‍ രൂപപ്പെട്ടതിന് നിദാനമായ ഫലകചലനങ്ങളുടെ സ്വഭാവം സൂക്ഷ്മമായി പഠിച്ചാണ് യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 'അമാസിയ' ഭൂഖണ്ഡത്തെ സംബന്ധിച്ച നിഗമനത്തിലെത്തിയത്. ലോകമെമ്പാടും അഗ്നിപര്‍വതശിലകളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക വിവരങ്ങളാണ് മുന്‍കാല ഭീമന്‍ ഭൂഖണ്ഡങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഗവേഷകരെ സഹായിച്ചത്.

അഗ്നിപര്‍വതങ്ങളില്‍ നിന്നൊഴുകി വരുന്ന ലാവ ഉറച്ച് കട്ടപിടിക്കുന്ന വേളയില്‍, ലാവയിലുള്ള കാന്തികധാതുക്കള്‍ ഭൗമകാന്തികമണ്ഡലത്തിന്റെ സ്വാധീനത്താല്‍ പ്രത്യേകദിശയില്‍ ക്രമീകരിക്കപ്പെടും. ആ ശിലകളിലെ കാന്തികബലരേഖകള്‍ വിശകലനം ചെയ്താല്‍ ഭൂഖണ്ഡങ്ങളുടെ പൂര്‍വചരിത്രം മനസിലാക്കാന്‍ സാധിക്കും.

തങ്ങള്‍ തയ്യാറാക്കിയ മാതൃകയനുസരിച്ച്, വടക്കേയമേരിക്കന്‍ ഭൂഖണ്ഡം തെക്കേയമേരിക്കയുമായി കരീബിയന്‍ തീരത്തൂകൂടി ഒരുമിക്കുമെന്ന്, യേല്‍ സര്‍വകലാശാലയിലെ റോസ് മിച്ചെല്‍ അറിയിക്കുന്നു. ആര്‍ട്ടിക് സമുദ്രം വഴി അമേരിക്കയും ഏഷ്യയും അടുത്തെത്തും.

ഈ മാതൃക അനുസരിച്ച് 'പെസഫിക് അഗ്നിവലയം' (Pacific 'ring of fire') എന്നറിയപ്പെടുന്ന മേഖലയ്ക്കുള്ളിലാണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ ക്രമീകരിക്കപ്പെടുക. ആഫ്രിക്കയും ഓസ്‌ട്രേലിയയിലും ആ സൂപ്പര്‍ഭൂഖണ്ഡത്തില്‍ പങ്കുചേരും. അന്റാര്‍ട്ടിക്ക മാത്രമാകും അതില്‍ പെടാതെ അവശേഷിക്കുക.

500 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മുതലുള്ള ഫലകങ്ങളുടെ ചലനം പ്രതിനിധാനം ചെയ്യുന്ന ഒരു ആനിമേറ്റഡ് വീഡിയോയും ഗവേഷകര്‍ പുറത്തു വിട്ടിട്ടുണ്ട് (വീഡിയോ കാണുക).
(അവലംബം : നേച്ചര്‍, യേല്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)2 comments:

Joseph Antony said...

നിലവില്‍ ഭൂമുഖത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഫലകചലനങ്ങളുടെ ഫലമെന്തായിരിക്കും? അമേരിക്കയില്‍ യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം പറയുന്നത്, 50-200 മില്യണ്‍ വര്‍ഷം കഴിയുമ്പോള്‍ യൂറേഷ്യയും അമേരിക്കയും ഉത്തരധ്രുവത്തില്‍ സംഗമിക്കുമെന്നാണ്!

shareef said...

അത്രയും കാലം ഭൂമി ഉണ്ടാവുമോ...