
2004 ഡിസംബര്‍ 26-ന് സുമാത്രയ്‌ക്കു സമീപമുണ്ടായ സമുദ്രഭൂകമ്പത്തെ തുടര്‍ന്ന്, ഇന്ത്യന്‍മഹാസമുദ്ര മേഖലയില്‍ നാശം വിതച്ച സുനാമി ഏതാണ്ട് രണ്ടേകാല്‍ ലക്ഷം പേരുടെ ജീവനാണ് കവര്‍ന്നത്‌്. ഇന്ത്യയുള്‍പ്പടെ 11 രാജ്യങ്ങളെ ദുരന്തം നേരിട്ടു ബാധിച്ചു. 9.1 നും 9.3 നും മധ്യേ തീവ്രതയുള്ള സമുദ്രഭൂകമ്പമാണ്, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുനാമികളിലൊന്നിന് അന്ന് ഇടയാക്കിയത്. അത്തരത്തിലുള്ള ഭൂകമ്പവും സുനാമിയും ആവര്‍ത്തിക്കാമെന്ന്‌് പുതിയ പഠനം പറയുന്നു.
പടിഞ്ഞാറന്‍ സുമാത്രയ്‌ക്കു സമീപം മെന്റവായി ദ്വീപുകളിലെ പവിഴപ്പുറ്റുകളെയാണ്, അമേരിക്കയില്‍ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യിലെ കെറി സിയേഹും സംഘവും പഠനവിധേയമാക്കിയത്. തടികളിലേതുപോലെ, പവിഴപ്പുറ്റുകളിലും വാര്‍ഷികവലയങ്ങള്‍ കാണപ്പെടാറുണ്ട്. പരിസ്ഥിതിയിലും മറ്റും അതാത് കാലത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇത്തരം വലയങ്ങളില്‍ നിന്ന് മനസിലാക്കാനാകും. മേഖലയില്‍ കഴിഞ്ഞ 700 വര്‍ഷത്തിനിടെ ഉണ്ടായ ഭൂകമ്പങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ ഈ സാധ്യതയാണ് ഗവേഷകര്‍ പ്രയോജനപ്പെടുത്തിയത്.
പടിഞ്ഞാറന്‍ സുമാത്രയിലെ ഭ്രംശമേഖലയില്‍ 700 കിലോമീറ്റര്‍ ദൂരത്തില്‍ കാണപ്പെടുന്ന പവിഴപ്പുറ്റുകളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇത്തരം പ്രദേശങ്ങളില്‍ ഭൂകമ്പത്തിന്റെ സമ്മര്‍ദത്താല്‍ സമുദ്രത്തിന്റെ അടിത്തട്ട് മുകളിലേക്ക് ഉയരാറുണ്ട്. അങ്ങനെ സംഭവിക്കുന്നിടത്ത് സമുദ്രത്തിന്റെ ആഴം കുറയും. പവിഴപ്പുറ്റുകള്‍ക്ക് ജലനിരപ്പിന് മുകളിലേക്ക് വളരാന്‍ കഴിയാത്തതിനാല്‍, വശങ്ങളിലേക്കാകും വളര്‍ച്ച. വാര്‍ഷികവലയങ്ങളില്‍ ഈ മാറ്റം വ്യക്തമായി പ്രതിഫലിക്കും.
ഭ്രംശമേഖലയിലെ ഒരു ഭാഗം 2004-ലെ ഭൂകമ്പത്തിന്റെ ശക്തിയില്‍ പടിഞ്ഞാറോട്ട് അകന്ന് മാറിയിരുന്നു. എന്നാല്‍, പവിഴപ്പുറ്റുള്ള ഭാഗം അമ്പതുവര്‍ഷമായി വലിയ മാറ്റം സംഭവിക്കാതെ സ്ഥിതിചെയ്യുകയായിരുന്നു. 2007 സപ്‌തംബറില്‍ ഒരു ഭൂകമ്പം നടക്കുന്നത് വരെ അതായിരുന്നു സ്ഥിതി. 2007-ലെ ഭൂകമ്പം പുതിയൊരു ഭൂകമ്പ പരമ്പരയുടെ തുടക്കമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. പോയ ഏഴ് നൂറ്റാണ്ടിലെ ഭൂകമ്പ ചരിത്രമാണ് ഇങ്ങനെയൊരു അനുമാനത്തിലെത്താന്‍ അവരെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ 700 വര്‍ഷത്തിനിടെ, ഓരോ 200 വര്‍ഷം കൂടുമ്പോഴും വന്‍ഭൂകമ്പങ്ങള്‍ മേഖലയില്‍ ആവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 1300-കളിലും, 1500-കളിലും, 1797-1833 കാലയളവിലും ഇത് ആവര്‍ത്തിച്ചതിന്റെ തെളിവ് പവിഴപ്പുറ്റുകളില്‍ നിന്ന് ലഭിച്ചു. അതിനാല്‍, വന്‍ഭൂകമ്പങ്ങളുടെ പുതിയൊരു തുടക്കമാകണം 2007-ലേതെന്ന് കരുതുന്നു. എന്നാല്‍, എപ്പോഴാകും ദുരന്തം വരികയെന്ന് കൃത്യമായി പ്രവചിക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നില്ല.
മുമ്പും ഈ മേഖല വന്‍ സുനാമിദുരന്തങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് അടുത്തയിടെ മറ്റൊരു ഗവേഷകസംഘം കണ്ടെത്തിയിരുന്നു. ഇന്‍ഡൊനീഷ്യയില്‍ സുമാത്രയിലെയും തായ്‌ലന്‍ഡിലെയും തീരപ്രദേശത്ത് അടിഞ്ഞുകൂടിയ എക്കല്‍മണ്ണും മണലും പരിശോധിച്ച ഗവേഷകരാണ്, മുമ്പും മേഖലയില്‍ വന്‍ സുനാമി ദുരന്തമുണ്ടായതായി കണ്ടെത്തിയത്. 600-700 വര്‍ഷം മുമ്പ്‌് മേഖല 2004-ലേത് പോലൊരു ദുരന്തത്തിന് ഇരയായെന്നാണ് ഗവേഷകര്‍ ആ പഠനത്തില്‍ എത്തിയ നിഗമനം. (അവലംബം: സയന്‍സ്).
കാണുക: സുനാമി: ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസം
1 comment:
തടികളിലേതുപോലെ, പവിഴപ്പുറ്റുകളിലും വാര്‍ഷികവലയങ്ങള്‍ കാണപ്പെടാറുണ്ട്. പരിസ്ഥിതിയിലും മറ്റും അതാത് കാലത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇത്തരം വലയങ്ങളില്‍ നിന്ന് മനസിലാക്കാനാകും. മേഖലയില്‍ കഴിഞ്ഞ 700 വര്‍ഷത്തിനിടെ ഉണ്ടായ ഭൂകമ്പങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ ഈ സാധ്യതയാണ് ഗവേഷകര്‍ പ്രയോജനപ്പെടുത്തിയത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വീണ്ടും വന്‍ഭൂകമ്പത്തിന് സാധ്യതയുണ്ടെ്‌ന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
Post a Comment