
അന്ധതയ്‌ക്ക് മുഖ്യകാരണങ്ങളിലൊന്നായ തിമിരം നേരത്തെ കണ്ടെത്താന്‍, ബഹിരാകാശദൗത്യത്തിന്റെ ഭാഗമായി അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ച ലേസര്‍സങ്കേതം തുണയ്‌ക്കെത്തുന്നു. മിക്കവരിലും കാഴ്‌ച മങ്ങിത്തുടങ്ങിയ ശേഷമാണ് സാധാരണഗതിയില്‍ തിമിരബാധ തിരിച്ചറിയാറ്. നിലവിലുള്ള മാര്‍ഗങ്ങളുപയോഗിച്ച് പ്രാരംഭദശയില്‍ രോഗബാധ കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍, നേത്രങ്ങളില്‍ മങ്ങല്‍ ബാധിക്കുംമുമ്പുതന്നെ തിമിരത്തിന്റെ വരവ് തിരിച്ചറിയാന്‍ പുതിയ സങ്കേതം സഹായിക്കും.
നേത്രലെന്‍സില്‍ ബാഹ്യഭാഗത്തെ പ്രോട്ടീനുകള്‍ക്ക് തകരാര്‍ പറ്റുകയും, അത് കട്ടിപിടിച്ച് പാടപോലെ രൂപപ്പെട്ട് കാഴ്‌ചയ്‌ക്ക് മങ്ങലുണ്ടാക്കുകയും ചിലയവസരത്തില്‍ അന്ധതയ്‌ക്ക് തന്നെ കാരണമാവുകയും ചെയ്യുന്നതാണ് തിമിരം. തിമിരം രൂപപ്പെടുന്നതിന് പുകവലി, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ആക്കംകൂട്ടുകയും ചെയ്യും-പുതിയ സങ്കേതം രോഗികളില്‍ പരീക്ഷിക്കാന്‍ നേതൃത്വം നല്‍കുന്ന മേരിലന്‍ഡിലെ ബെതെസ്‌ഡയില്‍ നാഷണല്‍ ഐ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. മാനുവെല്‍ ഡാറ്റൈല്‍സ് പറയുന്നു.
തിമിരം കഠിനമായാല്‍ തകരാര്‍ പറ്റിയ നേത്രലെന്‍സ് ശസ്‌ത്രക്രിയ വഴി മാറ്റി, കൃത്രിമമായ ഒരെണ്ണം പകരംവെയ്‌ക്കുകയാണ് സാധാരണ ചികിത്സാരീതി. എന്നാല്‍, രോഗം അതിന്റെ പ്രരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, രോഗത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ മിതപ്പെടുത്തി രോഗപുരോഗതി മന്ദീഭവിപ്പിക്കാന്‍ കഴിയും. നേത്രപരിശോധനയ്‌ക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന 'സ്‌പ്ലിറ്റ്-ലാമ്പ് മൈക്രോസ്‌കോപ്പി'ന്റെ പ്രശ്‌നം, തിമിരം പൂര്‍ണതോതിലായ ശേഷമേ അതുപയോഗിച്ച് തിരിച്ചറിയാനാകൂ എന്നതാണ്. എന്നാല്‍, പുതിയ സങ്കേതം ആ പരിമിതി ഇല്ലാതാക്കുന്നു-ഡോ. ഡാറ്റൈല്‍സ് അറിയിക്കുന്നു.
നേത്രലെന്‍സില്‍ 'ആല്‍ഫ ക്രിസ്റ്റലിന്‍സ്' (alpha crystallins) എന്നു പേരുള്ള ചെറുപ്രോട്ടീനുകളുടെ സാന്നിധ്യം പരിശോധിക്കുകയാണ് ലേസര്‍സങ്കേതംവഴി ചെയ്യുക. വലിയ വികലപ്രോട്ടീനുകള്‍ പരസ്‌പരം കൂടിച്ചേര്‍ന്ന് തിമിരം രൂപപ്പെടുന്നത് ചെറുക്കാന്‍ പ്രകൃത്യാ പങ്കുവഹിക്കുന്നവയാണ് ആല്‍ഫ ക്രിസ്റ്റലിന്‍സ്. ഇത്തരം ചെറുപ്രോട്ടീനുകള്‍ നേത്രലെന്‍സില്‍ സുലഭമായി ഉണ്ടെന്നു പറഞ്ഞാല്‍ അര്‍ഥം, കണ്ണ് തിമിരത്തില്‍നിന്ന് രക്ഷപ്പെട്ടിരിക്കുന്നു എന്നാണ്. എന്നാല്‍, ആല്‍ഫ ക്രിസ്റ്റലിന്‍സുകളുടെ സംഖ്യ ശോഷിച്ചിട്ടുണ്ടെങ്കില്‍ അഹിതമായതെന്തോ സംഭവിക്കാന്‍ പോകുന്നു, തിമിരം വരാന്‍ പോകുന്നു എന്നാണര്‍ഥം-ഡോ.ഡാറ്റൈല്‍സ് പറയുന്നു.
വെറും മൂന്ന് നാനോമീറ്റര്‍ മാത്രം (മീറ്ററിന്റെ നൂറുകോടിയിലൊന്നാണ് ഒരു നാനോമീറ്റര്‍) വ്യാസമുള്ളവയാണ് ആല്‍ഫ ക്രിസ്റ്റലിന്‍സ് പ്രോട്ടീനുകള്‍. അതിനാല്‍ പരമ്പരാഗത സങ്കേതങ്ങളുപയോഗിച്ച് അവയുടെ സാന്നിധ്യം മനസിലാക്കുക വൈഷമ്യമാണ്. എന്നാല്‍, പുതിയ ലേസര്‍സങ്കേതമുപയോഗിച്ച് അത് സാധിക്കും. `തിമരിത്തിന്റെ കാര്യത്തില്‍ ആല്‍ഫ ക്രിസ്റ്റലിന്‍സുകള്‍ വിശ്വാസിക്കാവുന്ന ജൈവമുദ്രകളാണ് (biomarkers)`-കൊളംബിയയില്‍ മാസന്‍ ഐ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. കൃഷ്‌ണ ശര്‍മ അഭിപ്രായപ്പെടുന്നു. 235 പേരില്‍ പുതിയ സങ്കേതം പരീക്ഷിച്ചു. തിമിരം എത്തുംമുമ്പ് തന്നെ അതിന്റെ സൂചന കണ്ടെത്താനാകും എന്നത് അത്ഭുതകരമായിത്തോന്നിയെന്ന്, ഡോ. ഡാറ്റൈല്‍സ് പറയുന്നു. പരീക്ഷണഫലം 'ആര്‍ക്കൈവ്‌സ് ഓഫ് ഓഫ്‌താല്‍മോളജി'യിലാണ് പ്രസിദ്ധീകരിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നടക്കുന്ന ഔഷധപരീക്ഷണങ്ങളുടെ ഭാഗമായി, പ്രോട്ടീന്‍ പരലുകള്‍ രൂപപ്പെടുന്നത് പഠിക്കാന്‍ രൂപംനല്‍കിയതാണ് 'ഡൈനാമിക് ലൈറ്റ് സ്‌കാറ്ററിങ്' (ഡി.എല്‍.എസ്) സങ്കേതം. നാസയുടെ ക്ലീവ്‌ലന്‍ഡിലുള്ള ജോണ്‍ എച്ച്. ഗ്ലിന്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനായ റഫാത് അന്‍സാരി, തന്റെ പിതാവിന് തിമിരം ബാധിച്ചപ്പോഴാണ് പ്രോട്ടീന്‍ വ്യതിയാനങ്ങള്‍ തിമിരത്തിന്റെ കാര്യത്തില്‍ എത്ര പ്രധാനപ്പെട്ടതാണെന്നും ഡി.എല്‍.എസ്.സങ്കേതം രോഗം നേരത്തെ കണ്ടെത്താന്‍ സഹായിക്കുമെന്നും മനസിലാക്കിയത്. ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ക്ക് പുതിയ സാധ്യതയുടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.
വാല്‍ക്കഷണം: നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒട്ടേറെ ഉപകരണങ്ങളും സംവിധാനങ്ങളും ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായി നാസയില്‍ പിറവിയെടുത്തതാണ്. വയറില്ലാത്ത ചെറിയ വാക്വം ക്ലീനറിന്റെ കാര്യമെടുക്കുക; കുറച്ച് ഊര്‍ജമുപയോഗിച്ച് ചന്ദ്രനില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ അപ്പോളോ ദൗത്യത്തിന് നാസയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ സാങ്കേതികവിദ്യയാണത്. വൈദ്യശാസ്‌ത്രരംഗത്ത് ഇന്നുപയോഗിക്കുന്ന ഒട്ടേറെ സങ്കേതങ്ങള്‍ പിറവിയെടുത്തതും നാസയുടെ പരീക്ഷണശാലകളില്‍ തന്നെ. ബഹിരാകാശ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുമോ എന്നറിയാന്‍ ആല്‍ഗകളുടെ പോഷകഗുണങ്ങളെപ്പറ്റി നാസ നടത്തിയ ഗവേഷണം, മുലപ്പാലിലെ ചില ഘടകങ്ങള്‍ ചില ആല്‍ഗകളിലുണ്ടെന്ന കണ്ടെത്തലിലേക്ക് നയിച്ചു. ഇന്ന് ബേബിഫുഡിലെ അഭിഭാജ്യഘടകമാണ് നാസയുടെ ആ കണ്ടെത്തല്‍.
പാരമ്പര്യേതര ഊര്‍ജരംഗത്തും ലോകത്ത് ഏറ്റവും വലിയ സംഭാവന നാസയുടേതാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ബഹിരാകാശ പേടകങ്ങളില്‍ ഉപയോഗിക്കാന്‍ നാസയാണ്, ഏറ്റവും മികച്ച സൗരോര്‍ജപാനലുകള്‍ രൂപപ്പെടുത്തിയത്. ആ സങ്കേതം ഇന്ന് ലോകത്തിനാകെ പ്രയോജനപ്പെടുന്നു. ആസ്‌പത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉപയോഗിക്കുന്ന പല ജീവന്‍രക്ഷാമാര്‍ഗങ്ങളും ഗോളാന്തരപര്യവേക്ഷണത്തിന്റെ ഭാഗമായി നാസ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയതാണ്. അഗ്നിശമനസേനകള്‍ ഉപയോഗിക്കുന്ന സംരക്ഷണ കവചങ്ങള്‍, വേഗമേറിയ റേസിങ് കാറുകള്‍, സുരക്ഷിതത്വംകൂടിയ റണ്‍വേകള്‍, മികച്ച സണ്‍ഗ്ലാസുകള്‍, വിമാനച്ചിറകുകള്‍, സ്വന്തമായി രക്തസമ്മര്‍ദം അളക്കാവുന്ന കിറ്റുകള്‍-ഇങ്ങനെ നാസ ലോകത്തിന് സംഭാവന ചെയ്‌ത സങ്കേതങ്ങളുടെ പട്ടിക നീളുകയാണ്. (അവലംബം: ആര്‍ക്കൈവ്‌സ് ഓഫ് ഓഫ്‌താല്‍മോളജി, നാസ, കടപ്പാട്: മാതൃഭൂമി).
2 comments:
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നടക്കുന്ന ഔഷധപരീക്ഷണങ്ങളുടെ ഭാഗമായി, പ്രോട്ടീന്‍ പരലുകള്‍ രൂപപ്പെടുന്നത് പഠിക്കാന്‍ രൂപംനല്‍കിയതാണ് 'ഡൈനാമിക് ലൈറ്റ് സ്‌കാറ്ററിങ്' (ഡി.എല്‍.എസ്) സങ്കേതം. നാസയുടെ ക്ലീവ്‌ലന്‍ഡിലുള്ള ജോണ്‍ എച്ച്. ഗ്ലിന്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനായ റഫാത് അന്‍സാരി, തന്റെ പിതാവിന് തിമിരം ബാധിച്ചപ്പോഴാണ് പ്രോട്ടീന്‍ വ്യതിയാനങ്ങള്‍ തിമിരത്തിന്റെ കാര്യത്തില്‍ എത്ര പ്രധാനപ്പെട്ടതാണെന്നും ഡി.എല്‍.എസ്.സങ്കേതം രോഗം നേരത്തെ കണ്ടെത്താന്‍ സഹായിക്കുമെന്നും മനസിലാക്കിയത്. ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ക്ക് പുതിയ സാധ്യതയുടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.
Thanks!!
One more: the artificial legs are made of light weight materials, which were originally developed for space projects.
Post a Comment