
ബാര്‍ട്ടൊനെല്ല വിഭാഗത്തില്‍പെട്ട ബാക്ടീരിയയാണ് എലിച്ചെള്ളുകളിലൂടെ പടരുന്നത്. മറ്റ് ജീവികളില്‍നിന്ന് മനുഷ്യരിലെത്തുന്ന രോഗാണുക്കളുടെ ഗണത്തിലാണ് ഇവയുടെ സ്ഥാനം. 1990-കളുടെ തുടക്കം മുതല്‍ ഇരുപതിലേറെയിനം ബാര്‍ട്ടോനെല്ല ബാക്ടീരിയയിനങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാരകമായ ഹൃദ്രോഗം വരുത്താന്‍ കഴിവുള്ള ഈ ബാക്ടീരിയ, എലിച്ചെള്ളുകളിലൂടെ പടരുന്ന കാര്യം 'ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജി'യുടെ ഡിസംബര്‍ ലക്കത്തിലാണുള്ളത്.
സമീപകാലത്ത് തെക്കേയമേരിക്കയില്‍ യാത്ര ചെയ്‌തുവന്ന ഒരു രോഗിയുടെ പ്ലീഹയില്‍ 'ബാര്‍ട്ടൊനെല്ല റോചാലിമേ' എന്ന പുതിയയിനം ബാക്ടീരിയയെ കണ്ടെത്തിയതാണ്, എലിച്ചെള്ളുകള്‍ രോഗം പരത്തുന്നതിന്റെ വ്യാപ്‌തിയെക്കുറിച്ച് പഠിക്കാന്‍ തയ്‌വാനീസ് ഗവേഷകരെ പ്രേരിപ്പിച്ചത്. സമീപകാലത്ത് അമേരിക്കയില്‍ മനുഷ്യനെ ബാധിച്ചതായി കണ്ടെത്തിയ രോഗാണുവാണിത്. "ഉത്‌കണ്‌ഠാജനകമായ കണ്ടെത്തലായിരുന്നു അത്"- തയ്‌വാനില്‍ നാഷണല്‍ ചുങ് ഹിസിങ് സര്‍വകലാശാലയിലെ പ്രൊഫ. ചാവോ-ചിന്‍ ചാങ് അറിയിക്കുന്നു.
മനുഷ്യവാസമുള്ള പ്രദേശത്ത് കാണപ്പെടുന്ന എലികള്‍ ഈ ബാക്ടീരിയ വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്- അദ്ദേഹം അറിയിച്ചു. വിവിധയിനത്തില്‍പെട്ട 58 എലികളില്‍നിന്നുള്ള സാമ്പിളുകള്‍ ഗവേഷകര്‍ പരിശോധിച്ചു. അവയില്‍ ആറെണ്ണം ബാര്‍ട്ടൊനെല്ല ബാക്ടീരിയകള്‍ വഹിക്കുന്നു എന്ന ആശങ്കാജനകമായ ഫലമാണ് പരിശോധനയില്‍ ലഭിച്ചത്.
അവയില്‍ നാല് എലികളില്‍ കാണപ്പെട്ടത് മനുഷ്യരില്‍ ഹൃദ്രോഗം വരുത്തുന്ന 'ബാര്‍ട്ടൊനെല്ല എലിസബെത്തേ' എന്ന രോഗാണുവായിരുന്നു. ഒരു സാമ്പിളില്‍ 'ബാര്‍ട്ടൊനെല്ല ട്രിബോകോറം' ബാക്ടീരിയയും, മറ്റൊരു സാമ്പിളില്‍ 'റോചാലിമേ' ഇനവുമാണ് കണ്ടെത്തിയത്. അമേരിക്കയില്‍ എലികളില്‍നിന്ന് മനുഷ്യരില്‍ പകര്‍ന്ന രോഗാണു തയ്‌വാനിലെ എലികളിലും കാണപ്പെട്ടു എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഇതെപ്പറ്റി കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. (അവലംബം: ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജി, കടപ്പാട്: മാതൃഭൂമി)
2 comments:
ഹൃദ്രോഗകാരിയായ ഒരിനം മാരകബാക്ടീരിയ എലികളിലൂടെ ലോകത്ത് പടരുന്നതായി കണ്ടെത്തല്‍. 'ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ പ്ലേഗെ'ന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
റിപ്പോർട്ട് വായിച്ചിരുന്നു.
പോസ്റ്റിനു നന്ദി
Post a Comment