ജര്‍മനിയില്‍നിന്ന് പുരാവസ്‌തുഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍, കുടുംബ വ്യവസ്ഥകളെ സംബന്ധിച്ച പ്രാചീന സങ്കല്‍പ്പങ്ങളെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്നു.
അച്ഛന്‍, അമ്മ. ഏറിയാല്‍ രണ്ട് മക്കള്‍. ഇത്രയും അംഗങ്ങള്‍ മാത്രമുള്ളതാണ് അണുകുടുംബം എന്ന് അറിയപ്പെടാറ്. മലയാളികള്‍ക്ക് ഇത്തരം കുടുംബത്തെപ്പറ്റി മനസിലാക്കിക്കൊടുക്കേണ്ട കാര്യമില്ല. അതിന്റെ ഗുണവും ദോഷവും നന്നായി അനുഭവിക്കുന്നവരാണ് കേരളീയര്‍. എന്നാല്‍, പുതിയ കാലത്തെ മാത്രം പ്രതിഭാസമാണ് അണുകുടുംബമെന്ന് ധരിക്കുന്നുവെങ്കില്‍ അത് ശരിയല്ല എന്ന് പുതിയൊരു പഠനം പറയുന്നു. ജര്‍മനിയില്‍നിന്ന് 4600 വര്‍ഷം മുമ്പത്തെ അണുകുടുംബത്തിന്റെ വ്യക്തമായ തെളിവ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ജര്‍മനിയില്‍ സക്‌സോണി-അന്‍ഹാല്‍ട്ടിലെ യൂലാവുവില്‍ കണ്ടെത്തിയ നാല് ശവക്കുഴികളില്‍ നിന്നാണ,് പ്രാചീന കുടുംബ വ്യവസ്ഥകളെക്കുറിച്ചുള്ള സൂചനകള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. 2005-ല്‍ കണ്ടെത്തിയ ആ പ്രാചീന അവശിഷ്ടങ്ങള്‍ ഡി.എന്‍.എ. വിശകലനത്തിന് വിധേയമാക്കിയപ്പോള്‍, നവീനശിലായുഗത്തില്‍ സാധാരണമല്ലാതിരുന്ന കുടുംബവ്യവസ്ഥകളെയും സംസ്‌ക്കാരരീതികളെയും കുറിച്ച് വ്യക്തമായെന്ന്, 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സി' (PNAS)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ഒരു പുരുഷനും ഒരു സ്‌ത്രീയും രണ്ട് കുട്ടികളുമാണ് ഒരു ശവക്കുഴിയില്‍ കാണപ്പെട്ടത്. ഡി.എന്‍.എ. വിശകലനത്തില്‍ അത് അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളുമാണെന്ന് വ്യക്തമായി. 4-5, 8-9 വയസ് പ്രായമുള്ളവരാണ് കുട്ടികള്‍. ഇതാണ് അണുകുടുംബത്തെ സംബന്ധിച്ച് ലഭ്യമായ ഏറ്റവും പഴയ ജനിതക തെളിവെന്ന് ഗവേഷകര്‍ പറയുന്നു.
മാത്രമല്ല, പ്രചീനകാലത്തെ ശവസംസ്‌ക്കാര രീതികളെപ്പറ്റിയും കൂടുതല്‍ ഉള്‍ക്കാഴ്‌ച നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. നാല് ശവക്കുഴിയിലും കൂടി 13 പേരുടെ അവശിഷ്ടങ്ങളാണ് ഉണ്ടായിരുന്നത്. വ്യക്തിബന്ധം പ്രതിഫലിക്കത്തക്ക വിധമാണ് മൃതദേഹങ്ങള്‍ കിടത്തിയിരുന്നത്. നവജാതശിശു മുതല്‍ പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ വരെ ശവക്കുഴികളില്‍ ഉണ്ടായിരുന്നു; 30 വയസ്സോളം പ്രായമുള്ള മുതിര്‍ന്നവരും ഉണ്ടായിരുന്നു. എന്നാല്‍, കൗമാരപ്രായക്കാരുടെ ആരുടെയും അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല.
എതിര്‍ ഗ്രൂപ്പുകളുടെ കഠിനമായ ആക്രമണത്തിന് ഇരയായി മരിച്ചതാണ് അവരെല്ലാം എന്നതിനും ഗവേഷകര്‍ക്ക് തെളിവ് കിട്ടി. അസ്ഥികളില്‍ കാണപ്പെട്ട ഒടിവുകളും പരിക്കുകളും വെച്ചാണ് ഇക്കാര്യം അവര്‍ അനുമാനിച്ചെടുത്തത്. മാത്രമല്ല, ശിലായുഗത്തില്‍ നടന്ന ആ ദുരന്തം മനസിലാക്കാന്‍ ഏറ്റവും ആധുനികമായ ജനിതക സങ്കേതങ്ങളും ഐസോടോപ്പ് ഡേറ്റിങുമൊക്കെ ഗവേഷകര്‍ അവലംബിച്ചു.
ഒരു ശവക്കുഴിയിലെ രണ്ട് മുതിര്‍ന്നവരുടെയും രണ്ട് കുട്ടികളുടെയും ജനിതകബന്ധം കണ്ടെത്തുക വഴി, പ്രാചീന മധ്യയൂറോപ്പില്‍ അണുകുടുംബങ്ങള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞെങ്കിലും, പ്രാചീനലോകത്ത് അതൊരു മാതൃകയായിരുന്നു എന്ന് തങ്ങള്‍ കരുതുന്നില്ലെന്ന്, ഗവേഷണ പ്രബന്ധത്തിന്റെ മുഖ്യരചയിതാവും അഡെലെയ്‌ഡെ സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ. വൂല്‍ഫ്‌ഗാങ് ഹാക്ക് അറിയിക്കുന്നു.
ചെറുപ്പത്തില്‍ ഭക്ഷണം വഴി പല്ലില്‍ അടിഞ്ഞുകൂടുന്ന മൂലകമാണ് സ്‌ട്രോന്‍ഷ്യം. യൂലാവുവിലെ ശവക്കുഴികളില്‍ കാണപ്പെട്ടവര്‍ എവിടെയാണ് വളര്‍ന്നതെന്ന് മനസിലാക്കാന്‍ സ്‌ട്രോന്‍ഷ്യം ഐസോടോപ്പിന്റെ വിശകലനവും തങ്ങള്‍ നടത്തിയെന്ന്, പഠനത്തില്‍ പങ്ക് വഹിച്ച ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി ഹൈല്‍കെ ഡി ജോങ് പറഞ്ഞു. വിവിധ വ്യക്തികളുടെ പല്ലിലെ സ്‌ട്രോന്‍ഷ്യം ഐസോടോപ്പുകളുടെ തോത് താരതമ്യം ചെയ്‌താല്‍, അവര്‍ വളര്‍ന്ന മേഖലയെക്കുറിച്ചും അവിടുത്തെ ഭൗമശാസ്‌ത്രത്തെക്കുറിച്ചും സൂചന ലഭിക്കും.
സ്‌ട്രോന്‍ഷ്യം വിശകലനത്തില്‍ ലഭിച്ച വിവരം കൗതുകമുണര്‍ത്തുന്നതാണ്. പുരുഷന്‍മാരും കുട്ടികളും വളര്‍ന്ന പ്രദേശത്തിന് വെളിയില്‍ നിന്നുള്ളവരാണ് സ്‌ത്രീകള്‍ എന്നാണ് അത് വ്യക്തമാക്കിയത്-പഠനപദ്ധതിയുടെ സഹമേധാവിയും ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ. അലിസ്‌റ്റെയര്‍ പൈക്ക് അറിയിക്കുന്നു. മറ്റ് സ്ഥലങ്ങളില്‍നിന്ന് സ്‌ത്രീകളെ വിവാഹം കഴിച്ചു കൊണ്ടുവരുന്നതും (exogamy), പുരുഷന്‍മാരുടെ സ്ഥലങ്ങളിലേക്ക് സ്‌ത്രീകള്‍ പറിച്ചു നടപ്പെടുന്നതും (patrilocaltiy), പ്രാചീനകാലത്തു പോലും നിലനിന്നിരുന്നു എന്നാണ് ഇതിനര്‍ഥം.
(അവലംബം: പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്(PNAS), ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)