Saturday, November 10, 2007

ദേശാടനപക്ഷികളെ അറിയാന്‍ ജനകീയശ്രമം

ജനപങ്കാളിത്തത്തോടെ ഇത്തരമൊരു ശ്രമം ഇന്ത്യയില്‍ ആദ്യമായാണ്‌

ദേശാടനപക്ഷികളെ നിരീക്ഷിക്കാനും കാലാവസ്ഥയിലും പരിസ്ഥിതിയിലും വരുന്ന മാറ്റം ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും ദേശീയതലത്തില്‍ ജനകീയശ്രമം ആരംഭിക്കുന്നു. ശൈത്യകാലത്ത്‌ ഇന്ത്യയില്‍ ദേശാടനം നടത്തുന്ന ഒന്‍പത്‌ ഇനം പക്ഷികളെക്കുറിച്ച്‌ ജനപങ്കാളിത്തത്തോടെ മനസിലാക്കാനാണ്‌ ശ്രമം. ഇന്ത്യന്‍ ബേര്‍ഡ്‌സ്‌ ജേര്‍ണലും, ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സും ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌ത ഈ ഉദ്യമത്തില്‍ പക്ഷിനിരീക്ഷണത്തില്‍ താത്‌പര്യമുള്ള ആര്‍ക്കും പങ്കുചേരാം.

ഹിമാലയത്തില്‍ നിന്നും അതിനപ്പുറത്തു നിന്നും തെക്കന്‍ മേഖലയിലേക്കു ദേശാടനം നടത്തുന്ന പക്ഷികളെക്കുറിച്ച്‌ ജനപങ്കാളിത്തത്തോടെ പഠിക്കാന്‍ ശ്രമം നടക്കുന്നത്‌ ആദ്യമായാണ്‌. നോര്‍ത്തേണ്‍ ഷാവോലെര്‍ (താറാവ്‌), മാര്‍ഷ്‌ ഹാരിയര്‍ (പരുന്ത്‌), ഗ്രേ വാഗ്‌ടെയില്‍ (വാല്‌കുലുക്കി), റോസി സ്‌റ്റാര്‍ലിംഗ്‌ (മൈന), വുഡ്‌ സാന്‍ഡ്‌പിപ്പര്‍ (മണലൂതി), ബ്രൗണ്‍ ഷൈക്ക്‌, ബ്ലാക്ക്‌ റെഡ്‌സ്റ്റാര്‍ട്ട്‌, ഗ്രീനിഷ്‌ വാര്‍ബ്ലര്‍, കോമണ്‍ സ്വാളോ എന്നീ പക്ഷിയിനങ്ങളുടെ ദേശാടനം പഠിക്കാനാണ്‌ ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്‌.

ദക്ഷിണേന്ത്യയില്‍ താത്‌പര്യമുള്ള ആര്‍ക്കും ഈ പരിപാടിയില്‍ പങ്കുചേരാം. പക്ഷിനിരീക്ഷണം നടത്താന്‍ പ്രത്യേക സ്ഥലമൊന്നും സന്ദര്‍ശിക്കണമെന്നില്ല. ഈ ഒന്‍പത്‌ പക്ഷികളില്‍ ഏതിനെയെങ്കിലും എപ്പോള്‍ എവിടെ ആദ്യം കണ്ടെത്തി എന്ന്‌ രേഖപ്പെടുത്തുകയാണ്‌ തുടക്കത്തില്‍ ചെയ്യേണ്ടത്‌. പരിപാടിയില്‍ പങ്കുചേരുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിവരശേഖരണ ഫോറവും http://www.ncbs.res.in/citsci/ എന്ന വെബ്ബ്‌സൈറ്റിലുണ്ട്‌. കേരളത്തില്‍ ഈ പദ്ധതിയുടെ വിവരങ്ങള്‍ അറിയാന്‍ വയനാട്ടിലെ പക്ഷിനിരീക്ഷകനായ സി.കെ.വിഷ്‌ണുദാസുമായി ബന്ധപ്പെടാവുന്നതാണ്‌ (ഫോണ്‍: 04936 284325, 9447544603). (കടപ്പാട്‌: മാതൃഭൂമി)

2 comments:

Joseph Antony said...

ഹിമാലയത്തില്‍ നിന്നും അതിനപ്പുറത്തു നിന്നും തെക്കന്‍ മേഖലയിലേക്കു ദേശാടനം നടത്തുന്ന പക്ഷികളെക്കുറിച്ച്‌ ജനപങ്കാളിത്തത്തോടെ പഠിക്കാന്‍ ആദ്യമായി ഒരു ശ്രമം. താത്‌പര്യമുള്ള ആര്‍ക്കും ഇതില്‍ പങ്കുചേരാം. വിശദാംശങ്ങള്‍ 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍

ഗിരീഷ്‌ എ എസ്‌ said...

ഉപകാരപ്രദമായ പോസ്റ്റുകള്‍...
ഇനിയും
വിജ്ഞാനദായകമായ രചനകള്‍ക്കായി കാത്തിരിക്കുന്നു...