
അമേരിക്കയിലെ ക്ലീവ്‌ലന്‍ഡില്‍ കേസ് വെസ്‌റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ സൂപ്പര്‍ എലിയെ ജനിതക വിദ്യ വഴി സൃഷ്ടിച്ചത്. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ജൈവരസതന്ത്രം മനസിലാക്കി, മനുഷ്യരുടെ ആരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും വ്യക്തതയുണ്ടാക്കാനാണ് ജനിതക പരിഷ്‌ക്കരണം (genetic modification) വഴി ഇത്തരം എലികളെ സൃഷ്ടിച്ചത്.
സൂപ്പര്‍ എലികള്‍ക്ക് മിനിറ്റില്‍ ശരാശരി 20 മീറ്റര്‍ എന്ന തോതില്‍ അഞ്ചു മുതല്‍ ആറ് കിലോമീറ്റര്‍ വരെ (ആറു മണിക്കൂര്‍ നേരം) തുടര്‍ച്ചയായി ഓടാന്‍ കഴിയും. ട്രെഡ് മില്ലിലാണ് ഇവയെ ഓടിച്ചു പരീക്ഷിച്ചത്. 'ഫോസ്‌ഫോഇനോലിപൈറുവേറ്റ് കാര്‍ബോക്‌സികിനേസസ്' (phosphoenolypyruvate carboxykinases -PEPCK-C) എന്ന രാസാഗ്നിക്ക് കാരണമായ ജീനിന്റെ അമിത പ്രകടനം (over expression) സാധ്യമാകും വിധം ജനിതക പരിഷ്‌കരണം വരുത്തിയപ്പോള്‍, എലി 'സൂപ്പര്‍ എലി'യായി മാറിയത് ഗവേഷകരെ അമ്പരപ്പിച്ചു.
സൂപ്പര്‍ എലികളുടെ പേശികളില്‍ മൈറ്റോകോണ്‍ഡ്രിയയുടെ തോത് കൂടുതലാണെന്ന്, 'ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്‌ട്രി'യില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ പ്രൊഫ.റിച്ചാര്‍ഡ് ഹാന്‍സന്‍ അറിയിക്കുന്നു. കോശങ്ങളില്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുന്ന 'യന്ത്രങ്ങള്‍' എന്നാണ് മൈറ്റോകോണ്‍ഡ്രിയകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. സാധാരണ എലികളുടെ പേശീകോശങ്ങളിലേതിലും പത്തുമടങ്ങ് അധികം മൈറ്റോകോണ്‍ഡ്രിയ സൂപ്പര്‍ എലികളില്‍ പ്രത്യക്ഷപ്പെടുന്നു.
കോശങ്ങളിലെ മൈറ്റോകോണ്‍ഡ്രിയയുടെ തോത് കുറയുന്നത് വാര്‍ധക്യത്തിന്റെ വരവിനെ സൂചിപ്പിക്കുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കുറച്ച് ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് പരിമിതപ്പെടുത്തുമ്പോള്‍, മൈറ്റോകോണ്‍ഡ്രിയയുടെ എണ്ണം വര്‍ധിക്കുന്നതായും, ജീവി കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതായും കണ്ടിട്ടുണ്ട്. എന്നാല്‍, ഭക്ഷണം കുറയ്‌ക്കാതെ തന്നെ കോശങ്ങളിലെ പവര്‍ഹൗസുകളായ മൈറ്റോകോണ്‍ഡ്രിയയുടെ തോത് വര്‍ധിപ്പിച്ച് ആയുസ്സ് കൂട്ടാനും, യവ്വനം നിലനിര്‍ത്താനും പുതിയൊരു മാര്‍ഗ്ഗം തുറന്നു തരികയാണ് പ്രൊഫ. ഹാന്‍സന്റെ ഗവേഷണം.
സാധാരണ എലികളെ അപേക്ഷിച്ച് ഇരട്ടി ഭക്ഷണം കഴിക്കുന്നവയാണ് സൂപ്പര്‍ എലികള്‍. പക്ഷേ, ശരീരഭാരം പകുതിയേ വരൂ. മാത്രമല്ല, സാധാരണ എലികള്‍ നേരത്തെ പ്രസവിക്കുമ്പോള്‍ സൂപ്പര്‍ എലികള്‍ മൂന്നു വര്‍ഷം പ്രായമാകുമ്പോഴാണ് സന്താനോത്‌പാദനം നടത്തുന്നത്. (മനുഷ്യരുമായി താരതമ്യം ചെയ്‌താല്‍ 80 വയസ്സായ സ്‌ത്രീ പ്രസവിക്കും പോലാണിത്). യവ്വനം അത്ര വൈകിയാണ് സൂപ്പര്‍ എലിയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് സാരം.
പക്ഷേ, ഇത്തരം ഗവേഷണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാം എന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കായികതാരങ്ങള്‍ ഈ മാര്‍ഗം ദുരുപയോഗം ചെയ്‌തേക്കാമെന്നാണ് ആക്ഷേപം. എന്നാല്‍, ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനുള്ള ഒരു പരീക്ഷണം മാത്രമാണെന്നും, മനുഷ്യരില്‍ ഇത്തരം ജനിതക പരിവര്‍ത്തനം വരുത്താന്‍ സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു. (അവലംബം: ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്‌ട്രി).
8 comments:
സാധാരണ എലികളെ അപേക്ഷിച്ച് ഇരട്ടി ഭക്ഷണം കഴിക്കുന്നവയാണ് സൂപ്പര്‍ എലികള്‍. പക്ഷേ, ശരീരഭാരം പകുതിയേ വരൂ. ഇരട്ടി ദൂരം ഒറ്റയടിക്ക് ഇവര്‍ ഓടും. സ്വഭാവഗുണം കൊണ്ട് വേണമങ്കില്‍ ഇവനെ 'എലികള്‍ക്കിടയിലെ പുലി'യെന്നു വിളിക്കാം.
കൊള്ളാല്ലോ
ഇങ്ങനത്തെ ഒരെലിയുടെ പുറത്താണ് ഗജാനനന്‍ വന്നത് :) അമ്മൂമ്മ പറഞ്ഞിട്ടുണ്ട് പുരാണത്തിലിതൊക്കെ ഉണ്ടെന്ന്...കുറിഞ്ഞിയില്‍ ഇതൊക്കെ ലൈറ്റായാ വരുന്നത് :)
സുന്ദരക്കുട്ടപ്പന്മാര്‍
കൊള്ളാം ലവന്മാരു പുലികള്‍ തന്നെ!
:)
സൂപ്പര്‍ എലികളെ പോലെ സൂപ്പര്‍ മനുഷ്യരും വരും.. സാധ്യത തള്ളിക്കളയേണ്ടതില്ല.
കുതിരവട്ടന്‍,
തമ്പിയളിയന്‍,
പ്രിയ ഉണ്ണികൃഷ്‌ണന്‍,
ശ്രീ,
കണ്ണൂരാന്‍-kannuran,
'കുറിഞ്ഞി ഓണ്‍ലൈനി'ലെത്തി ഇത്തരം ശാസ്‌ത്ര വാര്‍ത്തകള്‍ നിങ്ങള്‍ വായിക്കുന്നു എന്നതിന്റെ തെളിവായി ഈ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. സന്തോഷം, അഭിവാദ്യങ്ങള്‍
Search by typing in Malayalam.
http://www.yanthram.com/ml/
Post a Comment