Sunday, November 11, 2007

വെയിലേറ്റാല്‍ ആയുസ്സ്‌ കൂടും

സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന ഡി ജീവകം ശരീരം പ്രായമാകുന്ന പ്രക്രിയ മെല്ലെയാക്കുമെന്ന്‌ കണ്ടെത്തല്‍

കൂടുതല്‍ക്കാലം ജീവിച്ചിരിക്കണം എന്ന്‌ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അതിനൊരു എളുപ്പ മാര്‍ഗം ഇളവെയിലേല്‍ക്കുകയാണെന്ന്‌ ഒരു സംഘം ബ്രിട്ടീഷ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്ന്‌ ലഭിക്കുന്ന 'ജീവകം ഡി', ശരീരത്തെ പ്രായം ബാധിക്കുന്നത്‌ മെല്ലയാക്കുമെന്നും ആയുസ്സ്‌ വര്‍ധിപ്പിക്കുമെന്നും അവര്‍ പറയുന്നു. എല്ലിന്റെ ബലം കൂട്ടുന്നതു പോലുള്ള ഗുണഫലങ്ങള്‍ നല്‍കുമെന്ന്‌ ഇതിനകം തന്നെ തെളിഞ്ഞിട്ടുള്ള ഡി ജീവകത്തിന്‌ ആയുസ്സ്‌ വര്‍ധിപ്പിക്കാനും കഴിവുണ്ടെന്ന്‌ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌.

ലണ്ടനില്‍ കിങ്‌സ്‌ കോളേജിലെ പ്രൊഫ. ബ്രന്റ്‌ റിച്ചാര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം, രണ്ടായിരത്തിലേറെ സ്‌ത്രീകളെ പഠനവിധേയമാക്കിയാണ്‌ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്‌. 18 മുതല്‍ 79 വയസ്സുവരെ പ്രായമുള്ള സ്‌ത്രീകള്‍ പഠനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ശരീരത്തില്‍ ഡി ജീവകത്തിന്റെ സാന്നിധ്യം ഏറെയുള്ള സ്‌ത്രീകളുടെ ഡി.എന്‍.എ.യില്‍ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കുറച്ചേ പ്രത്യക്ഷപ്പെടുന്നുള്ളു എന്ന്‌ 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ക്ലിനിക്കല്‍ ന്യുട്രീഷ്യനി'ല്‍ പ്രത്യക്ഷപ്പെട്ട പഠന റിപ്പോര്‍ട്ട്‌ പറയുന്നു. ജീവകം ഡി കുറവുള്ളവരില്‍ ഹൃദ്രോഗം, ആമവാതം (rheumatoid arthritis) തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നതായും കണ്ടു.

ശരീരത്തിലെ ജനികദ്രവ്യം കോശമര്‍മത്തിലെ ഡി.എന്‍.എ.യിലാണ്‌ സ്ഥിതിചെയ്യുന്നത്‌. പ്രായമാകുന്നത്‌ അറിയാനുള്ള 'ജൈവഘടികാരം' ജനിതകദ്രവ്യത്തിലുണ്ട്‌. കോശങ്ങള്‍ ഓരോ തവണ വിഭജിച്ച്‌ പുനരുത്‌പാദനം നടക്കുമ്പോഴും അതിന്റെ കണക്ക്‌ ആ ഘടികാരത്തില്‍ രേഖപ്പെടുത്തും. 'ടെലോമെറിസ്‌' (telomeres) എന്ന ഡി.എന്‍.എ.ഭാഗങ്ങളുടെ ദൈര്‍ഘ്യം കുറയുന്നത്‌, പ്രായാധിക്യത്തിന്റെ തോത്‌ അറിയാനുള്ള മാര്‍ഗങ്ങളിലൊന്നാണ്‌. ശരീരത്തില്‍ പ്രായാധിക്യം ആദ്യം പ്രത്യക്ഷപ്പെടുന്ന കോശവിഭാഗങ്ങളായ ശ്വേതരക്താണുക്കളെ (white blood cells) യാണ്‌ കിങ്‌സ്‌ കോളേജ്‌ സംഘം പഠനവിധേയമാക്കിയത്‌.

ശരീരത്തില്‍ ഡി ജീവകം കൂടുതലുള്ള സ്‌ത്രീകളുടെയും, കുറവുള്ള സ്‌ത്രീകളുടെയും ശ്വേതരക്താണുക്കളുടെ ഡി.എന്‍.എയിലെ ടെലോമെറിസുകളുടെ ദൈര്‍ഘ്യം താരതമ്യം ചെയ്യുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ഓരോരുത്തരുടെയും പ്രായവുമായി ബന്ധപ്പെടുത്തിയായിരുന്നു താരതമ്യം. ഡി ജീവകം കൂടുതലുള്ള സ്‌ത്രീകളില്‍ ടെലോമെറിസുകളുടെ നീളം കൂടുതലും, ഡി കുറവുള്ളവരുടെ കാര്യത്തില്‍ അതു കുറവുമാണെന്നു കണ്ടു. അങ്ങനെയാണ്‌ ഡി ജീവകം പ്രായത്തെ ചെറുക്കുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്‌.

പ്രായാധിക്യവുമായി ബന്ധപ്പെട്ട്‌ പ്രത്യക്ഷപ്പെടുന്ന പലതരം രോഗങ്ങളുണ്ട്‌; ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവ ഉദാഹരണം. അത്തരം അസുഖങ്ങള്‍ പ്രതിരോധിക്കാനും ഡി ജീവകം സഹായിക്കുമെന്നാണ്‌ പുതിയ പഠനം സൂചിപ്പിക്കുന്നത്‌-പ്രൊഫ. റിച്ചാര്‍ഡ്‌സ്‌ പറയുന്നു. സൂര്യപ്രകാശമേല്‍ക്കുന്നത്‌ ചിലയിനം ചര്‍മാര്‍ബുദങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌. പക്ഷേ, അത്തരം അപകടസാധ്യതയും സൂര്യപ്രകാശം നല്‍കുന്ന ഗുണഫലങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ഗുണഫലങ്ങള്‍ക്കാണ്‌ മുന്‍തൂക്കമെന്ന്‌, ഗവേഷക സംഘത്തില്‍ അംഗമായിരുന്ന പ്രൊഫ. ടിം സ്‌പെക്ടര്‍ അഭിപ്രായപ്പെടുന്നു. (അവലംബം: അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍, കടപ്പാട്‌: മാതൃഭൂമി)

2 comments:

Joseph Antony said...

സൂര്യപ്രകാശത്തില്‍ നിന്ന്‌ ലഭിക്കുന്ന 'ജീവകം ഡി', ശരീരത്തില്‍ പ്രായം ബാധിക്കുന്നത്‌ മെല്ലെയാക്കുമെന്നും ആയുസ്സ്‌ വര്‍ധിപ്പിക്കുമെന്നും പുതിയൊരു പഠനം പറയുന്നു. എല്ലിന്റെ ബലം കൂട്ടുന്നതു പോലുള്ള ഗുണഫലങ്ങള്‍ ജീവകം ഡി നല്‍കുമെന്ന്‌ ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ടെങ്കിലും, ആയുസ്സ്‌ വര്‍ധിപ്പിക്കാനുള്ള കഴിവും ജീവകം ഡിക്കുണ്ടെന്ന്‌ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌.

വേണു venu said...

പുതിയ കണ്ടെത്തലുകള്‍‍ പക്ര്ന്നു നല്‍കുന്നതിനു് നന്ദി.:)