Thursday, November 01, 2007

തമോഗര്‍ത്ത ഭീമന്‍

നക്ഷത്രത്തില്‍ നിന്ന്‌ രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലുത്‌, 18 ലക്ഷം പ്രകാശവര്‍ഷമകലെ.
തുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും വലിയ 'ചെറുതമോഗര്‍ത്തം' ഗവേഷകര്‍ കണ്ടെത്തി. സൂര്യനെക്കാള്‍ 24 മുതല്‍ 33 വരെ മടങ്ങ്‌ പിണ്ഡമുള്ള ആ തമോഗര്‍ത്തം, ഭൂമിയില്‍ നിന്ന്‌ 18 ലക്ഷം പ്രകാശവര്‍ഷം അകലെയാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇന്ധനം എരിഞ്ഞു തീര്‍ന്ന നക്ഷത്രങ്ങളില്‍ നിന്ന്‌ രൂപപ്പെടുമെന്ന്‌ കരുതുന്ന, എല്ലാ പരിധികളെയും ലംഘിക്കുന്നതാണ്‌ പുതിയ തമോഗര്‍ത്തം.

മുഖ്യമായും രണ്ടുതരം തമോഗര്‍ത്തങ്ങളെ പ്രപഞ്ചത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഗാലക്‌സികളുടെ കേന്ദ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന അതിഭീമന്‍മാരാണ്‌ ഒരിനം. അവയ്‌ക്ക്‌ സൂര്യനെക്കാള്‍ ലക്ഷക്കണക്കിന്‌ മടങ്ങ്‌ പിണ്ഡമുണ്ടാകും. നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗയുടെ (ക്ഷീരപഥം) കേന്ദ്രത്തിലും ഇത്തരമൊരു തമോഗര്‍ത്തമുണ്ട്‌. ഇവ എങ്ങനെയാണ്‌ രൂപപ്പെടുന്നതെന്ന്‌ വ്യക്തമല്ല.

സൂര്യനെക്കാള്‍ ഇരുപത്‌ മടങ്ങോ അതിലധികമോ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ അന്ത്യത്തില്‍ സൂപ്പര്‍നോവ സ്‌ഫോടനത്തിന്‌ വിധേയമാകുമ്പോള്‍, അവയുടെ അകക്കാമ്പ്‌ അതിഭീമമായ ഗുരുത്വാകര്‍ഷണത്താല്‍ തകര്‍ന്നടിഞ്ഞുണ്ടാകുന്ന തമോഗര്‍ത്തങ്ങളാണ്‌ രണ്ടാമത്തെ ഇനം. അവയെ ചെറുതമോഗര്‍ത്തങ്ങള്‍ ('stellar-mass' black holes) എന്നു വിളിക്കുന്നു. സൂര്യനെക്കാള്‍ ശരാശരി പത്തുമടങ്ങ്‌ പിണ്ഡമുള്ളവയാണ്‌ ഈ ഗണത്തില്‍ പെടുന്നവ.

'എം33' (M33) എന്നു പേരുള്ള ഗാലക്‌സിയില്‍ സൂര്യനെക്കാള്‍ 16 മടങ്ങ്‌ പിണ്ഡമുള്ള ഒരു തമോഗര്‍ത്തത്തെ തിരിച്ചറിഞ്ഞ വാര്‍ത്ത കഴിഞ്ഞ ഒക്ടോബര്‍ 17-ന്‌ ലോകമറിഞ്ഞു. അന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ചെറുതമോഗര്‍ത്തമായിരുന്നു അത്‌. ആ കണ്ടെത്തലിന്റെ അമ്പരപ്പ്‌ നീങ്ങുംമുമ്പാണ്‌, അതിലും വലിയ ചെറുതമോഗര്‍ത്തത്തെ കണ്ടെത്തിയ വിവരം പുറത്തുവന്നിരിക്കുന്നത്‌.

ഇത്രയും വലിയ ഒന്നിനെ കണ്ടെത്തുമെന്ന്‌ കരുതിയില്ലെന്ന്‌, ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ആന്‍ഡ്രിയ പ്രസ്റ്റ്‌വിക്‌ അറിയിക്കുന്നു. മസാച്യൂസെറ്റ്‌സില്‍ ഹാര്‍വാഡ്‌-സ്‌മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ഗവേഷകയാണ്‌ ആന്‍ഡ്രിയ. "നാശമടയുന്ന നക്ഷത്രങ്ങളില്‍ നിന്ന്‌ ഉണ്ടാകുമെന്ന്‌ കരുതുന്നതിലും വലിയ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടാമെന്നാണ്‌ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌"-അവര്‍ പറയുന്നു.

കാസിയോപ്പിയ നക്ഷത്രഗണത്തില്‍ (Cassiopeia constellation) പെടുന്ന 'ഐ.സി-10' (IC 10) എന്ന കുള്ളന്‍ ഗാലക്‌സിയിലാണ്‌, തമോഗര്‍ത്തഭീമന്‍ സ്ഥിതിചെയ്യുന്നത്‌. പ്രകാശത്തിന്‌ പോലും രക്ഷപ്പെടാനാകാത്തത്ര ഗുരുത്വാകര്‍ഷണബലമുള്ള പ്രാപഞ്ചിക കെണികളാണ്‌ തമോഗര്‍ത്തങ്ങള്‍. അതിനാല്‍, അവയെ നേരിട്ടു നിരീക്ഷിക്കാന്‍ കഴിയില്ല. പുതിയതായി തിരിച്ചറിഞ്ഞ തമോഗര്‍ത്തഭീമന്റെ സഹനക്ഷത്രത്തിന്റെ ചലനവും പ്രത്യേകതകളും കണക്കാക്കിയാണ്‌, ആന്‍ഡ്രിയയും സംഘവും അതിന്റെ പിണ്ഡം മനസിലാക്കിയത്‌.

2006 നവംബറില്‍ നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി ഉപയോഗിച്ച്‌ ഐ.സി-10 എന്ന കുള്ളന്‍ ഗാലക്‌സിയെ നിരീക്ഷിച്ച ഗവേഷകര്‍, അവിടെ ശക്തമായ ഒരു എക്‌സ്‌റേ സ്രോതസ്സ്‌ ഉള്ളതായി തിരിച്ചറിഞ്ഞു. ഇടയ്‌ക്കിടെ എക്‌സ്‌റേ പ്രവാഹം തടയപ്പെടുന്നതായും കണ്ടു. ഒരു തമോഗര്‍ത്തത്തിന്‌ മുന്നിലൂടെ, അതിന്റെ സഹനക്ഷത്രം കടന്നു പോകുമ്പോള്‍, തമോഗര്‍ത്തത്തില്‍ നിന്നുള്ള എക്‌സ്‌റേ പ്രവാഹം തടയപ്പെടുന്നതാണ്‌ കാരണമെന്ന്‌ ഗവേഷകര്‍ അനുമാനിച്ചു.

2006 നവംബറില്‍ തന്നെ നാസയുടെ സ്വിഫ്‌ട്‌ ഉപഗ്രഹം ഇക്കാര്യം സ്ഥിരീകരിച്ചു. മാത്രമല്ല, തമോഗര്‍ത്തിന്റെയും സഹനക്ഷത്രത്തിന്റെയും ഭ്രമണപഥങ്ങളുടെ വിശദാംശങ്ങള്‍ മനസിലാക്കാനും സ്വിഫ്‌ട്‌ സഹായിച്ചു. ഹാവായിയിലുള്ള ജമിനി ടെലിസ്‌കോപ്പ്‌ ഉപയോഗിച്ചു നടത്തിയ തുടര്‍ നിരീക്ഷണങ്ങള്‍ തമോഗര്‍ത്തത്തിന്റെ കൂടുതല്‍ പ്രത്യേകതകള്‍ മനസിലാക്കാന്‍ സഹായിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കണക്കുകൂട്ടലാണ്‌, സൂര്യനെക്കാള്‍ കുറഞ്ഞത്‌ 24 മടങ്ങ്‌ പിണ്ഡമുള്ളതാണ്‌ ആ തമോഗര്‍ത്തമെന്ന കാര്യം വെളിപ്പെടുത്തിയത്‌.

തമോഗര്‍ത്തത്തിന്റെ വലിപ്പം അമ്പരപ്പുളവാക്കുന്നതാണെന്ന്‌ ആന്‍ഡ്രിയ പറയുന്നു. സാധാരണഗതിയില്‍ ഭീമന്‍ നക്ഷത്രങ്ങള്‍ അതിശക്തമായ വാതകപ്രവാഹം സൃഷ്ടിക്കുകയും, പൊട്ടിത്തെറിക്കും മുമ്പ്‌ നക്ഷത്രത്തില്‍നിന്ന്‌ വന്‍തോതില്‍ പിണ്ഡം നഷ്ടപ്പെടുകയും ചെയ്യും. അതിനാല്‍, ചെറുതമോഗര്‍ത്തങ്ങള്‍ക്ക്‌ ഇത്രയും പിണ്ഡം കൈവരിക ദുഷ്‌ക്കരമാണ്‌.

സഹനക്ഷത്രത്തില്‍ നിന്ന്‌ പിണ്ഡം വലിച്ചെടുത്ത്‌ ചില തമോഗര്‍ത്തങ്ങള്‍ വലുതാകാറുണ്ട്‌. എന്നാല്‍, പുതിയതായി തിരിച്ചറിഞ്ഞ തമോഗര്‍ത്ത ഭീമന്‍ അതിന്റെ സഹനക്ഷത്രത്തില്‍ നിന്ന്‌ താരതമ്യേന കുറഞ്ഞ തോതിലേ ദ്രവ്യം ആകര്‍ഷിച്ചെടുക്കുന്നുള്ളു. അതിന്റെ ആയുസ്സിനിടയ്‌ക്ക്‌ സൂര്യന്റെ ഒന്നോ രണ്ടോ മടങ്ങ്‌ പിണ്ഡമേ സഹനക്ഷത്രത്തിന്റെ പക്കല്‍ നിന്ന്‌ സ്വീകരിച്ചിട്ടുള്ളു എന്ന്‌ ഗവേഷകര്‍ കരുതുന്നു. അങ്ങനെയെങ്കില്‍, ആ തമോഗര്‍ത്തം ജനിച്ചിട്ട്‌ ഭീമനായി വളര്‍ന്നതല്ല, ജനിച്ചതു തന്നെ ഭീമനായിട്ടാണെന്ന്‌, നാസയുടെ ഗോദ്ദാര്‍ഡ്‌ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ സെന്ററിലെ റിച്ചാര്‍ഡ്‌ മുഷോറ്റ്‌സ്‌കി അഭിപ്രായപ്പെടുന്നു.

തമോഗര്‍ത്തമായി മാറിയ നക്ഷത്രം സൂര്യനെ അപേക്ഷിച്ച്‌ 60 മടങ്ങ്‌ പിണ്ഡമങ്കിലും ഉള്ളത്‌ ആയിരുന്നിരിക്കണം. അതില്‍ നിന്നായിരിക്കണം, സൂര്യന്റെ 24 മടങ്ങ്‌ പിണ്ഡമുള്ള തമോഗര്‍ത്തഭീമന്‍ രൂപപ്പെട്ടിട്ടുണ്ടാകുക. നിഗൂഢതയുടെ പരിവേഷത്തിനുള്ളില്‍ ഇപ്പോഴും തുടരുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച്‌ മനുഷ്യന്‍ ഇനിയും എന്തെല്ലാം അറിയാന്‍ ബാക്കിയുണ്ടെന്ന്‌ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലറ്റേഴ്‌സി'ന്റെ പുതിയ ലക്കത്തിലാണ്‌ തമോഗര്‍ത്തഭീമനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. (അവലംബം: നാസ/ഗോദ്ദാര്‍ദ്‌ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ സെന്ററിന്റെ വാര്‍ത്താക്കുറിപ്പ്‌).

3 comments:

Joseph Antony said...
This comment has been removed by the author.
Joseph Antony said...

'എം33' എന്നു പേരുള്ള ഗാലക്‌സിയില്‍ സൂര്യനെക്കാള്‍ 16 മടങ്ങ്‌ പിണ്ഡമുള്ള ഒരു തമോഗര്‍ത്തത്തെ തിരിച്ചറിഞ്ഞ വാര്‍ത്ത കഴിഞ്ഞ ഒക്ടോബര്‍ 17-ന്‌ ലോകമറിഞ്ഞു. അന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ചെറുതമോഗര്‍ത്തമായിരുന്നു അത്‌. ആ കണ്ടെത്തലിന്റെ അമ്പരപ്പ്‌ നീങ്ങുംമുമ്പാണ്‌, അതിലും വലിയ ചെറുതമോഗര്‍ത്തത്തെ കണ്ടെത്തിയ വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌; സൂര്യനെക്കാള്‍ കുറഞ്ഞത്‌ 24 മടങ്ങ്‌ പിണ്ഡമുള്ള ഒന്ന്‌!

ദിലീപ് വിശ്വനാഥ് said...

really informative.