
ശരീരം അല്‍പ്പം മെലിഞ്ഞിരിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തല്‍. മധുരപാനീയങ്ങള്‍, മദ്യം, മാട്ടിറച്ചി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തിയും, ശരീര ഭാരം അനുവദനീയമായതിലും അല്‍പ്പം കുറച്ചു നിര്‍ത്തിയും അര്‍ബുദം വരുന്നത് ഒഴിവാക്കാമെന്നാണ് ഒരു അന്താരാഷ്ട്ര പഠനം വ്യക്തമാക്കിയത്. ആവശ്യത്തിന് മുലപ്പാല്‍ കുടിച്ച കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അവര്‍ക്ക് അര്‍ബുദബാധയ്ക്ക് സാധ്യത കുറവാണെന്നും പഠനഫലം പറയുന്നു.
പൊണ്ണത്തടിയാണ് പ്രശ്നമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍, സാധാരണ ശരീരഭാരം തന്നെ അല്‍പ്പം കുറഞ്ഞിരിക്കുന്നതാണ് നന്നെന്ന് 'വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട്' നടത്തിയ പഠനം പറയുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണത്രേ പ്രശ്നം. അല്‍പ്പം മെലിഞ്ഞിരുന്നാല്‍ ഇത് ഒഴിവാക്കാനാകും. ഭക്ഷണശീലം ഉള്‍പ്പടെയുള്ള ജീവിതശൈലികള്‍ എങ്ങനെ അര്‍ബുധ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് ഗവേഷകര്‍ അന്വേഷിച്ചത്.
ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതത്തെ 'ബോഡി മാസ് ഇന്‍ഡെക്സ്' (ബി.എം.ഐ) എന്നാണ് പറയുക. ബി.എം.ഐ. 18.5 മുതല്‍ 25 വരെ ആയിരിക്കുന്നതാണ് ശരീരഭാരം സംബന്ധിച്ച് 'ആരോഗ്യകരമായ' പരിധി. എന്നാല്‍, ഈ സൂചകം 25-നോട് അടുത്തെത്തുമ്പോള്‍ അര്‍ബുധ സാധ്യത വര്‍ധിക്കുന്നതായി പഠനം പറയുന്നു. അതിനാല്‍, അത് 18.5 -നടുത്തേക്ക് നീങ്ങുന്നതാണ് നല്ലത്. കാന്‍സര്‍ റിസര്‍ച്ച് ഫണ്ടിലെ പ്രൊഫ. മാര്ട്ടിന് വീസ്മാനും സംഘവും, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുറത്തു വന്ന ഏഴായിരത്തോളം പഠനഫലങ്ങളെ അവലോകനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്.
അര്‍ബുദ സാധ്യത, ജീവിതശൈലി എന്നിവയെ ബന്ധപ്പെടുത്തി ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും സമഗ്രമായ പഠനമാണിതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ബുദം ഒഴിവാക്കാനുള്ള ശുപാര്‍ശകള്‍ ഇവയാണ്: മാട്ടിറച്ചിയുടെയും മദ്യത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തുക, ഉപ്പിട്ട ഇറച്ചി ഉത്പന്നങ്ങളും സംസ്കരിച്ച ഇറച്ചിയും മധുരമുള്ള ശീതളപാനീയങ്ങളും ഒഴിവാക്കുക, കുട്ടികളെ മുലയൂട്ടി വളര്‍ത്തുക, 21 വയസ്സിന് ശേഷം ശരീരഭാരം വര്‍ധിക്കാതെ നോക്കുക, ദിവസവും വ്യായാമത്തിലേര്‍പ്പെടുക. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും അര്‍ബുദവും തമ്മിലുള്ള ബന്ധം കരുതിയിരുന്നതിലും വളരെ കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.
പക്ഷേ, മൂന്നില്‍ രണ്ടു ഭാഗം അര്‍ബുദബാധയും ഉണ്ടാകുന്നത് ജീവിതശൈലി കൊണ്ടല്ല. ജനിതകവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങള്‍ അതില്‍ പ്രതിയാണ്. ലോകത്ത് ഓരോവര്‍ഷവും കുറഞ്ഞത് ഒരുകോടി പേര്‍ക്ക് അര്‍ബുദം ബാധിക്കുന്നുവെന്നാണ് കണക്ക്. അതില്‍ പക്ഷേ, മൂന്നിലൊന്ന് (30 ലക്ഷത്തിലേറെ) രോഗബാധ ജീവിതശൈലിയിലെ ഗുണകരമായ മാറ്റങ്ങള്‍കൊണ്ട് ചെറുക്കാനാകും-പ്രൊഫ വീസ്മാന് പറയുന്നു. മാട്ടിറച്ചി പോലുള്ളവയുടെ ഉപയോഗം തീര്‍ത്തും ഉപേക്ഷിക്കണമെന്ന് തങ്ങളുടെ ശുപാര്‍ശ അര്‍ഥമാക്കുന്നില്ലെന്നും അദ്ദേഹം അറിയിക്കുന്നു, മിതമായ തോതില്‍ ഉപയോഗിക്കുന്നത് കുഴപ്പം ചെയ്യില്ല. അമിതമായാലാണല്ലോ എന്തും ആപത്താകുന്നത്.
ഏത് രൂപത്തിലുള്ള മധുരപാനീയങ്ങള്‍ ഉപയോഗിക്കുമ്പോഴും, സംഭവിക്കുന്നത് ശരീരത്തിലെത്തുന്ന കലോറിയുടെ തോത് വര്‍ധിക്കുകയാണ്. പഞ്ചസാരയിട്ട ജ്യൂസുകള്‍ ഉപയോഗിക്കുമ്പോഴും അതു തന്നെയാണ് നടക്കുന്നത്. കൂടുതല്‍ കലോറി ഉള്ളിലെത്തിയാല്‍, അത് കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞു കൂടും, അര്‍ബുധ സാധ്യത വര്‍ധിക്കും. മധുരത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തിയാല്‍ ആയുസ്സു വര്‍ധിപ്പിക്കാമെന്ന് അടുത്തയിടെ പുറത്തുവന്ന മറ്റൊരു പഠനവുമായി ഇക്കാര്യം ചേര്‍ത്ത് വായിക്കാവുന്നതാണ്. ശരീരത്തിലെത്തുന്ന മൊത്തം കലോറിയുടെ തോത് കുറച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന മുന്‍പഠനങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.
കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ഒരേസമയം കുഞ്ഞിനും അമ്മയ്ക്കും അത് പ്രയോജനം ചെയ്യുന്നുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്ന് ഇതിനകം തെളിയിക്കപ്പട്ടിട്ടുണ്ട്. ആവശ്യത്തിന് മുലപ്പാല്‍ കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ പൊണ്ണത്തടിയുണ്ടാകാനും സാധ്യത കുറവാണ്. ഏതായാലും, മുലയൂട്ടല്‍, ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം തുടങ്ങിയ ജീവിതശൈലികള്‍ മാരകമായ ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുവെന്നാണ് പുതിയ പഠനഫലം അടിവരയിടുന്ന വസ്തുത.(കടപ്പാട്: ബി.ബി.സി.ന്യൂസ്, മാതൃഭൂമി)
3 comments:
ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതത്തെ 'ബോഡി മാസ് ഇന്‍ഡെക്സ്' (ബി.എം.ഐ) എന്നാണ് പറയുക. ബി.എം.ഐ. 18.5 മുതല്‍ 25 വരെ ആയിരിക്കുന്നതാണ് ശരീരഭാരം സംബന്ധിച്ച് 'ആരോഗ്യകരമായ' പരിധി. എന്നാല്‍, ഈ സൂചകം 25-നോട് അടുത്തെത്തുമ്പോള്‍ അര്‍ബുധ സാധ്യത വര്‍ധിക്കുന്നതായി പുതിയൊരു പഠനം പറയുന്നു. അതിനാല്‍, അത് 18.5 -നടുത്തേക്ക് നീങ്ങുന്നതാണ് നല്ലത്. തടി കുറച്ചാല്‍ അര്‍ബുദ സാധ്യത കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍.
മാഷേ വാര്‍ഷികാശംസകള്‍. മലയാളം യൂണിക്കോഡ് ലോകത്തിന് ശാസ്ത്രത്തിനുനേരേ തുറന്ന ജാലകമായി ഇതിനകം തന്നെ മാറിയ ഈ പേജിന് ആയുസ്സും പ്രസക്തിയും ദശാബ്ദങ്ങളുടേതാണ്. സ്ഥാനം ചരിത്രത്തിലും.
മനു,
പ്രിയ സ്നേഹിതാ, സ്വാഗതം, സന്തോഷം.
Post a Comment