Friday, November 02, 2007

പ്രായമേറിയ ജീവി, ആര്‍ട്ടിക്കില്‍ നിന്ന്‌

ലോകത്തെ ഏറ്റവും പ്രായമേറിയ ജീവിക്ക്‌ പ്രായം 405 വര്‍ഷം. ഷേക്‌സ്‌പിയര്‍ തന്റെ വിഖ്യാത കൃതികള്‍ രചിക്കുന്ന സമയത്ത്‌ ആ ജീവി അതിന്റെ ബാല്യത്തിലായിരുന്നു

റിയപ്പെടുന്നതില്‍ ഏറ്റവും പ്രായമേറിയ ജീവിയെ ആര്‍ട്ടിക്കില്‍നിന്ന്‌ ഗവേഷകര്‍ കണ്ടെടുത്തു. 405 വര്‍ഷം പ്രായമുള്ള ആ ജിവി, നമ്മുടെ നാട്ടില്‍ ഞവണിക്ക, നത്തയ്‌ക്ക എന്നൊക്കെ വിളിക്കുന്ന ചിപ്പി വര്‍ഗത്തില്‍ പെട്ട 'ക്വാഹോഗ്‌ ക്ലാം' (quahog clam) ആണ്‌. ചിപ്പിയുടെ പുറന്തോടിലെ വാര്‍ഷിക വളര്‍ച്ചാവലയങ്ങള്‍ (growth rings) എണ്ണിയാണ്‌ ഗവേഷകര്‍ അതിന്റെ പ്രായം കണക്കാക്കിയത്‌.

വടക്കുകിഴക്കന്‍ ഐസ്‌ലന്‍ഡിന്റെ തീരക്കടലില്‍ 262 അടി (80 മീറ്റര്‍ ) ആഴത്തില്‍ നിന്നു കണ്ടെത്തിയ ആ ജീവിയുടെ പുറന്തോടിലെ ആദ്യ വലയങ്ങള്‍ രൂപപ്പെടുന്ന സമയത്ത്‌ ഷേക്‌സ്‌പിയര്‍ തന്റെ മഹത്തായ സൃഷ്ടികള്‍ രചിക്കുകയായിരുന്നിരിക്കണം. അമേരിക്കയില്‍ ആദ്യകുടിയേറ്റക്കാര്‍ എത്തിത്തുടങ്ങുന്നതേയുള്ളു അപ്പോള്‍. ചൈനയില്‍ നാനൂറ്‌ വര്‍ഷം മുമ്പ്‌ ആധിപത്യം സ്ഥാപിച്ചിരുന്ന രാജവംശത്തിന്റെ പേരാണ്‌ ജീവിക്ക്‌ നല്‍കിയിട്ടുള്ളത്‌; 'മിങ്‌'.

ബ്രിട്ടനില്‍ ബാന്‍ഗൊര്‍ സവര്‍കലാശാലയില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കുന്ന അല്‍ വാനാമേക്കറും സംഘവുമാണ്‌, 'മിങി'നെ കണ്ടെത്തിയത്‌. പോയ നൂറ്റാണ്ടുകളില്‍ കാലാവസ്ഥയ്‌ക്ക്‌ സംഭവിച്ച വ്യതിയാനത്തെക്കുറിച്ചു മനസിലാക്കാനാണ്‌, ഇത്തരം ചിപ്പികളുടെ പുറന്തോടിലെ വാര്‍ഷിക വലയങ്ങള്‍ പഠനവിധേയമാക്കുന്നത്‌. അതിനിയിയില്‍ ബോണസ്‌ പോലെയാണ്‌ പ്രായമേറിയ ജിവിയെ കണ്ടെത്തിയതെന്ന്‌ വാനാമേക്കര്‍ പറയുന്നു.

ആയുസ്സിന്റെ കാര്യത്തില്‍ 'ക്വാഹോഗ്‌ ക്ലാമു'കള്‍ മുമ്പു തന്നെ പേരെടുത്തിട്ടുള്ളവയാണ്‌. അമേരിക്കന്‍ തീരത്തുനിന്ന്‌ 1982-ല്‍ കണ്ടെത്തിയ 220 വര്‍ഷം പ്രായമുള്ള ഇത്തരമൊരു ചിപ്പിയാണ്‌, ലോകത്തേറ്റവും പ്രായമുള്ള ജീവിയെന്ന ഗിന്നസ്‌ റിക്കോര്‍ഡിനുടമ. എന്നാല്‍, ഐസ്‌ലന്‍ഡില്‍ നിന്ന്‌ കണ്ടെടുത്ത്‌ ജര്‍മന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഒരു 'ക്ലാമി'ന്റെ പ്രായം 374 വര്‍ഷമെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. അനൗദ്യോഗിക കണക്കു പ്രകാരം ഏറ്റവും പ്രായമേറിയ ജീവി അതായിരുന്നു. അതിലും 31 വര്‍ഷം പ്രായം കൂടുതലാണ്‌ വാനാമേക്കറും സംഘവും കണ്ടെത്തിയ ചിപ്പിക്ക്‌.

ഗവേഷകര്‍ തോടിലെ വലയങ്ങള്‍ തിട്ടപ്പെടുത്തുന്നതിനിടെ മിങ്‌ ചത്തു. "ഇതിലും പ്രായമുള്ളവ തീര്‍ച്ചയായും ഉണ്ടാകും, നമ്മള്‍ അവയെ കണ്ടെത്തിയിട്ടില്ലെന്ന്‌ മാത്രമേയുള്ളു"-വാനാമേക്കര്‍ പറയുന്നു. ആയുസ്സിന്റെ രഹസ്യം മനസിലാക്കാന്‍ ഇത്തരം ജീവികളുടെ ശരീരകലകള്‍ പഠിക്കുക വഴി കഴിയുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ജീവനുള്ള 'ക്വാഹോഗ്‌ ക്ലാമു'കളെ ഇക്കാര്യത്തില്‍ പഠനവിധേയമാക്കാന്‍ ഒട്ടേറെ ഗവേഷകര്‍ താത്‌പര്യത്തോടെ മുന്നോട്ടു വന്നിട്ടുണ്ട്‌.

പോയ നൂറ്റാണ്ടുകളില്‍ ഭൂമുഖത്തു സംഭവിച്ച പരിസ്ഥിതി മാറ്റങ്ങള്‍ മനസിലാക്കാന്‍, ക്ലോമുകളുടെ പുറന്തോടിനെക്കുറിച്ചുള്ള പഠനം സഹായിക്കുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. പരിസ്ഥിതിക്കനുസരിച്ച്‌ വളര്‍ച്ചാ വലയങ്ങള്‍ക്ക്‌ വ്യത്യാസമുണ്ടാകും-വാനാമേക്കര്‍ അറിയിക്കുന്നു. സമുദ്രജലത്തിന്റെ താപനില, ലവണത, ഭക്ഷ്യലഭ്യത തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ക്കനുസരിച്ച്‌, ചിപ്പികളുടെ തോടിന്റെ വളര്‍ച്ചയില്‍ വ്യത്യാസമുണ്ടാകും. കഴിഞ്ഞ അരനൂറ്റാണ്ടിലെ കാലാവസ്ഥ, പോയ ആയിരം വര്‍ഷത്തില്‍ നിന്ന്‌ എത്ര വ്യത്യസ്‌തമാണ്‌ എന്ന്‌ മനസിലാക്കാനാണ്‌ വാനാമേക്കറും സംഘവും ശ്രമിക്കുന്നത്‌.(അവലംബം: നാഷണല്‍ ജ്യോഗ്രഫിക്‌ ന്യൂസ്‌)

4 comments:

Joseph Antony said...

വടക്കുകിഴക്കന്‍ ഐസ്‌ലന്‍ഡിന്റെ തീരക്കടലില്‍ 262 അടി ആഴത്തില്‍ നിന്നു കണ്ടെത്തിയ ചിപ്പിയുടെ പുറന്തോടിലെ ആദ്യ വലയങ്ങള്‍ രൂപപ്പെടുന്ന സമയത്ത്‌ ഷേക്‌സ്‌പിയര്‍ തന്റെ മഹത്തായ സൃഷ്ടികള്‍ രചിക്കുകയായിരുന്നിരിക്കണം. അമേരിക്കയില്‍ ആദ്യകുടിയേറ്റക്കാര്‍ എത്തിത്തുടങ്ങുന്നതേയുള്ളു അപ്പോള്‍. ചൈനയില്‍ നാനൂറ്‌ വര്‍ഷം മുമ്പ്‌ ആധിപത്യം സ്ഥാപിച്ചിരുന്ന രാജവംശത്തിന്റെ പേരാണ്‌ ജീവിക്ക്‌ നല്‍കിയിട്ടുള്ളത്‌; 'മിങ്‌'. ഭൂമുഖത്ത്‌ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രായമേറിയ ജീവിയെക്കുറിച്ച്‌, 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍.

G.MANU said...

taken the print....
next pls mashey

Sherlock said...

വിജ്ഞാനപ്രദം :)

Mr. K# said...

അതിനെ കൊല്ലാതെ നോക്കണമായിരുന്നു :-(