Sunday, December 09, 2007

ഉപ്പ്‌ കുറയ്‌ക്കുക, പുകയില നിയന്ത്രിക്കുക

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ലക്ഷങ്ങളുടെ അകാല മരണം ഒഴിവാക്കാം
ക്ഷണത്തില്‍ ഉപ്പിന്റെ അളവ്‌ ചെറിയ തോതില്‍ കുറയ്‌ക്കുകയും പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടന (WHO) യുടെ മാനദണ്ഡങ്ങള്‍ നടപ്പാക്കുകയും ചെയ്‌താല്‍, ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ മാരകരോഗങ്ങള്‍ ബാധിച്ച്‌ മരിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. 23 രാജ്യങ്ങളില്‍ താഴ്‌ന്ന വരുമാനക്കാരിലും മധ്യവര്‍ഗത്തിലും പെട്ടവരുടെ രോഗാതുരത പഠിച്ച ബ്രിട്ടീഷ്‌ സംഘത്തിന്റേതാണ്‌ ഈ നിഗമനം.

ബോധവത്‌ക്കരണം വഴിയും പ്രചാരണങ്ങളിലൂടെയും ഉപ്പിന്റെ ഉപയോഗം 15 ശതമാനം കുറയ്‌ക്കാനായാല്‍, പഠനവിധേയമാക്കിയ രാജ്യങ്ങളില്‍ മാത്രം ഏതാണ്ട്‌ 85 ലക്ഷം പേരെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാനാകുമെന്ന്‌ 'കിങ്‌സ്‌ ഫണ്ട്‌ ലണ്ടനി'ലെ ഡോ.പെര്‍വിസ്‌ അസാരിയയും കൂട്ടരും പറയുന്നു. ഉപ്പിലിട്ട മാംസവും മത്സ്യവും പരമാവധി ഒഴിവാക്കുക, തീന്‍മേശയില്‍ വെച്ച്‌ ഭക്ഷണത്തില്‍ കൂടുതല്‍ ഉപ്പ്‌ ചേര്‍ക്കാതിരിക്കുക തുടങ്ങിയ മാറ്റങ്ങളിലൂടെ മാത്രം ഒരാള്‍ ദിവസവും കഴിക്കുന്ന സോഡിയത്തില്‍ 3-4.5 ഗ്രാം കുറയ്‌ക്കാനാകും. പ്രതിദിന ഉപഭോഗത്തിന്റെ ഏതാണ്ട്‌ 30 ശതമാനം വരുമിത്‌. എന്നാല്‍, ഗുണപരമായ ഫലമുണ്ടാകാന്‍ ഉപ്പിന്റെ അളവ്‌ ഇതിന്റെ പകുതി കുറച്ചാല്‍ മതിയെന്ന്‌ 'ലാന്‍സെറ്റി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണത്ത ഉടമ്പടി (WHO Framework Convention on Tobacco Control) യിലെ നാല്‌ വ്യവസ്ഥകള്‍ നടപ്പാക്കിയാല്‍, പരിശോധനാ വിഷയമായ 23 രാജ്യങ്ങളില്‍ ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദങ്ങള്‍ തുടങ്ങിയവയാല്‍ 55 ലക്ഷം പേര്‍ മരിക്കുന്നത്‌ ഒഴിവാക്കാമെന്ന്‌ ഗവേഷകര്‍ പറയുന്നു. പുകയില ഉത്‌പന്നങ്ങള്‍ക്കുമേലുള്ള നികുതി വര്‍ധിപ്പിക്കുക, ജോലിസ്ഥലങ്ങള്‍ പുകവലി മുക്തമാക്കുക, പുകയിലയുത്‌പന്നങ്ങളുടെ പാക്കറ്റുകളില്‍ ആരോഗ്യമുന്നറിയിപ്പുകള്‍ വ്യക്തമായി കാണിക്കുക, പുകയിലയുടെയും സിഗരറ്റിന്റെയും പരസ്യങ്ങള്‍ നിരോധിക്കുക-ഇവയാണ്‌ ഉടമ്പടിയിലെ വ്യവസ്ഥകര്‍.

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ്‌ വര്‍ധിക്കുന്നത്‌ രക്തസമ്മര്‍ദം വര്‍ധിപ്പിക്കാന്‍ ഇടയാകും. ഹൃദ്രോഗം പോലെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ രക്താതിസമ്മര്‍ദം കാരണമാകും. ഉപ്പിലിട്ട ഭക്ഷവസ്‌തുക്കളുടെ തുടര്‍ച്ചയായ ഉപയോഗം ആമാശയ അര്‍ബുദം പോലുള്ള മാരകമായ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കാമെന്ന്‌ മുമ്പ്‌ തന്നെ ചില പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. അതിനാല്‍, ഭക്ഷണത്തില്‍ ഉപ്പ്‌ കുറയ്‌ക്കാന്‍ വ്യാപകമായ ബോധവത്‌ക്കരണം തന്നെ വേണമെന്ന്‌ പഠന റിപ്പോര്‍ട്ട്‌ പറയുന്നു.

പഠനത്തില്‍ സൂചിപ്പിച്ച പ്രകാരം ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കാനും പുകയില ഉപയോഗം നിയന്ത്രിക്കാനും ആവശ്യമായ നടപടികള്‍ക്കും പ്രചാണപ്രവര്‍ത്തനത്തിനും, 23 രാജ്യങ്ങളില്‍ ഒരാള്‍ക്ക്‌ പ്രതിവര്‍ഷം വേണ്ടി വരുന്ന ശരാശരി ചെലവ്‌ 0.36 ഡോളര്‍ (14.4രൂപ) ആണെന്ന്‌ ഗവേഷകര്‍ കണക്കുകൂട്ടുന്നു. ഇത്‌ ഈ രാജ്യങ്ങളില്‍ ആരോഗ്യരംഗത്ത്‌ സര്‍ക്കാര്‍ ഓരോ വ്യക്തിക്കും ചെലവഴിക്കുന്ന പ്രതിവര്‍ഷ ചെലവിന്റെ 0.5 ശതമാനമേ വരൂ. ഇത്രയും തുകകൊണ്ട്‌ ലക്ഷക്കണക്കിനാളുകളെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാനാകുമെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌ നല്‍കുന്ന ശുഭസൂചന.(അവലംബം: ലാന്‍സെറ്റ്‌,കടപ്പാട്‌: മാതൃഭൂമി).

6 comments:

Joseph Antony said...

ബോധവത്‌ക്കരണം വഴിയും പ്രചാരണങ്ങളിലൂടെയും ഉപ്പിന്റെ ഉപയോഗം 15 ശതമാനം കുറയ്‌ക്കാനായാല്‍, പഠനവിധേയമാക്കിയ രാജ്യങ്ങളില്‍ മാത്രം ഏതാണ്ട്‌ 85 ലക്ഷം പേരെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാനാകും. ഉപ്പു കുറച്ചും പുകവലി നിയന്ത്രിച്ചും ലക്ഷക്കണക്കിനാളുകളുടെ അകാല മരണം ഒഴിവാക്കാമെന്ന്‌ പുതിയൊരു പഠനം പറയുന്നു.

ശ്രീവല്ലഭന്‍. said...

പുകയിലയുടെ ഉപയോഗം മറ്റു രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു- TB, ക്യാന്‍സര്‍....
ഇന്ത്യ, ചൈന എന്നി രാജ്യങ്ങള്‍ പുകയിലയുടെ വലിയ ശതമാനം ഉത്പാദിപ്പിക്കുകയും, അതോടൊപ്പം ഉപയോഗിക്കുകയും ചെയ്യുന്നു. ഒഴിച്ചു കു‌ടാവുന്ന ഒരു വിപത്ത്. പുകയില ലോബി ലോകത്തെ ഏറ്റവും വലിയ ബിസിനസ്സ് ലോബികളില്‍ (മരുന്നു കമ്പനികള്‍ പോലെ) ഒന്നാണ്.

നന്ദി ജോസഫ് മാഷ്....

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം. ഇതു ഒരു സന്ദേശമാണ്.

Suraj said...

‘സാമ്രാജ്യത്വ പിന്തുണയോടെ ഉപ്പു ലോബിയും പുകയിലലോബിയും മൂന്നാം ലോകരാജ്യങ്ങളെ “പ്രഷറുകാരും വലിയന്മാരും“ ആക്കുകയാകുമോ?‘ ;)
കോണ്‍സ്പിറസ്സി തിയറികള്‍ക്ക് ഇനിയും സ്കോപ്പുണ്ട് !

കൊച്ചുമുതലാളി said...

മാഷുമ്മാരെ, ഒരു കാര്യം ചോദിച്ചോട്ടെ,

ബോധവത്ക്കരണം വഴിയും പ്രചരണങ്ങളില്‍ഊടെയും ഇത് രണ്ടും കുറയ്ക്കാന്‍ പറ്റുമോ?

എനിക്ക് ഇയടുത്തിടയ്ക്ക് ഒരനുഭവമുണ്ടായി.

എനിക്ക് ഈ സിഗരറ്റിന്റെയും മറ്റും മണം പോലും ഇഷ്ടമല്ല. ഒരു പത്ത് പന്ത്രണ്ട് സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് സിഗരറ്റ് വലിച്ചപ്പോള്‍, ഞാന്‍ അവരോട് വളരെ ശാസ്ത്രീയമായ വശങ്ങള്‍ പറഞ്ഞ് ആരെ പിന്‍തിരിപ്പിക്കാന്‍ നോക്കി. അവര്‍ എന്നോട് തിരിച്ച് രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. ഞങ്ങള്‍ 12 പേര്‍ പുകവലി നിര്‍ത്തുന്നതിനെ കാളും എളുപ്പം ചേട്ടന്‍ വലി തുടങ്ങുന്നതല്ലേ?, എന്തായാലും ഒരിക്കല്‍ മരിക്കും. പിന്നെ വലിച്ചാല്‍ എന്താ?

ഈ ചിന്താഗതിയുള്ളവരോടൊക്കെ ബോധവത്ക്കരണം നടത്തിയിട്ട് എന്താണ് കാര്യം.

സിങ്ങപ്പൂരിലും മറ്റും പുകവലി നിരോധിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതു പോലെ വല്ലതും നമ്മുടെ നാട്ടീല്‍ വന്നാലേ രക്ഷയുള്ളൂ..

താരാപഥം said...

നേച്ചുറോപ്പതിയുടെ ജീവിതചര്യ അനുസരിച്ച്‌, ഭക്ഷണങ്ങളില്‍ ഉപ്പ്‌ ചേര്‍ക്കാതെയാണ്‌ അസുഖം ഉള്ളവരെ ആരോഗ്യമുള്ളവരാക്കാനുള്ള പരിശീലനം കൊടുക്കുന്നത്‌. മറ്റുള്ളവര്‍ക്കും ഉപ്പ്‌ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. നേച്ചുറോപ്പതിക്കാര്‍ പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞതുകൊണ്ടു മാത്രം ചിലപ്പോള്‍ എന്നെയും അശാസ്ത്രീയമായ നേച്ചുറൊപ്പതിയേയും തൂക്കിലേറ്റാന്‍ ചിലര്‍ ശ്രമിച്ചേക്കാം. പിന്നെ പുകവലി, ചായ കപ്പി തുടങ്ങിയവയും ഒഴിവാക്കിയാണ്‌ അവരുടെ ജീവിതരീതി. ഈയുള്ളവനും 1983 ല്‍ മോഡേണ്‍ മെഡിസിന്‍ ശീലിച്ച്‌ (തുടര്‍ച്ചയായ 3 കൊല്ലത്തോളം) മാറാതിരുന്ന തലവേദനയ്ക്ക്‌ നേച്ചുറോപ്പതിയില്‍ ആശ്വാസം കണ്ടെത്തിയവനാണ്‌. ആ അനുഭവം കൊണ്ട്‌ എനിക്കും എന്റെ മക്കള്‍ക്കും എന്തെങ്കിലും ചെറിയ അസുഖങ്ങള്‍ വന്നാല്‍, പേടിയില്ലാതെ ഇരിക്കാനും, ആവശ്യമെങ്കില്‍ മാത്രം ഡോക്ടറെ കാണാനുള്ള ധൈര്യം ഉണ്ടായി.