Tuesday, December 15, 2009

ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യയില്‍ നിന്ന്

ഇതുവരെയുള്ളത് മറക്കുക, അടുത്ത തവണ ഒരു ചൈനക്കാരനെ/ചൈനക്കാരിയെ മുന്നില്‍ കാണുമ്പോള്‍ മനസിലോര്‍ക്കുക, 'ഇതാ എന്റെ കുടുംബത്തില്‍ പെട്ട ഒരാള്‍'! ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യക്കാരായിരുന്നു എന്ന് പുതിയ ജിനോം പഠനം പറയുന്നതിന് ഇതാണ് അര്‍ഥം. ചൈനക്കാര്‍ മാത്രമല്ല, കിഴക്കന്‍ ഏഷ്യക്കാരില്‍ മിക്കവരും നമ്മുടെ പിന്‍മുറക്കാരാണത്രേ. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്‍മാരാണ്' എന്നത് 'എല്ലാ പൂര്‍വേഷ്യക്കാരും എന്റെ....' എന്ന് തിരുത്തി പറയേണ്ടി വന്നിരിക്കുകയാണ്.

ആഫ്രിക്ക ആദിമവാസഗേഹമായിരുന്നു മനുഷ്യന്. ഏതാണ്ട് രണ്ടുലക്ഷം വര്‍ഷം മുമ്പ് ആവിര്‍ഭവിച്ച 'ഹോമോ സാപ്പിയന്‍സ്'എന്ന മനുഷ്യന്‍ പില്‍ക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുകയായിരുന്നു. ആദ്യകുടിയേറ്റം ഏഷ്യയിലേക്കായിരുന്നു; 60,000 വര്‍ഷം മുമ്പ്. 50,000 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലേക്കും, 35,000 വര്‍ഷം മുമ്പ് യൂറോപ്പിലേക്കും, 15,000 വര്‍ഷം മുമ്പ് അമേരിക്കയിലേക്കും മനുഷ്യന്‍ വ്യാപിച്ചതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഫോസില്‍ പഠനങ്ങളും ജിനോം വിവരങ്ങളുമാണ് നരവംശത്തിന്റെ ആദിമകുടിയേറ്റത്തെക്കുറിച്ച് ഇത്തരമൊരു നിഗമനത്തിലെത്താന്‍ ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചത്.

എന്നാല്‍, ഈ പൊതുചിത്രത്തില്‍ ഇനിയും പൂരിപ്പിക്കേണ്ട കൂടുതല്‍ ഭാഗങ്ങളുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പടെ പത്ത് ഏഷ്യന്‍ രാജ്യങ്ങളും അമേരിക്കയും സംയുക്തമായി നടത്തിയ 'മാപ്പിങ് ഹ്യുമണ്‍ ജനറ്റിക് ഹിസ്റ്ററി ഇന്‍ ഏഷ്യ' എന്ന പഠനത്തിലാണ്, മനുഷ്യകുടിയേറ്റത്തെ സംബന്ധിച്ച് നിലവിലുള്ള ചില നിഗമനങ്ങള്‍ തിരുത്തേണ്ടതായ കണ്ടെത്തലുകളുള്ളത്. ആഫ്രിക്കയില്‍ നിന്ന് ആദ്യം ഇന്ത്യയിലും പിന്നീട് മറ്റൊരു ഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്ന് ചൈനയിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും മനുഷ്യവര്‍ഗം കുടിയേറിയെന്നാണ് ഫോസില്‍ പഠനങ്ങള്‍ മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ പഠനം വ്യക്തമാക്കുന്നത് ആഫ്രിക്കയില്‍ നിന്ന ഒറ്റ കുടിയേറ്റമേ ഉണ്ടായിട്ടുള്ളു, അത് ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യക്കാരുടെ പിന്‍മുറക്കാരാണ് ചൈനയിലും ജപ്പാന്‍ ഉള്‍പ്പടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ളത്.

ഹ്യുമണ്‍ ജിനോം ഓര്‍ഗനൈസേഷന് കീഴില്‍ പത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ 40 ലാബുകളിലാണ് അഞ്ച് വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കിയത്. ഇസ്റ്റിട്ട്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐ.ജി.ഐ.ബി), സെന്റര്‍ ഫോര്‍ ജിനോമിക്‌സ് ആപ്ലിക്കേഷന്‍സ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട് എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും പഠനത്തില്‍ പങ്കുവഹിച്ചു. ഐ.ജി.ഐ.ബി.യിലെ ഗവേഷകനും മലയാളിയുമായ ഡോ. വിനോദ് സ്‌കറിയ (ഇന്ത്യയിലാദ്യമായി മാനവജിനോം മാപ്പിങ് പൂര്‍ത്തിയാക്കിയ സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞന്‍, കോഴിക്കോട് മലാപ്പറമ്പ് പെരുഞ്ചേരില്‍ കുടുംബാംഗം) ഉള്‍പ്പടെ 90 ശാസ്ത്രജ്ഞരാണ് പഠനത്തില്‍ സഹകരിച്ചത്.

ഇന്ത്യ, ചൈന, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ 73 ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് 1900 പേരുടെ ജനിതക വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. കഴിഞ്ഞയാഴ്ചത്തെ 'സയന്‍സ്' ഗവേഷണവാരിക(ഡിസംബര്‍ 11, 2009)യില്‍ റിപ്പോര്‍ട്ട് പസിദ്ധീകരിച്ചു. പഠനവിധേയമാക്കിയവരുടെ ജിനോമിലെ അമ്പതിനായിരത്തിലേറെ 'സിങ്കിള്‍-ന്യൂക്ലിയോടൈഡ് പോളിമോര്‍ഫിസംസ്' (SNPs) ആണ് താരതമ്യം ചെയ്തത്.

ഡി.എന്‍.എ.ശ്രേണിയിലെ ചെറുഭാഗങ്ങളിലുണ്ടാകന്ന ഒറ്റയാന്‍ വ്യതികരണങ്ങളാണ് എസ്.എന്‍.പി.കള്‍. രണ്ട് വ്യക്തികള്‍ ജനിതകമായി എത്രത്തോളെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാന്‍ ഈ വ്യതികരണങ്ങള്‍ താരതമ്യം ചെയ്താല്‍ മതി. ഏഷ്യയിലുടനീളം മനുഷ്യരില്‍ ജനിതക സമാനതകള്‍ നിലനില്‍ക്കുന്നതായാണ് പഠനത്തില്‍ കണ്ടത്. വടക്കന്‍ ഭാഗത്തുനിന്ന് തെക്കോട്ട് എത്തുമ്പോള്‍ ജനിതകവൈവിധ്യം ഏറുന്നതായും കണ്ടു.

തെക്കോട്ട് എത്തുമ്പോള്‍ ജനിതകവൈവിധ്യം ഏറുന്നു എന്നതിനര്‍ഥം, അവരാണ് പൂര്‍വികര്‍ എന്നാണ്. ഒരു വിഭാഗം എത്ര കൂടുതല്‍ കാലം നിലനിന്നോ, അതിനനുസരിച്ച് അവര്‍ക്കിടയിലെ ജനിതകവൈവിധ്യം വര്‍ധിക്കും. 'ചൈനീസ് സമൂഹം വളരെ വലുതാണെങ്കിലും അവര്‍ക്കിടയില്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ചെറുജനവിഭാഗങ്ങളെ അപേക്ഷിച്ച്, ജനിതകവൈവിധ്യം വളരെ കുറവാണ്. കാരണം ചൈനീസ് സമൂഹം അടുത്തയിടയാണ് രൂപപ്പെട്ടത്. പതിനായിരം വര്‍ഷത്തിനിടെ നെല്‍കൃഷി വികസിച്ചതിനെത്തുടര്‍ന്നായിരുന്നു അത്'-പഠനം നടത്തിയ കണ്‍സോര്‍ഷ്യത്തിലെ പ്രമുഖനും സിങ്കപ്പൂര്‍ ജിനോം ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകനുമായ എഡിസണ്‍ ലിയു പറയുന്നു.

'ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യകുടിയേറ്റം തെക്കേ ഇന്ത്യയിലേക്കായിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ ജനവിഭാഗങ്ങളില്‍ ഏറിയപങ്കിന്റെയും ആദിമപൂര്‍വികരെ കണ്ടെത്താനാവുക തെക്കേ ഇന്ത്യയിലാണ്'-പഠനവിവരം പുറത്തുവിട്ടുകൊണ്ട് സി.എസ്.ഐ.ആര്‍. ഡയറക്ടര്‍ ജനറല്‍ സമീര്‍ ബ്രഹ്മചാരി പറഞ്ഞു. (കേരളീയരാവുമോ ഇവരുടെയെല്ലാം പൂര്‍വികര്‍, ആഫ്രിക്കയില്‍ നിന്ന് കേരളത്തിലേക്കായിരിക്കുമോ ആദിമ നുഷ്യന്‍ എത്തിയിട്ടുണ്ടാവുക!) കിഴക്കന്‍ഏഷ്യന്‍ രാജ്യങ്ങളിലെ ജനവിഭാഗങ്ങളുടെ ഉത്ഭവത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കുന്ന ആദ്യപഠനമാണിത്'-പഠനത്തില്‍ പങ്കാളികളായിരുന്ന ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷുഹുവ ഷു അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ ആദിമ കുടിയേറ്റം എങ്ങനെയൊക്കെയായിരുന്നു എന്നറിയാന്‍ മാത്രമല്ല പുതിയ പഠനം സഹായിക്കുക, സമീര്‍ ബ്രഹ്മചാരി ഓര്‍മിപ്പിക്കുന്നു. ഔഷധ ഗവേഷണരംഗത്തും വലിയ പ്രധാന്യമുണ്ട് ഈ പഠനത്തിന്. ജനിതക അടിത്തറ ഒന്നായതിനാല്‍, പകര്‍ച്ചപ്പനികള്‍, എയ്ഡ്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുഔഷധങ്ങള്‍ രൂപപ്പെടുത്തുന്നതിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കാര്യമായ സഹകരണം സാധ്യമാകും-അദ്ദേഹം പറയുന്നു. മാത്രമല്ല, ഔഷധപരീക്ഷണങ്ങളും പൊതുവായി നടത്താന്‍ ഇത് സഹായിക്കും. (അവലംബം: സയന്‍സ്, വിവിധ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍).

മനുഷ്യന് ആഫ്രിക്കയില്‍ സംഭവിച്ചത്

പരിണാമ ചരിത്രത്തില്‍ പുതിയ അധ്യായം

Sunday, December 06, 2009

ജീന്‍പരിശോധനയ്ക്കും ഇനി ഡെസ്‌ക്‌ടോപ് യന്ത്രം

രോഗിയുടെ ജനിതകവിവരങ്ങള്‍ വേഗം പരിശോധിച്ചറിയാന്‍ കഴിയുന്ന യന്ത്രം ഡോക്ടറുടെ മേശപ്പുറത്ത് സ്ഥാനംപിടിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ചികിത്സ നിശ്ചയിക്കുന്ന കാര്യത്തില്‍ അത് വലിയ സഹായമാകും. ഫലപ്രദമായ ഔഷധങ്ങള്‍ ഏതെന്ന് ഡോക്ടര്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാനാകും, മരുന്ന് തെറ്റാനുള്ള സാധ്യത കുറയുകയും ചെയ്യും.

ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതികളിലൊന്നാണ് ഇത്തരമൊരു ജീന്‍യന്ത്രം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഡെസ്‌ക്‌ടോപ് ജീന്‍ പരിശോധനായന്ത്രത്തിന് അടുത്തയിടെ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) വിപണനാനുമതി നല്‍കിക്കഴിഞ്ഞു.

മരുന്ന് നിശ്ചയിക്കുന്നതില്‍ രോഗിയുടെ ജനിതികവിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ളതാണ് 'ഫാര്‍മക്കോജിനോമിക് ടെസ്റ്റിങ്' (pharmacogenomic testing). ആ സങ്കേതം ചികിത്സാരംഗത്ത് മുഖ്യധാരയിലെത്താന്‍ എഫ്.ഡി.എ.യുടെ തീരുമാനം സഹായിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കയില്‍ ഇല്ലിനോയിസിലെ നോര്‍ത്ത്ബ്രൂക്കില്‍ പ്രവര്‍ത്തിക്കുന്ന 'നാനോസ്ഫിയര്‍' (Nanosphere) എന്ന കമ്പനിയാണ് പുതിയ ജീന്‍യന്ത്രം നിര്‍മിച്ചിരിക്കുന്നത്. 'വെരിജീന്‍' (Verigene) എന്ന് പേരിട്ടിട്ടുള്ള ഈ സങ്കേതം ഉപയോഗിച്ച്, മണിക്കൂറുകള്‍ക്കുള്ളില്‍ രക്തത്തിലെ ജനിതകവ്യതിയാനങ്ങള്‍ മനസിലാക്കാന്‍ കഴിയും. അതുവഴി ചില ഔഷധങ്ങള്‍ രോഗിക്ക് ഫലപ്രദമാകുമോ എന്ന് നിശ്ചയിക്കാനും സാധിക്കും.

ഒരു പ്ലാസ്റ്റിക് കാര്‍ട്രിഡ്ജിനുള്ളില്‍ ജീന്‍പരിശോധനാ സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൈക്രോഫഌയിഡിക്‌സ്, നാനോടെക്‌നോളജി എന്നിവയുടെ സമ്മേളനമാണ് വെരിജീന്‍ സങ്കേതത്തില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. രക്തസാമ്പിളില്‍ നിന്ന് ഡി.എന്‍.എ.വലിച്ചെടുത്ത ശേഷം, അതിലെ വ്യത്യസ്ത ജനിതകശ്രേണികള്‍ സ്‌ക്രീന്‍ ചെയ്ത് ജനിതകവ്യതിയാനം മനസിലാക്കുകയാണ് ഇതില്‍ ചെയ്യുക. ലളിതമായ ഈ സംവിധാനം ഏത് ആസ്പത്രിയിലും ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നാനോസ്ഫിയറിന്റെ മേധാവി വില്യം മോഫിറ്റ് പറയുന്നു.

ഒരേ ഔഷധത്തോട് പലരും പ്രതികരിക്കുക പല തരത്തിലാണ്. ഔഷധതന്മാത്രകളെ ഉപാപചയത്തിന് വിധേയമാക്കുന്ന രാസാഗ്നികള്‍ക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നതാണ് ഇതിന് ഒരു കാരണം. ഹൃദ്രോഗത്തിനുള്ള ഔഷധങ്ങള്‍, വേദനസംഹാരികള്‍, വിഷാദത്തിനെതിരെ പ്രയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങി കൂടുതലായി ശുപാര്‍ശ ചെയ്യപ്പെടുന്ന പല മരുന്നുകളുടെയും കാര്യത്തില്‍ ഇത് ശരിയാണ്.

സാധാരണഗതിയില്‍ അര്‍ബുദമരുന്നുകളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ 'ഫാര്‍മകോജിനോമിക്‌സ് ടെസ്റ്റിങ്' അനുവര്‍ത്തിക്കാറുണ്ടെങ്കിലും, മേല്‍പ്പറഞ്ഞ തരത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന മിക്ക ഔഷധങ്ങളുടെയും കാര്യത്തില്‍ ഇത് നടപ്പാക്കാറില്ല. രോഗിയുടെ ജനിതകവ്യതിയാനങ്ങള്‍ പരിശോധിച്ചറിയാനുള്ള സങ്കേതം വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍, ആ സങ്കേതമനുസിരിച്ച് പരിശോധനയ്ക്ക് ദിവസങ്ങളോ ആഴ്ചകളോ വേണം.

ചില രോഗങ്ങളുടെ കാര്യത്തില്‍ പരിശോധനാഫലം വൈകുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍, പല രോഗങ്ങളുടെയും കാര്യം അതല്ല. രോഗി ഡോക്ടറുടെ അടുത്തുള്ളപ്പോള്‍ തന്നെ പരിശോധനയുടെ ഫലം കിട്ടുന്നതാണ് നന്ന്. 'ഡി.എന്‍.എ. പ്രകാരം ഏത് ഔഷധമാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമെന്ന് തീരുമാനിക്കാന്‍ കഴിയും'-നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മകോജിനോമിക്‌സ് ആന്‍ഡ് ഇന്‍ഡിവിഡ്വലൈസ്ഡ് തെറാപ്പിയുടെ ഡയറക്ടര്‍ ഡോ.ഹൊവാര്‍ഡ് മക്‌ലിയോഡ് പറയുന്നു. അവിടെയാണ് പുതിയ യന്ത്രത്തിന്റെ പ്രസക്തി (അവലംബം: ടെക്‌നോളജി റിവ്യു).

Wednesday, December 02, 2009

സമുദ്രവിതാനം ഉയരുന്നു; പ്രതീക്ഷിച്ചതിലും വേഗത്തില്‍

ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രവിതാനം 1.4 മീററര്‍ ഉയരാന്‍ ഇത് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.

'സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച്' (SCAR) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അസ്വസ്ഥതയുളവാക്കുന്ന ഈ വിവരമുള്ളത്. നൂറിലേറെ പ്രമുഖ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കുകയും ഇരുന്നൂറോളം ഗവേഷകര്‍ അവലോകനം നടത്തുകയും ചെയ്ത റിപ്പോര്‍ട്ട് ലണ്ടനിലാണ് പുറത്തിറക്കിയത്.

സമുദ്രവിതാനം 1.4 മീറ്റര്‍ ഉയരുമ്പോള്‍ കൊല്‍ക്കത്ത, ന്യൂയോര്‍ക്ക്, ധാക്ക, ലണ്ടന്‍, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങള്‍ കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മലെദ്വീപ്, ശാന്തസമുദ്രത്തിലെ ടുവാലു തുടങ്ങിയ ചെറുദ്വീപ് രാഷ്ട്രങ്ങള്‍ കടലിന്നടിയിലാകും.

രണ്ട് വര്‍ഷം മുമ്പ് പുറത്തു വന്ന 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി' (IPCC) ന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് 2100 അവസാനിക്കുമ്പോഴേക്കും സമുദ്രവിതാനം 28-43 സെന്റീമീറ്റര്‍ വര്‍ധിക്കുമെന്നാണ്. ആ കണക്ക് ശരിയല്ലെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്റാര്‍ട്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷത്തിനിടെ മൂന്ന് ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

വന്‍ദുരന്തമാണ് ലോകം നേരിടാന്‍ പോകുന്നതെന്ന്, റിപ്പോര്‍ട്ട് പുറത്തിറക്കുന്ന വേളയില്‍ 'സ്‌കാര്‍' എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കോളിന്‍ സമ്മര്‍ഹെയ്‌സ് പറഞ്ഞു.

'അന്റാര്‍ട്ടിക്ക് ഉടമ്പടി' അവതരിപ്പിച്ചതിന് അമ്പത് വര്‍ഷം തികയുന്ന ദിവസ(ഡിസംബര്‍ ഒന്ന്) മാണ് സ്‌കാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കോപ്പന്‍ഹേഗന്‍ സമ്മേളനം ആരംഭിക്കാന്‍ ഇനി ദിവസങ്ങളേ ഉള്ളു എന്നതും ശ്രദ്ധേയമാണ്.

കാണുക

ഗൂഗിളും മര്‍ഡോകിന് വഴങ്ങുന്നു

സൗജന്യവാര്‍ത്തകള്‍; ഇനി പ്രസാധകന് പരിധി നിശ്ചയിക്കാം

മര്‍ഡോകിന്റെ ഭീഷണിക്ക് പിന്നില്‍ ഗൂഗിളിനും തലകുനിക്കേണ്ടി വന്നു. ഗൂഗിള്‍ വഴി നല്‍കാവുന്ന സൗജന്യ വാര്‍ത്തകളും ലേഖനങ്ങളും എത്ര വേണമെന്ന് ഇനി അതാത് മാധ്യമകമ്പനികള്‍ക്ക് നിശ്ചയിക്കാം.

ഗൂഗിള്‍ സൗജന്യമായി വാര്‍ത്തകള്‍ നല്‍കുന്നതിന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ വാര്‍ത്താപേജുകളുപയോഗിച്ച് ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് ആരോപണം.

പ്രസാധകര്‍ക്ക് തങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ 'ഫസ്റ്റ് ക്ലിക്ക് ഫ്രീ' പ്രോഗ്രാമില്‍ ചേരാമെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ പ്രോഗ്രാം വഴി ഒരു പ്രസിദ്ധീകരണത്തിന്റെ സൗജന്യം എത്ര വരെയാകാമെന്ന് പ്രസാധകര്‍ക്ക് നിശ്ചയിക്കാം.

ഈ പ്രോഗ്രാം പ്രകാരം ദിവസം ഒരു പ്രസിദ്ധീകരണത്തിലെ അഞ്ചു റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ ഒരാള്‍ക്ക് സൗജന്യമായി ക്ലിക്ക് ചെയ്യാനാകില്ല. അഞ്ച് ക്ലിക്ക് കഴിഞ്ഞാല്‍ പ്രസാധക കമ്പനിക്ക് കാശു കൊടുക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടി വരും.

'മുമ്പ് യൂസര്‍മാരുടെ ക്ലിക്കുകളെല്ലാം സൗജന്യമായാണ് പരിഗണിച്ചിരുന്നത്. സൗജന്യം ഇനി പ്രസാധകര്‍ക്ക് നിശ്ചയിക്കാം'-ഗൂഗിള്‍ സീനിയര്‍ ബിസിനസ് പ്രോഡക്ട് മാനേജര്‍ ജോഷ് കോഹന്‍, ഗൂഗിള്‍ന്യൂസിന്റെ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.

മാധ്യമരാജാവ് റുപ്പോര്‍ട്ട് മര്‍ഡോകാണ് ഇക്കാര്യത്തില്‍ ഗൂഗിളിനെതിരെ പരസ്യമായി രംഗത്ത് വന്നത്. മാധ്യമകമ്പനികള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ സൗജന്യമായി നല്‍കുക വഴി ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് മര്‍ഡോക് ആരോപിച്ചത്.

തങ്ങളുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെ വാര്‍ത്തകള്‍ സൗജന്യമായി ഗൂഗിളിന് നല്‍കില്ലെന്ന് പ്രഖ്യാപിച്ച മര്‍ഡോക്, മൈക്രോസോഫ്ടുമായി കരാറുണ്ടാക്കാന്‍ ചര്‍ച്ചയാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മൈക്രോസോഫ്ടിന്റെ പുതിയ സെര്‍ച്ച്എഞ്ചിനായ 'ബിംഗ്' വഴി ഓണ്‍ലൈന്‍ വായനക്കാരിലെത്തുക എന്നാണ് മര്‍ഡോക് ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി ഗൂഗിളിന്റെ ആധിപത്യം തകര്‍ക്കുക.

ഏതായാലും, മര്‍ഡോകിന്റെ ഭീഷണി ഗൂഗിള്‍ അവഗണിച്ചില്ല എന്നാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്. (അവലംബം: ഗൂഗിള്‍ന്യൂസ് ബ്ലോഗ്).

Monday, November 30, 2009

കണികാപരീക്ഷണം: എല്‍.എച്ച്.സി.ക്ക് റിക്കോര്‍ഡ്

ജനീവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി), ഭൂമുഖത്തെ ഏറ്റവും കരുത്തേറിയ കണികാത്വരകമെന്ന നിലയില്‍ റിക്കോര്‍ഡ് സ്ഥാപിച്ചു.

എല്‍.എച്ച്.സി.യില്‍ എതിര്‍ദിശയില്‍ പായുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില, നവംബര്‍ 30-ന് പുലര്‍ച്ചെ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (1.18 TeV) ആയി ഉയര്‍ത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഏതെങ്കിലുമൊരു കണികാത്വരകം ഇതുവരെ കൈവരിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയാണിത്.

അമേരിക്കയില്‍ ഷിക്കാഗോയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫെര്‍മി ലാബിലെ 'ടെവട്രോണ്‍' കണികത്വരകം 2001 മുതല്‍ കൈയടക്കി വെച്ചിരിക്കുന്ന 0.98 ട്രില്യണ്‍ വോള്‍ട്ട് എന്ന റിക്കോഡാണ് എല്‍.എച്ച്.സി. മറികടന്നത്.

ഭൂമുഖത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുനരാരംഭിച്ചിട്ട് വെറും പത്തു ദിവസമാകുമ്പോഴാണ് എല്‍.എച്ച്.സി. പുതിയ നാഴികക്കല്ല് സ്ഥാപിക്കുന്നത്. 2008 സപ്തംബര്‍ 10-ന് ആരംഭിച്ച കണികാപരീക്ഷണം, തകരാര്‍ മൂലം ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. 14 മാസത്തെ അറ്റകുറ്റ പണികള്‍ക്ക് ശേഷം കഴിഞ്ഞ നവംബര്‍ 20-നാണ് പരീക്ഷണം പുനരാരംഭിച്ചത്. നവംബര്‍ 23-ന് എല്‍.എച്ച്.സി.യിലെ ആദ്യ കണികാകൂട്ടിയിടി നടന്നു.

കഴിഞ്ഞ ദിവസം വരെ എല്‍.എച്ച്.സി.യുടെ ഊര്‍ജനില 450 ബില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ടായിരുന്നു. അതാണ് 1.18 ട്രില്യണ്‍ വോള്‍ട്ടായി ഉയര്‍ത്തുന്നതില്‍ വിജയിച്ചത്.

എത്ര അനായാസമായാണ് എല്‍.എച്ച്.സി.യുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നതായി, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി' (CERN) ന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂയര്‍ പറഞ്ഞു. എല്‍.എച്ച്.സിയുടെ ചുമതല സേണിനാണ്.

ക്രിസ്മസ് സമയമാകുമ്പോഴേക്കും സാധ്യമാക്കാന്‍ കരുതിയ ഊര്‍ജനിലയാണ് നവംബറില്‍ തന്നെ കൈവരിച്ചിരിച്ചത്. ഇത് എല്‍.എച്ച്.സി.യുടെ നടത്തിപ്പുകാര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

2010 പകുതിയാകുമ്പോഴേക്കും ഊര്‍ജനില 3.5 ട്രില്യണ്‍ വോള്‍ട്ട് (കണികാകൂട്ടിയിടി നടക്കുമ്പോള്‍ ആകെ ഊര്‍ജനില ഏഴ് ട്രില്യണ്‍ വോള്‍ട്ട്) ആയി ഉയര്‍ത്താനാകും എന്ന് കരുതുന്നു. മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്ന കാറിന്റെ ഊര്‍ജനിലയാണിത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയിലാണ് 27 കിലോമീറ്റര്‍ ചുറ്റളവുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സ്ഥാപിച്ചിട്ടുള്ളത്.

ഉന്നത ഊര്‍ജനില കൈവരിക്കുന്ന പ്രോട്ടോണ്‍കണികകളെ ഏതാണ്ട് പ്രകാശത്തിന്റെ വേഗത്തില്‍ എതിര്‍ ദിശയില്‍ കടത്തിവിട്ട് കൊളൈഡറിലെ നാല് സ്ഥാനങ്ങളില്‍ വെച്ച് കൂട്ടിയിടിപ്പിക്കുകയാണ് പരീക്ഷണത്തില്‍ ചെയ്യുക.

എല്‍.എച്ച്.സി.യുടെ ഭാഗമായ ആയിരക്കണക്കിന് അതിചാലക കാന്തങ്ങളാണ്, പ്രോട്ടോണ്‍ ധാരകളെ വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതും ത്വരിപ്പിച്ച് പ്രകാശവേഗത്തിനടുത്ത് എത്തിക്കുന്നതും.

മനുഷ്യന് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയില്‍ നടക്കുന്ന കണികാകൂട്ടിയുടെ ഫലമായി പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കാനാകും എന്നാണ് പ്രതീക്ഷ.

പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കണികാപരീക്ഷണം നല്‍കുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. ഒപ്പം പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ ('ദൈവകണം') അസ്തിത്വം തെളിയിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

എല്‍.എച്ച്.സി.യില്‍ നവംബര്‍ 23-ന് നടന്ന ആദ്യ കണികാകൂട്ടിയിടി താരതമ്യേന ദുര്‍ബലമായിരുന്നു. കൊളൈഡറിലെ 'കത്തീഡ്രലുകള്‍' എന്നറിയപ്പെടുന്ന നാല് ഡിറ്റക്ടര്‍ ചേംബറുകളിലും കൂട്ടിയിടി നടന്നു. ഊര്‍ജനിലയുടെ കാര്യത്തില്‍ മാത്രമല്ല, കണികാധാരയുടെ വലിപ്പവും ആദ്യ കൂട്ടിയിടിയില്‍ കുറവായിരുന്നുവെന്ന് റോള്‍ഫ് ഹ്യുയര്‍ അറിയിച്ചു.

ആദ്യകൂട്ടിയിടിക്കുപയോഗിച്ച 'പൈലറ്റ് ധാര'കളിലെ കണികകളുടെ എണ്ണം ഒരു ബില്യണ്‍ (നൂറുകോടി) മാത്രമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാല്‍ എല്‍.എച്ച്.സി.യിലെ കണികാധാരകളില്‍ മൂന്നു ലക്ഷം ബില്യണ്‍ കണികകള്‍ വീതമുണ്ടാകും.

15 വര്‍ഷം വരെ നീളുന്ന പരീക്ഷണമാണ് എല്‍.എച്ച്.സി.യില്‍ ആരംഭിച്ചിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ആയിക്കണക്കിന് ഗവേഷകര്‍ ഇതിനായി കൈകോര്‍ത്തിരിക്കുന്നു. ഭൗതികശാസ്ത്രത്തിന്റെ പുത്തന്‍ യുഗം പിറക്കുക ഈ കണികാപരീക്ഷണം വഴിയാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

എല്‍.എച്ച്.സി. ചരിത്രം: ഒറ്റ നോട്ടത്തില്‍
  • 1994 - സേണ്‍ കൗണ്‍സില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നു.
  • 1999 - എല്‍.എച്ച്.സി.യുടെ നിര്‍മാണം ആരംഭിക്കുന്നു.
  • 2008 സപ്തംബര്‍ 10 - എല്‍.എച്ച്.സി.യുടെ പ്രവര്‍ത്തനം തുടങ്ങുന്നു.
  • 2008 സപ്തംബര്‍ 19 - തകരാര്‍ മൂലം കണികാപരീക്ഷണം നിര്‍ത്തിവയ്ക്കുന്നു.
  • 2009 നവംബര്‍ 3 - എല്‍.എച്ച്.സി.യുടെ വൈദ്യുതനിയന്ത്രണ സംവിധാനത്തില്‍, പക്ഷിയുടെ വായില്‍ നിന്ന് അപ്പക്കഷണം വീണ് ഷോര്‍ട്ട് സര്‍ക്കീട്ട് ഉണ്ടാകുന്നു, വൈദ്യുതിവിതരണം തകരാറിലായി.
  • 2009 നവംബര്‍ 20 - 14 മാസത്തിന് ശേഷം കണികാപരീക്ഷണം പുനരാരംഭിക്കുന്നു.
  • 2009 നവംബര്‍ 23 - എല്‍.എച്ച്.സി.യില്‍ ആദ്യമായി കണികാകൂട്ടിയിടി നടന്നു.
  • 2009 നവംബര്‍ 29 - എല്‍.എച്ച്.സി. റിക്കോര്‍ഡ് ഊര്‍ജനില (1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട്) കൈവരിച്ചു.
(അവംബം: സേണ്‍)

കാണുക