ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം ഏതൊക്കെ മേഖലകളിലാകും സ്വാധീനം ചെലുത്തുക. പ്രപഞ്ചസാരം സംബന്ധിച്ച സമസ്യകള്‍ക്ക് ഉത്തരം നല്‍കുന്നതോടെ ആ മഹാപരീക്ഷണത്തിന്റെ സാധ്യത അവസാനിക്കുമോ.
അങ്ങനെ സംഭവിക്കില്ലെന്ന് വിദഗ്‌ധര്‍ കരുതുന്നു. ഏതൊക്കെ മേഖലകളെയാണ് ജനീവയില്‍ നടക്കുന്ന കണികാപരീക്ഷണം സ്വാധീനിക്കുകയെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഭാവിയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രമെഴുതുന്നവര്‍ ഒരുപക്ഷേ, അന്ന് ഭൂമിയില്‍ നിലനില്‍ക്കുന്ന വിപ്ലവകരമായ പല കാര്യങ്ങളുടെയും തുടക്കം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നിന്നാണെന്ന് രേഖപ്പെടുത്തിയേക്കാം. അഥവാ പരീക്ഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെങ്കില്‍പ്പോലും നിരാശപ്പെടേണ്ടി വരില്ല. കാരണം പരീക്ഷണത്തിന്റെ ഫലങ്ങളെപ്പോല തന്നെ പാര്‍ശ്വഫലങ്ങളും അമൂല്യങ്ങളായിരിക്കും. ഒരുപക്ഷേ, ആ പാര്‍ശ്വഗുണഫലങ്ങളാകും ചിലപ്പോള്‍ മനുഷ്യവര്‍ഗത്തിന് അതിജീവനത്തിന്റെ പുത്തന്‍ വഴികള്‍ തുറന്നുതരികയെന്നു കരുതുന്നവരുമുണ്ട്.
ഈ ദിശയില്‍ വ്യക്തമായ ചില സൂചനകള്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍(എല്‍.എച്ച്.സി) സംരംഭം ഇതിനകം നല്‍ക്കഴിഞ്ഞു. കണികാപരീക്ഷണത്തില്‍ പുറത്തുവരുന്ന 'വിവരസുനാമി' കൈകാര്യം ചെയ്യാന്‍ രൂപംനല്‍കിയിട്ടുള്ള 'എല്‍.എച്ച്.സി.കമ്പ്യൂട്ടിങ് ഗ്രിഡി'(എല്‍.സി.ജി) ന്റെ കാര്യം തന്നെ പരിഗണിക്കുക. നിങ്ങളുടെ മേശമേലിരിക്കുന്ന വെറുമൊരു പേഴ്‌സണല്‍ കമ്പ്യൂട്ടറിനെ, ഒറ്റയടിക്ക് ലോകത്തെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍കമ്പ്യൂട്ടറാക്കി മാറ്റുന്ന മാസ്‌മരവിദ്യയാണത്. മെമ്മറി, ചിപ്പ്‌ശേഷി ഇതൊക്കെ ഗ്രിഡ് അപ്രസക്തമാക്കുന്നു. ഇന്റര്‍നെറ്റില്‍ വേല്‍ഡ് വൈഡ് വെബ്ബിന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍ഫയലുകളാണ് പങ്കുവെയ്‌ക്കുന്നതെങ്കില്‍, ഗ്രിഡില്‍ സാക്ഷാല്‍ കമ്പ്യൂട്ടര്‍ശേഷി (കമ്പ്യൂട്ടര്‍ പവര്‍) ആണ് പങ്കുവെയ്‌ക്കപ്പെടുന്നത്. സിങ്കപ്പൂരിലെ ഒരു കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ള പ്രോഗ്രാം ഉപയോഗിച്ച് ഇന്ത്യയിലിരുന്ന് ഡേറ്റ പാകപ്പെടുത്തി അത് കാനഡയിലെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാം.
ഭൂമിയില്‍ ഒരു സംരംഭവും ഇന്നുവരെ കൈകാര്യം ചെയ്യാത്തത്ര വിവരങ്ങള്‍ (ഡേറ്റ) ആണ് കണികാപരീക്ഷണം വഴിയുണ്ടാവുക. സേണി (യൂറോപ്യന്‍ അണുഗവേഷണ ഏജന്‍സി) ല്‍ ഗ്രിഡ് പദ്ധതിയുടെ മേധാവിയായ ഇയാന്‍ ബേഡിന്റെ വാക്കുകളില്‍ '15 കോടി പിക്‌സല്‍ ശേഷിയുള്ള ഒരു ഡിജിറ്റല്‍ക്യാമറ സെക്കന്‍ഡില്‍ 60 കോടി തവണ ക്ലിക്ക് ചെയ്‌ത് ലഭിക്കുന്ന ഡേറ്റക്കു തുല്യമാണ് ഓരോ പരീക്ഷണവും പുറത്തുവിടുന്നത്'. ഡേറ്റയില്‍ വലിയൊരു പങ്ക് പ്രാഥമിക പരിശോധന നടത്തി ഉപേക്ഷിക്കും. എങ്കിലും, ബാക്കി വരുന്നത് പ്രതിവര്‍ഷം ഏതാണ് 15 പെറ്റാബൈറ്റ്‌സ് (150 ലക്ഷം ഗിഗാബൈറ്റ്‌സ്) ഉണ്ടാകും. ഇതു മുഴുവന്‍ സി.ഡി.കളില്‍ പകര്‍ത്തി അടുക്കി വെച്ചാല്‍ അതിന് 20 കിലോമീറ്റര്‍ ഉയരമുണ്ടാകും. ഇത്രയും ഡേറ്റ ഒരു ഐപ്പോഡിലെ ഗാനമായി സങ്കല്‍പ്പിച്ചാല്‍, ഗാനം പൂര്‍ത്തിയാകാന്‍ 24,000 വര്‍ഷം വേണ്ടിവരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ലോകത്താകെ ഒരു വര്‍ഷം അച്ചടിക്കുന്ന പുസ്‌തകങ്ങളിലെ മുഴുവന്‍ വിവരത്തിന്റെ ആയിരം മടങ്ങു വരും ഹാഡ്രൊണ്‍ കൊളൈഡര്‍ ഒരുവര്‍ഷം പുറത്തു വിടുന്ന ഡേറ്റ. ഈ വിവരപ്രളയത്തില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങള്‍ തേടാന്‍ നിലവിലുള്ള ഒരു കമ്പ്യൂട്ടര്‍ സംവിധാനവും മതിയാവില്ല. അതുകൊണ്ടാണ് എല്‍.എച്ച്.സി. കമ്പ്യൂട്ടിങ് ഗ്രിഡ് എന്ന നൂതന സംവിധാനത്തിന് സേണ്‍ രൂപം നല്‍കിയത്.
യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന 11 പ്രമുഖ ഗവേഷണസ്ഥാപനങ്ങളിലേക്കാണ് ഈ ഡേറ്റ ആദ്യം വീതിച്ചു നല്‍കുക. അതിന് അതിവേഗ ഓപ്‌ടിക്കല്‍ ലൈനുകള്‍ ഉപയോഗിക്കുന്നു. അവിടെനിന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള 150 ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഈ ഡേറ്റ ലഭിക്കും. ആ സ്ഥാപനങ്ങളിലെല്ലാം കൂടി ഏതാണ്ട് പതിനായിരത്തോളം ഗവേഷകര്‍, 'വൈക്കോല്‍ക്കൂനയില്‍നിന്ന് മൊട്ടുസൂചി തിരയുന്ന പ്രവര്‍ത്തനം' നടത്തും. 50 രാജ്യങ്ങളിലായി 300 കമ്പ്യൂട്ടര്‍ സെന്ററുകളാണ് ഗ്രിഡിലെ കമ്പ്യൂട്ടര്‍ശേഷി പരസ്‌പരം പങ്കുവെയ്‌ക്കുക. 'ക്ലൗഡ് കമ്പ്യൂട്ടിങ്' എന്ന പേരിലും അറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ഗ്രിഡിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് ആയിരക്കണക്കിന് സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ശൃംഗലയാണ്. അവയില്‍ ഏറ്റവും വലുത് സേണില്‍ തന്നെ ഒരുക്കിയിട്ടുള്ള 80,000 കമ്പ്യൂട്ടറുകളുടെ ശൃംഗലയാണ്. ഈ കമ്പ്യൂട്ടര്‍ ശൃംഗലകളെ 'മിഡില്‍വേര്‍' എന്ന പേരുള്ള ഒരു സോഫ്‌ട്‌വേര്‍ കൊണ്ടാണ് പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നത്.
ആവശ്യമാണ് സൃഷ്ടിയുടെ മാതാവെന്ന് പറയാറുണ്ടല്ലോ. ഗ്രിഡിന്റെ കാര്യത്തിലും സംഭവം അതുതന്നെയാണ്. ഇത് രണ്ടാംതവണയാണ്, ആഗോളവിവരവിനിമയരംഗത്ത് സേണ്‍ വഴികാട്ടുന്നത്. 1980-കളില്‍ ഇതുപോലെ മറ്റൊരു പരീക്ഷണം സേണില്‍ നടക്കുമ്പോള്‍, ഗവേഷകരുടെ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ പരസ്‌പരം പങ്കുവെയ്‌ക്കാന്‍ ഒരു എളുപ്പ മാര്‍ഗമില്ലാത്തത് പ്രശ്‌നമായി. സേണില്‍ അന്ന് ജോലിനോക്കിയിരുന്ന ടിം ബേര്‍ണസ് ലി എന്ന യുവഗവേഷകന്‍ അതിനൊരു പരിഹാരം കണ്ടു. 1989-ല്‍ അദ്ദേഹം കണ്ടെത്തിയ ആ ഉപാധിക്ക് പിന്നീട് വേള്‍ഡ് വൈഡ് വെബ്ബ് (www) എന്ന് പേര് നല്‍കപ്പെട്ടു. ഇന്റര്‍നെറ്റ് എന്ന വിവരവിനിമയ സങ്കേതം ലോകത്തെത്തന്നെ മാറ്റി മറിക്കാന്‍ കാരണമായത് വേല്‍ഡ് വൈഡ് വെബ്ബിന്റെ കണ്ടെത്തലായിരുന്നു. ഇന്ന് ഗ്രിഡ് വഴി സേണ്‍ വീണ്ടും വഴികാട്ടുകയാണ്.
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍കൊണ്ട് ഗ്രിഡ് അവസാനിക്കില്ല. അതിന് അനന്തസാധ്യതകളാണ് പല ഗവേഷകരും കാണുന്നത്. ഉദാഹരണത്തിന് എയ്‌ഡ്‌സ്, അള്‍ഷൈമേഴ്‌സ് തുടങ്ങി വൈദ്യശാസ്‌ത്രത്തിന് ഇനിയും കീഴടങ്ങാത്ത മാരകരോഗങ്ങളുടെ കാര്യം പരിഗണിക്കുക. അവയ്‌ക്കു ചികിത്സ കണ്ടെത്താനുള്ള ആഗോളശ്രമങ്ങള്‍ക്ക് ഗ്രിഡ് തുണയാകുമെന്ന് കരുതപ്പെടുന്നു. പല മാരകരോഗങ്ങള്‍ക്കുമുള്ള ഔഷധം കണ്ടെത്തുന്നതില്‍ മുഖ്യപ്രതിബന്ധമാകുന്നത്, ഔഷധലക്ഷ്യമാകേണ്ട പ്രോട്ടീനുകളുടെ ഘടന ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. അത്യന്തം സങ്കീര്‍ണമായ പ്രോട്ടീനുകളുടെ ഘടന കണ്ടെത്താന്‍ വന്‍കമ്പ്യൂട്ടര്‍ശേഷിയും ഗവേഷകരുടെ കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണ്.
ലോകത്തെ പ്രമുഖ കമ്പ്യൂര്‍ നിര്‍മാതാക്കളായ ഐ.ബി.എം. ഏതാനും വര്‍ഷം മുമ്പ് 'ബ്ലൂജീന്‍' എന്ന സൂപ്പര്‍കമ്പ്യൂട്ടര്‍ നിര്‍മിച്ചത് പ്രോട്ടീനുകളെക്കുറിച്ചു പഠിക്കാനായിരുന്നു. എന്നാല്‍, ഗ്രിഡ് പോലുള്ള സംവിധാനം ഈ പ്രവര്‍ത്തനം വളരെ ലളിതമാക്കും. സൂപ്പര്‍കമ്പ്യൂട്ടറുകളെ ഗ്രിഡ് അപ്രസക്തമാക്കും. ലോകത്തെവിടെയുമുള്ള ഗവേഷകര്‍ക്ക് തങ്ങളുടെ സീറ്റില്‍ ഇരുന്നുകൊണ്ടുതന്നെ ഇത്തരം ഒരു മാരകരോഗത്തിനെതിരെയുള്ള ഔഷധഗവേഷണത്തില്‍ പങ്കുചേരാന്‍ കഴിയും. സങ്കീര്‍ണമായ തന്മാത്രാഘടനകള്‍ മനസിലാക്കാനും, അവയെ ലക്ഷ്യമാക്കുന്ന ഔഷധതന്മാത്രകള്‍ കണ്ടെത്താനും ഗ്രിഡ് നല്‍കുന്ന അസാധാരണമായ കമ്പ്യൂട്ടര്‍ശേഷി തുണയ്‌ക്കെത്തും. ഔഷധഗവേഷണം മാത്രമല്ല, ന്യൂറോസര്‍ജറി പോലുള്ള സങ്കീര്‍ണ ശസ്‌ത്രക്രിയകളെ വിര്‍ച്വലായി നടത്തിനോക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍ജന്‍മാര്‍ക്ക് അതില്‍ പങ്കുചേരാനും ഗ്രിഡ്‌കമ്പ്യൂട്ടിങ് അവസരമൊരുക്കും.
എന്നുവെച്ചാല്‍, ഒറ്റപ്പെട്ട ഗവേഷണങ്ങള്‍ക്കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ലഭിക്കുന്ന ശക്തമായ ഉപാധിയാകാന്‍ ഗ്രിഡിന് കഴിയുമെന്ന് സാരം. കുറഞ്ഞ ചെലവില്‍ ന്യൂക്ലിയര്‍ഫ്യൂഷന്‍ സാധ്യമാകുക വഴി ലോകത്തിന്റെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാനുള്ള വഴി തുറക്കുക ചിലപ്പോള്‍ ഗ്രിഡാകും. പാരമ്പരേതര ഊര്‍ജമാര്‍ഗങ്ങള്‍, പ്രത്യേകിച്ചും സൗരവൈദ്യുതി പോലുള്ള മേഖലകള്‍, വികസിപ്പിക്കാന്‍ ഗ്രിഡ് നല്‍കുന്ന പരസ്‌പരസഹകരണത്തിന്റെ സാധ്യത വഴി തുറന്നുകൂടെന്നില്ല. ജിനോം രംഗത്തു നടക്കുന്ന ഏത് ഗവേഷണത്തിനും വന്‍ കമ്പ്യൂട്ടര്‍ശേഷി ആവശ്യമാണ്. അത്ര സങ്കീര്‍ണമാണ് ജിനോമിന്റെ ലോകം. അതിലും ഗ്രിഡാകും നാളെ സഹായത്തിനെത്തുക. എന്നുവെച്ചാല്‍, കണികാപരീക്ഷണം വെറുമൊരു പരീക്ഷണമായി അവസാനിക്കില്ലെന്ന് ഉറപ്പിക്കാമെന്ന് ചുരുക്കം. ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിലാകും അത് വിപ്ലവം സൃഷ്ടിക്കുക എന്ന് ഇപ്പോള്‍ ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്നു മാത്രം.(അവലംബം: സേണിന്റെ വെബ്‌സൈറ്റ്, സയന്റിഫിക് അമേരിക്കന്‍-സപ്‌തംബര്‍4, 2008, ടെലഗ്രാഫ്-സപ്‌തംബര്‍7, 2008, ബി.ബി.സി-സപ്‌തംബര്‍4, 2008)