പ്രകൃതിദത്തമായ ഒരു രാസസങ്കേതമുപയോഗിച്ച് കുറഞ്ഞ ചെലവില്‍ നാനോപെയിന്റ് നിര്‍മിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് മലയാളിയാ പ്രൊഫ. ജോര്‍ജ് ജോണിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. രോഗാണുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ ചായം ശുചിത്വപാലനത്തിന്റെ രീതികള്‍ തന്നെ മാറ്റിമറിച്ചേക്കും.അണുക്കളെയകറ്റുന്ന ചായം നാനോസങ്കേതത്തിന്റെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ വഴിതെളിയുന്നു. ആസ്‌പത്രികള്‍ പോലെ അണുമുക്ത അന്തരീക്ഷം ആവശ്യമുള്ളയിടങ്ങള്‍ക്ക് അനുഗ്രഹമാകുന്ന കണ്ടെത്തലാണിത്. അമേരിക്കയിലെ മലയാളി ഗവേഷകരാണ്, തികച്ചും പരിസ്ഥിതിസൗഹൃദ മാര്‍ഗത്തിലൂടെ അണുനാശചായം നിര്‍മിച്ചത്. അണുമുക്തമായിരിക്കേണ്ട ഉപകരണങ്ങളെയും ഇത്തരം ചായം പൂശി സംരക്ഷിക്കാന്‍ കഴിയും.
പ്രകൃതിദത്തമായ ഒരു രാസപ്രക്രിയ പുതിയ സാധ്യതയ്‌ക്കായി ഉപയോഗിക്കുക വഴി ഇടുക്കി സ്വദേശി പ്രൊഫ.ജോര്‍ജ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണുനാശചായം രൂപപ്പെടുത്തിയത്. വെള്ളിയുടെ നാനോകണങ്ങള്‍ സസ്യയെണ്ണയില്‍ സന്നിവേശിപ്പിച്ച ശേഷം, അതുപയോഗിച്ച് സാധാരണചായങ്ങളെ അണുനാശകമാക്കാനുള്ള രാസസങ്കേതമാണ് അവര്‍ ആവിഷ്‌കരിച്ചത്. ന്യൂയോര്‍ക്ക് സിറ്റി സര്‍വകലാശാലയ്‌ക്കു കീഴിലെ സിറ്റി കോളേജില്‍ അസ്സോസിയേറ്റ് പ്രൊഫസറാണ് ജോര്‍ജ് ജോണ്‍. ഹൂസ്റ്റണില്‍ റൈസ് സര്‍വകലാശാലയിലെ നാനോടെക്‌നോളജി വിദഗ്‌ധനായ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രൊഫ. പുളിക്കല്‍ എം. അജയനും ഈ ഗവേഷണത്തില്‍ പ്രധാന പങ്കുവഹിച്ചു.
സൂക്ഷ്‌മാണുക്കളെ അകറ്റുന്ന ചായങ്ങള്‍ മുമ്പും രൂപപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, സങ്കീര്‍ണവും ചെലവേറിയതുമായ രാസപ്രക്രിയകള്‍ വഴി നിര്‍മിക്കുന്ന അവയ്‌ക്ക് താങ്ങാന്‍ പറ്റാത്ത വിലയാണ്. അത്തരം ചായത്തിന്റെ നിര്‍മാണത്തില്‍ ഒട്ടേറെ വിഷവസ്‌തുക്കളും ഉള്‍പ്പെടുന്നു. എന്നാല്‍, 'ഹരിതരസതന്ത്രം' (green chemistry) എന്നു വിളിക്കുന്ന പരിസ്ഥിതി സൗഹൃദസമീപനത്തിലൂടെയാണ് പ്രൊഫ.ജോര്‍ജ് ജോണും സംഘവും അണുനാശചായം നിര്‍മിച്ചത്. വിഷവസ്‌തുക്കളൊന്നും പുതിയ പ്രക്രിയയില്‍ ഉണ്ടാകുന്നില്ലെന്ന്, 'നേച്ചര്‍ മെറ്റീരിയല്‍സി'ന്റെ മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
രോഗാണുക്കളെ അകറ്റുന്ന വെള്ളിയുടെ ഗുണം ശാസ്‌ത്രലോകത്തിന് മുമ്പേ പരിചിതമാണ്. എന്നാല്‍, ഈ ലോഹത്തിന്റെ നാനോകണങ്ങള്‍ ഉപയോഗിച്ച് അണുനാശകചായങ്ങളുണ്ടാക്കാനുള്ള വിദ്യ ആദ്യമായാണ് കണ്ടെത്തുന്നത്. ലോഹങ്ങള്‍, തടികള്‍, പോളിമര്‍ ഷീറ്റുകള്‍, സെറാമിക്‌സ് തുടങ്ങിയവയുടെയൊക്കെ പുറത്ത് പുതിയ ചായം ഉപയോഗിക്കാനാകും. വെള്ളിയുടെ നാനോകണങ്ങള്‍ ചായത്തില്‍ സന്നിവേശിപ്പിച്ച അതേ രാസവിദ്യ മറ്റ് പല നാനോകണങ്ങളുടെ കാര്യത്തിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന് പഠനത്തില്‍ പങ്കാളിയായിരുന്ന അശ്വനി കുമാര്‍ പറയുന്നു. ചികിത്സാരംഗത്ത് പ്രയോജനപ്പെടുന്ന തരത്തില്‍ കാര്യക്ഷമതയേറിയ ഉത്‌പ്രേരകങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിദ്യ സഹായിച്ചേക്കുമെന്ന് റൈസ് സര്‍വകലാശാലയിലെ പോസ്‌റ്റ്‌ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റായ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ന്യൂയോര്‍ക്ക് സിറ്റി കോളേജില്‍ ഗവേഷകനായ ഡോ.പ്രവീണ്‍കുമാര്‍ വേമുളയും പുതിയ ഗവേഷണത്തില്‍ സജീവപങ്കു വഹിച്ചു.
വീട്ടിലടിക്കുന്ന സാധാരണ ചായങ്ങളെ ഒറ്റഘട്ടംകൊണ്ട് നാനോപെയിന്റാക്കാന്‍ കഴിയുന്നു എന്നതാണ് പുതിയ വിദ്യയുടെ പ്രത്യേകത. സ്വതന്ത്ര റാഡിക്കലുകളുടെ ആദാനപ്രദാന പ്രക്രിയ (free-radical exchange) ഉള്‍പ്പെടുന്ന, അപൂരിതഎണ്ണകളുടെ 'ഓക്‌സിഡേറ്റീവ് ഡ്രൈയിങ് പ്രക്രിയ' (oxidative drying process) എന്ന പ്രകൃതിദത്ത രാസമാര്‍ഗമാണ് പുതിയ വിദ്യയ്‌ക്കായി ഡോ.ജോര്‍ജ് ജോണും സംഘവും പ്രയോജനപ്പെടുത്തിയത്. ബാഹ്യഏജന്റുകളുടെയൊന്നും സഹായമില്ലാതെ ലോഹലവണത്തെ ലോഹ-നാനോകണങ്ങള്‍ (metal-nanoparticle -MNP) ആക്കി എണ്ണയില്‍ സന്നിവേശിപ്പിക്കാന്‍ അടിസ്ഥാനമാക്കിയത് ഈ രാസമാര്‍ഗമാണ്. അങ്ങനെ നാനോകണങ്ങള്‍ സന്നിവേശിപ്പിച്ച എണ്ണമാധ്യമമുപയോഗിച്ച് അണുനാശചായം രൂപപ്പെടുത്താന്‍ കഴിയുന്നു.
ലോഹനാനോകണങ്ങള്‍ രൂപപ്പെടുത്താന്‍ പരിസ്ഥിതിസൗഹൃമാര്‍ഗം കണ്ടെത്തുക വിഷമമാണ്. നാനോകണങ്ങളുടെ സൃഷ്ടിക്ക് വിഷമയമായ ലായകങ്ങളും മറ്റും കൂടിയേ തീരൂ. അതിനാല്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് നാനോകണങ്ങളുടെ നിര്‍മാണം. എന്നാല്‍ വിഷമയമായ ലായകങ്ങളോ ലോപനീയങ്ങളോ (reducing agents) ഒന്നും ഉപയോഗിക്കാതെ, പ്രകൃതിദത്തമായ ഓട്ടോഓക്‌സീകരണ പ്രക്രിയ വഴി, തികച്ചും പരിസ്ഥിതിക്കിണങ്ങിയ മാര്‍ഗമാണ് പ്രൊഫ. ജോണും കൂട്ടരും ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 'ഹരിതരസതന്ത്ര'ത്തിന്റെ മുന്നേറ്റത്തില്‍ ഒരു സുപ്രധാന ചുവടുവെപ്പായി പുതിയ മാര്‍ഗം വിലയിരുത്തപ്പെടുന്നു.
ഇടുക്കിയില്‍ അടിമാലിയില്‍നിന്ന് 18 കിലോമീറ്റര്‍ അകലെ പാറത്തോട്ടിലെ പൊട്ടക്കല്‍ കുടുംബത്തില്‍ ജോണിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് ജോര്‍ജ് ജോണ്‍. തൊടുപുഴ ന്യൂമാന്‍ കോളേജില്‍നിന്ന് ബിരുദവും മൂവാറ്റുപുഴ നിര്‍മല കോളേജില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയ ശേഷം, തിരുവനന്തപുരത്തെ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി' (പഴയ 'റീജണല്‍ റിസര്‍ച്ച് ലബോറട്ടറി-RRL)യില്‍നിന്നാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തിരുവനന്തപുരം പൂജപ്പുരയില്‍ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിലുള്ള ഡോ.സി.കെ.എസ്.പിള്ളയായിരുന്നു പി.എച്ച്.ഡി.ക്ക് ജോര്‍ജ് ജോണിന്റെ ഉപദേശകന്‍.
1994-ല്‍ നെതര്‍ലന്‍ഡിലെ ട്വെന്റെ സര്‍വകലാശാലയില്‍ പോസ്‌റ്റ്‌ഡോക്ടറല്‍ പഠനത്തിലേര്‍പ്പെട്ട ജോണ്‍, പിന്നീട് ജപ്പാനിലെ 'ഏജന്‍സി ഫോര്‍ അഡ്വാന്‍സ്‌ഡ് ഇന്‍ഡസ്‌ട്രിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി' (AIST) യില്‍ റിസര്‍ച്ച് സയന്റിസ്‌റ്റായി. 2002-ല്‍ അദ്ദേഹം റെന്‍സ്സെലാര്‍ നാനോടെക്‌നോളജി സെന്ററില്‍ ഗവേഷകാനായി. പിന്നീടാണ് ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. ഷാലിയാണ് ഭാര്യ, നീതു മകളും. (അവലംബം: നേച്ചര്‍ മെറ്റീരിയല്‍സ്. കടപ്പാട്: മാതൃഭൂമി. പ്രൊഫ. ജോര്‍ജ് ജോണുമായി നടത്തിയ ഇ-മെയില്‍ ആശയവിനിമയവും ഈ റിപ്പോര്‍ട്ടിന് വളരെ പിന്തുണയേകിയിട്ടുണ്ട്).
കാണുക: കറുപ്പിന്റെ ഏഴഴക്
4 comments:
അണുക്കളെ അകറ്റാന്‍ ശേഷിയുള്ള ചായം നാനോടെക്‌നോളജിയുടെ സഹായത്തോടെ രൂപപ്പെടുത്തിയിരിക്കുന്നു. പ്രകൃതിദത്തമായ ഒരു രാസപ്രക്രിയ പുതിയ സാധ്യതയ്‌ക്കായി ഉപയോഗിക്കുക വഴി ഇടുക്കി സ്വദേശി പ്രൊഫ.ജോര്‍ജ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണുനാശചായം രൂപപ്പെടുത്തിയത്. വെള്ളിയുടെ നാനോകണങ്ങള്‍ സസ്യയെണ്ണയില്‍ സന്നിവേശിപ്പിച്ച ശേഷം, അതുപയോഗിച്ച് സാധാരണചായങ്ങളെ അണുനാശകമാക്കുകയാണ് ചെയ്‌തത്.
Post a Comment