'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ പോസ്‌റ്റിങ് ആരംഭിച്ചിട്ട് വര്‍ഷം തികയുന്നു. വാര്‍ഷികത്തിന് ചൂരയാണ് സ്‌പെഷ്യല്‍. എല്ലാ മത്സ്യഭുക്കുകള്‍ക്കും സ്വാഗതം, പച്ചക്കറിഭുക്കുകള്‍ പിണങ്ങരുത്.
ചൂര തിന്നാണ് ഞങ്ങള്‍ വളര്‍ന്നത്. കൊടംപുളിയിട്ടു ചൂര വറ്റിക്കുന്നതിന്റെ മണമില്ലായിരുന്നെങ്കില്‍ ജീവിതം തന്നെ എത്ര വ്യര്‍ഥമായേനെ. മുളകുപൊടിയും പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, ഒരു പിടി കറിവേപ്പിലയുമിട്ട്, അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത് മണ്‍ചട്ടിയില്‍ വറ്റിച്ചു ഭദ്രമായി അടച്ചുവെച്ച്, പിറ്റേന്ന് കഴിക്കുന്ന ചൂരക്കറിയുടെ സ്വാദിന് തുല്യം നില്‍ക്കാന്‍ ലോകത്ത് മറ്റൊന്നിനുമാകില്ല. കപ്പപ്പുഴുക്കും ചൂരക്കറിയും ചേര്‍ന്ന കോമ്പിനേഷന് പകരം വെയ്‌ക്കാനൊരു ഭക്ഷ്യവിഭവം മനുഷ്യന്‍ ഇനി കണ്ടുപിടിക്കാന്‍ ഇരിക്കുന്നതേയുള്ളു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്ത് എത്തുന്നതിന് അല്‍പ്പം മുമ്പ്, തിരുവനന്തപുരം ജില്ലയുടെ തെക്കുകിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഞങ്ങളുടെ അമ്പൂരി ഗ്രാമത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്, മൂന്നു സമുദ്രങ്ങളില്‍ നിന്നുള്ള ചൂരകള്‍ അവിടെ അന്തിച്ചന്തയില്‍ എത്തിയിരുന്നു എന്നതാണ്; അറബിക്കടലില്‍ നിന്നും, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും. മൂവന്തിക്ക് മൂന്നു സമുദ്രത്തില്‍ നിന്നുള്ള ചൂരകള്‍!
ചൂരയെ അന്നൊന്നും പക്ഷേ, അത്ര വകയില്ലായിരുന്നു. 'തിന്ന ചൂരയ്‌ക്ക് നന്ദിയില്ലാത്തവരാ'യായി ഞങ്ങള്‍ ജീവിച്ചു പോന്നു. ചൂരയ്‌ക്ക് ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനമുണ്ടെന്ന്, പത്തുവര്‍ഷം മുമ്പ് കോഴിക്കോട്ടേയ്‌ക്ക് കുടിയേറും വരെ കളിയായി പോലും കരുതിയതുമില്ല. കോഴിക്കോട്ട് ഞങ്ങളുടെ കോളനിയിലൂടെ പ്ലാസ്റ്റിക്‌പെട്ടിയില്‍ വിവിധ തരം മത്സ്യങ്ങളുമായി രാവിലെ പത്തിനും പത്തരയ്‌ക്കും മധ്യേ ഖാദര്‍ ചേട്ടന്‍ വരുന്ന കാര്യം, താമസം തുടങ്ങി മൂന്നാം ദിവസം മത്സ്യപ്രേമിയായ എന്റെ ഭാര്യ കണ്ടുപിടിച്ചു. ആ സമയത്ത് ഖാദര്‍ ചേട്ടന്റെ 'ഓയ്' വിളി കാക്കുന്ന രണ്ട് വര്‍ഗങ്ങള്‍ കോളനിയിലുണ്ട്; വീട്ടമ്മമാരും പൂച്ചകളും. ഗേറ്റ് കടന്ന് സൈക്കിള്‍ ഉന്തി വരുന്ന ഖാദര്‍ചേട്ടന്റെ പിന്നാലെ കാണും പൂച്ചപ്പറ്റം. "ചൂരയില്ലേ" എന്ന എന്റെ ഭാര്യയുടെ ചോദ്യത്തിന് "ഐക്കൂറ"യുണ്ടെന്ന് ഖാദര്‍ ചേട്ടന്‍ മറുപടി പറഞ്ഞു. ഐക്കൂറയുടെ വില കേട്ടപ്പോള്‍, സ്വതേ പിശുക്കിയായ അവള്‍ മത്തി വാങ്ങിവന്ന് ചൂരയാണെന്ന ഭാവത്തില്‍ പൊരിച്ചു തന്നു.
ഒരാഴ്‌ച ചൂരയില്ലാതെ കടന്നുപോയി. "മാന്ത വേണ്ടേ, ആവോലി വിലക്കുറവാണ്, ചെമ്മീന്‍ പുതിയതാണ്, ഞണ്ട് വാങ്ങിക്കോ നന്നാവും", എന്നിങ്ങനെയുള്ള ഖാദര്‍ ചേട്ടന്റെ എല്ലാ ഉപദേശങ്ങളും അതിജീവിച്ച്, ഒരു ദിവസം മത്തി, പിറ്റെ ദിവസം അയല, അതിന്റെ പിറ്റേന്ന് വീണ്ടും മത്തി.....എന്നിങ്ങനെ ജീവിതം ചൂരരഹിതമായി നീങ്ങുന്നതിനിടെ, ക്ഷമകെട്ട് ഒരുദിവസം ഞാന്‍ കേള്‍ക്കെ ഭാര്യ ഉറക്കെ ചോദിച്ചു: "കോഴിക്കോട്ടെന്താ ചൂര കിട്ടില്ലേ, ഈ നാട്ടിലാരും ചൂര തിന്നില്ലേ". അറബിക്കടല്‍ മാത്രമുള്ളതാണോ കോഴിക്കോട്ടെ പ്രശ്‌നം, ഞാന്‍ ഗാഢമായി ആലോചിച്ചു. ഇവിടെ ഭൂമിയുടെ കിടപ്പ് അങ്ങനെയാണ്, എന്തുചെയ്യാം. ചൂരയുടെ വില ജീവിതത്തില്‍ ആദ്യമായി അറിയുകയായിരുന്നു. അയല മുളകിട്ടത് ചൂരയ്‌ക്കു പകരം നില്‍ക്കുമെന്ന് ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു. 'പാരഗണ്‍' ഹോട്ടലില്‍ നിന്ന് കിട്ടുന്ന ഫിഷ് കുമരകത്തിന്റെ മാതൃകയില്‍ 'അയല കുമരകവും', 'മത്തി കൂത്താട്ടുകുളവും', 'നത്തോലി വാരാപ്പുഴയും', 'മുള്ളന്‍ ചേര്‍ത്തല'യുമൊക്കെ പരീക്ഷിച്ചു. വ്യര്‍ഥശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ആ അനശ്വരസത്യം ഞങ്ങള്‍ മനസിലാക്കി; ചൂരയ്‌ക്ക് സമം ചൂര മാത്രം.
എന്തിനും വേണമല്ലോ ഒരു അവസാനം. കോഴിക്കോട്ടെ ചൂരരാഹിത്യത്തിന്റെ കാര്യത്തിലും അത് സംഭവിച്ചു. ക്ഷമകെട്ട ഞാന്‍ ഒരു ദിവസം രാവിലെ വലിയങ്ങാടിയിലെ മീന്‍മാര്‍ക്കറ്റില്‍ നില്‍ക്കുന്നതായി കാണപ്പെട്ടു. ഏഴുമണി സമയം. ടണ്‍ കണക്കിന് മത്സ്യം ലോറികളില്‍ കയറ്റുന്നതിന്റെ തിരക്ക്. ഐസ്‌കട്ടകള്‍ക്കിടയിലൂടെ കടുത്ത മത്സ്യഗന്ധമേറ്റ് മാര്‍ക്കറ്റിനുള്ളിലെത്തി, തിരച്ചില്‍ തുടങ്ങി. എവിടെയെങ്കിലും ചൂര കാണാതിരിക്കില്ലെന്ന് മനസ്സ് പറഞ്ഞു. എല്ലായിടത്തും ഐക്കൂറയുണ്ട്; വിലക്കുറവാണ്, കിലോയ്‌ക്ക് 230 രൂപയേ ഉള്ളു സാര്‍ എന്ന് മീന്‍കച്ചവടക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആവോലി കിലോയ്‌ക്ക് ഇരുന്നൂറിന് തരാം, ഇതുനോക്കൂ സാര്‍ പിടയ്‌ക്കുന്ന സ്രാവ്....ഞാന്‍ ഭയപ്പാടോടെ നടന്നു. ഒടുവില്‍ ഒരു കുട്ടയ്‌ക്കരികില്‍ എത്തിയപ്പോള്‍ സ്വിച്ചട്ടതു പോലെ നിന്നു. ജീവിതം ധന്യമായതുപോലെ; അതാ ചൂരകള്‍ അടുക്കി വെച്ചിരിക്കുന്നു. ഞാന്‍ ചൂരകളെ നോക്കി, അവ എന്നെയും.
ആകെ ഒരു കുട്ടയില്‍ മാത്രമാണ് ചൂരയുള്ളത്. എനിക്കു സങ്കടം വന്നു. നാട്ടിലാണെങ്കില്‍ മാര്‍ക്കറ്റില്‍ മുഴുവന്‍ കുട്ടകളിലും ചൂരയായിരിക്കും. "എന്താ സാര്‍, സൂത വേണോ?"-ചോദ്യം കേട്ട് ഞാന്‍ അല്‍പ്പമൊന്നു പരുങ്ങി. സൂതയോ, അതെന്താണ് സാധനം. മീന്‍കാരന്‍ ചോദ്യം ആവര്‍ത്തിക്കുകയും, കുനിഞ്ഞ് കുട്ടയില്‍ നിന്ന് സാമാന്യം വലിപ്പമുള്ള ചൂരയൊന്നിനെ പൊക്കിയെടുത്ത് എന്റെ കണ്ണിന് ലവലായി പിടിക്കുകയും ചെയ്‌തപ്പോള്‍ കാര്യം പിടികിട്ടി. "ഇത് ചൂരയല്ലേ", ഞാന്‍ ചോദിച്ചു. ''അല്ല സാര്‍, ഇത് സൂത. കിലോയ്‌ക്കു 30 രൂപായ്‌ക്കു തരാം"-അയാള്‍ അറിയിച്ചു. നിന്ന നിലയ്‌ക്ക് ഞാന്‍ കണക്കുകൂട്ടി, 'കിങ്‌ഫിഷ്' (King Fish) എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഐക്കൂറ ഒരു കിലോ വാങ്ങുന്ന കാശുണ്ടെങ്കില്‍, ഏതാണ്ട് എട്ടുകിലോ ചൂര വാങ്ങാം. ഒരു കിലോ ഐക്കൂറ മൈനസ് ഒരു കിലോ ചൂര സമം 200 രൂപ. എനിക്ക് സന്തോഷം അടക്കാനായില്ല. മീന്‍കാരന്‍ കൈയിലെടുത്ത ചൂരയെത്തന്നെ കച്ചവടമാക്കി. രണ്ടു കിലോ എണ്ണൂറ് ഗ്രാം. 84 രൂപ. അന്നെന്റെ വീട്ടില്‍ സമൃദ്ധിയും സമാധാനവും കളിയാടി.
ഏതായാലും ആ ചൂരാന്വേഷണം നിര്‍ണായകമായ അറിവാണ് നല്‍കിയത്. ഞാലിപ്പൂവന്‍ പഴത്തിന് 'ആണി'യെന്നും 'ആണിപ്പൂവനെ'ന്നും പറയും പോലെ, അമ്പതിനെ 'അയ്‌ന്‍പതാ'ക്കും പോലെ, ചൂരയെ കോഴിക്കോട്ടുകാര്‍ സൂതയാക്കിയിരിക്കുന്നു. ഏതാനും ദിവസം കഴിഞ്ഞ് ഖാദര്‍ ചേട്ടന്റെ പക്കല്‍നിന്ന് മീന്‍ വാങ്ങാന്‍ ചെന്നപ്പോള്‍ എന്റെ സഹധര്‍മിണി അല്‍പ്പം ഗമയില്‍ അന്വേഷിച്ചു, "ചെട്ടനെന്താ സൂത കൊണ്ടുവരാത്തത്"? അതുകേട്ട് വിശ്വാസം വരാത്ത മട്ടില്‍ ഖാദര്‍ ചെട്ടന്‍ ചോദിച്ചു, "സൂതയോ, നിങ്ങളത് വാങ്ങുമോ". ഞങ്ങള്‍ തിരുവനന്തപുരംകാരാണ്, ചൂരയില്ലാത്ത ജീവിതത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല, എന്നൊക്കെ ഖാദര്‍ ചേട്ടനോട് എങ്ങനെ പറയും. ഏതായാലും, ശല്യം സഹിക്കാതെ ഒരു ദിവസം ഖാദര്‍ ചേട്ടന്‍ ചൂരയെ, സോറി സൂതയെ കൊണ്ടുവന്നു. ഞങ്ങള്‍ അത് സസന്തോഷം വാങ്ങുകയും ചെയ്‌തു. മുകളിലത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന മിനി ആ സൂതവ്യാപാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം പെണ്ണുങ്ങളുടെ സഭയില്‍ ചേരാന്‍ ടെറസ്സിലെത്തിയ എന്റെ ഭാര്യയോട് അവര്‍ ചോദിച്ചു, "നിങ്ങളാ മീന്‍ കറിവെച്ചോ, എന്നിട്ട് അതിന് എന്തെങ്കിലും രുചിയുണ്ടായിരുന്നോ"?
അവജ്ഞ, അവഗണന-കോഴിക്കോട്ട് ചൂര നേരിടുന്ന അവസ്ഥ ഇതാണെന്ന് ഈ സംഭവ പരമ്പരകള്‍ ബോധ്യമാക്കിത്തന്നു. അവഗണിക്കപ്പെടുന്നവര്‍ക്കൊപ്പം വേണമല്ലോ നമ്മള്‍ നിലയുറപ്പിക്കാന്‍. അങ്ങനെയാണ് ചൂരയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമമാരംഭിച്ചത്. കോഴിക്കോട്ടെ സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ ചൂരയെ പ്രതികാരബുദ്ധ്യാ സംഭാഷണത്തിലേക്ക് വലിച്ചിഴച്ചു. പലരെയും ചൂര വാങ്ങാന്‍ പ്രേരിപ്പിച്ചു. കോഴിക്കോട് പ്രസ്സ്‌ക്ലബ്ബില്‍ ജേര്‍ണലിസം ഇന്‍സ്റ്റിട്ട്യൂട്ടിലെ കുട്ടികള്‍ക്ക്, തിരുവനന്തപുരം പര്യടനത്തിനിടെ ദൂരദര്‍ശന്‍ കേന്ദ്രം കണ്ടു മടങ്ങുമ്പോള്‍, കുടപ്പനക്കുന്നിലെ ചെറുഹോട്ടലില്‍ നിന്ന് ചോറിനൊപ്പം, സൂതയാണെന്നു പറയാതെ, ചൂര ഫ്രൈ വാങ്ങിനല്‍കി അതിന്റെ സ്വാദ് മനസിലാക്കിക്കൊടുത്തു. സമയം കിട്ടുമ്പോഴെല്ലാം വലിയങ്ങാടിയിലെ മത്സ്യമാര്‍ക്കറ്റില്‍ പോയി ചൂരവില്‍പ്പനക്കാരെ പ്രോത്സാഹിപ്പിച്ചു. അടുത്തു നില്‍ക്കുന്ന മീന്‍കച്ചവടക്കാര്‍ കേള്‍ക്കെ ചൂരയുടെ ഗുണഗണങ്ങള്‍ വിവരിച്ചു. മരച്ചീനിയ്‌ക്കൊപ്പം മാത്രമല്ല, വെള്ളയപ്പം, ചപ്പാത്തി, പെറോട്ട, ബ്രഡ്, പത്തിരി തുടങ്ങി ഏതിന്റെ കൂടെയും ചൂര അതുല്യമായ പങ്കാളിയാകും എന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. അങ്ങനെ ചൂരയെക്കുറിച്ചുള്ള പൊതുവിജ്ഞാനം, ഓഹരി വിപണി കുതിച്ചുകയറും പോലെ, പോയന്റുകളായി വര്‍ധിച്ചു.
അതില്‍ ചില പൊയന്റുകള്‍ ചുവടെ:
1. ചില ഹോട്ടലുകള്‍ എങ്കിലും ഐക്കൂറയ്‌ക്കു മായം ചേര്‍ക്കാന്‍ ചൂര ഉപയോഗിക്കും എന്ന് കോഴിക്കോട്ടുകാര്‍ ബലമായി വിശ്വസിക്കുന്നു. കഷണം കണ്ടാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് കാരണം. ഈ വിഷ്വല്‍ ഇംപാക്ടിന് മുകളില്‍ അവര്‍ ഉറച്ച തീരുമാനത്തിലെത്തിയിരിക്കുന്നു-സൂത കൊള്ളില്ല!
2. നമ്മുടെ മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ചൂര മുഖ്യമായും രണ്ടിനമുണ്ട്; മാംസത്തിന് കറുത്ത നിറമുള്ളതും വെളുത്ത നിറമുള്ളതും. കറുത്തത് സൂതയെന്നും വെളുത്തത് 'കേദര്‍' എന്നും കോഴിക്കോട്ട് അറിയപ്പെടുന്നു. വെളുത്ത ചൂരയ്‌ക്ക് അല്‍പ്പം വില കൂടുതലായിരിക്കും. കാരണം അതിനാണ് സ്വാദ് കൂടുതല്‍. ഈയിനത്തിന് തിരുവനന്തപുരം ഭാഗത്ത് 'നെയ്‌മീന്‍ചൂര'യെന്നാണ് പേര്.
3. ചൂരയുടെ തൊലിയിലുള്ള ഡിസൈന്‍ നോക്കി അത് സൂതയാണോ, കേദറാണോ എന്ന് നിശ്ചയിക്കാം. കുറുകെ വരയുള്ളവ സൂതയും, നെടുകെ വരയുള്ളവ കേദറുമായിരിക്കും. ഈ വിവരം അറിയാമെന്നു കണ്ടാല്‍, മാര്‍ക്കറ്റിലെ ഒരു മീന്‍കച്ചവടക്കാരനും ചൂരയുടെ കാര്യത്തില്‍ നമ്മളോട് തര്‍ക്കിക്കാന്‍ വരില്ല. അവര്‍ നമ്മളെ ബഹുമാനിക്കും, ആദരിക്കും...സൗകര്യം കിട്ടിയാല്‍ പൊന്നാട പോലും അണിയിച്ചെന്നിരിക്കും.
4. ചൂരയ്‌ക്ക് ആലപ്പുഴ, കോട്ടയം പ്രദേശങ്ങളില്‍ 'കുടുക്ക'യെന്നും പേരുണ്ട്. കുടുക്കയുടെ ആകൃതിയാവണം ഈ പേര് വരാന്‍ കാരണം. ഇതുകേട്ട ഒരു മലബാറുകാരന്‍ പറഞ്ഞു: "ഇവിടെ മീന്‍ കറിവെയ്‌ക്കുന്ന പാത്രമാണ് കുടുക്ക". ഏതായാലും തിരുവനന്തപുരംകാരനായ ഈയുള്ളവന്‍ ഈ തര്‍ക്കത്തില്‍ ഒരു ചേരിചേരാപ്രസ്ഥാനമാണ്.
5. മിക്ക മത്സ്യങ്ങളുടെയും മാംസം വെളുത്ത നിറമുള്ളതാണ്. എന്നാല്‍, ചൂരയുടേത് മാട്ടിറച്ചി പോലെ ഇരുണ്ട് ചുവന്നാണിരിക്കുന്നത്. 'മയോഗ്ലോബിന്‍' (myoglobin) എന്ന പേരുള്ള തന്മാത്രകളുടെ ആധിക്യം ചൂരയുടെ മാംസത്തില്‍ ഉള്ളതു കൊണ്ടാണിത്. എന്തെല്ലാം അറിഞ്ഞാല്‍ ജീവിക്കാനൊക്കും അല്ലേ.
6. കേരളത്തില്‍ ലഭ്യമായ സാധാരണ ചൂരയുടെ ശാസ്‌ത്രീയ നാമം കിടിലമാണ്: 'ഓക്‌സിസ് തസാര്‍ഡ്' (Auxiz thazard).
ഈ ശാസ്‌ത്രീയ നാമം പഠിച്ചതിന്റെ കേടും എനിക്കു സംഭവിച്ചു. ഒരു ദിവസം ചൂരക്കറിയുടെ ആനന്ദത്തില്‍ നിയന്ത്രണം വിട്ടു. നാലാംതരത്തിലും യു.കെ.ജി.യിലും പഠിക്കുന്ന മക്കള്‍ രണ്ടാളോടും ചൂരയുടെ ശാസ്‌ത്രീയനാമം 'ഓക്‌സിസ് തസാര്‍ഡ്' ആണെന്നറിയാമോ എന്ന് അബദ്ധത്തില്‍ ചോദിച്ചു പോയി. രണ്ടാളും ഉടന്‍ തീറ്റ നിര്‍ത്തി; ഇത്ര വൃത്തികെട്ട പേരുള്ള ഒരു സാധനമാണോ തങ്ങള്‍ തിന്നുന്നത് എന്ന ഭാവത്തില്‍! ഭാര്യ കലിതുള്ളി. ഭൂമി ഓറഞ്ച് പോലെ ഉരുണ്ടാണിരിക്കുന്നതെന്ന് കണ്ടുപിടിച്ച് അക്കാര്യം കുട്ടികളോടു പറയാന്‍ പോയ ജോസ് അക്കാര്‍ഡിയോ ബുവേണ്ടിയയുടെ അവസ്ഥയിലായി ഞാന്‍ (മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളി'ലെ രംഗം ഓര്‍ക്കുക). ഇക്കണക്കിന് മത്തിയുടെ ശാസ്‌ത്രീയനാമം 'സാര്‍ഡിനെല്ല ലോങ്കിസെപ്‌സ്' (Sardinella longiceps) ആണെന്നും, അയലയുടേത് 'രാഷ്ട്രെല്ലിജര്‍ കനാഗുര്‍റ്റ' (Rastrelliger kanagurta)യാണെന്നും, നത്തോലിയുടേത് 'ആന്‍കോവിയെല്ല കൊമര്‍സോണി' (Anchoviella commersonii) എന്നും, ഐക്കൂറയുടേത് 'സ്‌കോമ്പെറോമൊനാസ് ഗുട്ടാക്കസ്' (Scomberomonas guttacus) എന്നും, മാന്തളിന്റേത് 'സൈനോഗ്ലോസസ് ബിലിനീറ്റസ്' (Cynoglossus bilineatus) ആണെന്നും പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ആലോചിക്കാന്‍ തന്നെ പേടിയാകുന്നു.
ഇത്തരം ഗവേഷണങ്ങള്‍ക്കിടെ ഒരുകാര്യം കൂടി ബോധ്യമായി. മത്സ്യത്തിന്റെ കാര്യത്തില്‍ കോഴിക്കോട്ടുകാര്‍ക്കിടയില്‍ രൂഢമൂലമായിരിക്കുന്ന ചില മുന്‍വിധികളാണത്. എന്നും കാണുന്ന, എന്നും കഴിക്കുന്ന, ചില പരിചിത മത്സ്യങ്ങളല്ലാതെ വേറെയൊന്നും നന്നല്ല എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ് മിക്ക കോഴിക്കോട്ടുകാരും. അതിനാല്‍ അത്തരം മത്സ്യങ്ങളേ അവര്‍ വാങ്ങൂ. അപരിചിതരെ അടുപ്പിക്കില്ല. അയല, മത്തി, ഐക്കൂറ, ആവോലി, സ്രാവ്, ചെമ്മീന്‍, മാന്തള്‍, കടുക്ക (കല്ലിന്‍മേല്‍ കായ), ഞണ്ട്...കഴിഞ്ഞു. ഇത്രയും ഇനങ്ങളേ കോഴിക്കോട്ട് ചെലവാകൂ. മറ്റ് ഏതിനം മത്സ്യം കൊണ്ടുവെച്ചാലും കാലണയ്‌ക്ക് വില്‍പ്പനയുണ്ടാവില്ല. ഈ മനശാസ്‌ത്രം പിടികിട്ടിയതോടെ, ഞാനെന്റെ മത്സ്യം വാങ്ങല്‍തന്ത്രത്തിന് അല്‍പ്പം ഭേദഗതി വരുത്തി. മാര്‍ക്കറ്റില്‍ ചൂര കിട്ടാതെ വരുന്ന സീസണ്‍ ഉണ്ടാകും. അത്തരം സന്നിഗ്‌ധഘട്ടത്തില്‍ മുകളില്‍ പറഞ്ഞ ലിസ്റ്റില്‍ പെടാത്ത ഏതെങ്കിലും മത്സ്യം വില്‍പ്പനയ്‌ക്കുണ്ടോ എന്ന് നോക്കും. ആരും വാങ്ങാനില്ലാത്തതിനാല്‍, അത്തരം മത്സ്യങ്ങള്‍ക്ക് വിലക്കുറവായിരിക്കുമെന്ന് ഉറപ്പാണ്. മീന്‍ വ്യാപാരത്തില്‍ പോക്കറ്റ് കാലിയാകാതിരിക്കാനുള്ള ഒരു മാര്‍ഗം ആ നിരീക്ഷണം എനിക്കു തുറന്നു തന്നു.
പത്തുവര്‍ഷം മുമ്പത്തെ അവസ്ഥയ്‌ക്ക് കൊഴിക്കോട്ട് മാറ്റം വന്നിട്ടുണ്ട്. സൂതയ്‌ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുന്നു. അതിനനുസരിച്ച് മാര്‍ക്കറ്റില്‍ സൂത വില്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ ബ്ലോഗ്‌പോസ്‌റ്റ് എഴുതാന്‍ തീരുമാനിച്ച ശേഷം, ചൂരയുടെ ഒരു ചിത്രപോസ്‌റ്റുകൂടി ആയിക്കൂടേ എന്ന തോന്നലുണ്ടാവുകയും, ക്യാമറയുമായി കഴിഞ്ഞ മാസം ഒരു പ്രഭാതത്തില്‍ വലിയങ്ങാടി മാര്‍ക്കറ്റിലെത്തുകയും ചെയ്‌ത എന്നെ അതിശയിപ്പിക്കാന്‍ പോന്ന ഒരു സംഭവമുണ്ടായി. ഒരു ലോഡ് ചൂര ലോറിയില്‍നിന്ന് മാര്‍ക്കറ്റിലിറക്കുന്നു. 'സഹാറാ മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയയ്‌ക്കുന്നു' എന്ന പ്രയോഗത്തെ തലതിരിച്ചിടുംപോലൊരു അവസ്ഥ. അത് തിരുവനന്തപുരത്തു നിന്നുള്ള ലോഡാണെന്ന്, കച്ചവടക്കാരനായ ഷംസുദ്ദീന്‍ അറിയിച്ചപ്പോള്‍ എനിക്ക് ആഹ്ലാദം അടക്കാനായില്ല. തിരുവനന്തപുരത്തുനിന്ന് ചൂര ഞങ്ങളെ തേടി കോഴിക്കോട്ട് എത്തി തുടങ്ങിയിരിക്കുന്നു. ഫോട്ടോ സെഷന്‍ കഴിഞ്ഞ്, തിരുവനന്തപുരത്തു നിന്നുള്ള ഒരു 'കേദറെ' വാങ്ങി മടങ്ങി.
ചൂര സുലഭമാണെങ്കില്‍ പിന്നെ എന്തുകൊണ്ട് കോഴിക്കോട്ട് സ്ഥിരതാമസമാക്കിക്കൂടാ എന്ന് ഞാനും സഹധര്‍മിണിയും ഗൗരവമായി കൂടിയാലോചന തുടങ്ങി. പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ ഓരോരുത്തരും ഓരോ സബ്‌കമ്മറ്റിയായി പ്രവര്‍ത്തിക്കാനും തിരുമാനിച്ചു. അങ്ങനെയിരിക്കെ, കഴിഞ്ഞ ഒക്ടോബര്‍ എട്ടിന്റെ 'മാതൃഭൂമി ധനകാര്യ'ത്തില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. 1500 കോടി രൂപായുടെ ചൂര ഈ വര്‍ഷം കയറ്റിയയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു എന്നായിരുന്നു അത്. അത്‌ലാന്റിക് സമുദ്രത്തിലും ശാന്തസമുദ്രത്തിലും ഉണ്ടായിരുന്ന ചൂരകളെ മുഴുവന്‍ സായ്‌വന്‍മാര്‍ ശാപ്പിട്ടു കഴിഞ്ഞുവത്രേ. ലോകത്തിപ്പോള്‍ ചൂര അവശേഷിക്കുന്ന അപൂര്‍വം സ്ഥലങ്ങളിലൊന്ന് അറബിക്കടലാണ്. അതിനാല്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ ചൂരചൂഷകര്‍ അറബിക്കടല്‍ ലക്ഷ്യമിടുകയാണത്രേ. ഈയവസരം മുതലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ അതിര്‍ത്തി കടലില്‍ ഒരുലക്ഷം ടണ്‍ ചൂരയുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. ഇവിടുത്തെ ചൂരയും സായ്‌വന്‍മാര്‍ തിന്നു തീര്‍ത്താല്‍ നമ്മള്‍ എന്തുചെയ്യും. കടലില്‍നിന്ന് മുഴുവന്‍ ചൂരയും പിടിച്ചു തീര്‍ത്താല്‍ പിന്നെ ചൂരയ്‌ക്ക് എങ്ങോട്ടു പോകും.
(മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി സഹായിച്ച ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥയായ എന്റെ അനുജത്തി ഷീജ, ചിത്രീകരണം നിര്‍വഹിച്ച പ്രിയസുഹൃത്ത് സജീവന്‍.എന്‍.എന്‍, ചൂരക്കഥ മുഴുവന്‍ ശ്രദ്ധയോടെ വായിച്ച ശേഷം 'അമ്മയെ പപ്പാ പിശുക്കിയെന്നാ എഴുതിയിരിക്കുന്നത്' എന്നു പറഞ്ഞ് കുടുംബം കലക്കാന്‍ നോക്കിയെങ്കിലും, ഇത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതില്‍ കുഴപ്പമില്ല എന്ന് നിരൂപണം ചെയ്‌തു തന്ന അനുപമ കുട്ടി എന്നിവരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു. ചൂരയുടെ ദൃശ്യവിവരണത്തിന് 'നല്ലഭൂമി'യിലെ ഈ പോസ്‌റ്റ് കാണുക).