Tuesday, June 19, 2007

നാല്‌പതാംനമ്പര്‍ മഴ

അപൂര്‍വമായ പലതും ഹൈറേഞ്ചിന്‌ നഷ്ടമായ കാലമാണ്‌ കഴിഞ്ഞുപോയ പതിറ്റാണ്ടുകള്‍. ആ നഷ്ടങ്ങളുടെ പട്ടികയില്‍ 'നാല്‌പതാംനമ്പര്‍ മഴ'യും ഉള്‍പ്പെടുന്നു

നേര്യമംഗലത്തു നിന്ന്‌ അടിമാലിയിലേക്കുള്ള വഴിയില്‍ ഇരുമ്പുപാലത്തിനു സമീപത്തെ ഒരു കുടിയേറ്റ ഗ്രാമം. കനത്തു പെയ്യുന്ന മഴയില്‍നിന്നു രക്ഷനേടാന്‍ യാത്രയ്‌ക്കിടയില്‍ താത്‌ക്കാലിക അഭയമായ വീട്‌. ഈര്‍പ്പത്തിന്റെ അസ്വസ്ഥത മറച്ചുവെച്ച്‌ അവിടുത്തെ കാരണവരായ വര്‍ക്കിച്ചേട്ടനുമായി തുടങ്ങിയ സംഭാഷണം. എണ്‍പതിനോടടുത്ത ആ കാരണവര്‍ പലതും പറഞ്ഞ കൂട്ടത്തില്‍ 'നാല്‌പതാംനമ്പര്‍ മഴ' എന്നൊരു പദപ്രയോഗം നടത്തിയപ്പോള്‍ ഉയര്‍ന്ന ജിജ്ഞാസ...

"നാല്‌പതാം നമ്പര്‍ മഴയോ, മഴയ്‌ക്കും നമ്പറോ?" ഇതിലത്ര അത്ഭുതപ്പെടാനില്ലെന്ന മട്ടില്‍ പതിഞ്ഞ ശബ്ദത്തില്‍ ആ കാരാണവര്‍ തുടര്‍ന്നു. "അതെ, ഞങ്ങള്‍ ഈ പ്രദേശത്ത്‌ കുടിയേറിയകാലത്ത്‌ ഇവിടെയൊക്കെ 'നാല്‌പതാംനമ്പര്‍ മഴ'യാണ്‌ പെയ്‌തിരുന്നത്‌. വളരെ നേര്‍ത്ത നൂലണ്ടല്ലോ, അതിനെയാണ്‌ ഇവിടുത്തുകാര്‍ 'നാല്‌പതാംനമ്പര്‍' എന്നു വിളിക്കുക. അത്തരം നൂലുകള്‍ ആകാശത്തുനിന്ന്‌ ഊര്‍ന്നുവീഴുന്നതുപോലെയാണ്‌ അക്കാലത്തെ മഴ. കോടയും തണുപ്പും അസഹനീയമായിരിക്കും. മഴ ചിലപ്പോള്‍ ആഴ്‌ചകളോളം തോരാതെ നിന്നു പെയ്യും. പെയ്യുന്നതിന്റെ ശബ്ദം പോലും കേള്‍ക്കില്ല". വര്‍ക്കിച്ചേട്ടന്റെ വിശദീകരണം പൂര്‍ണവും വ്യക്തവുമായിരുന്നു. അമൂല്യമായ പലതും ഹൈറേഞ്ചിന്‌ നഷ്ടമായ കാലമാണ്‌ കഴിഞ്ഞുപോയ പതിറ്റാണ്ടുകള്‍. ആ നഷ്ടങ്ങള്‍ക്കിടയില്‍, ഒരുപക്ഷേ, അധികമാരും ശ്രദ്ധിച്ചിട്ടുപോലുമില്ലാത്ത ഒരു കാലാവസ്ഥ പ്രതിഭാസത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌ 'നാല്‌പതാംനമ്പര്‍ മഴ'.

പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഹൈറേഞ്ചില്‍നിന്നു പടിയിറങ്ങിപ്പോയ 'നാല്‌പതാം നമ്പര്‍ മഴ'യുടെ ചെറിയ പതിപ്പുകള്‍ ഇന്ന്‌ പ്രത്യക്ഷപ്പെടാറുള്ളത്‌ ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയിലും നെടുങ്കണ്ടത്തുമാണ്‌. ഈ പ്രദേശത്ത്‌ മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ കുടിയേറിയവര്‍ക്ക്‌ അന്ന്‌ നേരിടേണ്ടിവന്ന 'നൂല്‍മഴ'യുടെ കാഠിന്യമോ കാലദൈര്‍ഘ്യമോ ഇന്ന്‌ പ്രദേശികമായി ശോഷിച്ചുപോയ ഈ വര്‍ഷപാതത്തിനില്ല.

രാജാക്കാടിന്നടുത്ത്‌ എന്‍.ആര്‍.സിറ്റിയില്‍ 47 വര്‍ഷം മുമ്പ്‌ എത്തിയയാളാണ്‌ ഈറ്റോലില്‍ ശിവരാമന്‍. കുടിയേറ്റം നടക്കുമ്പോള്‍ ശിവരാമന്‌ പ്രായം 17 വയസ്സ്‌. ഏറുമാടത്തില്‍ താമസിച്ച്‌, വന്യമൃഗങ്ങളെ വകവെക്കാതെ ജീവിതം കെട്ടിപ്പെടുക്കാന്‍ കഷ്ടപ്പെട്ട ആ കാലം ഇന്നും ശിവരാമന്‍ വ്യക്തമായി ഓര്‍ക്കുന്നു."ഇപ്പോഴത്തെ മാതിരിയുള്ള ഇടവപ്പാതി അന്ന്‌ ഇടുക്കിയിലില്ല; നാല്‌പതാം നമ്പര്‍ നൂല്‌ ആകാശത്തുനിന്ന്‌ പാകിയതുപോലുള്ള മഴയാണ്‌ അന്നത്തേത്‌"- ആ കര്‍ഷകമനസ്സില്‍ ഇന്നും ആ പഴയ മഴ പെയ്യുകയാണ്‌. "നേരം പുലര്‍ന്നു ഒന്‍പത്‌ മണിയാകാതെ പറമ്പിലിറങ്ങാന്‍ പറ്റില്ല. തണുപ്പും മഞ്ഞും അത്രകഠിനമായിരുന്നു"-ശിവരാമന്‍ പറയുന്നു.

നാല്‌പതുവര്‍ഷം മുമ്പ്‌ കോട്ടയത്തുനിന്ന്‌ രാജാക്കാട്ടു കുടിയേറിയ 75 കാരനായ പൊട്ടോളില്‍ മത്തായിക്കും ഓര്‍മയുണ്ട്‌ അന്നത്തെ മഴയെപ്പറ്റി. "നാല്‌പതിലേറെ ദിവസം ഈ നൂല്‍മഴ നിര്‍ത്താതെ പെയ്‌തിട്ടുണ്ട്‌", മത്തായി അറിയിക്കുന്നു. "ചില സമയത്തു മാത്രം തുള്ളി കൂട്ടി പെയ്യും. അസഹ്യമായ തണുപ്പായിരുന്നു അന്നത്തെ മഴക്കാലത്ത്‌". രാവും പകലും ഭേദമില്ലാതെ മഴ തുടര്‍ന്നുകൊണ്ടിരിക്കും. കമ്പിളിയും പുതച്ച്‌ നെരിപ്പോടിനരികില്‍ തീ കാഞ്ഞിരുന്ന അനുഭവം ഹൈറേഞ്ചിലെ കഴിഞ്ഞ തലമുറയിലെ മിക്കവര്‍ക്കുമുണ്ട്‌. ജോലി തേടിവരുന്ന തൊഴിലാളികള്‍ തണുപ്പു പേടിച്ച്‌ കൂലിപോലും വാങ്ങാന്‍ നില്‍ക്കാതെ ഹൈറേഞ്ചില്‍ നിന്ന്‌ ഒളിച്ചുപോയിട്ടുള്ള സംഭവങ്ങളും ഉണ്ട്‌.

മൂന്നാറില്‍നിന്ന്‌ മാട്ടുപ്പെട്ടി കഴിഞ്ഞ്‌ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ടോപ്പ്‌സ്റ്റേഷന്‍ പിന്നിട്ട്‌, കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ വട്ടവട പഞ്ചായത്തിലെ കോവിലൂരില്‍ ബസ്സിറങ്ങുമ്പോള്‍ യാദൃശ്ചികമായി 'നാല്‌പതാംനമ്പര്‍ മഴ'യെപ്പറ്റി ഓര്‍മിച്ചു. മലഞ്ചെരുവിലൂടെ തട്ടുതട്ടായി ഊര്‍ന്നിറങ്ങുന്ന ഗോതമ്പുപാടങ്ങള്‍ (കേരളത്തില്‍ ഗോതമ്പുകൃഷിയുള്ള ഒരു പ്രദേശമാണ്‌ വട്ടവട). ചെങ്കുത്തായ മലമുടിക്കിടയില്‍ തമിഴ്‌ വംശജരായ ഗ്രാമീണര്‍ കേരളത്തിന്റേതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ മറ്റൊരുലോകം സൃഷ്ടിച്ചിരിക്കുന്നു. കേരളം മുഴുവന്‍ മണ്‍സൂണിന്റെ പിടിയില്‍ നനഞ്ഞിരിക്കുന്ന സമയമായിരുന്നു അത്‌. മഴ എപ്പോള്‍ വേണമെങ്കിലും പെയ്യാം എന്ന്‌ ഒരു ഗ്രാമീണന്‍ പറഞ്ഞു. ആകാശത്തെ വെള്ളിമേഘങ്ങളില്‍ നിന്ന്‌ പുലരിവെട്ടം പോലൊരു പ്രകാശധാരയാണ്‌ മലഞ്ചെരുവാകെ നിറഞ്ഞിരിക്കുന്നത്‌. മഴ പെയ്യില്ലേ? മനസ്സ്‌ ശങ്കിച്ചു. പക്ഷേ, പിറ്റേന്ന്‌ തിരികെ പോരുംമുമ്പ്‌ മഴ പെയ്‌തു. ആകാശം ഇരുളുന്നതും കനത്ത കോടമഞ്ഞിന്റെ അകമ്പടിയോടെ മനസ്സിനെയും ശരീരത്തെയും തണുപ്പ്‌ വലയം ചെയ്യുന്നതും മാത്രമേ അറിഞ്ഞുള്ളൂ. എപ്പോഴോ ഒരു നിമിഷത്തില്‍ മഴ ആരംഭിച്ചിരിക്കുന്നു. മലഞ്ചെരുവുകള്‍ വിസ്‌മൃതിയിലെന്നവിധം മാഞ്ഞുപോയിരിക്കുന്നു. മഴയുടെ പ്രാചീനമായ അനുഗ്രഹധാര. മണ്ണിനെ ഉണര്‍ത്താതെ, മരങ്ങളെ ഉലയ്‌ക്കാതെ ധാരമുറിയാതെ-സ്വര്‍ഗത്തില്‍നിന്ന്‌ ഭൂമിയിലേക്കു ഇറങ്ങിവരുന്ന നേര്‍ത്ത മാന്ത്രികത്തോരണങ്ങള്‍ പോലെ ഇടവേളയില്ലാത്ത മഴ.

ഈ മഴയുടെ സൗമ്യതയേറ്റുവാങ്ങിയാണ്‌ ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങള്‍ തളിരിട്ടു തുടങ്ങിയതെന്നോര്‍ത്തു. ഈ നൂല്‍മഴയുടെ ശക്തിയിലാണ്‌ ഇന്ത്യയിലെ ഏറ്റവും അമൂല്യമായ ഏലത്തോട്ടങ്ങള്‍ ഇടുക്കിമലകളില്‍ സ്ഥാനം പിടിച്ചത്‌. ആനമുടിക്കുചുറ്റും വ്യാപിക്കുന്ന ഇരവികുളം നാഷണല്‍പാര്‍ക്കിലെ ചോലപ്പുല്‍മേടുകളില്‍ വരയാടുകള്‍ മേയുന്നത്‌ ഈ മഴനൂലുകളെ വകവെക്കാതെയാണ്‌. 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടുത്തെ മലഞ്ചെരുവുകളില്‍ നീലക്കുറിഞ്ഞിയുടെ പൂക്കാലം വരുന്നതും 'നാല്‌പതാംനമ്പര്‍ മഴ'യത്താണ്‌. മത്രമല്ല, കേരളത്തിന്റെ ദാഹം ശമിപ്പിക്കാന്‍ നൂറുകണക്കിന്‌ അരുവികളും നീരൊഴുക്കുകളും ഹൈറേഞ്ചില്‍നിന്ന്‌ പിറവിയെടുത്തതും ഈ പ്രാചീന വര്‍ഷധാരയുടെ ബലത്തില്‍തന്നെയാണ്‌.

ഒരിക്കല്‍ ഏറുമാടത്തിലിരിക്കുമ്പോള്‍ മഴ പെയ്‌തു തുടങ്ങിയ കാര്യം വര്‍ക്കിച്ചേട്ടന്‍ പറഞ്ഞു. മുപ്പതുവര്‍ഷം മുമ്പത്തെ കഥ. ഒരു ആനക്കൂട്ടം വന്ന്‌ ചിന്നംവിളിച്ച്‌ വര്‍ക്കിച്ചേട്ടനും കുടുംബവും ഇരുന്ന മരച്ചുവട്ടില്‍ തമ്പടിച്ചു. സമീപത്തൊന്നും ആരുമില്ല. ഏറുമാടത്തിലിരുന്നു ആനക്കൂട്ടത്തെ അകറ്റാനും കഴിയില്ല. മഴ പെയ്‌തുകൊണ്ടേയിരുന്നു. ആനക്കൂട്ടം മരച്ചുവട്ടില്‍ത്തന്നെ കൂടി. ഒരാഴ്‌ച, രണ്ടാഴ്‌ച... ഒടുവില്‍, ഈറ്റ വെട്ടാന്‍ വന്ന ചിലര്‍ ആനക്കൂട്ടത്തെ അകറ്റി വര്‍ക്കിച്ചേട്ടനെയും കുടുംബത്തെയും രക്ഷപ്പെടുത്തി. അപ്പോഴും നൂല്‍മഴ പെയ്‌ത്‌ തീര്‍ന്നിരുന്നില്ല. ഇപ്പോള്‍ ഏറുമാടങ്ങളില്ല. ഏറുമാടമിരുന്ന മരവും ആ മരം ഭാഗമായിരുന്ന വനവും ഇല്ല. ആ കന്യാവനങ്ങളുടെ അനുഗ്രഹമേറ്റുവാങ്ങി ഇടുക്കിയെ തണുപ്പിച്ചിരുന്ന 'നാല്‌പതാംനമ്പര്‍ മഴ'യും എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു.

പ്രതീക്ഷിക്കാത്തത്ര വേഗത്തില്‍ വന്നെത്തിയ മാറ്റങ്ങളെ നേരിടാന്‍ ഇന്ന്‌ ഇടുക്കിയുടെ മണ്ണും മനുഷ്യനും പെടുന്നപാട്‌ ചില്ലറയല്ല. "ഇപ്പോഴത്തെ കൂലംകുത്തി പെയ്യുന്ന മഴ ഭൂമിയില്‍ ഇറങ്ങുമോ; മണ്ണെല്ലാം കുത്തിയൊലിച്ചു പോവുകയല്ലേ?"-ഇടുക്കി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയിലേക്കാണ്‌ ഈറ്റോലില്‍ ശിവരാമന്റെ ചോദ്യം വിരല്‍ചൂണ്ടുന്നത്‌. സമീപകാലത്ത്‌ കേരളത്തില്‍ മണ്ണൊലിപ്പും മലയിടിച്ചിലും മൂലം ഏറ്റവുമധികം മേല്‍മണ്ണ്‌ നഷ്ടമായ ഭൂമി ഒരുപക്ഷേ, ഇടുക്കിയുടേതായിരിക്കും.

മറ്റുപല സംഗതികളും പോലെ മഴയുടെ സ്വഭാവവും പ്രകൃതി നില്‍കുന്ന മുന്നറിയിപ്പാണ്‌. ദീര്‍ഘനേരം നീണ്ടുനിന്ന്‌ ശക്തികുറഞ്ഞു പെയ്യുന്ന മഴയ്‌ക്കു പകരം വലിയ തുള്ളികളോടുകൂടി ഉറഞ്ഞുതുള്ളി നിമിഷനേരം കൊണ്ട്‌ പെയ്‌തൊഴിയുന്ന മഴ "പരിസ്ഥിതിക്കേല്‍ക്കുന്ന നാശത്തിന്റെ വ്യക്തമായ സൂചന''യാണെന്ന്‌ പ്രശസ്‌തപരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ ഡോ.സതീഷ്‌ചന്ദ്രന്‍ നായര്‍ പറഞ്ഞിട്ടുണ്ട്‌. ശക്തികൂടിയ അത്തരം മഴയാണ്‌ മണ്ണൊലിപ്പിനും മലയിടിച്ചിലിനും കാരണമാകുന്നത്‌. ഇടുക്കി ജില്ലയില്‍ മഴയുടെ സ്വഭാവം മാറിയതോടെ ചെങ്കുത്തായ മലനിരകളില്‍നിന്ന്‌ മേല്‍മണ്ണ്‌ ഭീഷണമാംവിധം നഷ്ടപ്പെട്ടിരിക്കുന്നു.

മണ്ണൊലിപ്പു മാത്രമല്ല, പെയ്യുന്ന മഴയില്‍ നല്ലൊരുഭാഗം മണ്ണില്‍ താഴ്‌ന്ന്‌ ഭൂഗര്‍ഭജലമായി മാറിയാല്‍ മാത്രമേ നദികളും അരുവികളും വര്‍ഷം മുഴുവന്‍ ജീവനോടെ നിലനില്‍ക്കൂ. പക്ഷേ, ഇപ്പോള്‍ നാശത്തിന്റെ സന്ദേശവാഹകരെപ്പോലെ പെയ്‌തെത്തുന്ന മഴവെള്ളം ഭൂമിയില്‍ താഴാതെ കുത്തിയൊലിച്ച്‌ മണ്ണിനെ തരിശാക്കി പോവുകയാണ്‌ പതിവ്‌. കേരളത്തില്‍ സമൃദ്ധമായി മഴ കിട്ടുന്നുണ്ടെങ്കിലും, മഴവെള്ളത്തില്‍ 80 ശതമാനവും നഷ്ടമാകുന്നുവെന്നാണ്‌ കണക്ക്‌. ഇടുക്കിയില്‍ ഈ നഷ്ടത്തിന്റെ തോത്‌ കൂടുതലാണ്‌. മഴ മാനത്തുനിന്ന്‌ മാറിയാലുടന്‍ ഇടുക്കിയുടെ പലഭാഗവും കുടിനീര്‍ക്ഷാമത്തിന്റെ പിടിയിലാകുന്നത്‌ ഇതിന്റെ സൂചനയാണ്‌.

സമുദ്രനിരപ്പില്‍നിന്ന്‌ 2000 മീറ്ററിലധികം ഉയരത്തില്‍, മലഞ്ചെരിവുകളില്‍ മഴക്കാടുകള്‍ അവശേഷിച്ചിരുന്ന സമീപകാലത്തിന്റെ ഓര്‍മ മാത്രമാണ്‌ ഇന്ന്‌ 'നാല്‌പതാംനമ്പര്‍ മഴ'. ഇപ്പോള്‍, കാലം ചെല്ലുന്തോറും മഴയുടെ ആക്കം വര്‍ധിക്കുന്നു. കൂടുതല്‍ കൂടുതല്‍ മേല്‍മണ്ണ്‌ നഷ്ടമാകുന്നു. ഇടുക്കിക്ക്‌ അട്ടപ്പാടിയുടെ അവസ്ഥയിലേക്കുള്ള അകലം കുറയുകയാണ്‌. (ലേഖനം 1999 ഒക്ടോബര്‍ 24-ലെ 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്‌; ചിത്രം 2006-ലെ കുറിഞ്ഞിക്കാലത്ത്‌ രാജമലയില്‍ നിന്നെടുത്തത്‌; കടപ്പാട്‌: അനീഷ്‌ പി. ചിറയ്‌ക്കല്‍)

25 comments:

Joseph Antony said...

'നാല്‌പതാംനമ്പര്‍ മഴ' ഒരുകാലത്ത്‌ ഇടുക്കിയുടെ ഉയര്‍ന്നവിതാനങ്ങളില്‍ മുഴുവന്‍ പെയ്‌തിരുന്നു. കാടുകള്‍ ശോഷിച്ചപ്പോള്‍ കാലാവസ്ഥ മാറിയപ്പോള്‍ ആ പ്രതിഭാസവും അന്യംനിന്നു. മഴയെക്കുറിച്ച്‌ സംസാരിക്കുന്നതിനിടയില്‍, നാല്‌പതാംനമ്പര്‍ മഴയെന്ന്‌ കേട്ടപ്പോള്‍ ആകാംക്ഷാഭരിതനായ ഷിജു അലക്‌സ്‌ ആണ്‌ ഈ പഴയ ലേഖനമിവിടെ പോസ്‌റ്റുചെയ്യാന്‍ പ്രേരണയായത്‌...

മൂര്‍ത്തി said...

പുതിയ അറിവാണെനിക്കിത്...
നാല്പതാം നമ്പര്‍ മഴ..നൂലു പോലെ കവിത തുളുമ്പുന്നുവോ?
നന്ദി...മാഷെ...

രാജ് said...

ലേഖനം തൊണ്ണൂറ്റിയൊമ്പതിലേ വായിച്ചിരുന്നു. വായിച്ചതിനെ കുറിച്ചുള്ള deja vu പറയാനൊരുങ്ങുമ്പോഴാണ് അടിക്കുറിപ്പ് കണ്ടത്. വീണ്ടും മഴയെ കുറിച്ചു പറഞ്ഞതിനു നന്ദി.

RR said...

പെരിങ്ങോടന്റെ കമന്റ്‌ കോപ്പി/പേസ്റ്റ്‌ ചെയ്യുന്നു. ഇതിനെ കുറിച്ചു ആദ്യം കേള്‍ക്കുന്നതു ഈ ലേഖനത്തില്‍ നിന്നു തന്നെ. കുറേ നാള്‍ മുമ്പാണെന്നു മാത്രം. വീണ്ടും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

qw_er_ty

Viswaprabha said...

ഈ പ്രത്യേക പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു ചെറിയ വിശദീകരണം ആയിക്കോട്ടെ?


ഒരു വസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന നൂലിന്റെ ഗുണനിലവാരത്തിന്റെ ഏകദേശക്കണക്കാണ് നൂലെണ്ണം അഥവാ thread Count. ഇവിടെ ത്രെഡ് എന്നുദ്ദേശിക്കുന്നത് നീളത്തിന്റെ ഒരു യൂണിറ്റ് ആണ്. (1 ത്രെഡ്= 54 ഇഞ്ച്). ഒരു ചതുരശ്ര അടി (പരുത്തി)വസ്ത്രത്തില്‍ വീതിയിലും( ഊട് -weft)നീളത്തിലും(പാവ് - Warp)ആകെ ഉപയോഗിച്ചിരിക്കുന്ന നൂലിന്റെ നീളം അളന്നാണ് ഈ ത്രെഡ് കൌണ്ട് കണ്ടുപിടിക്കുന്നത്.

കൂടുതല്‍ നീളം ഉണ്ടെങ്കില്‍ കൂടുതല്‍ ത്രെഡ് കൌണ്ട്. അതിനര്‍ത്ഥം ത്രെഡ്‌കൌണ്ട് കൂടുംതോറും നൂലിന്റെ വണ്ണം കുറഞ്ഞുവരും എന്നതാണ്. (പക്ഷേ ബലം കുറയണം എന്നില്ല. സ്പിന്നിങ്ങ് പ്രക്രിയയില്‍ കൂടുതല്‍ ഗുണമാര്‍ന്ന പരുത്തി കൂടുതല്‍ വലിച്ചുനീട്ടിയാണ് (drawing) ത്രെഡ് കൌണ്ട് കൂടിയ നൂലുകള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് വിലയും കൂടും.)

മലയോരക്കുടിയേറ്റക്കാലത്ത് ഇല്ലായ്മ മറ്റെല്ലാം പോലെത്തന്നെ വസ്ത്രത്തേയും ബാധിച്ചിരുന്നു. അക്കാലത്ത് നേരിയതും (ത്രെഡ് കൌണ്ട് 120 അല്ലെങ്കില്‍ അതില്‍ കൂടുതല്‍) ജഗന്നാഥനും (ത്രെഡ് കൌണ്ട് 80നു മുകളില്‍) ഒരു ആഡംബരമായിരുന്നു. 40-ആം നമ്പര്‍ “മല്‍മല്‍” ആയിരുന്നു സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പൊതുവേ വില കുറവും ഈടുനില്‍പ്പുള്ളതുമായ തുണി. അതുതന്നെ ഈരിഴ ആയി നെയ്യുന്നതായിരുന്നു തോര്‍ത്ത് ആയി ഉപയോഗിച്ചിരുന്നത്.

തൃശ്ശൂര്‍ ജില്ലയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും നാല്‍പ്പതാം നമ്പര്‍ മഴയും ആ പദപ്രയോഗവും ഉണ്ടായിരുന്നു. എന്റെ ഓര്‍മ്മയില്‍, അങ്ങനെ പറഞ്ഞിരുന്നവര്‍ അധികവും പ്രായമായ വിമുക്തഭടന്മാരായിരുന്നു.

നാല്‍പ്പതാം നമ്പര്‍ മഴ കാണുമ്പോള്‍ നിസ്സാരമെങ്കിലും പെരുമഴയേക്കാള്‍ ശക്തിമാനായിരുന്നു. വളരെ സാവധാനം ദീര്‍ഘനേരം പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ അത്തരം മഴയാണ് കുന്നും കുഴിയും മണ്ണും പാടവും കിനിഞ്ഞിറങ്ങി ഒരാണ്ടു മുഴുവന്‍ നാടിനും നാട്ടാര്‍ക്കും ദാഹം തീര്‍ക്കാന്‍ വെള്ളം സംഭരിക്കാറ്‌. കാലവര്‍ഷത്തില്‍ സാധാരണ രോഹിണി,മകയിരം, പൂയം, ആയില്യം ഞാറ്റുവേലകളിലാണ് ഇത്തരം മഴയുണ്ടാവാറ്‌. ഇടയ്ക്കുള്ള തിരുവാതിരയും പുണര്‍തവും പെരുമഴയും.
(ഇത്തരം കാലഗണനയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലാതായി വരുന്നു :( )

ഇതിനു നേരെ വിപരീതമാണ് രാജസ്ഥാനിലും അറേബ്യയിലും മറ്റും കാണാറുള്ള മഴ. പെട്ടെന്നുള്ള താപമര്‍ദ്ദവ്യതിയാനങ്ങള്‍ അത്തരം മരുഭൂമികളില്‍ ഉണ്ടാക്കുന്നത് കോരിയൊഴിക്കുന്നതുപോലെയുള്ള ഹ്രസ്വമായ പെരുമഴകളാണ്. ആലിപ്പഴം എന്ന പ്രതിഭാസവും ഇത്തരം സ്ഥലങ്ങളിലാണ് കൂടുതലുള്ളത്.

പതിവുപോലെത്തന്നെ പ്രതീക്ഷയ്ക്കൊത്തുനില്‍ക്കുന്ന, അതിസുന്ദരമായ ഈ പോസ്റ്റിനോടു കൂടി ചേര്‍ത്തുവായിക്കേണ്ട ഒന്നാണെന്നു തോന്നുന്നു അപ്പു എഴുതിയ ഹ്യുമിഡിറ്റി - Humidity - ഒരു സചിത്ര ശാസ്ത്രപോസ്റ്റ് എന്ന ലളിതമായ ലേഖനം.

കണ്ണൂസ്‌ said...

മഴനൂലുകള്‍ എന്ന വാക്കിന്റെ അര്‍ത്ഥവും ഇപ്പോഴാണ്‌ ശരിയായി മനസ്സിലായത്‌.

നല്ല ലേഖനം.

സു | Su said...

നൂലുപോലെ മഴ. അതിനൊരു പേര്. നല്ല രസമുണ്ട്. അറിഞ്ഞതില്‍ സന്തോഷം. ചിത്രം കണ്ടില്ല ഞാന്‍.

chithrakaran ചിത്രകാരന്‍ said...

ജ യുടെ വിജ്ഞാനപ്രദമായ പൊസ്റ്റിനും, വിശ്വപ്രഭയുടെ കമന്റിനും നന്ദി.

Joseph Antony said...

നാല്‌പതാംനമ്പര്‍ മഴ നേര്‍ത്ത നുലുപോലെ ധാരമുറിയാതെ പെയ്യുന്ന ഒന്നാണെന്നല്ലാതെ, ആ പേരിനു പിന്നില്‍ മറ്റെന്തെല്ലാം മനസിലാക്കാനിരിക്കുന്നു എന്ന്‌, വിശ്വം മാഷിന്റെ കമന്റ്‌ വായിച്ചപ്പോഴാണ്‌ സത്യത്തില്‍ മനസിലായത്‌. ഇനിയും എന്തെല്ലാം കണ്ടുപിടിക്കാന്‍ ബാക്കിയുണ്ടെന്ന ഓര്‍മപ്പെടുത്തലാണ്‌ ഓരോ പുതിയ കണ്ടെത്തലും എന്നു പറയുംപോല, ഇനിയും എന്തെല്ലാം മനസിലാക്കാന്‍ ബാക്കിയുണ്ടെന്ന ഓര്‍മപ്പെടുത്തലാണ്‌ ആ കമന്റ്‌. വിനയപൂര്‍വം ഇക്കാര്യം ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.....

നാല്‌പതാംനമ്പര്‍ മഴ നനയാന്‍ വീണ്ടുമെത്തിയ പെരിങ്ങോടര്‍ക്കും, rr-നും, ആദ്യം നനഞ്ഞ മൂര്‍ത്തിക്കും, കണ്ണൂസ്‌, സു, ചിത്രകാരന്‍ എന്നിവര്‍ക്കും അഭിവാദ്യങ്ങള്‍....
-ജോസഫ്‌ ആന്റണി

Physel said...

വായിച്ചു വന്നപ്പൊ ഇതെവിടെയോ മുന്നെ വായിച്ചിട്ടുണ്ടല്ലോ എന്ന തോന്നല്‍...അവസാനം അടിക്കുറിപ്പു കണ്ടപ്പഴാ മനസ്സിലായത്. ഒരു നാല്പതാം നമ്പ്ര് മഴ നനഞ്ഞ പോലെ...നന്ദി

Myna said...

നാല്‌പതാം നമ്പര്‍ മഴ വീണ്ടും ഇവിടെ വായിക്കാനായതില്‍ സന്തോഷം. ഈ പറയുന്ന നാല്‌പതാം നമ്പര്‍ മഴയുടെ സ്ഥലവാസിയായിരുന്നിട്ടും മല്‍മല്‍ കണക്ക്‌ വിശ്വന്‍ മാഷില്‍ നിന്നാണ്‌ കിട്ടിയത്‌. നന്ദി.

oru blogger said...

JA
Hope more people share your concern about climate change and enviornment.

The opposite of this is reflected in the Sub-Saharan Drought and conflict. That was on CNN a few days back.

but no immediate solution that anyone can offer. And Kerala's water problem, I think that's a whole different issue!

(sorry, no kizhiman on the work computer:)

Joseph Antony said...

തമ്പിയളിയന്‍,
അങ്ങയുടെ അഭിപ്രായം ഞാന്‍ വിലമതിക്കുന്നു. പക്ഷേ, കേരളത്തിന്‌ ലോകത്തിന്റെ പൊതുഭൂമികയില്‍നിന്ന്‌ മാറിനിന്നൊരു കാലാവസ്ഥയുണ്ടാകും എന്നെനിക്കു തോന്നുന്നില്ല. കേരളത്തിലെ മഴയുടെ ക്രമം മാറുന്നതും, കേരളം പകര്‍ച്ചവ്യാധികളുടെ പിടിയിലകപ്പെടുന്നതുമൊക്കെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു വേണം കാണാന്‍ എന്നാണ്‌ എന്റെ തോന്നല്‍.
ലോകത്തു നടക്കുന്ന പല കാര്യങ്ങളും യാദൃശ്ചികമായി ഒറ്റപ്പെട്ട നിലയില്‍ സംഭവിക്കുന്നതാണെന്ന്‌ പറയും മുമ്പ്‌ കാര്യങ്ങളെ ഒന്നുകൂടി മനസിലാക്കാന്‍ ശ്രമിക്കണം എന്നാണ്‌ പറയാനുള്ളത്‌.
ആദരപൂര്‍വം, ജോസഫ്‌ ആന്റണി

വേണു venu said...

ഇപ്പോള്‍ ഏറുമാടങ്ങളില്ല. ഏറുമാടമിരുന്ന മരവും ആ മരം ഭാഗമായിരുന്ന വനവും ഇല്ല. ആ കന്യാവനങ്ങളുടെ അനുഗ്രഹമേറ്റുവാങ്ങി ഇടുക്കിയെ തണുപ്പിച്ചിരുന്ന 'നാല്‌പതാംനമ്പര്‍ മഴ'യും എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു.
മാഷേ.. ആ കണ്ണൂരിലെ തവളകളുടെ കാര്യം പോലെ ,
അറിയാതിരിക്കുന്ന പരമാര്‍ഥങ്ങളുടെ പൊരുളറിയാന്‍‍ ആസ്വദിച്ചു വായിച്ചു. ശ്രീ.വിശ്വപ്രഭയുടെ കമന്‍റു കൂടി വായിച്ചപ്പോള്‍‍ എനിക്കാ നൂല്‍‍ മഴ നനയാനായി.
ഓ.ടോ.
സര്‍വ്വനാശങ്ങളും പ്രകൃതി നിഷേധത്തില്‍ നിന്നു്.:)

oru blogger said...

JA
കാലാവസ്ധ മാറിമറിയുന്നത് ആഗോളപ്രതിഭാസം തന്നെയാണ്. കേരളത്തിലെ നാല്പതാം നമ്പര്‍ മഴനില്‍ക്കുന്നതും, നൈജീരിയായില്‍ സഹാറയില്‍ വെള്ളമില്ലാതെ വരുന്നതും, ന്യൂ ഓര്‍ളിയന്‍സില്‍ കത്രിന വന്നതുമൊക്കെ കണക്റ്റടാണ്.

എന്റെ ആ അവസാനത്തെ കമന്റ്, അതില്‍ ഞാന്‍ ഉദ്ദേശിച്ചത് മറ്റൊരു കാര്യമാണ്. താങ്കള്‍ വേള്ളം കുറയുന്നതിനെക്കുറിച്ച് പരമര്‍ശിച്ചതിനാല്‍, കേരളത്തില്‍ “water management" ചെയ്താന്‍ ഗവര്‍ണ്മെന്റിനു ആള്‍ക്കാര്‍ക്ക് വെള്ളം കൊടുക്കാവുന്നതെയുള്ളു എന്നേ ഞാന്‍ ഉദ്ദേശിച്ചൊള്ളു. രാഷ്ട്രീയക്കാര്‍ തെക്കുവടക്ക് നടക്കുകയല്ലാതെ എന്തോന്ന് water management! 1 മൈലില്‍ ഒരു പൈപ്പിടാന്‍ 8 പഞ്ചവത്സര പദ്ധതി വേണം!

ഗുപ്തന്‍ said...

മാഷേ ഈ കുറിപ്പ് കൌതുകമായി തോന്നി. മഴക്ക് ഇങ്ങനെയും ഒരു വകഭേദം ഉള്ളതായി അറിയില്ലായിരുന്നു. അല്ല... ഇതു മഴയുടെ ഒരു വകഭേദം ആണെന്ന് അറിയില്ലായിരുന്നു.

മധ്യപ്രദേശില്‍ ... ഇപ്പോഴത്തെ ഛത്തീസ്‌ഗഢില്‍...ഒരു ആദിവാസിഗ്രാമത്തില്‍ ഒരു ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ ഒരിക്കല്‍ നൂലിഴപോലെ നനയുന്നതറിയാത്ത ഒരു മഴ നനഞ്ഞതോര്‍ക്കുന്നുണ്ട്. ദേഹമാകെ നനഞ്ഞുകുതിര്‍ന്നിട്ടേ തണുപ്പില്‍ മഴതൊടുന്നതറിഞ്ഞുള്ളൂ...പിന്നീട് നൂലിഴകള്‍ വ്യക്തമാകുമ്പോഴും ശബ്ദമോ ഘോഷമോ ഇല്ലാത്ത സൌമ്യമായ ഒരു തലോടല്‍ പോലെ... ഉത്സവത്തില്‍ നിന്നകന്ന് ഒരു ചെറിയ മലകയറി കുളിര്‍ന്നു വിറക്കുവോളം നനഞ്ഞു അന്ന് ഞങ്ങള്‍ രണ്ടുപേര്‍....


ആ മഴയുടെ നമ്പര്‍ എനിക്കറിയില്ലാട്ടോ.... പക്ഷേ നൂല്‍ മഴ എന്നൊക്കെ പറയുമ്പോള്‍ സുഖമുള്ള ഒരു കുളിര്...

ഹായ്...അങ്ങനെ ഞാന്‍ കുറിഞ്ഞി ഓണ്‍ലൈനിലും ഓഫ്ഫിട്ടു :P

കുടുംബംകലക്കി said...

‘പ്രകൃതിയുടെ മിശ്രണം; ടാറ്റയുടെ പാക്കിങ്’ എന്ന പരസ്യവാക്യത്തിന്റെ ഭംഗി അനുഭവേദ്യമാകണമെങ്കില്‍ മൂന്നാറില്‍ ഈ മഴ നനയണം.
ഇടുക്കി ഉള്‍പ്പെടെയുള്ള ‘പദ്ധതി പ്രദേശങ്ങളില്‍’ ജലം നിറയുന്നത് ഈ മഴയിലൂടെയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഹൈറേഞ്ചില്‍ ഈ മഴ കുറയുമ്പോഴാണത്രെ വേനലില്‍ അണക്കെട്ടുകളിലെ ജലവിതാനം പെട്ടെന്ന് താഴുന്നത്.
(ലേഖനം സുന്ദരമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? :))

mumsy-മുംസി said...

ലേഖനം ഇഷ്ടമായി.
(ഒരു മഴപുസ്തകമുണ്ട്, 'മഴക്കാലം' എന്ന പേരില്‍.
മലയാളമനോരമയിലെ സബ് എഡിറ്ററായ ടോം ആണ്‌ അത്‌ എഡിറ്റ് ചെയ്‌തിട്ടുള്ളത്‌ എന്നാണ്‌ ഓര്‍മ്മ, അതിലും നാല്‍പ്പതാം നമ്പര്‍ മഴയെക്കുറിച്ച് പറയുന്നുണ്ട്‌)

Kaippally കൈപ്പള്ളി said...

ആഗോള താപനില ഉയരുന്നത് കൊണ്ടാണു് മുമ്പില്ലാത്ത പല രോഗങ്ങളും ഇപ്പോള്‍ രൂക്ഷമായി പടര്‍ന്നു പിടിക്കുന്നത്.

കെരളത്തിലെ തീരദേശങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാക്രമണങ്ങള്‍ polar ice cap ന്റെ meltingന്റെ ഫലമായാണു്.

ഭാരത സര്‍ക്കാര്‍ അമേരിക്കയോട് kyoto agreementല്‍ ഉപ്പുവെക്കാന്‍ സമര്‍ദ്ദം ചെലുത്തണം. ഇല്ലെങ്കില്‍ കേരളം പോലുള്ള തീര സംസ്ഥാനങ്ങളുടെ നല്ലൊരു പങ്ക്‍ വെള്ളത്തിലാവും എന്നതിനു് സംശയമില്ല

ശാലിനി said...

നല്ല ലേഖനം, ഒരു നൂല്‍മഴ നനഞ്ഞതുപോലെ. നല്‍കിയ അറിവിന് നന്ദി.

വള്ളുവനാടന്‍ said...

ജോസഫേട്ടാ... വീണ്ടും മുതലക്കുളത്തിനരുകിലെ കൊച്ചുക്ളാസ് മുറിയിലേക്ക് പിടിച്ചു വലിച്ചുകൊണ്ടുപോയതിന് നന്ദി... ഉപ്പിന്‍റെ ഗന്ധമുള്ള കാറ്റില്‍, ചില്ലുജനാലകള്‍ക്കിടയിലൂടെ പെരുത്തുപെയ്ത മഴയെ നോക്കി അന്ന് താങ്കള്‍ പറഞ്ഞ അതേ വാക്യങ്ങള്‍ ഞാനിന്ന് കേള്‍ക്കുന്നു. നാല്‍പതാം നമ്പര്‍ മഴയെക്കുറിച്ച് അന്നു പറഞ്ഞത് ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു. ഒടുവില്‍ നെടുങ്കയത്ത് അതേ ആഴ്ചയില്‍ തന്നെ ഒരു രാത്രി കഴിച്ചുകൂട്ടി മഴയുടെ ഗന്ധവും ശബ്ദവും തണുന്ന മഴനൂലുകളുടെ സ്പര്‍ശവും (നമ്പര്‍ ഇടാനാവാത്ത മഴയായിപോയില്ലേ ഞങ്ങളുടെ തലമുറക്കായി കിട്ടിയത്.)ഒക്കെ ഏറ്റുവാങ്ങി ഞങ്ങള്‍ ആസ്വദിച്ചു. ആ ഒരു ദിവസം ഉണ്ടാകാന്‍ കാരണമായ അതേ നാല്‍പതാം നമ്പര്‍ മഴയെ വീണ്ടും ഓര്‍മ്മിപ്പതിന്, ഗൃഹാതുരത്വത്തോടെ നിലമ്പൂര്‍ കാട്ടിലെ ക്യാംപിനെ ഓര്‍മ്മിപ്പിച്ചതിന്... നന്ദി

Abdu said...

എത്ര നാല്‍‌പതാം നമ്പര്‍‌നഷ്ടങ്ങള്‍‌ എന്റെ പ്രായത്തിന്, കാലത്തിന്

ആരാണ് എന്റെ നഷ്ടങ്ങളുടെ ഉത്തരവാദികള്‍?

t.k. formerly known as thomman said...

വളരെ നല്ല ലേഖനം! global warming-ന്റെ പ്രത്യാഘാതങ്ങള്‍ ഇങ്ങനെ ഓരോയിടങ്ങളില്‍ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും മാറ്റിമറിക്കുന്നതു കാണുമ്പോള്‍ പേടിയാകുന്നു.

sunilfaizal@gmail.com said...

നന്നായി

B Moh'd Ashraf said...

ഓരോ ദിവസവും ഓരോ അറിവുകൾ..വിശ്വപ്രഭയുടെ ലേഖനങ്ങൾ വായിച്ചു ജോസഫ് ആന്റണി യിൽ എത്തി.. അങ്ങനെ പലതും വായിച്ചും പലകാര്യങ്ങൾ അറിയാൻ കഴിയുന്നു... നാൽപ്പതാം നമ്പർ മഴ.. പുതിയ അറിവ് തന്നെ...