Thursday, June 14, 2007

ചിറകുള്ള ദിനോസര്‍ ഭീമന്‍


പക്ഷികളെപ്പോലെ ചിറകുള്ള ഭീമന്‍ ദിനോസറിന്റെ ഫോസില്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍നിന്ന്‌ ഗവേഷകര്‍ കണ്ടെടുത്തു. ദിനോസറുകളെപ്പറ്റി നിലവിലുള്ള പല ധാരണകളും തിരുത്താന്‍ ഈ കണ്ടെത്തല്‍ കാരണമായേക്കാം.

തിന്‌ മുമ്പ്‌ തിരിച്ചറിഞ്ഞിട്ടുള്ള ചിറകുള്ള ദിനോസറുകളെക്കാള്‍ 35 മടങ്ങ്‌ ഭാരമുണ്ട്‌ പുതിയ ഇനത്തിന്‌. അവ എന്തു കഴിച്ചാണ്‌ ജീവിച്ചിരുന്നത്‌ എന്നകാര്യം ഗവേഷകര്‍ക്ക്‌ വ്യക്തമായിട്ടില്ല. 'ഗിഗാന്ററാപ്‌ടര്‍ ഇര്‍ലിയാനെന്‍സിസ്‌' (Gigantoraptor erlianensis) എന്ന്‌ ശാസ്‌ത്രീയനാമം നല്‍കിയിട്ടുള്ള ഈ ജീവക്ക്‌ 1400 കിലോഗ്രാം ഭാരമുണ്ടായിരുന്നു; എട്ടുമീറ്റര്‍ നീളവും. മാംസഭുക്കുകളായ ദിനോസറുകള്‍ പരിണാമം വഴി പക്ഷികളുടെ രൂപമാര്‍ജിക്കുമ്പോള്‍, അവയുടെ വലിപ്പം കുറയുമെന്ന വാദത്തിന്‌ പുതിയ കണ്ടുപിടിത്തം വെല്ലുവിളിയാണ്‌.

ഈ പ്രാചീനജീവികള്‍ മാംസഭൂക്കായിരുന്നോ സസ്യഭുക്കായിരുന്നോ എന്ന കാര്യത്തില്‍ ഒരു നിഗമനത്തിലുമെത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല. കാരണം, ഇവയ്‌ക്ക്‌ മാംസഭുക്കുകളുടെയും സസ്യഭുക്കുകളുടെയും ലക്ഷണം ഉണ്ട്‌. കൂര്‍ത്ത്‌ മൂര്‍ച്ചയേറിയ നഖങ്ങള്‍ മാംസഭുക്കിന്റെ ലക്ഷണമാകുമ്പോള്‍, ചെറിയ ശിരസ്സും നീണ്ട കഴുത്തും സസ്യഭുക്കുകളുടെ സൂചനയാണ്‌ നല്‍കുന്നത്‌.

ഇന്നര്‍ മംഗോളിയയിലെ ഇര്‍ലിയാന്‍ തടത്തില്‍നിന്നാണ്‌ ഫോസിലുകള്‍ കണ്ടെടുത്തത്‌. ഏഴുകോടി വര്‍ഷം മുമ്പ്‌ ക്രിറ്റേഷ്യസ്‌ യുഗ (Cretaceous Period)ത്തിന്റെ അവസാനകാലത്താണ്‌ ഇവ ജീവിച്ചിരുന്നത്‌. 'ടൈറനോസ്സറസ്‌ റെക്‌സ്‌' (T.rex) ഉള്‍പ്പെടുന്ന 'ടൈറനോസ്സര്‍' വിഭാഗത്തിലാണ്‌, പുതിയതായി കണ്ടെത്തിയ ജീവിയും ഉള്‍പ്പെടുന്നതെന്നാണ്‌ ഗവേഷകര്‍ ആദ്യം കരുതിയത്‌-‌ 'നേച്ചര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.
എന്നാല്‍, 'തെറോപോഡ്‌' (theropod) ഗ്രൂപ്പില്‍ പെടുന്നതാണ്‌ ഈ ജീവികളെന്ന്‌ പിന്നീട്‌ വ്യക്തമായി. സാധാരണഗതിയില്‍ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ മാംസഭുക്കുകളാണ്‌. പക്ഷേ, 'ഇര്‍ലിയാനെന്‍സിസി'ന്‌ പല്ലില്ല. അവ എന്താണ്‌ ഭക്ഷിച്ചിരുന്നതെന്നത്‌ ഒരു നിഗൂഢതയാണ്‌-ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ദിനോസര്‍ ഗവേഷകനായ ഡോ.പോള്‍ ബാരെറ്റ്‌ പറയുന്നു.
ടി.റെക്‌സുകളെക്കാള്‍ വേഗത്തില്‍ വളരുന്ന ഇനമായതിനാലാവണം പുതിയ ദിനോസറുകള്‍ ഇത്ര ഭീമന്‍മാരാകാന്‍ കാരണമെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാക്കാതെ ചെറുപ്പത്തിലേ നശിച്ച ഒരെണ്ണത്തിന്റെ ഫോസിലാണ്‌ ഇപ്പോള്‍ കണ്ടുകിട്ടിയത്‌. അസ്ഥികളുടെ വളര്‍ച്ചാനിരക്കു വെച്ച്‌ 11 വര്‍ഷം പ്രായമുള്ളപ്പോള്‍ നശിച്ച ദിനോസറാണതെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു.
"അത്ഭുതകരമായ കണ്ടുപിടിത്തമാണിത്‌. ഇതല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്‌"-ബെയ്‌ജിങില്‍ ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സസിലെ പുരാവസ്‌തു ഗവേഷകനായ ക്‌സു ലിങ്‌ പറയുന്നു. പരിണാമ ശാഖയില്‍ പക്ഷികളുമായി നേരിട്ടു ബന്ധമുള്ള വര്‍ഗ്ഗമല്ല ഈ ദിനോസറെന്ന്‌ ഡോ. ബാരെറ്റ്‌ അഭിപ്രായപ്പെടുന്നു. പക്ഷികളുടേതായി ഇന്നറിയപ്പെടുന്ന ചില ലക്ഷണങ്ങള്‍ അവയുടെ ചില ബന്ധുവര്‍ഗ്ഗങ്ങള്‍ക്കും ഉണ്ടായിരുന്നിരിക്കാമെന്ന ആശയത്തെ പുതിയ കണ്ടെത്തല്‍ പിന്താങ്ങുന്നു.(അവലംബം: 'നേച്ചര്‍' ഗവേഷണവാരിക)

6 comments:

Joseph Antony said...

ചിറകുള്ള ഒരു ഭീമന്‍ ദിനോസര്‍. 1400 കിലോഗ്രാമെങ്കിലും ഭാരം ഉണ്ടായിരുന്നിരിക്കണം അവയ്‌ക്ക്‌. ചൈനയില്‍നിന്നു കണ്ടെത്തിയ ഫോസിലാണ്‌ ഈ പുതിയയിനം ദിനോസറുകളെക്കുറിച്ച്‌ ശാസ്‌ത്രലോകത്തെ ബോധ്യപ്പെടുത്തുന്നത്‌. ദിനോസറുകളെക്കുറിച്ചുള്ള പല ധാരണകളും തിരുത്താന്‍ ഇടയാക്കിയേക്കാവുന്ന ആ കണ്ടെത്തലിനെപ്പറ്റി.

മൂര്‍ത്തി said...

നന്ദി മാഷേ...വിവരങ്ങള്‍ക്ക്. യാദൃശ്ചികമായിരിക്കാം കുറച്ചുമുന്പ് അപ്പൂസ് ഓന്തുകളുടെ ഫോട്ടോ ഇട്ടകൂട്ടത്തില്‍ ദിനോസറുകളെ പരാമര്‍ശിച്ചിരുന്നു...:)

Mr. K# said...

ചിലപ്പോ അതിനു പറക്കാനുള്ള കഴിവുണ്ടായിരുന്നിരിക്കില്ല, ഒട്ടകപ്പക്ഷിയുടെ പോലെ.

:: niKk | നിക്ക് :: said...

താങ്ക്സ്‌ ഫോര്‍ ദി ഇന്‍ഫോ :)

vimathan said...

ജോസഫ് മാഷേ, ഈ ദിനോസറുകളൊക്കെ ഏതു കാരണം കൊണ്ടാണ് വംശനാശം സംഭവിച്ചത് എന്നുള്ളതിന് ശാസ്ത്രലോകം പൊതുവെ അംഗീകരിച്ച എന്തെങ്കിലും തിയറി ഉണ്ടോ?

Joseph Antony said...

വിമതന്‍,
കുറിഞ്ഞി ഓണ്‍ലൈനില്‍ വന്ന ഈ പോസ്‌റ്റ്‌ നോക്കൂ.