Saturday, June 16, 2007

ചികിത്സാവിപ്ലവത്തിന്‌ 'ഗുഹാമനുഷ്യന്‍'

മനുഷ്യശരീരത്തിന്റെ ഏറ്റവും വിശദവും ആധികാരികവുമായ ചതുര്‍മാന ചിത്രം ഒരു സംഘം ഗവേഷകര്‍ രൂപപ്പെടുത്തിയിരിക്കുകയാണ്‌. രോഗിയുടെ ശരീരത്തിനുള്ളില്‍ പ്രവേശിച്ച്‌ പരിശോധന നടത്താന്‍ (പ്രതീതിയാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത്‌) ഡോക്ടര്‍ക്ക്‌ അവസരമൊരുക്കുന്നു ഈ മൂന്നേറ്റം. ചികിത്സാരംഗത്ത്‌ വിപ്ലവം വരുത്തിയേക്കാവുന്ന ഒന്നായി ഇത്‌ വിലയിരുത്തപ്പെടുന്നുരോഗിയുടെ ശരീരത്തിലേക്ക്‌ ഊളിയിട്ട്‌ രോഗബാധിതഭാഗങ്ങള്‍ അടുത്തു പരിശോധിക്കുന്ന ഡോക്ടറുടെ കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. 'ട്രയല്‍' ചെയ്‌തു നോക്കിയ ശേഷം ശസ്‌ത്രക്രിയ പിഴവു കൂടാതെ നടത്താവുന്ന സ്ഥിതി എത്ര അഭികാമ്യമായിരിക്കും അല്ലേ. സ്വന്തം പ്രശ്‌നം രോഗിക്കു നേരിട്ടു നിരീക്ഷിച്ചു മനസിലാക്കിയ ശേഷം ചികിത്സയ്‌ക്ക്‌ ശരിയായ തയ്യാറെടുപ്പ്‌ നടത്താമെന്ന്‌ വന്നാലോ? ഇതൊക്കെ എന്നെങ്കിലും സംഭവിക്കാവുന്ന കാര്യമാണോ എന്നാകും ആലോചന. ഭാവിയില്‍ സംഭവിക്കാവുന്നതല്ല, ഇപ്പോള്‍ തന്നെ സംഭവിച്ചു തുടങ്ങിയ കാര്യങ്ങളാണിവ. കമ്പ്യൂട്ടര്‍ സങ്കേതത്തെയും ആധുനിക രോഗനിര്‍ണയ ഉപാധികളെയും വിവരസാങ്കേതികവിദ്യയുമായി കൂട്ടിയിണക്കിയാണ്‌ മേല്‍പ്പറഞ്ഞ സാധ്യതകള്‍ ഒരുസംഘം കനേഡിയന്‍ ഗവേഷകര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്‌.

നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ ആറുവര്‍ഷത്തെ ശ്രമഫലമായി, മനുഷ്യശരീരത്തിന്റെ ഏറ്റവും വിശദമായ 'ചതുര്‍മാന'(4D) ചിത്രം ഗവേഷകര്‍ രൂപപ്പെടുത്തിയിരിക്കുന്നു. 'ഗുഹാമനുഷ്യന്‍'(CAVEman) എന്നു പേരിട്ടിട്ടുള്ള ആ ചതുര്‍മാനചിത്രത്തില്‍ 3000 ശരീരഭാഗങ്ങളുടെ വിശദാംശങ്ങള്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. ഒരു ബൂത്തില്‍ ത്രിഡി കണ്ണടയുപയോഗിച്ച്‌ 'ഗുഹാമനുഷ്യനെ' നിരീക്ഷിക്കാം. ഓരോ ശരീരഭാഗവും യഥാര്‍ത്ഥ പൊക്കത്തിലും നീളത്തിലും വീതിയിലും മുന്നില്‍ തെളിഞ്ഞു കാണും.

ചില ജയിംസ്‌ ബോണ്ട്‌ ചിത്രങ്ങളില്‍, ത്രിമാന മനുഷ്യരൂപങ്ങള്‍ മുന്നിലെ അന്തരീക്ഷത്തില്‍ തെളിഞ്ഞു വരുന്നത്‌ കണ്ടിട്ടില്ലേ. അതിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ 'ഗുഹാമനുഷ്യന്റെ' രൂപഘടന. നീളം, വീതി, പൊക്കം എന്നിവയാണ്‌ ത്രിമാനരൂപങ്ങളിലുള്ളത്‌. സമയമാണ്‌ നാലാമത്തെ മാനം. 'ഗുഹാമനുഷ്യ'ന്റെ കാര്യത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. ഉദാഹരണത്തിന്‌ ഒരാഴ്‌ച മുമ്പത്തെ ശരീരത്തിന്റെ അവസ്ഥയും ഇപ്പോഴത്തെ ശരീരസ്ഥിതിയും തമ്മിലുള്ള വ്യത്യാസം 'ഗുഹാമനുഷ്യന്‍' കൃത്യമായി മുന്നിലെത്തിക്കും.

ക്രിസ്‌റ്റോഫ്‌ സെന്‍സന്‍ 'ഗൂഹാമനുഷ്യനൊപ്പം

മാഗ്നറ്റിക്‌ റെസണന്‍സ്‌ ഇമേജുകള്‍, സിഎടി സ്‌കാനുകള്‍(CAT scans), എക്‌സ്‌റേകള്‍ തുടങ്ങിയ രോഗനിര്‍ണയ ഉപോധികള്‍ വഴി ലഭിക്കുന്ന രോഗിയുടെ ആന്തരശരീരഭാഗത്തിന്റെ വ്യത്യസ്‌ത ദൃശ്യങ്ങള്‍ സവിശേഷ ദൃശ്യപാളികളാക്കി സന്നിവേശിപ്പിച്ച്‌, ശരീരത്തിനുള്ളിലെ കാഴ്‌ചകളുടെ പ്രതീതിയാഥാര്‍ത്ഥ്യം(വിര്‍ച്വല്‍ റിയാലിറ്റി) സൃഷ്ടിക്കുകയാണ്‌ 'ഗുഹാമനുഷ്യനി'ല്‍ ചെയ്‌തിരിക്കുന്നത്‌. ആന്തരാവയവങ്ങളുടെ ഉയര്‍ന്ന റസല്യൂഷനിലുള്ള ദൃശ്യങ്ങള്‍ ശരീരത്തിന്റെ സമഗ്രതയില്‍ അനായാസം ഡോക്ടര്‍മാരുടെ കണ്‍മുന്നിലെത്തിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. കാനഡയില്‍ 'യൂണിവേഴ്‌സിറ്റി ഓഫ്‌ കാള്‍ഗരി ഫാക്കല്‍റ്റി ഓഫ്‌ മെഡിസി'ന്‌ കീഴിലുള്ള 'സണ്‍ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഫോര്‍ വിഷ്വല്‍ ജിനോമിക്‌സി'ലെ ഗവേഷകരാണ്‌ ഈ ദൃശ്യസംവിധാനം രൂപപ്പെടുത്തിയത്‌. രോഗനിര്‍ണയത്തിലും ചികിത്സയിലും ശസ്‌ത്രക്രിയയിലും ഇത്‌ വിപ്ലവം സൃഷ്ടിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.


അര്‍ബുദം, പ്രമേഹം, മസ്‌കുലാര്‍ സ്‌കീറോസിസ്‌, അല്‍ഷൈമേഴ്‌സ്‌ തുടങ്ങിയ രോഗങ്ങളുടെ ജനിതകവേരുകള്‍ ചികയാന്‍ ഗവേഷകരെ 'ഗുഹാമനുഷ്യന്‍' സഹായിക്കുമെന്ന്‌ സണ്‍ സെന്ററിന്റെ ഡയറക്ടര്‍ ക്രിസ്‌റ്റോഫ്‌ സെന്‍സന്‍ പറയുന്നു. ഇത്തരത്തില്‍ ലോകത്ത്‌ ആദ്യമായാണ്‌ ഒരു ദൃശ്യസംവിധാനം രൂപപ്പെടുത്തുന്നത്‌. "വിവിധ മാതൃകകള്‍ ഇതില്‍ ഉപയോഗിക്കാം. ഉദാഹരണത്തിന്‌ 50 വ്യത്യസ്‌ത മസ്‌തിഷ്‌കങ്ങളെ ഈ മാതൃകയില്‍ സന്നിവേശിപ്പിക്കാം; ഓരോരുത്തര്‍ക്കും അവരവരുടെ മസ്‌തിഷ്‌ക മാതൃകകള്‍ ആകാം"-സെന്‍സന്‍ വിശദീകരിക്കുന്നു.

2002-ല്‍ സണ്‍ മൈക്രോസിസ്‌റ്റംസിന്റെ സഹായത്തോടെ, യൂണിവേഴ്‌സിറ്റിയിലെ 'സണ്‍ സെന്ററി'ല്‍ 55 ലക്ഷം ഡോളര്‍(22 കോടിരൂപ) ചെലവില്‍ തുടങ്ങിയ 'കേവ്‌'(Cave) എന്ന പരീക്ഷണശാലയുടെ ഉത്‌പന്നമാണ്‌ 'ഗുഹാമനുഷ്യന്‍'. മധ്യ അല്‍ബെര്‍ട്ടാ പട്ടണത്തിലെ ഒരു സ്ഥാപനത്തില്‍ മസാജ്‌ തെറാപ്പി നടത്തുന്ന അധ്യാപകരുടെ ആവശ്യപ്രകാരം തുടങ്ങിയ പദ്ധതിയാണ്‌ ഇപ്പോള്‍ 'ഗുഹാമനുഷ്യനി'ല്‍ എത്തിനില്‍ക്കുന്നത്‌. മസാജിങ്‌ വേളയില്‍ പേശികളുടെയും അസ്ഥികളുടെയും കൂടുതല്‍ വ്യക്തമായ ദൃശ്യം ലഭിക്കാനാണ്‌ അധ്യാപകര്‍ ആഗ്രഹിച്ചത്‌. അത്‌ സഫലമാക്കാനുള്ള ശ്രമം ഒടുവില്‍ വൈദ്യശാസ്‌ത്രത്തിനാകെ മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ വികസിച്ചിരിക്കുകയാണ്‌.

ഒരു ബൂത്തില്‍ ത്രിഡി കണ്ണടയുപയോഗിച്ച്‌ 'ഗുഹാമനുഷ്യനെ' മുന്നിലെ അന്തരീക്ഷത്തില്‍ നിവര്‍ന്നു നില്‍ക്കുന്ന നിലയില്‍ നിരീക്ഷിക്കാം. രോഗിയുടെ ശരീരത്തിന്റെ ദൃശ്യം തന്നെയാകും അതില്‍ ഉണ്ടാവുക. വീഡിയോ ഗെയിമുകളിലേതു പോലെ, മുന്നിലെ ദൃശ്യങ്ങളെ ഒരു കണ്‍ട്രോളര്‍ ഉപയോഗിച്ച്‌ ചലിപ്പിക്കാം. അടുപ്പിക്കാം, അകറ്റാം, ഫോക്കസ്‌ ചെയ്യാം. ചര്‍മം, അസ്ഥികള്‍, പേശികള്‍, അവയവങ്ങള്‍, നാഡികള്‍ തുടങ്ങി ഏത്‌ ശരീരഭാഗം വേണമെങ്കിലും പ്രേക്ഷകന്‌ ഫോക്കസ്‌ ചെയ്യാം. അതിനനുസരിച്ച്‌ ത്രിഡി സിനിമയിലെ പോലെ, ശരീരത്തിനുള്ളിലേക്ക്‌ പ്രവേശിച്ച പ്രതീതിയാണ്‌ ഉണ്ടാവുക. ബൂത്തില്‍ വെച്ചു മാത്രമല്ല, സാധാരണ കമ്പ്യൂട്ടറില്‍ ലോഡ്‌ ചെയ്‌തും 'ഗുഹാമനുഷ്യനെ' നിരീക്ഷിക്കാം.

ചികിത്സ നടത്തുന്നവര്‍ക്കാണ്‌ ഈ സങ്കേതം ഏറെ പ്രയോജനം ചെയ്യുക. രോഗപരിശോധനാഫലങ്ങളെല്ലാം 'ഗുഹാമനുഷ്യനി'ല്‍ സന്നേവേശിപ്പിക്കാന്‍ കഴിയുന്നതിനാല്‍, ചികിത്സയും ശസ്‌ത്രക്രിയകളും കുറ്റമറ്റതാക്കാന്‍ കഴിയും. ആന്തരാവയവങ്ങളുടെ കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ക്കൊപ്പം രക്തപരിശോധനാഫലങള്‍ പോലുള്ളവയും ഇതില്‍ ഉള്‍പ്പെടുത്താനാവും. വൈദ്യശാസ്‌ത്രപഠനത്തിന്‌ സമീപഭാവിയില്‍ തന്നെ മൃതദേഹങ്ങള്‍ക്കു പകരം 'ഗുഹാമനുഷ്യനെ' ഉപയോഗിക്കാനാവും. മാത്രമല്ല, ശസ്‌ത്രക്രിയയ്‌ക്കു മുമ്പ്‌ ശരിയായ പ്ലാനിങ്‌ നടത്താനും ഇത്‌ സഹായിക്കും. രോഗത്തിന്റെ അവസ്ഥ മാറുന്നതിനെക്കുറിച്ച്‌, ഉദാഹരണത്തിന്‌ രണ്ടാഴ്‌ച മുമ്പ്‌ തന്റെ അവസ്ഥയെന്തായിരുന്നുവെന്നും, ഇപ്പോള്‍ എന്താണ്‌ സ്ഥിതിയെന്നും രോഗിക്ക്‌ നേരിട്ടു മനസിലാക്കാന്‍ പുതിയ സങ്കേതം സഹായകമാകും. രോഗാവസ്ഥ ഇത്തരത്തില്‍ മാറിയിരിക്കുന്നു, സര്‍ജറി ഉടന്‍ നടത്തുന്നതാണ്‌ നന്ന്‌ എന്ന്‌ സര്‍ജന്‍ പറയുമ്പോള്‍, രോഗിക്ക്‌ കൂടുതല്‍ വ്യക്തത ലഭിക്കും.

വിവിധ ആസ്‌പത്രികള്‍ക്ക്‌ ഉപയോഗിക്കാന്‍ പാകത്തില്‍ 'ഗുഹാമനുഷ്യന്‍' എന്ന ചതുര്‍മാനചിത്രത്തിന്റെ വകഭേദങ്ങള്‍ രൂപപ്പെടുത്താനാണ്‌ ഇനിയുള്ള ശ്രമമെന്ന്‌ സെന്‍സന്‍ അറിയിക്കുന്നു. മാത്രമല്ല, സ്‌പര്‍ശനത്തിലൂടെ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ അതിനെ മാറ്റാനും ശ്രമിക്കും. ഏതായാലും, രോഗനിര്‍ണയത്തിലും ശസ്‌ത്രക്രിയകളിലുമൊക്കെ പുത്തന്‍ സമീപനം സൃഷ്ടിക്കാന്‍ 'ഗുഹാമനുഷ്യന്‍' ഇടയാക്കും എന്ന്‌. ചികിത്സ എന്നത്‌ ദൃശ്യസാധ്യതകളുടെ പുത്തന്‍ ലോകത്തേക്ക്‌ ചുവടുവെക്കുകയാണെന്നു സാരം.


ദൃശ്യവത്‌ക്കരണത്തിന്റെ പുത്തന്‍ലോകം


സങ്കീര്‍ണമായ ജൈവപ്രക്രിയകളെ വിവിരസാങ്കേതികവിദ്യയുടെ സഹായത്തോടെ, പരീക്ഷണത്തിനും പഠനത്തിനും യോഗ്യമായ തരത്തില്‍ ദൃശ്യവത്‌ക്കരിക്കുന്നതിനെ 'വിഷ്വല്‍ ബയോഇന്‍ഫര്‍മാറ്റിസ്‌'(visual bioinformatics) എന്നു വിശേഷിപ്പിക്കാം. കമ്പ്യൂട്ടര്‍ സങ്കേതത്തിന്റെ ആവിര്‍ഭാവത്തോടെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്ന ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പുതിയ പഠനശാഖ നിലവില്‍ വന്നെങ്കിലും, മാനവജിനോം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്‌ ശേഷമാണ്‌ ആ പഠനശാഖ കരുത്താര്‍ജിച്ചത്‌.


'കേവ്‌' സ്‌റ്റുഡിയോ

ഡേറ്റാ മൈനിങ്‌, ഡിജിറ്റല്‍ ലൈബ്രറികള്‍, മോഡലിങ്‌, മാതൃകാപഠനം തുടങ്ങി ഒട്ടേറെ നിലകളില്‍ വിപുലമായിത്തുടങ്ങിയ ബയോഇന്‍ഫര്‍മാറ്റിക്‌സിന്റെ പുതിയ മുഖമാണ്‌ ദൃശ്യവത്‌ക്കരണം. അതിന്‌ ഏറ്റവും മുന്തിയ ഉദാഹരണമായി 'ഗുഹാമനുഷ്യനെ' വിശേഷിപ്പിക്കാം. ഒട്ടേറെ സങ്കേതങ്ങളും സമീപനങ്ങളും വിഷ്വല്‍ ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ സമ്മേളിച്ചിരിക്കുന്നു. സങ്കീര്‍ണമായ ജൈവസംവിധാനങ്ങളെ പുനസൃഷ്ടിച്ച്‌ 'പ്രതീതിയാഥാര്‍ത്ഥ്യ'(വിര്‍ച്വല്‍ റിയാലിറ്റി) ത്തിന്റെ ലോകം സൃഷ്ടിക്കുകയാണ്‌ ഇവിടെ ചെയ്യുക.

ദൃശ്യവത്‌ക്കരണത്തിന്റെ പുത്തന്‍ലോകം തുറന്നു തരുന്ന ഈ പഠനശാഖ യാഥാര്‍ത്ഥ്യമാകാന്‍ ഏതെങ്കിലും ഒരു മേഖലയിലെ വിദഗ്‌ധര്‍ മാത്രം പോര. ജീവലോകത്തെക്കുറിച്ചും വൈദ്യശാസ്‌ത്രത്തെക്കുറിച്ചും പഠിക്കാന്‍ മുമ്പ്‌ ആ മേഖലയില്‍ പാണ്ഡിത്യമുള്ളവര്‍ മാത്രം മതിയായിരുന്നു. എന്നാല്‍, അത്തരം വിദഗ്‌ധര്‍ക്കൊപ്പം ഭൗതീകശാസ്‌ത്രജ്ഞരും കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്ഞരും സോഫ്‌ട്‌വേര്‍ എഞ്ചിനിയര്‍മാരും ഗണിതപണ്ഡിതരും ദൃശ്യവിദഗ്‌ധരും ഒക്കെ ചേര്‍ന്നാണ്‌ വിഷ്വല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ യാഥാര്‍ത്ഥ്യമാക്കുന്നത്‌.

ഔഷധഗവേഷണവും പരീക്ഷണവും മുതല്‍ അതിസങ്കീര്‍ണമായ പ്രോട്ടീന്‍ ഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വരെ പഠിക്കാനും പരീക്ഷിക്കാനും ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ അവസരമൊരുക്കുന്നു. അതിന്റെ സഹായത്തോടെ മുമ്പെങ്ങുമില്ലാത്ത വിധം ജീവശാസ്‌ത്ര, വൈദ്യശാസ്‌ത്ര പഠനത്തിന്റെ ഗതിവേഗം വര്‍ധിച്ചിരിക്കുന്നു. പുതിയ കണ്ടെത്തലുകള്‍ വേഗത്തിലുണ്ടാകുന്നു. ഇതുവരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സാധ്യതകളും ഉയര്‍ന്നു വന്നിരിക്കുന്നു.(കടപ്പാട്‌: സണ്‍ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഫോര്‍ വിഷ്വല്‍ ജിനോമിക്‌സ്‌, റോയിട്ടേഴ്‌സ്‌)-2007 ജൂലായ്‌ ലക്കം 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ പ്രസിദ്ധീകരിച്ചത്‌.

11 comments:

Joseph Antony said...

ഓരോ ശരീരഭാഗവും യഥാര്‍ത്ഥ പൊക്കത്തിലും നീളത്തിലും വീതിയിലും മുന്നില്‍ തെളിഞ്ഞു കാണാവുന്ന തരത്തിലുള്ള ചതുര്‍മാനചിത്രം രൂപപ്പെടുത്തിയിരിക്കുകയാണ്‌ ഒരുസംഘം ഗവേഷകര്‍. വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ചികിത്സയെ ഏതറ്റം വരെ കൊണ്ടുപോകും എന്നതിന്‌ ഉദാഹരണമാണ്‌ 'ഗുഹാമനുഷ്യന്‍' എന്നു പേരിട്ടിട്ടുള്ള ഈ ചതുര്‍മാനചിത്രം. രോഗിക്ക്‌ സ്വന്തം ശരീരത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ നേരിട്ട്‌ മനസിലാക്കാനും ഡോക്ടര്‍മാര്‍ക്ക്‌ ശസ്‌ത്രക്രിയകളുടെ ട്രയല്‍ തന്നെ നടത്തി നോക്കാനും ഈ പുതിയ സംവിധാനം അവസരമൊരുക്കുന്നു.

മൂര്‍ത്തി said...

നന്ദി മാഷേ...
ചികിത്സാരീതികള്‍ പുരോഗമിക്കട്ടെ..എല്ലാവര്‍ക്കും ഇതൊക്കെ ലഭ്യമാകട്ടെ...

Unknown said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. നന്നായിരിക്കുന്നു.

ഇത് വിപ്ലവകരമായ സാങ്കേതികവിദ്യ തന്നെ.

qw_er_ty

Unknown said...

Dear JA ....
ഇവിടെ വരാന്‍ വൈകി .... ഏതായാലും ഇനി തുടര്‍ന്ന് വന്നു നോക്കും... ഇങ്ങിനെ വിജ്ഞാനപ്രദങ്ങളായ ബ്ലോഗുകളും മലയാളത്തില്‍ ഉണ്ടല്ലോ ... ആശ്വാസംതന്നെ ....

കുറുമാന്‍ said...

വിജ്ഞാനപ്രദമായ, അതും വളരെ ഡീറ്റേയില്‍ഡ് ആയ താങ്കളുടെ ഈ ലേഖനത്തിനു നന്ദി മാഷെ. ശാസ്ത്രം അതിവേഗത്തില്‍ പുരോഗമിക്കുന്നു.

myexperimentsandme said...

നല്ല ലേഖനം.

വെര്‍ച്വല്‍ അല്ലാത്ത റിയല്‍ റിയാലിറ്റി നടക്കുമോ? അതായത് ഹൃദയം ഇടിക്കുമ്പോള്‍ രക്തം പമ്പ് ചെയ്യുന്നതും ഹൃദയമിടിപ്പിനനുസരിച്ചുള്ള മാറ്റങ്ങള്‍ അതേ രീതിയില്‍ ഇതിലും കാണാന്‍ സാധിക്കുകയുമൊക്കെയാണെങ്കില്‍ ഇന്നയിടത്താണ് പ്രശ്‌നം എന്നൊക്കെ പെട്ടെന്ന് തന്നെ കണ്ടുപിടിക്കാമല്ലോ. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരം ചതുര്‍മാന ഇമേജുകളുടെ സഹായത്തോടെ അതേ രീതിയില്‍ സിമുലേറ്റ് ചെയ്യാന്‍ പറ്റിയാല്‍ സൂപ്പര്‍.

നല്ല വിവരത്തിനും വിവരണത്തിനും നന്ദി.

krish | കൃഷ് said...

ആധുനിക ശരീരശാസ്ത്രത്തെ കുറിച്ച് പുതിയ അറിവു പകര്‍ന്ന ഒരു നല്ല ലേഖനം. അഭിനന്ദനങ്ങള്‍.
(ആരോഗ്യമാസിക ജൂലായ് 2007 ഓ..അതോ 2006 ലക്കമോ..)

qw_er_ty

Joseph Antony said...

കൃഷ്,
തെറ്റിയിട്ടില്ല. ആരോഗ്യമാസിക ജൂലായ് 2007 ലക്കം ഇപ്പോള്‍ വിപണിയിലുണ്ട്.രണ്ടാഴ്ച മുന്പിറങ്ങും
-ജോസഫ്

absolute_void(); said...

ഇത്ര ബൃഹത്തായ ലേഖനങ്ങളും മലയാളം ബ്ലോഗുഗളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ എന്ന് കാണുമ്പോള്‍ സന്തോഷം. ആര്‍. പി. ലാലാജിയുടെ ഫാന്‍റസികളെക്കാളും ബയോ ഇന്‍ഫോര്‍മാറ്റിക്സിന്‍റെ റിയാലിറ്റി മനസ്സിലാക്കാന്‍ എന്നെ സഹായിച്ച ലേഖനം. ശാസ്ത്ര ലേഖനങ്ങള്‍ എങ്ങനെ എഴുതണം എന്നതിന് ഒരു പാഠശാലകൂടിയാണ് കുറിഞ്ഞി ഓണ്‍ലൈന്‍ എന്ന് പറയേണ്ടി വരുന്നു. നന്ദി.

ഗുപ്തന്‍ said...

wowww!!!! ഇതു തകര്‍ക്കുന്നുണ്ട് മാഷേ....ഇത്രയും advanced ആയ current ആയ ശാസ്ത്രവിഷയങ്ങളെ ഇത്രയും ലളിതമായ ഭാഷയില്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കെത്തിക്കുമ്പോള്‍ നിങ്ങള്‍ എഴുതിച്ചേര്‍ക്കുന്നത് ബ്ലോഗ് ബൂലോക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. നന്ദി. അഭിനന്ദനങ്ങള്‍.

ഓഫ്. ഞാന്‍ ഓഫ് ലൈന്‍ ഉപയോഗത്തിനായി താങ്കളുടെ കുറെപോസ്റ്റുകള്‍ pdf ആയി കോപ്പി ചെയ്തു വയ്ക്കുന്നു. പ്രയോജനപ്പെടുമെന്ന്‍ ഉറപ്പുണ്ട്.

chithrakaran ചിത്രകാരന്‍ said...

പ്രിയ ജാ,
താങ്കളുടെ മഹത്തായ ഈ പ്രവര്‍ത്തിക്ക്‌ ബൂലൊകമലയാളി എന്ന അഭിമാന ബോധത്തോടെ നന്ദി പറയുന്നു.