Tuesday, October 27, 2009

എല്‍.എച്ച്.സി.യിലൂടെ വീണ്ടും കണികകള്‍ സഞ്ചരിച്ചു

ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി) ന്റെ രണ്ട് ഭാഗങ്ങളിലൂടെ കണികാധാരകള്‍ കടത്തിവിട്ടു. ജനീവയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ പടുകൂറ്റന്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം 2008 സപ്തംബറില്‍ നിര്‍ത്തിവെച്ച ശേഷം ആദ്യമായാണ് അതിലൂടെ കണികകള്‍ സഞ്ചരിക്കുന്നത്.

സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ഹാഡ്രോണ്‍ കൊളൈഡറിന് 27 കിലോമീറ്റര്‍ ചുറ്റളവുണ്ട്. അത്രയും നീളമുള്ള ടണലിലൂടെ എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ധാരകളെ പരസ്പരം കൂട്ടിയിടിപ്പിച്ച്, അതില്‍ നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുക.

പ്രപഞ്ചാരംഭത്തിന് തൊട്ടടുത്ത നിമിഷങ്ങളെ ഇത്തരത്തില്‍ പുനര്‍നിര്‍മിക്കുക വഴി, പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയും ഉള്ളടക്കവും മനസിലാക്കാന്‍ കണികാപരീക്ഷണം വഴി കഴിയുമെന്നാണ് പ്രതീക്ഷ. ഒപ്പം, പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ ഹാഡ്രോണ്‍ കൊളൈഡറില്‍ പ്രത്യക്ഷപ്പെടുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

കണികാധാരകളെ കുറഞ്ഞ തോതിലാണെങ്കിലും കടത്തിവിടാന്‍ കഴിഞ്ഞതിനെ 'നാഴികക്കല്ലെ'ന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഹാഡ്രോണ്‍ കൊളൈഡറിലെ 27 കിലോമീറ്റര്‍ ടണലിലൂടെ നവംബറില്‍ കണികാധാരകള്‍ പൂര്‍ണതോതില്‍ സഞ്ചരിച്ചേക്കും.

പരീക്ഷണം തുടങ്ങുന്നതിന്റെ ഭാഗമായി ഹൈഡ്രോണ്‍ കൊളൈഡറിനെ അത്യഗാധശൈത്യത്തിലെത്തിക്കുന്ന നടപടി സേണ്‍ അധികൃതര്‍ രണ്ടാഴ്ച മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. അതിനെ തുടര്‍ന്ന് ഒക്ടോബര്‍ 23, 25 തിയതികളില്‍ ഹാഡ്രോണ്‍ കൊളൈഡറിന്റെ രണ്ട് ഭാഗങ്ങളില്‍ പ്രോട്ടോണ്‍ ധാരകളും ലെഡ് അയണ്‍ധാരകളും കടത്തിവിടുകയായിരുന്നു.

ഏതാണ്ട് മൂന്നര കിലോമീറ്റര്‍ നീളം വീതമുള്ള ഭാഗങ്ങളിലൂടെയാണ് കണികാധാരകള്‍ സഞ്ചരിച്ചത്. നൂറ് പികോസെക്കന്‍ഡ് (ഒരു പികോസെക്കന്‍ഡ് എന്നാല്‍, ഒരു സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊരംശത്തിന്റെ പത്തുലക്ഷത്തിലൊരംശം) നേരത്തേക്ക് കണികകള്‍ എല്‍.എച്ച്.സി.യിലൂടെ സഞ്ചരിച്ചു.

ഏതാണ്ട് 450 ബില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് വീതമുള്ളവയായിരുന്നു കണികാധാരകള്‍. ഹാഡ്രോണ്‍ കൊളൈഡറില്‍ ഉദ്ദേശിക്കുന്ന യഥാര്‍ഥ പരീക്ഷണത്തില്‍ കണികകള്‍ കൈവരിക്കുന്ന ഊര്‍ജനിലയുടെ ചെറിയൊരംശമേ വരൂ ഇത്.

കൊളൈഡറിന്റെ 27 കിലോമീറ്റര്‍ നീളത്തില്‍ സഞ്ചരിക്കുന്ന കണികകളുടെ ഊര്‍ജനില ആദ്യഘട്ടത്തില്‍ 3.5 ട്രില്യണ്‍ വോള്‍ട്ട് ആക്കുകയാണ് ലക്ഷ്യം. 2011-ഓടെ അത് യഥാര്‍ഥ ലക്ഷ്യമായ ഏഴ് ട്രില്യണ്‍ വോള്‍ട്ടിലെത്തിക്കാമെന്നാണ് പ്രതീക്ഷ. (കടപ്പാട്: ബി.ബി.സി.ന്യൂസ്)

കാണുക

Thursday, October 22, 2009

വല നെയ്യുന്ന ഭീമന്‍ ചിലന്തി

കാലുകള്‍ തമ്മിലുള്ള അകലം 12 സെന്റീമീറ്റര്‍. വലനെയ്യുന്ന ഏറ്റവും വലിയ ചിലന്തി. മഡഗാസ്‌കറിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്ന ഈ അപൂര്‍വയിനത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകര്‍.

'നെഫില കൊമാകി' (Nephila komaci) എന്ന് പേരിട്ടിട്ടുള്ള ഈ അപൂര്‍വ ചിലന്തിയിനത്തില്‍ പെണ്‍ജാതിയില്‍ പെട്ടവയ്ക്കാണ് വലിപ്പക്കൂടുതല്‍, ആണുങ്ങള്‍ കൃശഗാത്രരും. 'പ്ലോസ് വണ്‍' എന്ന ഓണ്‍ലൈന്‍ ഗവേഷണ ജേര്‍ണലിലാണ് ഭീമന്‍ ചിലന്തികളെപ്പറ്റിയുള്ള പഠനറിപ്പോര്‍ട്ടുള്ളത്.

വലിയ വല നെയ്യാന്‍ പ്രാപ്തിയുള്ളതും ഈയിനത്തിലെ പെണ്‍ ചിലന്തികള്‍ക്കാണ്. ഏതാണ്ട് ഒരു മിറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലുള്ള വലയാണ് ഇവ നെയ്യുക.

സ്ലോവേനിയന്‍ അക്കാദമി ഓഫ് സയന്‍സസ് ആന്‍ഡ് ആര്‍ട്‌സിലെ ജീവശാസ്ത്രജ്ഞനായ മറ്റ്ജാസ് കുന്റ്‌നെറാണ് പുതിയയിനം ചിലന്തികളെ തിരിച്ചറിഞ്ഞത്. അമേരിക്കയില്‍ സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിട്ട്യൂഷന് കീഴിലുള്ള നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ജോനാഥന്‍ കോഡിങ്ടണും ഈ കണ്ടുപിടിത്തത്തില്‍ പങ്കു വഹിച്ചു.

'അങ്ങേയറ്റം അസാധാരണം' എന്നാണ് ഡോ. കുന്റ്‌നെര്‍ ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നത്. കാരണം നെഫില വര്‍ഗത്തില്‍പെട്ട ചിലന്തികളെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടുണ്ട്. എ്ന്നാല്‍, നെഫില കൊമാകിയെന്ന ഇനം ബാഹ്യലോകത്തിന്റെ കണ്ണില്‍ പെടാതെ കഴിയുന്ന അപൂര്‍വ ജീവിയാണ്. ഡോ. കുന്റ്‌നെര്‍ പോലും ജീവനോടെ ഈയിനത്തെ കണ്ടിട്ടില്ല!

ദക്ഷിണാഫ്രിക്കയില്‍ പ്രിട്ടോറിയയിലെ പ്ലാന്റ് പ്രൊട്ടക്ഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ശേഖരത്തില്‍ നിന്ന് 2000-ലാണ് ഈ വര്‍ഗത്തില്‍പ്പെട്ട പെണ്‍ചിലന്തിയുടെ മാതൃക ഡോ.കുന്റ്‌നെറുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

'വിവരിക്കപ്പെട്ട ഒരു നെഫില ചിലന്തി വര്‍ഗവുമായും യോജിച്ചു പോകുന്നതായിരുന്നില്ല അത്'-അദ്ദേഹം ഓര്‍മിക്കുന്നു. പിന്നീട് 37 മ്യൂസിയങ്ങളില്‍ നിന്നായി 2500 ഇനം ചിലന്തി മാതൃകകള്‍ അദ്ദേഹം പരിശോധിച്ചിട്ടും, പ്രിട്ടോറിയയില്‍ നിന്ന് കണ്ടയിനം ശ്രദ്ധയില്‍ പെട്ടില്ല. അങ്ങനെ, ആ വര്‍ഗം പൂര്‍ണമായി നശിച്ചിരിക്കാം എന്ന നിഗമനത്തില്‍ അദ്ദേഹം എത്തി.

പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് അതേയിനത്തില്‍ പെട്ടതെന്ന് കരുതാവുന്ന മൂന്ന് ചിലന്തികളെ കണ്ടെത്തിയതായി ഡോ.കുന്റ്‌നെറെ അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ അറിയിച്ചു.

ചിലന്തികളില്‍ ആണ്‍, പെണ്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള വലിപ്പ വ്യത്യാസത്തിന്റെ പരിണാമ രഹസ്യം മനസിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ പെണ്‍വര്‍ഗത്തിന്റെ വലിപ്പക്കൂടുതല്‍ വഴി തുറക്കും. പുതിയ തലമുറയുടെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ അത് സഹായിച്ചേക്കും. ഇതാവണം പെണ്‍വര്‍ഗത്തിന്റെ വലിപ്പക്കൂടുതലിന് പിന്നിലെന്നാണ് അംഗീകരിക്കപ്പെട്ടിട്ടുള്ള ധാരണ.

എന്നാല്‍, നെഫില കൊമാകി ചിലന്തികള്‍ക്ക് വംശനാശം സംഭവിച്ചിരിക്കാം എന്നാണ് ഡോ. ജോനാഥന്‍ കോഡിങ്ടണ്‍ കരുതുന്നത്.

അടുത്തയിടെ അപകടത്തില്‍ മരിച്ച തന്റെ സുഹൃത്തും ഗവേഷകനുമായ അഡ്രേജ് കൊമാകിന്റെ സ്മരണാര്‍ഥമാണ്, പുതിയ ചിലന്തിക്ക് നെഫില കൊമാകിയെന്ന് ഡോ. കുന്റ്‌നെര്‍ പേരിട്ടത്. (അവലംബം: പ്ലോസ് വണ്‍).

Tuesday, October 20, 2009

ആകാശത്ത് ചാകര, ഒറ്റയടിക്ക് 32 പുതിയ ഗ്രഹങ്ങള്‍

സൗരയൂഥത്തിനപ്പുറത്ത് അന്യഗ്രഹങ്ങളെ തേടുന്ന ഗവേഷകര്‍ക്കുണ്ടായത് ഒരു ചാകര കൊയ്ത്തിന്റെ അനുഭവമാണ്. 32 അന്യഗ്രഹങ്ങളെയാണ് അവര്‍ ഒറ്റയടിക്ക് തിരിച്ചറിഞ്ഞത്. ഇതോടെ സൗരയൂഥത്തിന് വെളിയില്‍ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ എണ്ണം 400 കഴിഞ്ഞു.

ഭൂമിയുടെ അഞ്ചിരട്ടി മുതല്‍ വ്യാഴത്തിന്റെ പത്തിരട്ടി വരെ വലിപ്പമുള്ള ഗ്രഹങ്ങള്‍ പുതിയതായി കണ്ടെത്തിയതില്‍ പെടുന്നു. യൂറോപ്യന്‍ ഒബ്‌സര്‍വേറ്ററിയുടെ ചിലയിലെ ലാ സില്ലയില്‍ സ്ഥാപിച്ചിട്ടുള്ള 3.6 മീറ്റര്‍ വ്യാസമുള്ള ടെലിസ്‌കോപ്പാണ് ഈ കണ്ടെത്തലിന് വഴിതെളിച്ചത്.

വലിപ്പം കുറഞ്ഞ ഗ്രഹങ്ങള്‍ നമ്മുടെ ഗാലക്‌സിയില്‍ സുലഭമാണെന്നാണ് ഈ കണ്ടെത്തല്‍ നല്‍കുന്ന സൂചനയെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യനെപ്പോലുള്ള നക്ഷ്ത്രങ്ങളില്‍ 40 ശതമാനത്തിനും പിണ്ഡം കുറഞ്ഞ ഗ്രഹങ്ങളുണ്ട് എന്ന് പുതിയ കണ്ടെത്തലില്‍ നിന്ന് മനസിലാക്കാന്‍ കഴിയും-സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ ജനീവ സര്‍വകലാശാലിയിലെ സ്്‌റ്റെഫാനി യുഡ്രി പറയുന്നു.

ഒട്ടേറെ ടെലിസ്‌കോപ്പുകളുടെയും സങ്കേതങ്ങളുടെയും സഹായത്തോടെയാണ് ഇതുവരെ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ 32 ഗ്രഹങ്ങളെയും ലാ സില്ലയിലെ 'ദി ഹൈ ആക്കുറസി റേഡിയല്‍ വെലോസിറ്റി പ്ലാനറ്റ് സേര്‍ച്ചര്‍ (ഹാര്‍പ്‌സ്) സ്‌പെക്ട്രോമീറ്റര്‍' കണ്ടെത്തുകയായിരുന്നു.

ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലം മാതൃനക്ഷത്രത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലം തിരിച്ചറിഞ്ഞ്, ഗ്രഹസാന്നിധ്യം പരോക്ഷമായി കണ്ടെത്തുന്ന 'വൂബിള്‍ സങ്കേതം' (wobble technique) ആണ് ഹാര്‍പ്‌സ് സ്‌പെക്ട്രോമീറ്റര്‍ പ്രയോജനപ്പെടുത്തിയത്.

ഭൂമിയുടെ 20 ഇരട്ടിയില്‍ താഴെ മാത്രം പിണ്ഡമുള്ള 28 അന്യഗ്രഹങ്ങളെയാണ് ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടുള്ളത്. അതില്‍ 24 എണ്ണവും ഹാര്‍പ്‌സ് സ്‌പെട്രോമീറ്ററിന്റെ സംഭാവനയാണ്. അതില്‍ തന്നെ ആറെണ്ണം പുതിയതായി കണ്ടെത്തിയ ഗ്രൂപ്പില്‍ പെടുന്നു. അവയില്‍ രണ്ടെണ്ണത്തിന് ഭൂമിയുടെ അഞ്ചിരട്ടി വലിപ്പമേയുള്ളു, രണ്ടെണ്ണത്തിന് ആറിരട്ടിയും-പ്രൊഫ യുഡ്രി അറിയിക്കുന്നു.

ഭൂമിയുടെ ഇരട്ടി മാത്രം പിണ്ഡം വരുന്ന ഒരു ആകാശഗോളത്തെ ഹാര്‍പ്‌സ് കണ്ടെത്തിയ വിവരം കഴിഞ്ഞ ഏപ്രിലില്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ആ ഗ്രഹം അതിന്റെ മാതൃനക്ഷത്രിന് വളരെ അടുത്തായതിനാല്‍ അവിടെ കഠിനമായ ചൂടായിരിക്കുമെന്നും ജീവനുണ്ടാകാന്‍ സാധ്യതയില്ലെന്നും ഗവേഷകര്‍ നിഗമനത്തിലെത്തുകയുണ്ടായി.

അടുത്ത ആറ് മാസത്തിനുള്ളില്‍ ഇപ്പോഴത്തേതു പോലെ മറ്റൊരു ഗ്രഹചാകരയുടെ വിവരം പുറത്തു വിടാന്‍ കഴിയുമെന്ന് ഹാര്‍പ്‌സ് സംഘം അറിയിച്ചു. സൗരയൂഥത്തിലേതു പോലെ കുറഞ്ഞ പിണ്ഡമുള്ള ശിലാഗ്രഹങ്ങള്‍ പുറത്തുണ്ടോ എന്ന് കണ്ടെത്തുകയാണ് പരമമായ ലക്ഷ്യം; അവയില്‍ വെള്ളമുണ്ടോ എന്നറിയുകയും.

കുറഞ്ഞ പിണ്ഡമുള്ള ഗ്രഹങ്ങള്‍ എന്ന് ഗവേഷകര്‍ പറയുമ്പോള്‍ അര്‍ഥമാക്കുന്നത് ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ എന്നാണ്. ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളെന്നാല്‍, വെള്ളമുണ്ടെന്ന് വന്നാല്‍, അവിടെ ജീവന്‍ നിലനില്‍ക്കാന്‍ അനുകൂല സാഹചര്യമുണ്ടെന്നര്‍ഥം.

പുത്തന്‍ സങ്കേതകങ്ങളും ഉപകരണങ്ങളും തങ്ങള്‍ക്ക് വിജയം നല്‍കും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അമേരിക്കയുടെ നാസ അടുത്തയിടെ വിക്ഷേപിച്ചിട്ടുള്ള 'കെപ്ലാര്‍ ടെലിസ്‌കോപ്പി'ന്റെ ലക്ഷ്യം തന്നെ, ഭൂമിയുടെയത്ര വരുന്ന അന്യഗ്രഹങ്ങളെ കണ്ടെത്തുകയെന്നതാണ്. ഗ്രഹസംതരണ (transit) സങ്കേതമാണ് കെപ്ലാര്‍ പ്രയോജനപ്പെടുത്തുക.
(കടപ്പാട്: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി).

കാണുക

Sunday, October 18, 2009

ജലരഹസ്യവുമായി ചന്ദ്രയാന്‍ വീണ്ടും

ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് ഇന്ത്യയുടെ ചന്ദ്രയാനാണ് കണ്ടെത്തിയത്. പക്ഷേ, ആ ജലം എവിടെ നിന്ന് വരുന്നു. ചന്ദ്രയാന്‍ തന്നെ ഉത്തരവുമായി എത്തിയിരിക്കുന്നു. ഇന്ത്യന്‍ പേടകത്തിലുണ്ടായിരുന്ന യൂറോപ്യന്‍-ഇന്ത്യന്‍ ഉപകരണമായ 'സാറ' നടത്തിയ കണ്ടെത്തല്‍ ഭൂമിയുടെ ഉപഗ്രഹത്തെക്കുറിച്ച് നിലവിലുള്ള ചില ധാരണകള്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്.

മഴ തീര്‍ന്നാലും മരം പെയ്യും എന്ന ചൊല്ല് ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍-ഒന്നി'ന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാവുകയാണ്. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച് സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാന്‍ നടത്തിയ കാര്യം പുറത്തു വന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അതിന് മുമ്പ് ചന്ദ്രപ്രതലത്തില്‍ എങ്ങനെ ജലം ഉണ്ടാകുന്നു എന്നതിനെപ്പറ്റി ഇന്ത്യന്‍ പേടകം നടത്തിയ മറ്റൊരു സുപ്രധാന കണ്ടെത്തലിന്റെ വിവരം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) പുറത്തുവിട്ടിരിക്കുന്നു.

ചന്ദ്രയാനിലെ 11 പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് രൂപം നല്‍കിയ സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍ (SARA) നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് കഴിഞ്ഞ ഒക്ടോബര്‍ 15-ന് പുറത്തു വന്നത്.

ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, ജലതന്മാത്രകള്‍ ചന്ദ്രനില്‍ തന്നെ രൂപപ്പെടുന്നു എന്നാണ് 'സാറ' കണ്ടെത്തിയത്. സൗരക്കാറ്റുകള്‍ വഴി സൂര്യനില്‍ നിന്ന് പതിക്കുന്ന പ്രോട്ടോണ്‍ കണങ്ങള്‍ (ഇവ ഹൈഡ്രജന്‍ ന്യൂക്ലിയസുകളാണ്), ചന്ദ്രപ്രതലത്തിലെ ഓക്‌സിജനുമായി ചേര്‍ന്നാണ് ജലതന്മാത്രകളും (H2O) ഹൈഡ്രോക്‌സില്‍ തന്മാത്രകളും (HO) ഉണ്ടാകുന്നത്. സൗരകണങ്ങള്‍ പിടിച്ചെടുക്കുന്ന സ്‌പോഞ്ച് പോലെയാണ് ചന്ദ്രോപരിതലം പ്രവര്‍ത്തിക്കുന്നതെന്ന് സാറയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

സൗരക്കാറ്റിലെത്തുന്ന ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ ചന്ദ്രപ്രതലത്തിലെ ധൂളീപടലങ്ങള്‍ ആഗിരണം ചെയ്യുന്നു എന്നതിനൊപ്പം, മറ്റൊരു പുതിയ കാര്യംകൂടി സാറ തിരിച്ചറിയുകയുമുണ്ടായി. എല്ലാ ഹൈഡ്രജന്‍ ന്യൂക്ലയസുകളും ചന്ദ്രപ്രതലത്തില്‍ ആഗിരണം ചെയ്യപ്പടുന്നില്ല എന്നാണത്. ചന്ദ്രപ്രതലത്തില്‍ പതിക്കുന്ന അഞ്ച് ഹൈഡ്രജന്‍ ന്യൂക്ലയസുകളില്‍ ഒരെണ്ണം വീതം സ്‌പേസിലേക്ക് പ്രതിഫലിച്ച് പോകുകയാണത്രേ ചെയ്യുന്നത്. അങ്ങനെ പ്രതിഫലിക്കുന്നതിനിടെ, ഹൈഡ്രജന്‍ ന്യൂക്ലിയസ് ഒരു ഇലക്ട്രോണ്‍ സ്വീകരിച്ച് ഹൈഡ്രജന്‍ ആറ്റമായാണ് വിടവാങ്ങുക.

എന്നുവെച്ചാല്‍, ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം പതിക്കുന്ന ഇടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ഹൈഡ്രജന്‍ ആറ്റങ്ങള്‍ പ്രതിഫലിക്കപ്പെടുന്നു എന്നാണര്‍ഥം. 'കണ്ടെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് ഇതല്ല'-സാറയുടെ യൂറോപ്യന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സിലെ ഗവേഷകനുമായ സ്റ്റാസ് ബരാബാസ് പറയുന്നു.

ചന്ദ്രപ്രതലത്തില്‍ നിന്ന് ഹൈഡ്രജന്‍ പ്രതിഫലിക്കാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ആറ്റങ്ങള്‍ പ്രതിഫലിക്കുന്നത്. ചന്ദ്രപ്രതലത്തിന്റെ നവീന ദൃശ്യം ലഭിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. സാറ നടത്തിയ കണ്ടെത്തലിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് 'പ്ലാനറ്ററി ആന്‍ഡ് സ്‌പേസ് സയന്‍സി'ന്റെ 2009-ലെ ലക്കത്തിലാണുള്ളത്. സാറയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തതിലും റിപ്പോര്‍ട്ട് തയ്യാറാക്കിയതിലും ആര്‍.ശ്രീധരന്‍, എം.ബി.ധന്യ തുടങ്ങിയ ഇന്ത്യന്‍ ഗവേഷകരും ഉള്‍പ്പെടുന്നു.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച രണ്ട് പേലോഡുകള്‍ ചന്ദ്രയാനിലുണ്ടായിരുന്നു. അതിലൊന്നാണ് സാറ. സൗരക്കാറ്റുകള്‍ ചന്ദ്രപ്രതലവുമായി എങ്ങനെ ഇടപഴകുന്നു എന്നു പഠിക്കുകയായിരുന്നു ലക്ഷ്യം. 4.5 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ ഉപകരണം, സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സ്, തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി എന്നിവ സംയുക്തമായാണ് വികസിപ്പിച്ചത്.

ചന്ദ്രനില്‍ ജലമുണ്ടാകാമെന്നും അത് ബാഹ്യസ്രോതസ്സുകളില്‍ നിന്ന് എത്തുന്നതാകാമെന്നും മറ്റുമുള്ള വാദഗതികള്‍ മുമ്പ് ഉയര്‍ന്നിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ പതിക്കുന്ന ധൂമകേതുക്കളും ഉല്‍ക്കകളും ക്ഷുദ്രഗ്രഹങ്ങളും അവിടെ വെള്ളമെത്തിക്കുന്നുണ്ടെന്ന്, കാല്‍ടെകിലെ ഗവേഷകരായ കെന്നത്ത് വാട്‌സണ്‍, ബ്രൂസ് മുറേയ്, ഹാരിസണ്‍ ബ്രൗണ്‍ എന്നിവര്‍ 1961-ല്‍ അഭിപ്രായപ്പെട്ടു. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ അങ്ങനെ എത്തുന്ന ജലം വേഗം ബാഷ്പീകരിച്ച് നഷ്ടപ്പെടും. അതിനിടെ വെള്ളത്തില്‍ ചെറിയൊരു പങ്ക് ധ്രുവപ്രദേശത്തേക്ക് നീങ്ങുകയും, അവിടുത്തെ സൂര്യപ്രകാശം പതിക്കാത്ത അതിശീത ഗര്‍ത്തങ്ങളില്‍ മഞ്ഞുകട്ടകളുടെ രൂപത്തില്‍ സംഭരിക്കപ്പെടുകയും ചെയ്യും എന്നുമായിരുന്നു കാല്‍ടെക് ഗവേഷകരുടെ വാദം.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ജെയിംസ് ആര്‍നോള്‍ഡ് 1979-ല്‍ ഒരു പ്രബന്ധത്തിലൂടെ, ചന്ദ്രനിലെ ഹിമപാളി സിദ്ധാന്തം വീണ്ടും സജീവമാക്കി. അതേസമയം, നാസയുടെ അപ്പോളോ ദൗത്യങ്ങളും മുന്‍സോവിയറ്റ് യൂണിയന്റെ ലൂണാ ദൗത്യങ്ങളും ഭൂമിയിലെത്തിച്ച ചാന്ദ്രശിലകളില്‍ ജലസാന്നിധ്യം കണ്ടെത്താന്‍ ഗവേഷകര്‍ക്കായില്ല. പക്ഷേ, നാസ 1994-ല്‍ വിക്ഷേപിച്ച ക്ലെമന്റൈന്‍ ചാന്ദ്രദൗത്യവും 1998-ല്‍ അയച്ച ലൂണാര്‍ പ്രോസ്‌പെക്ടര്‍ പേടകവും ചന്ദ്രന്റെ ധ്രുവങ്ങളില്‍ ഹിമപാളികളുണ്ടാകാം എന്ന് പരോക്ഷസൂചന നല്‍കി. ഏതാണ്ട് 300 കോടി ടണ്‍ മഞ്ഞുകട്ടകള്‍ ചന്ദ്രനിലുണ്ടാകാമെന്ന് ലൂണാര്‍ പ്രോസ്‌പെക്ടര്‍ ടീം കണക്കുകൂട്ടല്‍ വരെ നടത്തി. എന്നാല്‍, ഇതിനൊന്നും വ്യക്തമായ തെളിവ് ഇല്ലായിരുന്നു.

ചന്ദ്രനില്‍ ജലമുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെങ്കില്‍ അത് എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തിനും ഇന്ത്യന്‍ പേടകം ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. ചന്ദ്രയാനിലെ നാസയുടെ പരീക്ഷണോപകരണമായ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) ആണ് ചന്ദ്രോപരിതലത്തിലുടനീളം ജലസാന്നിധ്യം ഉള്ളതായി കണ്ടെത്തയത്. 2009 സപ്തംബര്‍ 29-ന്റെ 'സയന്‍സ്' വാരിക ആ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷത്തില്‍, ഈ കണ്ടെത്തലോടെ ഇന്ത്യന്‍ പേടകം ചരിത്രം രചിക്കുകയാണ് ചെയ്തത്. കാലാവധി പൂര്‍ത്തിയാകാതെ അവസാനിച്ച ചന്ദ്രയാനില്‍ നിന്നുള്ള കണ്ടെത്തല്‍ അവസാനിക്കുന്നില്ല. ഇന്ത്യന്‍ പേടകത്തിന്റെ നിരീക്ഷണഫലങ്ങള്‍ മുഴുവന്‍ പുറത്തു വരാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കും എന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഗസ്ത് 28-നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കെയാണ് അവസാനിച്ചത്. ചന്ദ്രയാന്‍ ഒന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു എന്ന് ആക്ഷേപമുയര്‍ന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ആ ആക്ഷേപം. ചന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയമാണെന്ന ഐ.എസ്.ആര്‍.ഒ.യുടെ പ്രസ്താവന സംശയത്തോടെയാണ് പലരും കണ്ടത്. ഫീനിക്‌സ് പക്ഷിയെപ്പോലെ ചന്ദ്രയാന്‍ ലോകത്തിന് മുന്നില്‍ ഉയിര്‍ത്തെണീല്‍ക്കാന്‍ പോകുകയാണെന്ന് അന്നാരും കരുതിയില്ല. എന്നാല്‍, ശരിക്കും അതാണ് സംഭവിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യം എത്ര സ്വപ്‌നതുല്യമായ വിജയമാണെന്ന് ഇന്ന് ലോകം മനസിലാക്കുന്നു. 95 അല്ല 110 ശതമാനം വിജയം എന്ന് ചന്ദ്രയാന്‍ ഒന്നിനെ ഐ.എസ്.ആര്‍.ഒ.മേധാവി ജി. മാധവന്‍നായര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നു. (കടപ്പാട്: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, മാതൃഭൂമി).

കാണുക

Saturday, October 17, 2009

കണികാപരീക്ഷണം: എല്‍.എച്ച്.സി. അഗാധശൈത്യത്തില്‍

നിര്‍ത്തിവെച്ച കണികാപരീക്ഷണം പുനരാരംഭിക്കാന്‍ പാകത്തില്‍, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) അതിന്റെ പ്രവര്‍ത്തന താപനില കൈവരിച്ചു. എല്‍.എച്ച്.സി.യിലെ ഊഷ്മാവ് കേവലപൂജ്യത്തിനടുത്ത് 1.9 കെല്‍വിനില്‍ (മൈനസ് 271 ഡിഗ്രി സെല്‍സിയസ്) എത്തിക്കുന്നതിലാണ് ഗവേഷകര്‍ വിജയിച്ചത്. ഇതോടെ, പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ശൈത്യമേറിയ സ്ഥാനങ്ങളിലൊന്നായി ഹാഡ്രോണ്‍ കൊളൈഡര്‍ മാറി.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ഹാഡ്രോണ്‍ കൊളൈഡര്‍, മനുഷ്യനിര്‍മിതമായ ഏറ്റവും സങ്കീര്‍ണമായ യന്ത്രമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണം 27 കിലോമീറ്റര്‍ ചുറ്റളവുള്ള ആ യന്ത്രത്തിലാണ് നടക്കുന്നത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) എല്‍.എച്ച്.സി. എന്ന അന്താരാഷ്ട്ര സംരംഭത്തിന് മേല്‍നോട്ടം വഹിക്കുന്നു.

പരീക്ഷണവേളയില്‍ എല്‍.എച്ച്.സി.യുടെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള ടണലില്‍ കണങ്ങളെ ശരിയായായി ദിശയില്‍ ത്വരിപ്പിക്കുന്നത് ഭീമാകാരമാര്‍ന്ന അതിചാലക കാന്തങ്ങളാണ്. കാന്തങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാനാണ് ഇത്രയും താഴ്ന്ന താപനിലയുടെ ആവശ്യം. ദ്രാവക ഹീലിയത്തിന്റെ സഹായത്തോടെയാണ് ഈ അഗാധശൈത്യം എല്‍.എച്ച്.സി.യില്‍ സാധ്യമാകുന്നത്.

2008 സപ്തംബര്‍ പത്തിന് ആരംഭിച്ച കണികാപരീക്ഷണം, എല്‍.എച്ച്.സി.യിലെ തകരാര്‍ മൂലം ആ സപ്തംബര്‍ 19-ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഏതാണ്ട് ഒരു ടണ്‍ ദ്രാവകഹീലിയം ചോര്‍ന്നതിനാല്‍ അതിചാലക കാന്തങ്ങളില്‍ ചിലത് പ്രവര്‍ത്തിക്കാതായതാണ് പ്രശ്‌നമായത്. തകരാര്‍ പരിഹരിക്കാന്‍ എല്‍.എച്ച്.സി.യുടെ താപനില ഉയര്‍ത്തേണ്ടി വന്നു.

പ്രശ്‌നം പരിഹരിച്ച ശേഷം കാന്തങ്ങളെ വീണ്ടും കേവലപൂജ്യത്തിനടുത്ത്് തണുപ്പിക്കാന്‍ കഴിഞ്ഞു എന്നു പറഞ്ഞാല്‍, പ്രഖ്യാപിച്ചതു പോലെ നവംബര്‍ പകുതിയില്‍ കണികാപരീക്ഷണം പുനരാരംഭിക്കാനാകും എന്നാണര്‍ഥം.

ഭൗതികശാസ്ത്ര ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ പരീക്ഷണമാണ് എല്‍.എച്ച്.സി.യില്‍ നടക്കുക. പ്രപഞ്ചാരംഭമായ മഹാവിസ്‌ഫോടനം കഴിഞ്ഞ് തൊട്ടടുത്തുള്ള അവസ്ഥ പുനസൃഷ്ടിക്കാനാണ് പരീക്ഷണം ലക്ഷ്യമിടുന്നത്. അതുവഴി ഭൗതിശാസ്ത്രത്തിലെ ചില സുപ്രധാന സമസ്യകള്‍ക്ക് ഉത്തരം ലഭിക്കുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു.

എതിര്‍ ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ധാരകളെ, അല്ലെങ്കില്‍ ലെഡ് അയണ്‍ ധാരകളെ അത്യുന്നത ഊര്‍ജനിലയില്‍ പരസ്പരം കൂട്ടിയിടിപ്പിക്കുകയും, ആ കൂട്ടിയിടിയുടെ ഫലമായി പുറത്തു വരുന്നത് എന്തൊക്കെ എന്ന് പഠിക്കുകയും ചെയ്യുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുക.

അത്യുന്നത ഊര്‍ജനിലയില്‍ സംഭവിക്കുന്ന കണികാ കൂട്ടിയിടികളില്‍ പുതിയ കണങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് പുത്തന്‍ ഉള്‍ക്കാഴ്ച രൂപപ്പെടുത്താന്‍ അതുവഴി സാധിച്ചേക്കും.

ഹാഡ്രോണ്‍ കൊളൈഡറിലെ കണികകളെ അത്യുന്നത ഊര്‍ജനില കൈവരിക്കാന്‍ സഹായിക്കുന്നത് അതിലെ അതിചാലക കാന്തങ്ങളാണ്. അല്‍പംപോലും പ്രതിരോധമില്ലാതെ വൈദ്യുതി കടന്നുപോകുന്ന അവസ്ഥയാണ് അതിചാലകത. ആ അവസ്ഥ കൈവരിക്കണമെങ്കില്‍ കാന്തങ്ങളുടെ താപനില കേവലപൂജ്യത്തിന് അടുത്തായിരിക്കണം.

ഏതെങ്കിലും ഒരു വസ്തുവിന് എത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും താഴ്ന്ന താപനിലയാണ് കേവലപൂജ്യം അത് മൈനസ് 273.15 ഡിഗ്രി സെല്‍സിയസ്. പ്രപഞ്ചത്തിലെ വിദൂരസ്ഥാനങ്ങളിലെ ഏറ്റവും താഴ്ന്ന താപനിലയായി കണക്കാക്കിയിട്ടുള്ളത് മൈനസ് 270 ഡിഗ്രി സെല്‍സിയസ് ആണ്.

അതിലും താഴെയാണ് ഇപ്പോള്‍ ഹാഡ്രോണ്‍ കൊളൈഡറിന്റെ താപനില; മൈനസ് 271 ഡിഗ്രി സെല്‍സിയസ്. ഇത്ര താഴ്ന്ന താപനില ഇതുവരെ ഒരു കണികാഡിറ്റെക്ടറും (കണികാത്വരകവും) കൈവരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ തകരാറിന് ശേഷം ഹാഡ്രോണ്‍ കൊളൈഡറിലുണ്ടാക്കിയ സംരക്ഷണ സംവിധാനം ടെസ്റ്റു ചെയ്ത ശേഷമേ കണികാപരീക്ഷണം ഇനി ആരംഭിക്കൂ. കാന്തങ്ങളുടെ പ്രവര്‍ത്തനക്ഷമതയാണ് ഇതിന്റെ ഭാഗമായി ടെസ്റ്റ് ചെയ്യുക.

കണികാധാരകള്‍ ചെറിയതോതില്‍ ഇപ്പോള്‍ തന്നെ എല്‍.എച്ച്.സി.യുടെ 'വാതായന'ത്തിലൂടെ കടത്തിവിട്ടു തുടങ്ങി. ദുര്‍ബലമായ കണികാധാരകളാണ് തുടക്കത്തില്‍ ഉപയോഗിക്കുന്നത്. ഹാഡ്രോണ്‍ കൊളൈഡറിന്റെ ചില ഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഈ ടെസ്റ്റിങ്.

നവംബര്‍ രണ്ടാമത്തെ ആഴ്ചയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണം ആരംഭിക്കാം എന്നാണ് സേണ്‍ അധികൃതര്‍ കരുതുന്നത്. ആദ്യ ഡേറ്റ അതുവഴി ലഭിക്കും.

ക്രമേണ കണികാധാരകളുടെ ശക്തിവര്‍ധിപ്പിക്കാനാണ് പരിപാടി. അങ്ങനെ, ഉന്നത ഊര്‍ജനിലയിലുള്ള ധാരകള്‍ തമ്മിലുള്ള കൂട്ടിയിടി ആരംഭിക്കുന്നതോടെ പൂര്‍ണതോതില്‍ കണികാപരീക്ഷണം തുടങ്ങും.

ഉന്നത ഊര്‍ജനില പ്രാപിച്ച കണികാധാരകളുടെ കൂട്ടിയിടി ഡിസംബറില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷ, ഒരുപക്ഷേ അത് 2010 ജനവരിയിലാകാം നടക്കുക-സേണിലെ കമ്മ്യൂണിക്കേഷന്‍സ് മേധാവി ജെയിംസ് ഗില്ലീസ് പറയുന്നു.

'രണ്ട് തുന്നല്‍ സൂചികള്‍ അത്‌ലാന്റിക്കിന്റെ ഇരുകരയിലും നിന്നെറിഞ്ഞ് പരസ്പരം കൊള്ളിക്കുന്നതുപോലെ, അത്രമാത്രം അസാധാരണ സൂക്ഷ്മത ആവശ്യമുള്ള പരീക്ഷണമാണ് കണികകളെ കൂട്ടിയിടിപ്പിക്കുക വഴി എല്‍.എച്ച്.സി.യില്‍ നടക്കുന്നത്'-ഗില്ലീസ് പറയുന്നു.

ഹാഡ്രോണ്‍ കൊളൈഡറിന്റെ തകരാര്‍ പരിഹരിക്കാന്‍ സേണ്‍ ചെലവിട്ടത് ഏതാണ്ട് 240 ലക്ഷം പൗണ്ട് (180 കോടി രൂപ) ആണ്. കഴിഞ്ഞ വര്‍ഷം സംഭവിച്ചത് പോലുള്ള തകരാറുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍സംരക്ഷണസംവിധാനം ഏര്‍പ്പെടുത്തിയ ശേഷമാണ് ഇപ്പോള്‍ പരീക്ഷണം പുനരാരംഭിക്കുന്നത്. (കടപ്പാട്: ബി.ബി.സി.ന്യൂസ്)

കാണുക