Monday, June 25, 2012

ലോണ്‍സം ജോര്‍ജ് യാത്രയായി ; അവന്റെ വംശവും



ഇക്വഡോറിലെ ഗാലപഗോസ് ദ്വീപുകളിലൊന്നായ പിന്റയില്‍ നിന്ന് 1972 ല്‍ ഒരു ഹംഗേറിയന്‍ ഗേവഷകനാണ് 'ലോണ്‍സം ജോര്‍ജ്' (Lonesome George) എന്ന ഭീമന്‍ ആമയെ ആദ്യം കണ്ടത്. ഗാലപഗോസ് ദ്വീപുകള്‍ നേരിടുന്ന പരിസ്ഥിതി ഭീഷണിയുടെ പ്രതീകമായി പിന്നീട് മാറിയ ആ ഭീമന്‍ ആമ ഇപ്പോള്‍ യാത്രയായിരിക്കുന്നു. ഇതോടെ, ലോണ്‍സം ജോര്‍ജ് ഉള്‍പ്പെടുന്ന ഉപവര്‍ഗം ഭൂമുഖത്തുനിന്ന്  നാമാവശേഷമായെന്ന് കരുതുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ ജോര്‍ജിന്റെ വര്‍ഗക്കാര്‍ ഗാലപഗോസ് ദ്വീപുകളില്‍ സുലഭമായിരുന്നു. നാവികരും മത്സ്യബന്ധനത്തിനെത്തുന്നവരും മാംസത്തിനായി ഭീമന്‍ ആമകളെ പിന്നീട് വേട്ടയാടിയതാണ് അവയുടെ വംശം നാശത്തിലെത്താന്‍ മുഖ്യകാരണം.

ജോര്‍ജിന്റെ വര്‍ഗത്തെ നിലനിര്‍ത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നു. ഗാലപഗോസ് നാഷണല്‍ പാര്‍ക്ക് പ്രജനന പരിപാടിയില്‍ ജോര്‍ജിനെയും ഉള്‍പ്പെടുത്തുകയുണ്ടായി. 15 വര്‍ഷം അവന്‍ പെണ്‍ആമകള്‍ക്കൊപ്പം കഴിയുകയും ഇണചേരുകയും ചെയ്‌തെങ്കിലും മുട്ടകളൊന്നും വിരിഞ്ഞില്ല.

പരിണാമസിദ്ധാന്തം രൂപപ്പെടുത്താന്‍ ചാള്‍സ് ഡാര്‍വിന് തുണയായതില്‍ ജോര്‍ജിന്റെ വര്‍ഗക്കാരും പെടുന്നു. പിന്റ ദ്വീപില്‍ കാണപ്പെടുന്ന Chelonoidis nigra abingdoni എന്ന ഉപവര്‍ഗത്തില്‍പെടുന്ന ആമയാണ് ജോര്‍ജ്. 100 വര്‍ഷം പ്രായമുണ്ടെന്ന് കരുതുന്ന ജോര്‍ജിന്റെ മരണകാരണം വ്യക്തമായിട്ടില്ല. 

മറ്റ് ഉപവര്‍ഗങ്ങളില്‍പെട്ട 20,000 ഭീമന്‍ ആമകള്‍ ഇപ്പോള്‍ ഗാലപഗോസ് ദ്വീപുകളിലുണ്ട്.



(ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയിട്ടേഴ്‌സ്, എ.എഫ്.പി)


2 comments:

Joseph Antony said...

ഇക്വഡോറിലെ ഗാലപഗോസ് ദ്വീപുകളിലൊന്നായ പിന്റയില്‍ നിന്ന് 1972 ല്‍ ഒരു ഹംഗേറിയന്‍ ഗേവഷകനാണ് 'ലോണ്‍സം ജോര്‍ജ്' (Lonesome George) എന്ന ഭീമന്‍ ആമയെ ആദ്യം കണ്ടത്. ഗാലപഗോസ് ദ്വീപുകള്‍ നേരിടുന്ന പരിസ്ഥിതി ഭീഷണിയുടെ പ്രതീകമായി പിന്നീട് മാറിയ ആ ഭീമന്‍ ആമ ഇപ്പോള്‍ യാത്രയായിരിക്കുന്നു. ഇതോടെ, ലോണ്‍സം ജോര്‍ജ് ഉള്‍പ്പെടുന്ന ഉപവര്‍ഗം ഭൂമുഖത്തുനിന്ന് നാമാവശേഷമായി കരുതുന്നു.

Unknown said...

ശരിക്കും ഏകാകി തന്നെ ആയിരുന്നു അല്ലേ :(