പരിചിതമായ ഒരു മുദ്രാവാക്യത്തിന്റെ പാരഡിയാണ് ഇതിന്റെ തലവാചകമെന്ന് തെറ്റിദ്ധരിക്കരുത്, ജര്‍മനിയിലെ ലീപ്‌സിഗില്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എവല്യൂഷണറി ആന്ത്രപ്പോളജിയിലെ പ്രൊഫ. സ്വൊന്റെ പാബോയുടെ വാക്കുകളുടെ ഏകദേശ പരിഭാഷയാണിത്!
നിയാണ്ടെര്‍ത്താല്‍ മനുഷ്യര്‍ പൂര്‍ണമായും നശിച്ചെന്ന് പറയാനാകില്ലത്രേ, ആ വര്‍ഗത്തിന്റെ കുറെ ജീനുകള്‍ ആധുനിക മനുഷ്യരില്‍ പലരിലും ഇപ്പോഴും നിലനില്‍ക്കുന്നു. നിയാണ്ടെര്‍ത്താലുകളുടെയും ആധുനിക മനുഷ്യന്റെയും ജിനോം താരതമ്യം ചെയ്ത് ഗവേഷകരെത്തിയ അമ്പരപ്പുളവാക്കുന്ന നിഗമനമാണിത്. അപ്രതീക്ഷിതമല്ലെങ്കിലും, കൗതുകമേറെയുള്ള ഈ കണ്ടെത്തിലന്റെ വിവരം പുതിയ ലക്കം 'സയന്‍സ്' വാരികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിയാണ്ടെര്‍ത്താല്‍ വര്‍ഗം ആധുനിക മനുഷ്യന്റെ പാരമ്പര്യത്തിലേക്ക് കാര്യമായ സംഭാവനയൊന്നും നല്‍കിയിട്ടില്ലെന്ന മുന്‍ ജനിതകപഠനങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ നിഗമനം. യൂറേഷ്യന്‍ മേഖലയിലുള്ളവരുടെ ജിനോമില്‍ (ഒരു ജീവിയുടെ പൂര്‍ണജനിതകസാരമാണ് ജിനോം) ഒന്നു മുതല്‍ നാലു ശതമാനം വരെ നിയാണ്ടെര്‍ത്തല്‍ വര്‍ഗത്തിന്റേതാണെന്ന് പഠനത്തില്‍ വ്യക്തമായി.
എന്നാല്‍, ആധുനിക മനുഷ്യന്‍ ആഫ്രിക്കയിലാണ് ഉത്ഭവിച്ചതെന്നും അവിടെ നിന്ന് ബാഹ്യലോകത്തേക്ക് അവന്റെ സാന്നിധ്യം വ്യാപിക്കുകയാണുണ്ടായതെന്നുമുള്ള സിദ്ധാന്തത്തിന് അടിവരയിടുന്നതാണ് പുതിയ പഠനം. ഏതാണ്ട് രണ്ടുലക്ഷം വര്‍ഷം മുമ്പ് ആധുനിക മനുഷ്യന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ടെന്നും, അതില്‍ ഒരു ചെറിയസംഘം 50,000 - 60,000 വര്‍ഷം മുമ്പ് അവിടെ നിന്ന് പുറംലോകത്ത് എത്തിയെന്നുമാണ് കരുതുന്നത്. 'ആഫ്രിക്കയില്‍ നിന്നുള്ള കടന്നുപോകല്‍' (Out of Africa) എന്ന പേരിലാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്.
യൂറോപ്പ്, ഏഷ്യ, ഓഷ്യാന തുടങ്ങിയ പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍, ചെറുതെങ്കിലും മുമ്പ് കരുതിയതിലും കൂടിയ തോതില്‍, നിയാണ്ടെര്‍ത്താല്‍ പാരമ്പര്യമുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പ്രാചീന മനുഷ്യവര്‍ഗത്തില്‍ വ്യത്യസ്തമായ കൈവഴിയായി കരുതപ്പെടുന്ന നിയാണ്ടെര്‍ത്താല്‍ വര്‍ഗത്തിന്റെ ജീനുകള്‍ ഒരു വിഭാഗം ആധുനിക മനുഷ്യരിലുണ്ടെന്ന് വന്നാല്‍ അതിനര്‍ഥം, പരിമിതമായ തോതിലെങ്കിലും ഇരു വിഭാഗവും തമ്മില്‍ ഒരു കാലത്ത് പ്രജനനം നടന്നിരുന്നു എന്നാണ്.
'അവ പൂര്‍ണമായി വംശമറ്റിട്ടില്ല. നമ്മളില്‍ ചിലരിലൂടെ അവ ജീവിക്കുന്നു, ചെറിയ തോതിലാണെങ്കില്‍ പോലും'-പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. പാബോ പറയുന്നു. ആധുനിക മനുഷ്യന്റെയും നിയാണ്ടെര്‍ത്താലിന്റെയും പൊതുപൂര്‍വികന്‍ ഏതാണ്ട് അഞ്ചുലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ വെച്ച് വേര്‍പിരിഞ്ഞു എന്നാണ് കരുതുന്നത്. 37,000 വര്‍ഷം മുമ്പ് വരെ നിയാണ്ടെര്‍ത്തലുകള്‍ യൂറോപ്പില്‍ നിലനിന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്ന് ആധുനിക മനുഷ്യവര്‍ഗം പുറംലോകത്തെത്തിയ കാലം കൂടി പരിഗണിച്ചാല്‍, കുറഞ്ഞത് 10,000 വര്‍ഷമെങ്കിലും ഇരു വര്‍ഗവും തമ്മില്‍ ഇടകലരാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
നിയാണ്ടെര്‍ത്താല്‍ ഒരു പ്രത്യേക ജനിതകശാഖയായിരുന്നു എന്നത് നേര്. പക്ഷേ, ആധുനിക മനുഷ്യരും നിയാണ്ടെര്‍ത്താലുകളും തമ്മില്‍ പ്രജനനം നടന്നിരുന്നു എന്ന അത്ഭുതകരമായ വസ്തുതയ്ക്കുള്ള തെളിവാണ്, ആ വര്‍ഗത്തിന്റെ ജീനുകള്‍ മനുഷ്യരിലുണ്ടെന്ന കണ്ടെത്തല്‍-'ആഫ്രിക്കയില്‍ നിന്നുള്ള കടന്നുപോകല്‍' സിദ്ധാന്തത്തിന്റെ പ്രായോജകരില്‍ ഒരാളും ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനുമായ പ്രൊഫ. ക്രിസ് സ്റ്റിംഗര്‍ അഭിപ്രായപ്പെടുന്നു.
നിയാണ്ടെര്‍ത്തലുകളുടെ ജിനോം രഹസ്യം കണ്ടെത്തിയത് വന്‍ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നാലുവര്‍ഷം നീണ്ട ശ്രമകരമായ ദൗത്യം അതിന് വേണ്ടി വന്നു. ഒട്ടേറെ ജനിതകശ്രേണികള്‍ ഒരേ സമയം വിശകലനം ചെയ്യാന്‍ സാധിക്കുന്ന സങ്കേതമാണ് അതിന് ഗവേഷകര്‍ അവലംബിച്ചത്.
ക്രൊയേഷ്യയിലെ വിന്‍ഡിജ ഗുഹയില്‍ നിന്നു ലഭിച്ച മൂന്നു നിയാണ്ടെര്‍ത്താലുകളുടെ ഫോസിലുകളില്‍ നിന്നുള്ള ഡി.എന്‍.എ.യാണ് ജിനോം വിശകലനത്തിന് ഉപയോഗിച്ചത്. പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഫോസിലുകളില്‍ നിന്ന് ഗുണമേന്‍മയുള്ള ജനിതകദ്രവ്യം വേര്‍തിരിച്ചെടുക്കുകയെന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. അതാണ് ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ഗവേഷകര്‍ നേരിട്ടത്. രാസപരമായി വ്യതിയാനം വന്ന ജനിതകദ്രവ്യത്തിന്റെ യഥാര്‍ഥ സ്വഭാവം മനസിലാക്കാന്‍ സഹായിക്കുന്ന സോഫ്ട്‌വേറുകള്‍ക്കും അവര്‍ രൂപം നല്‍കി.
തായ്‌വഴിയില്‍ ആധുനിക മനുഷ്യന്റെ ഏറ്റവും അടുത്ത ജനിതക ബന്ധുവെന്നാണ് നിയാണ്ടെര്‍ത്തലുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇരു വിഭാഗവും തമ്മില്‍ ജനിതകമായി എത്ര സാമ്യമുണ്ടെന്ന് മനസിലാക്കാനുള്ള ജിനോം താരതമ്യത്തിന്റെ വിശദാംശങ്ങളും 'സയന്‍സ്' വാരികയിലെ റിപ്പോര്‍ട്ടിലുണ്ട്.
യൂറോപ്പ്, ചൈന, ന്യൂ ഗിനി എന്നിവിടങ്ങളിലുള്ളവര്‍ക്ക് (യൂറേഷ്യക്കാര്‍ക്ക്) ആണ് ആഫ്രിക്കക്കാരെക്കാള്‍ നിയാണ്ടെര്‍ത്താലുകളുമായി ജനിതകബന്ധം കൂടുതലെന്ന് പഠനത്തില്‍ തെളിഞ്ഞു. യൂറേഷ്യയിലാണ്, പരിമിതമായ തോതിലെങ്കിലും, നിയാണ്ടെര്‍ത്തലുകളുമായി ജനിതക സങ്കലനം നടന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ആധുനിക മനുഷ്യനെ അവനാക്കുന്ന ജനിതക സവിശേഷതകള്‍ എന്തെന്നു മനസിലാക്കാനും, നിയാണ്ടെര്‍ത്താലുകളുമായുള്ള ജനിതക താരതമ്യം സഹായിച്ചു. ഏതാണ്ട് 70 ജനിതകമാറ്റങ്ങള്‍ ആധുനിക മനുഷ്യരില്‍ മാത്രമായി സംഭവിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടു. ശരീരഘടന, മസ്തിഷ്‌ക്കം, ചര്‍മം, അസ്ഥികള്‍ മുതലായവയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ജനിതകമാറ്റങ്ങളാണ് അത്. മാത്രമല്ല, ആധുനിക മനുഷ്യനെ അതിജീവിക്കാന്‍ സഹായിക്കുന്ന പ്രകൃതിനിര്‍ധാരണത്തിന്റെ സൂചനകളും പരിശോധിക്കപ്പെട്ടു. ഇത്തരം ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന 212 മേഖലകള്‍ ആധുനിക മനുഷ്യന്റെ ജിനോമിലുള്ളതായി അവര്‍ കണ്ടു. (അവലംബം: സയന്‍സ് വാരിക)
കാണുക
2 comments:
ഇല്ല, ഇല്ല, നിയാണ്ടെര്‍ത്താല്‍ മരിച്ചിട്ടില്ല; ജീവിക്കുന്നു നമ്മളിലൂടെ......!! പരിചിതമായ ഒരു മുദ്രാവാക്യത്തിന്റെ പാരഡിയാണ് ഇതിന്റെ തലവാചകമെന്ന് തെറ്റിദ്ധരിക്കരുത്, ജര്‍മനിയിലെ ലീപ്‌സിഗില്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എവല്യൂഷണറി ആന്ത്രപ്പോളജിയിലെ പ്രൊഫ. സ്വൊന്റെ പാബോയുടെ വാക്കുകളുടെ ഏകദേശ പരിഭാഷയാണിത്! നിയാണ്ടെര്‍ത്താല്‍ മനുഷ്യര്‍ പൂര്‍ണമായും നശിച്ചെന്ന് പറയാനാകില്ലത്രേ, ആ വര്‍ഗത്തിന്റെ കുറെ ജീനുകള്‍ ആധുനിക മനുഷ്യരില്‍ പലരിലും ഇപ്പോഴും നിലനില്‍ക്കുന്നു. നിയാണ്ടെര്‍ത്താലുകളുടെയും ആധുനിക മനുഷ്യന്റെയും ജിനോം താരതമ്യം ചെയ്ത് ഗവേഷകരെത്തിയ അമ്പരപ്പുളവാക്കുന്ന നിഗമനമാണിത്. അപ്രതീക്ഷിതമല്ലെങ്കിലും, കൗതുകമേറെയുള്ള ഈ കണ്ടെത്തിലന്റെ വിവരം പുതിയ ലക്കം 'സയന്‍സ്' വാരികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രസകരമാണ് ഇത്തരം വിവരങ്ങൾ ഫോളോ ചെയ്യൽ....!പോസ്റ്റിനും ലിങ്കുകൾക്കും നന്ദി!
Post a Comment