1996 ഫിബ്രവരി 14-ന് ഡോളിയെന്ന ചെമ്മരിയാട് പിറന്നപ്പോഴായിരിക്കണം ഇത്തരത്തിലൊരു ആകാംക്ഷയും വിവാദവും ശാസ്ത്രലോകം നേരിട്ടിരിക്കുക. ക്ലോണിങ് എന്ന ജനിതകസങ്കേതം വഴിയുണ്ടായ ആദ്യ സസ്തനിയായിരുന്നു ഡോളി. അവള്‍ക്ക് ജന്മം നല്കിയ ഡോ.ഇയാന്‍ വില്‍മുട്ടിനെ 'ഫ്രാന്‍കെന്‍സ്റ്റയിനാ'യി പലരും ചിത്രീകരിച്ചു. ഇനി ഇയാന്‍ വില്‍മുട്ടിന്റെ ആ 'സ്ഥാനപ്പേര്' ഇനി തീര്‍ച്ചയായും ഡോ. ജെ. ക്രെയ്ഗ് വെന്റര്‍ എന്ന കുശാഗ്രബുദ്ധിയായ ജനിതകശാസ്ത്രജ്ഞനായിരിക്കും ലഭിക്കുക! കാരണം, ചരിത്രത്തില്‍ ആദ്യമായി ഒരു കൃത്രിമജീവരൂപം സൃഷ്ടിക്കുകയെന്ന വെല്ലുവിളിയില്‍ ഡോ.വെന്ററുടെ നേതൃത്വത്തിലുള്ള സംഘം വിജയിച്ചിരിക്കുന്നു.ശാസ്ത്രമുന്നേറ്റം എന്നതുപോലെ തന്നെ ഒട്ടേറെ നൈതികപ്രശ്നങ്ങളും ഉയര്‍ത്തിയേക്കാവുന്നതാണ് ഈ ഗവേഷണം. ദൈവത്തിന്റെ റോള്‍ മനുഷ്യന് ഏറ്റെടുക്കുന്നത് നന്നോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. എന്നാല്‍, തങ്ങള്‍ നടത്തിയ മുന്നേറ്റം ശാസ്ത്രത്തിലെ വലിയൊരു നാഴികക്കല്ലാണെന്നും, മനുഷ്യവര്‍ഗത്തിന് വലിയ അനുഗ്രഹമാകാന്‍ പോന്ന ഒട്ടേറെ സംഗതികള്‍ അതുവഴി സാധിക്കുമെന്നും ഡോ.വെന്റര്‍ പറയുന്നു. ജൈവഇന്ധനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സൂക്ഷ്മജീവികള്‍ക്ക് രൂപംനല്കാന് ഈ വിദ്യ സഹായിക്കും, അല്ലെങ്കില്‍ ആണവമാലിന്യങ്ങളും മറ്റും വിഘടിപ്പിച്ച് പ്രകൃതിയെ രക്ഷിക്കാന്‍ കഴിവുള്ള ബാക്ടീരിയങ്ങള്‍ ഇതുവഴിയുണ്ടായേക്കാം-അദ്ദേഹം വിശദീകരിക്കുന്നു.
മേരിലന്‍ഡിലെ റോക്ക്വില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് കൃത്രിമജീവരൂപം സൃഷ്ടിക്കുകയെന്ന വെല്ലുവിളിയില്‍ വിജയിച്ചത്. ജീവന്റെ സൃഷ്ടിക്കാവശ്യമായ ജനിതകകോഡുകള്‍ ഒന്നൊന്നായി പരീക്ഷണശാലയില്‍ കൂട്ടിയിണക്കിയാണ് പുതിയ ജീവരൂപത്തിനായുള്ള ജിനോം ഡോ.വെന്ററും കൂട്ടരും രൂപപ്പെടുത്തിയത്. അങ്ങനെ സൃഷ്ടിച്ച ജിനോം (ജിനോം എന്നാല്‍ ഒരു ജീവിയുടെ പൂര്‍ണജനിതകസാരം) ഒരു ആതിഥേയകോശത്തിലേക്ക് സന്നിവേശിപ്പിച്ച് പുതിയ ഏകകോശ സൂക്ഷ്മജീവിയെ സൃഷ്ടിക്കുകയായിരുന്നു.കൃത്രിമജീവന്‍ പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതിന് മുന്നോടിയായി, ഒരു ബാക്ടീരിയം ജിനോം നേരത്തെ ഡോ.വെന്ററും കൂട്ടരും രൂപപ്പെടുത്തിയിരുന്നു. മാത്രമല്ല, ഒരു ബാക്ടീരിയത്തിന്റെ ജിനോം മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയുമെന്നും അവര്‍ തെളിയിക്കുകയുണ്ടായി. ഈ രണ്ട് മുന്നേറ്റങ്ങളും കൂട്ടിയിണക്കിയാണ് കൃത്രിമജീവരൂപത്തിന് രൂപംനല്കിയത്. ഡോ.വെന്ററും കൂട്ടരും രൂപംനല്കിയ സൂക്ഷ്മജീവിയുടെ ശരീരത്തില്‍ 485 ജീനുകളാണുള്ളത് (മനുഷ്യശരീരത്തില്‍ 20,000 ലേറെ ജീനുകളുണ്ട്). ഓരോ ജീനും ഏതാണ്ട് പത്തുലക്ഷം ബേസ് ജോഡികളുപയോഗിച്ച് നിര്‍മിച്ചവയാണ്. വളരെ ലളിതമായ ഒന്നാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടതെങ്കിലും, ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമായ ജീവരൂപങ്ങള്‍ സൃഷ്ടിക്കാനുള്ള വഴിതുറക്കുകയാണ് അത് ചെയ്യുന്നത്.
മാനവജിനോം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഡോ. വെന്റര്‍ 15 വര്‍ഷം മുമ്പാണ്, പരീക്ഷണശാലയില്‍ കൃത്രിമജീവന്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നത്. 2006-ല്‍ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട് അദ്ദേഹം സ്ഥാപിക്കുന്നതു തന്നെ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ്. നാലു കോടി ഡോളര്‍ വേണ്ടിവന്നു വിജയം വരിക്കാന്‍. ഏതായാലും മാനവചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിനാണ് ഈ മുന്നേറ്റം വഴി ഡോ.വെന്ററും കൂട്ടരും തിരികൊളുത്തിയിരിക്കുന്നത്. ( അവലംബം: സയന്‍സ് )
കാണുക






