Thursday, April 29, 2010

ഇഷ്ടഭക്ഷണം മെച്ചമാകണമെന്നില്ല-വിദഗ്ധര്‍

കൂടുതല്‍ സ്വാദുള്ള, സ്വീകാര്യത ഏറെയുള്ള പഴങ്ങളും പച്ചക്കറികളും മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിയല്ല. ഇക്കാര്യത്തില്‍ വൈവിധ്യം വര്‍ധിപ്പിക്കാനാണ് വിദഗ്ധരുടെ ഉപദേശം.

ആരുടെ കാര്യം വേണമെങ്കിലുമെടുത്തോളൂ. ഇഷ്ടപ്പെട്ട ചില ഐറ്റങ്ങളുണ്ടാവും, പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. കാരറ്റ്, ഓറഞ്ച്, സ്‌ട്രോബറീസ്.....ഇഷ്ടപഴങ്ങളുടെ പട്ടിക അധികം നീണ്ടെന്നു വരില്ല. പച്ചക്കറിയുടെ കാര്യമായാലും കഥ ഇങ്ങനെ തന്നെ. ആകെ കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും ഏറിയപങ്കും ഈ ഇഷ്ട ഐറ്റങ്ങളാകും.

എന്നാല്‍, ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം കടുത്ത ഇഷ്ടങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് ആരോഗ്യകരമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ജനസമ്മതി കൂടിയ പഴങ്ങളിലുള്ളതിലും സൂക്ഷ്മപോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയ ഒട്ടേറെ ഇനങ്ങള്‍ ലഭ്യമാണ്. അതു മനസിലാക്കി, ഭക്ഷണത്തില്‍ ഏതെങ്കിലും ഇനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് പകരം, അവയുടെ വൈവിധ്യം വര്‍ധിപ്പിക്കാനാണ് ഉപദേശം.

ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കാനും അര്‍ബുദ ബാധ ഒഴിവാക്കാനും സഹായിക്കുന്നത് 'ഫൈറ്റോന്യൂട്രിയന്റുകള്‍' (phytonutrient chemicals) എന്നറിയപ്പെടുന്ന സൂക്ഷ്മപോഷകങ്ങളാണ്. പഴങ്ങളിലും പച്ചക്കറികളിലുമാണ് ഇത്തരം രാസവസ്തുക്കള്‍ കൂടുതലായി അടങ്ങിയിട്ടുള്ളത്. അതുകൊണ്ടാണ് ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം എന്ന് പറയുന്നത്.

എന്നാല്‍, ഇത്തരം സൂക്ഷ്മപോഷകങ്ങള്‍ ഏറെയുള്ളത് കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പച്ചക്കറികളിലോ പഴങ്ങളിലോ അല്ലെന്ന് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ആളുകളുടെ ഭക്ഷണസ്വഭാവം മനസിലാക്കാനായി നടന്ന അമേരിക്കന്‍ സര്‍വെകളിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. കാലിഫോര്‍ണിയയിലെ അനാഹീമില്‍ നടന്ന '2010 എക്‌സ്‌പെരിമെന്റല്‍ ബയോളജി' സമ്മേളനത്തില്‍ പഠനഫലം അവതരിപ്പിക്കപ്പെട്ടു.

'ബീറ്റാ-കരോട്ടിന്‍' (beta-carotene) എന്ന ഫൈറ്റോന്യൂട്രിയന്റിന്റെ ഏറ്റവും വലിയ സ്രോതസ്സായി ഉപയോഗിക്കപ്പെടുന്നത് കാരറ്റാണ്. 'ബീറ്റാ-ക്രിപ്‌റ്റോക്‌സാന്തിനി'ന്റെ (beta-cryptoxanthin) കാര്യത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഓറഞ്ചും ഓറഞ്ചു ജ്യൂസും. 'എലാജിക് ആസിഡ്' (ellagic acid) എന്ന ഫൈറ്റോന്യൂട്രിയന്റിനായി കൂടുതല്‍ പേരും ആശ്രയിക്കുന്നത് സ്‌ട്രോബറി ആണ്.

എന്നാല്‍, കാരറ്റിന് പകരം മധുരക്കിഴങ്ങിലേക്ക് നമ്മള്‍ ചുവടുമാറ്റി എന്നിരിക്കട്ടെ. സംഭവിക്കുന്നതെന്തെന്നോ, ശരീരത്തിന് ലഭിക്കുന്ന ബീറ്റാ-കരോട്ടിന്റെ അളവ് ഇരട്ടിയാകും! ഓറഞ്ചിനെ അപേക്ഷിച്ച് 15 മടങ്ങ് ബീറ്റാ-ക്രിപ്‌റ്റോക്‌സാന്തിന്‍ പപ്പായയിലുണ്ടെന്ന് എത്ര പേര്‍ക്കറിയാം. സ്‌ട്രോബറിയെക്കാള്‍ റാസ്പ്‌ബെറിയില്‍ മൂന്നു മടങ്ങ് എലാജിക് ആസിഡ് കൂടുതലുണ്ട്.

എന്നുവെച്ചാല്‍, പച്ചക്കറികളും പഴങ്ങളും എത്ര അളവില്‍ കഴിക്കുന്നു എന്നതല്ല, അതില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുന്നു എന്നതിലാണ് കാര്യമെന്ന് ചുരുക്കം. 'ഒരു ഭക്ഷണത്തിനും നിങ്ങള്‍ക്ക് ആവശ്യമുള്ളത് മുഴുവന്‍ നല്‍കാനാവില്ല'-ബ്രിട്ടീഷ് ന്യൂട്രിഷന്‍ ഫൗണ്ടെഷനിലെ ഡോ.എമ്മ വില്ല്യംസ് ഓര്‍മിപ്പിക്കുന്നു. (കടപ്പാട്: ബി.ബി.സി)

8 comments:

Joseph Antony said...

ആരുടെ കാര്യം വേണമെങ്കിലുമെടുത്തോളൂ. ഇഷ്ടപ്പെട്ട ചില ഐറ്റങ്ങളുണ്ടാവും, പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. കാരറ്റ്, ഓറഞ്ച്, സ്‌ട്രോബറീസ്.....ഇഷ്ടപഴങ്ങളുടെ പട്ടിക അധികം നീണ്ടെന്നു വരില്ല. പച്ചക്കറിയുടെ കാര്യമായാലും കഥ ഇങ്ങനെ തന്നെ. ആകെ കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും ഏറിയപങ്കും ഈ ഇഷ്ട ഐറ്റങ്ങളാകും.എന്നാല്‍, ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം കടുത്ത ഇഷ്ടങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് ആരോഗ്യകരമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ജനസമ്മതി കൂടിയ പഴങ്ങളിലുള്ളതിലും സൂക്ഷ്മപോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയ ഒട്ടേറെ ഇനങ്ങള്‍ ലഭ്യമാണ്. അതു മനസിലാക്കി, ഭക്ഷണത്തില്‍ ഏതെങ്കിലും ഇനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് പകരം, അവയുടെ വൈവിധ്യം വര്‍ധിപ്പിക്കാനാണ് ഉപദേശം

നന്ദന said...

ജൊസഫ് സർ,
ഇന്നുമുതൽ കൂടുതൽ പപ്പായ കഴിക്കാൻ ശ്രമിക്കണം.

ഷൈജൻ കാക്കര said...

നല്ല ലേഖനം...

വിചാരം said...

:)

ഭക്ഷണപ്രിയന്‍ said...

ഒരു സംശയം! മധുര കിഴങ്ങ് പാകം ചെയ്യാതെ കഴിക്കാന്‍ ബുദ്ധിമുട്ടല്ലേ? വേവിച്ചു കഴിച്ചാല്‍ ബീറ്റാ കരോട്ടിന്‍ പോലെയുള്ള പോഷകങ്ങള്‍ നഷ്ടമാവില്ലെ?

Joseph Antony said...

ഭക്ഷണപ്രിയന്‍,

മധുരക്കിഴങ്ങ് പാകം ചെയ്യാതെ കഴിക്കാം, നന്നായി കഴുകി വൃത്തിയാക്കണം എന്നു മാത്രം. കാരറ്റിനെക്കാള്‍ സ്വാദാണ്. പക്ഷേ, നമ്മുടെ സഹജവാസന മൂലം വേവിച്ചേ കഴിക്കൂ. പച്ചക്കറികളും മറ്റും എങ്ങനെ പാകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അതിലെ ബീറ്റാ കരോട്ടിന്റെ നഷ്ടം സംഭവിക്കുന്നത്,ഇത് നോക്കൂ.

Viswaprabha said...

ഇതുപോലെത്തന്നെ പ്രധാനപ്പെട്ടതും എന്നാൽ യോഗ്യതയ്ക്കനുസരിച്ച അംഗീകാരം ലഭിക്കാത്തതുമായ ഒരു സൂപ്പർതാരമാണു് മുരിങ്ങ.
മുരിങ്ങക്കായയും മുരിങ്ങയിലയും എത്രമാത്രം പോഷകസമ്പന്നമാണെന്നു് നാം ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.

ജീവന്റെ വൃക്ഷം എന്നുപോലും വിളിക്കപ്പെടുന്ന മുരിങ്ങയെക്കുറിച്ച് ഇവിടെ വായിക്കാം.

http://www.treesforlife.org/our-work/our-initiatives/moringa/moringas-potential/moringas-potential

Viswaprabha said...

മുരിങ്ങയെപ്പറ്റി കൂടുതൽ അറിയാൻ:


പവർ പോയിന്റ്

PDF (പ്രിന്റെടുക്കാൻ)

PDF (കാണാൻ)