Monday, December 01, 2008

എയ്‌ഡ്‌സ്‌ പ്രതിരോധം സാമ്പത്തികമാന്ദ്യത്തിന്റെ നിഴലില്‍

എയ്‌ഡ്‌സ്‌ ദിനാചരണം തുടങ്ങിയിട്ട്‌ ഇന്ന്‌ 20 വര്‍ഷം തികയുന്നു

സമ്പന്നരാഷ്ട്രങ്ങള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം, എയ്‌ഡ്‌സ്‌ പ്രതിരോധപ്രവര്‍ത്തനളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയ്‌ക്കിടെയാണ്‌ ഇത്തവണ ലോക എയ്‌ഡ്‌സ്‌ ദിനം ആചരിക്കപ്പെടുന്നത്‌. അങ്ങനെ സംഭവിച്ചാല്‍ വരുംവര്‍ഷങ്ങളില്‍ ലോകത്ത്‌ എച്ച്‌.ഐ.വി.ബാധിതരുടെ സംഖ്യയില്‍ വന്‍കുതിച്ചുചാട്ടം സംഭവിക്കുമെന്ന്‌ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. നിലവിലുള്ള എയ്‌ഡ്‌സ്‌ പ്രതിരോധശ്രമങ്ങള്‍ക്ക്‌ പോറലേല്‍ക്കാതെ നോക്കുകയാണ്‌, രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ വേണ്ടതെന്ന്‌ യു.എന്‍.എയ്‌ഡ്‌സ്‌ അധികൃതര്‍ പറയുന്നു.

എയ്‌ഡ്‌സ്‌ ദിനാചരണത്തിന്റെ ഇരുപതാം വാര്‍ഷികമാണിത്‌. ഇരുപത്‌ വര്‍ഷമായി തുടരുന്ന ശ്രമങ്ങളുടെ ഭാഗമായി ലോകത്ത്‌ എച്ച്‌.ഐ.വി. ബാധയുടെ തോത്‌ കുറഞ്ഞിരിക്കുന്നു എന്ന ആശ്വാസകരമായ വസ്‌തുത നിലനില്‍ക്കുമ്പോള്‍ തന്നെയാണ്‌, സാമ്പത്തികമാന്ദ്യം ഈ മേഖലയില്‍ ആശങ്ക വിതയ്‌ക്കുന്നത്‌. ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ അനുവദിക്കുന്ന സഹായങ്ങള്‍ തുടരേണ്ടതുണ്ടെന്ന്‌ യു.എന്‍.എയ്‌ഡ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പോള്‍ ഡി ലേ പറയുന്നു. അല്ലെങ്കില്‍ നാലോ അഞ്ചോ വര്‍ഷംകൊണ്ട്‌ എച്ച്‌.ഐ.വി. ബാധിതരുടെ സംഖ്യയില്‍ വന്‍വര്‍ധനവുണ്ടാകും-അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുന്നു.

എയ്‌ഡ്‌സ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തുറ്റ 'നേതൃത്വം' വേണ്ടതിന്റെയും, ഈ മേഖലയ്‌ക്കായുള്ള 'ശാക്തീകരണ'ത്തിന്റെ പ്രാധാന്യവും, എയ്‌ഡ്‌സ്‌ പ്രതിരോധത്തിനുള്ള 'സഹായം തുടരേണ്ടതിന്റെ'യും പ്രാധാന്യമാണ്‌ ഇത്തവണത്തെ എയ്‌ഡ്‌സ്‌ദിന സന്ദേശം എടുത്തുകാട്ടുന്നത്‌. 'നേതൃത്വം ഏറ്റെടുക്കുക'യെന്ന 2007-ലെ സന്ദേശത്തിന്റെ തുടര്‍ച്ചയാണിത്‌. രാഷ്ട്രീയനേതൃത്വത്തെ അതിന്റെ വാഗ്‌ദാനങ്ങളും കടമകളും പാലിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്നതാണ്‌ 2007, 2008 വര്‍ഷങ്ങളിലെ എയ്‌ഡ്‌സ്‌ ദിന സന്ദേശങ്ങള്‍.

2007 അവസാനം ലോകത്താകെ 330 ലക്ഷം പേര്‍ എച്ച്‌.ഐ.വി.ബാധിതരായുണ്ട്‌. 1981-ല്‍ കണ്ടെത്തിയ ശേഷം ഈ വൈറസ്‌ 250 ലക്ഷം പേരുടെ ജീവന്‍ അപഹരിച്ചു. നിലവില്‍ വര്‍ഷംതോറും 27 ലക്ഷംപേര്‍ക്ക്‌ പുതിയതായി എച്ച്‌.ഐ.വി. ബാധിക്കുന്നു എന്നാണ്‌ കണക്ക്‌. രോഗം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയില്ലെങ്കിലും, പുതിയ ഇനം വൈറസ്‌പ്രതിരോധ ഔഷധങ്ങളും, ചികിത്സയിലെ നവീന സമീപനങ്ങളും എയ്‌ഡ്‌സ്‌ ചികിത്സയെ വളരെയേറെ മുന്നോട്ട്‌ നയിച്ചിട്ടുണ്ട്‌. എച്ച്‌.ഐ.വി.ബാധിതര്‍ക്ക്‌ ഇപ്പോള്‍ വളരെ വര്‍ഷങ്ങള്‍ വലിയ പ്രശ്‌നമില്ലാതെ ജീവിക്കാന്‍ കഴിയും. കൂടുതല്‍ ഫലപ്രദമായ ഒട്ടേറെ ഔഷധങ്ങള്‍ പരീക്ഷണശാലകളില്‍ ഒരുങ്ങുന്നുമുണ്ട്‌.

മാത്രമല്ല, എച്ച്‌.ഐ.വി. പകരുന്നതിന്റെ തോത്‌ കുറയ്‌ക്കാനും പുതിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്‌. വൈറസ്‌പ്രതിരോധ ഔഷധങ്ങള്‍ ആവശ്യമുള്ള 97 ലക്ഷം എച്ച്‌.ഐ.വി.ബാധിതര്‍ ഇപ്പോള്‍ ലോകത്തുണ്ടെങ്കിലും അവരില്‍ 40 ലക്ഷം പേര്‍ക്ക്‌ മാത്രമാണ്‌ ഔഷധം ലഭ്യമാക്കാന്‍ കഴിയുന്നതെന്ന്‌, പോള്‍ ഡി ലേ അറിയിക്കുന്നു. വര്‍ഷംതോറും പുതിയതായി ചികിത്സ തേടുന്ന ഓരോ രണ്ടുപേര്‍ക്കും, അഞ്ചുപേര്‍ എന്ന കണക്കില്‍ എച്ച്‌.ഐ.വി.ബാധിക്കുന്നു എന്നാണ്‌ യു.എന്‍.എയ്‌ഡ്‌സിന്റെ കണക്ക്‌. ആ നിലയ്‌ക്ക്‌ നിലവിലുള്ള എച്ച്‌.ഐ.വി.പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകരുതെന്ന്‌ സംഘടന ഓര്‍മിപ്പിക്കുന്നു. (അവലംബം: യു.എന്‍.എയ്‌ഡ്‌സ്‌, കടപ്പാട്‌: മാതൃഭൂമി).

കാണുക: എയ്‌ഡ്‌സ്‌ വൈറസിനെ നേരിടാന്‍ പുതിയ സാധ്യതകള്‍, എയ്‌ഡ്‌സ്‌ ദിനം-2007

1 comment:

Joseph Antony said...

എയ്‌ഡ്‌സ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തുറ്റ 'നേതൃത്വം' വേണ്ടതിന്റെയും, ഈ മേഖലയ്‌ക്കായുള്ള 'ശാക്തീകരണ'ത്തിന്റെ പ്രാധാന്യവും, എയ്‌ഡ്‌സ്‌ പ്രതിരോധത്തിനുള്ള 'സഹായം തുടരേണ്ടതിന്റെ'യും പ്രാധാന്യമാണ്‌ ഇത്തവണത്തെ എയ്‌ഡ്‌സ്‌ദിന സന്ദേശം എടുത്തുകാട്ടുന്നത്‌. 'നേതൃത്വം ഏറ്റെടുക്കുക'യെന്ന 2007-ലെ സന്ദേശത്തിന്റെ തുടര്‍ച്ചയാണിത്‌.