
"എല്ലാം ഭംഗിയായി പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസകരമാണ്"-അമേരിക്കയില്‍ മേരിലന്‍ഡിലെ ബാള്‍ട്ടിമോറില്‍ 'സ്പേസ് ടെലസ്കോപ്പ് സയന്‍സ് ഇന്‍സ്റ്റിട്ട്യൂട്ടി'ലെ റോഡ്ജെര്‍ ഡോക്സീ പറഞ്ഞു. കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഹബ്ബിള്‍ ഏറെക്കുറെ പ്രവര്‍ത്തന രഹിതമായിരുന്നു.
ടെലസ്കോപ്പില്‍ നിന്ന് ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യേണ്ട ഉപകരണം തകരാറായതാണ് പ്രശ്നമായത്. ആ പ്രശ്നം പരിഹരിച്ചതോടെ ഹബ്ബിളിന് വീണ്ടും ജീവന് വെയ്ക്കുകയായിരുന്നു. വൈഡ്-ഫീല്‍ഡ് കൂടാതെ ടെലസ്കോപ്പിലെ മറ്റ് രണ്ട് ക്യാമറകള്‍ കൂടി ഉടന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് നാസ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ടെലസ്കോപ്പിലെ 'അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വ്വേസ്', ഇന്‍ഫ്രാറെഡ് ക്യാമറയായ 'നിക്മോസ്' (NICMOS) എന്നിവയാണ് ഉടന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടെണ്ണം. ഇതില്‍ ആദ്യത്തേത് സോഫ്ട്വേര്‍ പ്രശ്നം മൂലം രണ്ടാഴ്ചയായി പ്രവര്‍ത്തനരഹിതമാണ്. വിദൂരതയിലുള്ള മങ്ങിയ ഗാലക്സികളുടെ ചിത്രമെടുക്കാനുള്ള നിക്മോസ് സപ്തംബര്‍ മുതല്‍ പ്രവര്‍ത്തന രഹിതമാണ്.

ഭൂമിയില്‍നിന്ന് 569 കിലോമീറ്റര്‍ അകലെ നിന്നാണ് ഹബ്ബിള്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുന്നത്. ഓരോ 97 മിനിറ്റിലും അത് ഭൂമിയെ വലംവെക്കുന്നു; സെക്കന്‍ഡില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍.
2003-ലെ കൊളംബിയ ദുരന്തത്തെത്തുടര്‍ന്ന് ഹബ്ബിള്‍ ടെലസ്കോപ്പിനുള്ള സര്‍വീസ് ദൗത്യം നാസ മരവിപ്പിച്ചിരുന്നു. പിന്നീട് ആ തീരുമാനം പുനപ്പരിശോധിച്ച നാസ, 2008 ഒക്ടോബറില്‍ അറ്റകുറ്റപ്പണി നടത്താനുള്ള ദൗത്യത്തിന് തീരുമാനമെടുക്കുകയുണ്ടായി. എന്നാല്‍ അത് വീണ്ടും 2009 ഫിബ്രവരിയിലേക്ക് നീട്ടി.
അതിനിടെ, ഹബ്ബിളിന്റെ ചില ഭാഗങ്ങള്‍ നിശ്ചലമായി. ഇപ്പോഴുണ്ടായിട്ടുള്ള തകരാറോടെ, ടെലസ്കോപ്പ് ഇനി പ്രവര്‍ത്തിക്കുമോ എന്നുതന്നെ സംശയമുയര്‍ന്നു. എന്നാല്‍, മുഖ്യ ക്യാമറയുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത് പ്രതീക്ഷയേകിയിരിക്കുകയാണ്.
2009 ഫിബ്രവരിയില്‍ ഉദ്ദേശിച്ചതു പോലെ തകരാര്‍ പരിഹരിക്കല്‍ നടന്നാല്‍, 2013-ല്‍ 'ജെയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പ്' വിക്ഷേപിക്കും വരെ ഹബ്ബിള്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. (അവലംബം: നാസ).